Latest News

ഇളം നീല റ്റെഡി ബെയറിനെ കണ്ടുകിട്ടിയതെങ്ങനെ?

ആ റ്റെഡി ബെയറിന് തണുക്കാന്‍ തുടങ്ങുമ്പോള്‍ അതവളുടെ പുതപ്പിനകത്തേയ്ക്ക് നുഴഞ്ഞു കയറി അവളെ കെട്ടിപ്പിടിച്ചു കിടക്കും. എന്നിട്ട് രണ്ടു പേരും ഓരോരോ സ്വപ്‌നം കണ്ട് ഉറക്കത്തില്‍ പൊട്ടിപ്പൊട്ടി ചിരിയ്ക്കും

priya as, childrens stories , iemalayalam

അണിമ രാത്രി നേരത്തിരുന്ന് ഒരു കഥാപ്പുസ്തകം വായിക്കുകയായിരുന്നു. ഒരു റ്റെഡി ബെയറിന്റെ കഥയാണ് അവള്‍ക്കതിലേറ്റവും ഇഷ്ടമായത്.

കഥയിലെ കുട്ടി ഉറങ്ങുമ്പോള്‍, അവളുടെ റ്റെഡി ബെയര്‍, കളിപ്പാട്ടക്കൂട്ടത്തിനിടയില്‍ നിന്നെഴുന്നേറ്റു വന്ന് അവളെ പുതപ്പിച്ചു കിടത്തുന്നതും അവളെ കെട്ടിപ്പിടിച്ചുമ്മ വയ്ക്കുന്നതുമായ കഥയായിരുന്നു അത്.

പിന്നെ ആ റ്റെഡി ബെയറിന് തണുക്കാന്‍ തുടങ്ങുമ്പോള്‍ അതവളുടെ പുതപ്പിനകത്തേയ്ക്ക് നുഴഞ്ഞു കയറി അവളെ കെട്ടിപ്പിടിച്ചു കിടക്കും. എന്നിട്ട് രണ്ടു പേരും ഓരോരോ സ്വപ്‌നം കണ്ട് ഉറക്കത്തില്‍ പൊട്ടിപ്പൊട്ടി ചിരിയ്ക്കും.

അതങ്ങനെ വായിച്ചുകൊണ്ടിരുന്നപ്പോള്‍ അവള്‍ക്ക് അവളുടെ റ്റെഡി ബെയറിന്റെ കാര്യമോര്‍മ്മ വന്നു. ഇന്നവനെ വച്ച് കളിയ്ക്കാം എന്നവള്‍ പ്ളാനിട്ടു.

ഒരു ഇളം നീല റ്റെഡി ബെയറായിരുന്നു അവളുടേത്. അവള്‍ക്ക് രണ്ടുമൂന്നുവര്‍ഷം മുമ്പത്തെ പിറന്നാളിന് സമ്മാനം കിട്ടിയതായിരുന്നു അത്. കുറേ നാളായി അവളതിനെ വച്ച് കളിക്കാറൊന്നുമില്ല എന്നു മാത്രമല്ല, അവളതിന്റെ കാര്യം മറന്നേ പോയിരുന്നു.

കഥ വായിച്ചു കഴിഞ്ഞ ഉടന്‍തന്നെ അവളാ ഇളം നീല റ്റെഡി ബെയറിനു വേണ്ടി തപ്പിത്തിരയാന്‍ തുടങ്ങി.

ചുവന്ന പാവാടയിട്ട പാവക്കുട്ടിയോടും പച്ച കാറിനോടും മഞ്ഞ ജെ സി ബിയോടും ചായ നിറമുള്ള ഓടക്കുഴലിനോടും ഒക്കെ അവള്‍ അന്വേഷിച്ചു, “നമ്മടെ ആ ഇളം നീല റ്റെഡി ബെയറിനെ കണ്ടോ നിങ്ങളാരെങ്കിലും?”

‘ഇല്ല ഇല്ല,’ എന്നു പറഞ്ഞു ഓരോരുത്തരും.

priya as, childrens stories , iemalayalam


കളിപ്പാട്ടക്കുട്ടയും കളിപ്പാട്ടഅലമാരയും ഒക്കെ തിരഞ്ഞിട്ടും എവിടെ കിട്ടാന്‍ ആ റ്റെഡി ബെയറിനെ?

