Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

ചിന്മയിയുടെ അമ്മൂമ്മ

ചിന്നു എന്ന് ചിന്മയിയെ വിളിക്കുന്ന അമ്മൂമ്മയെ ആകാശത്തിനുമപ്പുറത്തേക്ക , വെള്ളി നിറക്കുപ്പായവും നരത്താടിയുമുള്ള ഒരു അപ്പുപ്പൻ കൊണ്ടുപോയി. അമ്മൂമ്മ മരിച്ചു എന്നു പറഞ്ഞു അമ്മ. പക്ഷേ ഇപ്പോഴും ചിന്നുവിൻ്റെ സ്വപ്നത്തിൽ വരാറുണ്ട് അമ്മൂമ്മ

priya as, childrens stories , iemalayalam

ചിന്മയിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് അമ്മൂമ്മ മരിച്ച ദിവസം. എന്നത്തെയും പോലെ ചിന്മയിക്ക് കഥ പറഞ്ഞു കൊടുത്തശേഷം, അമ്മൂമ്മ ഒരു രാത്രി ഉറങ്ങാന്‍ കിടന്നതാണ്. പിന്നെ ഉണര്‍ന്നതേയില്ല.

എപ്പോഴും ചിന്മയി വിളിക്കുമ്പോഴാണ് അമ്മൂമ്മ ഉണരുക, എന്നിട്ട് മെല്ലെ എണീറ്റ് പല്ലുതേപ്പൊക്കെ കഴിഞ്ഞ് കാപ്പികുടിക്കാന്‍ വരും.

ചിന്മയിയും അമ്മൂമ്മയും ഒന്നിച്ചിരുന്നാണ് കാപ്പി കുടിക്കുന്നതും പലഹാരം കഴിക്കുന്നതും. എപ്പോഴും അമ്മൂമ്മയും ചിന്മയിയുമാണല്ലോ കൂട്ട്.

‘ചിന്നു’ എന്നു പുന്നാരിച്ചാണ് അമ്മൂമ്മ ചിന്മയിയെ വിളിക്കുക. ചിന്മയി തിരിച്ചമ്മൂമ്മയെ വിളിക്കുന്നതോ, ‘അമ്മൂ’ എന്നും.

ചിന്മയി വിളിച്ചിട്ടും അന്ന് അമ്മൂമ്മ ഉണര്‍ന്നില്ല. അപ്പോ അമ്മ വന്നു കുലുക്കിവിളിക്കാന്‍ നോക്കി അമ്മൂമ്മയെ. എന്നിട്ടും അമ്മൂമ്മയ്ക്ക് ഒരനക്കവുമില്ലെന്നു കണ്ട് അടുത്ത വീട്ടിലെ ഡോക്റ്ററാന്റിയെ വിളിക്കാന്‍ പറഞ്ഞു അമ്മ, അച്ഛനോട്.

ഡോക്റ്ററാന്റി വന്ന് അമ്മൂമ്മയുടെ കൈ പിടിച്ചു നോക്കി, നെഞ്ചില്‍ സ്‌റ്റെതസ്‌ക്കോപ്പ് വച്ചു നോക്കി എന്നിട്ട്, ‘പോയി’ എന്നു പറഞ്ഞു.

അമ്മയുടെ കണ്ണുകള്‍ അതു കേട്ട് നിറഞ്ഞുവന്നു . ‘പോയി എന്നു ഡോക്റ്ററാന്റി പറഞ്ഞതിനര്‍ത്ഥം അമ്മൂമ്മ മരിച്ചുപോയി’ എന്നാണെന്ന അമ്മ, ചിന്മയിയെ എടുത്തു മടിയിലിരുത്തി പറഞ്ഞു.

“ഇനി അമ്മൂമ്മയെ സ്വപ്നത്തില്‍ മാത്രമേ നമുക്ക് കാണാന്‍ പറ്റൂ, സ്വപ്‌നത്തില്‍ മാത്രമേ അമ്മൂമ്മ വന്ന് നമ്മളോട് മിണ്ടൂ, സ്വപ്നത്തിലൂടെ മാത്രമേ വന്ന് നമ്മളെ കെട്ടിപ്പിടിക്കൂ,” എന്നെല്ലാം പറഞ്ഞു അമ്മ അന്ന് രാത്രിയില്‍ ചി്ന്നുവിനോട്.

ചിന്നുവിന് അത്രയ്‌ക്കൊന്നും മനസ്സിലായില്ല അമ്മ പറയുന്നത്. പക്ഷേ കുറച്ചുനാള്‍പോകെപ്പോകെ മനസ്സിലായി ഒരാള്‍ മരിച്ചു പോയാല്‍ ആ ആളെപ്പിന്നെ നമുക്ക് നേരില്‍ കാണാനാവില്ല.