‘ഇതുവരെ നീ എന്നെ അന്വേഷിച്ചില്ലല്ലോ, ഞാനിനി കുറച്ചുനേരം ഒളിച്ചിരിക്കാന്‍ പോവുകയാണ്,’ എന്നു റ്റെഡി ബെയര്‍ എവിടെയോ ഇരുന്ന് പതിഞ്ഞ ഒച്ചയില്‍ പറയുന്നതായി അവള്‍ക്കു തോന്നി.

“സോറി നിന്നെ ഇതുവരെ അന്വേഷിക്കാതിരുന്നതിന്, പക്ഷേ ഇപ്പോ നിന്നെ വച്ചു കളിയ്ക്കാന്‍ എനിയ്ക്ക് കൊതിയായിട്ടുവയ്യ,” എന്നവള്‍ ചുറ്റുമുള്ള കളിപ്പാട്ടങ്ങള്‍ക്കിടയിലേയ്ക്കു നോക്കി ഉറക്കെയുറക്കെ പറഞ്ഞു.

‘കൊതിയ്ക്കട്ടെ, കൊതിയ്ക്കട്ടെ, നല്ലോണം കൊതിയ്ക്കട്ടെ, ഇക്കണ്ട കാലമത്രയും എന്നെ തിരിഞ്ഞ് നോക്കാതിരുന്നതല്ലേ,’ എന്ന് രണ്ട് പന്തുകള്‍ക്കും ഒരു ചാരനിറക്കാറിനുമടിയില്‍ കിടന്ന് ഇളം നീല റ്റെഡി ബെയര്‍ രഹസ്യമായി ചിരിക്കുന്നുണ്ടോ എന്ന് സംശയം തോന്നി അവള്‍ക്ക്.

ആ പന്തുകളും കാറുമൊക്ക മാറ്റിനോക്കി അവള്‍. പക്ഷേ എവിടെ കിട്ടാന്‍ ആ റ്റെഡി ബെയറിനെ?

അത്താഴം കഴിക്കുന്നനേരത്തു ഡൈനിങ്‌ റ്റേബിളില്‍ വച്ച് അണിമ അമ്മയോട് ചോദിച്ചു, “അമ്മ കണ്ടായിരുന്നോ എവിടെയെങ്കിലും എന്റെ നീല റ്റെഡി ബെയറിനെ?”

“ഇല്ലല്ലോ കുട്ടീ,” എന്നു പറഞ്ഞു അമ്മ ഒരു പപ്പടമെടുത്തു തിന്നു കൊണ്ട്.

അച്ഛനോടും അവള്‍ പരാതിപ്പെട്ടു, “എന്റെ റ്റൈഡി ബെയറിനെ കാണാനില്ല അച്ഛാ.”

“അതിവിടെ എവിടെയെങ്കിലും തന്നെ കാണും. ജീവനൊന്നുമില്ലല്ലോ അതിന്, എങ്ങോട്ടും നടന്നു പോകാനൊന്നും പറ്റില്ലല്ലോ കളിപ്പാട്ടങ്ങള്‍ക്ക്,” എന്നു മറുപടി പറഞ്ഞു അച്ഛന്‍ മോരുകറി കൂട്ടി ഊണുകഴിച്ചുകൊണ്ട്.

“കഥയിലെ റ്റെഡി ബെയറിന് ജീവനുണ്ട് അച്ഛാ, അതോരോന്നൊക്കെ തനിയെ ചെയ്യും,” എന്നു പറഞ്ഞു അണിമയപ്പോള്‍.

“ഇവളെടുത്തെവിടെയെങ്കിലും ഒളിച്ചുവച്ചോന്നാ എന്റെ സംശയം,” എന്നു അനിയത്തി അദിതിയെ നോക്കി അണിമ പറഞ്ഞതും “ചേച്ചി എന്നെപ്പറ്റി പറഞ്ഞതു കേട്ടില്ലേ അച്ഛാ,” എന്നു പറഞ്ഞ് ചിണുങ്ങിക്കരച്ചിലായി അവള്‍.

“ഒരു റ്റെഡി ബെയറും അതിനെ കാണാതാവലും… മിണ്ടാതിരുന്ന് ഊണുകഴിക്കുന്നുണ്ടോ രണ്ടാളും,” എന്ന് കണ്ണുരുട്ടി ദേഷ്യപ്പെട്ടു അമ്മയപ്പോള്‍.

‘എന്റെ കുഞ്ഞിപ്പഞ്ഞി റ്റെഡി ബെയറിനെ കാണാണ്ടുപോയിട്ട് ഇവര്‍ക്കാര്‍ക്കും ഒരു സങ്കടോമില്ലല്ലോ,’ എന്ന് അണിമയ്ക്ക് ഒരുപാടു സങ്കടം വന്നു അപ്പോ.

അവളുടെ കണ്ണു നിറയുന്നതു കണ്ടാവും അച്ഛന്‍ പറഞ്ഞു, “അച്ഛന്‍ നോക്കിത്തരാട്ടോ അതിനെ.”

ഊണു കഴിഞ്ഞ് ബ്രഷ് ചെയ്തു കഴിഞ്ഞ് കിടക്കയില്‍ വന്നു കിടന്ന് അണിമ പിന്നെയും ആ കഥാപ്പുസ്തകമെടുത്ത് ആ റ്റെഡി ബെയറിന്റെ കഥ ഒന്നു കൂടി വായിച്ചു. രണ്ടാമതു വായിച്ചപ്പോഴും അവള്‍ക്കിഷ്ടമായി ആ കഥ. അങ്ങനെ കഥ വായിച്ചു വായിച്ച് അവളുറങ്ങിപ്പോയി.

priya as, childrens stories , iemalayalam


ഉറക്കത്തിനിടയില്‍ അവളുടെ ഇളം നില റ്റെഡി ബെയര്‍ അവളുടെ കിടക്കയില്‍ വന്നിരുന്ന് അവളെ ഉമ്മ വച്ചു. എന്നിട്ട് പറഞ്ഞു, “നീ എന്നെ ഇനി ഒരിയ്ക്കലും ഓര്‍ക്കില്ല എന്നാണ് ഞാന്‍ വിചാരിച്ചത്. ആ കഥ കാരണം നീ ഇപ്പോഴെങ്കിലും എന്നെ ഓര്‍ത്തല്ലോ, ഒത്തിരിയൊത്തിരി സന്തോഷമായി കേട്ടോ എനിയ്ക്ക്.”

“നീ എവിടെയാണ്? ഈ വീട്ടില്‍ എന്റെ കണ്ണില്‍പ്പെടാതെ മറഞ്ഞുകിടന്നത്,” എന്ന് അവന്റെ പതുപതുത്ത കഴുത്തില്‍ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു അവള്‍.

“അച്ഛന്‍ ഉപയോഗിക്കാതെ മടക്കി വച്ചിരിയ്ക്കുന്ന ആ ചാരുകസേരയിലെ തുണിയുടെ ഇടയില്‍ ശ്വാസം മുട്ടി കിടപ്പായിരുന്നു ഞാന്‍ ഇതുവരെ. ഉടമസ്ഥരായ കുട്ടികള്‍ ഞങ്ങളെ ഓര്‍മിയ്ക്കുമ്പോഴേ ഞങ്ങള്‍ കളിപ്പാട്ടങ്ങള്‍ക്ക് നടക്കാനും വര്‍ത്തമാനം പറയാനും ചിരിയ്ക്കാനും ഒക്കെയുള്ള കഴിവു കിട്ടൂ,” എന്നു പറഞ്ഞു ആ റ്റെഡി ബെയര്‍.

“അതെയോ, അതെനിക്കറിയില്ലായിരുന്നു കേട്ടോ,” എന്നുറക്കത്തില്‍ മറുപടി പറഞ്ഞു അവള്‍.

“നീ എന്നെ ഇപ്പോ ഓര്‍മിച്ചില്ലേ, അതു കൊണ്ടാ എനിയ്ക്കവിടുന്ന് എണീറ്റു വരാന്‍ പറ്റിയത്,” എന്നു പറഞ്ഞ് റ്റെഡി ബെയര്‍ അവളെ കെട്ടിപ്പിടിച്ചു കിടന്നു.

സ്‌നേഹം കൂടിയപ്പോള്‍, അവന്റെ കഴുത്തില്‍ അവള്‍ അവളുടെ മുത്തുമാല ഊരിയിട്ടു കൊടുത്തു. അങ്ങനെ ഓരോന്നും മിണ്ടിയും പറഞ്ഞും അവര്‍ രണ്ടാളും ഉറങ്ങിപ്പോയി.

രാവിലെ അണിമ എഴുന്നേറ്റു നോക്കുമ്പോഴുണ്ട് റ്റെഡി ബെയറില്ല അടുത്തെങ്ങും. അവള്‍ നേരെ എഴുന്നേറ്റ് ചാരുകസേരയിരിക്കുന്നിടത്തു പോയി നോക്കി. അതിനകത്ത്, അതായത് ചാരുകസേരത്തുണിയുടെ ഇടയില്‍ കിടക്കുന്നു റ്റെഡി ബെയര്‍.

“കള്ളാ… നീ എന്നെ പറ്റിക്കാന്‍ വീണ്ടും ഇവിടെ വന്നു കിടന്നു അല്ലേ,” എന്നു ചോദിച്ച് അവള്‍ അവനെ എടുത്തു കൊണ്ടുപോയി.

“ഇവിടൊക്കെ അരിച്ചു പെറുക്കിനോക്കിയിട്ടും എവിടെയും കണ്ടില്ല നിന്റെ റ്റെഡി ബെയറിനെ,” എന്നു പറഞ്ഞു കൊണ്ട് അച്ഛനവളുടെ അടുത്തേക്കു വരികയും പിന്നെ അവളുടെ കൈയിലെ റ്റെഡി ബെയറിനെ കണ്ട് “എവിടുന്നു കിട്ടി ഇവനെ,” എന്നു ചോദിച്ചത്ഭുതപ്പെടുകയും ചെയ്തു.

“അതൊക്കെയുണ്ട്. രഹസ്യമാ, അല്ലേടാ,” എന്നു റ്റെഡിബെയറിനോടു ചോദിച്ചു കൊണ്ട് അവള്‍ ഓടിപ്പോയി, അവനെയും കൂട്ടത്തില്‍ക്കൂട്ടി കളിയ്ക്കാനായി.

ഈ കഥ കേട്ട കുട്ടികളോട് എന്താ പറയാനുള്ളതെന്നറിയാമോ? നിങ്ങള്‍ കുട്ടികളാരും, സ്വന്തം കളിപ്പാട്ടങ്ങള്‍ എവിടെയെങ്കിലുമൊക്കെ മറന്നുവയ്ക്കരുത്, കേട്ടോ.

കുട്ടികള്‍, അവരുടെ കളിപ്പാട്ടങ്ങളെ മറന്നാല്‍ കളിപ്പാട്ടങ്ങള്‍ക്ക് വലിയ സങ്കടമാവും. തന്നെയുമല്ല ഉടമസ്ഥരായ കുട്ടികളുമായി ചിരിയ്ക്കാനും വര്‍ത്തമാനം പറയാനും ഉള്ള അവരുടെ കഴിവും പോകും. അവര് ജീവനില്ലാത്തവരായി മാറും.

കുട്ടികള്‍ സ്‌നേഹിച്ച് നിലത്തുവയ്ക്കാതെ കൊണ്ടുനടന്ന് കളിയ്ക്കുമ്പോഴേ അവര്‍ക്ക് പ്രസരിപ്പും ജീവനും തെളിച്ചവും ഒക്കെ ഉണ്ടാവൂ. അതുകൊണ്ട് കുട്ടികള്‍ ഓര്‍മ്മിയ്ക്കണേ, കളിപ്പാട്ടങ്ങള്‍ നന്നായി സൂക്ഷിക്കണേ.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible illam neela teddy bearine kandu kittiyath engine

Next Story
കുളത്തിന്‍കരയിലെ വിശേഷങ്ങള്‍priya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express