ആ ആളെ ശരിയ്ക്കും തൊടാനാവില്ല, ആ ആളുടെ മടിയില്‍ ശരിയ്ക്കും കയറി ഇരിയ്ക്കാനാവില്ല, ആ ആളോട് ശരിയ്ക്കും മിണ്ടാനുമാവില്ല. പിന്നെ സ്വപ്‌നം വഴിയും ഓര്‍മ്മ വഴിയുമാണ് നമുക്കവരോടുള്ള ബന്ധം.

priya as, childrens stories , iemalayalam


ചിന്നു വെറുതെ ഇരിയ്ക്കുമ്പോള്‍ ചിലപ്പോഴൊക്കെ അമ്മൂമ്മയെ ഓര്‍ക്കും, അമ്മൂമ്മ ചിരിക്കുന്നത്, ചിന്നുവിന്റെ കൂടെ കളിയ്ക്കുന്നത്, ചിന്നുവിന് ഉരുളയുരുട്ടി ഊണു കൊടുക്കുന്നത് അങ്ങനെയോരോന്ന്.

ചിന്നു രാത്രിയില്‍ അമ്മൂമ്മയുടെ കൂടെയാണ് കിടക്കാറുണ്ടായിരുന്നത്. അമ്മൂമ്മയുടെ മേലേക്ക് കാലെടുത്തു വച്ച അന്നു രാവിലെ മുതലുള്ള ചിന്നുവിന്റെ വിശേഷങ്ങളൊക്കെ അമ്മൂമ്മയോട് പറഞ്ഞ്, ‘അതെന്താ അമ്മൂമ്മേ ഇങ്ങനെ, അതെന്താ അമ്മൂമ്മേ അങ്ങനെ,’ എന്നൊക്കെ ഓരോ സംശയങ്ങള്‍ അമ്മൂമ്മയോട് ചോദിച്ച്, അവസാനം അമ്മൂമ്മയെക്കൊണ്ട് രണ്ടു മൂന്നു കുഞ്ഞിക്കഥ പറയിപ്പിച്ച് അങ്ങനെയാണ് ചിന്നു കിടന്നുറങ്ങിയിരുന്നത്.

അമ്മൂമ്മയുടെ കാലില്‍ നീര് വച്ചപ്പോള്‍ അമ്മ പറഞ്ഞു, “അമ്മൂമ്മയ്ക്ക് തനിയെ കിടക്കുന്നതാവും സുഖം.”

അങ്ങനെയാണ് ചിന്നു അമ്മൂമ്മയുടെ മുറിയില്‍ത്തന്നെ ഒരു കുഞ്ഞിക്കട്ടിലിട്ട് അതില്‍ തനിയെ കിടക്കാന്‍ തുടങ്ങിയത്. അപ്പോഴും അമ്മൂമ്മ, അമ്മൂമ്മയുടെ കട്ടിലില്‍ കിടന്നു കഥ പറഞ്ഞു കൊടുക്കുമായിരുന്നു ചിന്നുവിന്.

മരിച്ചു പോകുന്നതിന്റെ തലേദിവസവും അമ്മൂമ്മ ഒരു കഥ പറഞ്ഞു. അതൊരു നരച്ച താടിക്കാരനെ കുറിച്ചുള്ള കഥയായിരുന്നു.

അമ്മൂമ്മ പറഞ്ഞു “വെള്ളിനിറ നരത്താടി അങ്ങ് നിലത്തോളം ഒഴുകിക്കിടക്കുന്ന ഒരു രൂപക്കാരനുണ്ട് എവിടെയോ. എവിടെയോ എന്നു പറഞ്ഞാല്‍ ആകാശത്തിനുമപ്പുറമപ്പുറം.ഉടുപ്പേതാ താടിയേതാ എന്ന് സംശയം വരും അയാളെക്കണ്ടാല്‍. കേട്ടോ ചിന്നൂവെള്ളി നിറമാണ് ഉടുപ്പിനും. അയാളില്‍ നിന്ന് താടിയാണോ ഒഴുകിയിറങ്ങുന്നത് അതോ താടിയില്‍ നിന്ന് അയാളാണോ, ഒഴുകിയിറങ്ങുന്നതെന്നൊന്നും നിശ്ചയിക്കാനാവില്ല നമുക്ക്. വലിയ കഥക്കൊതിയനാണ് ആള്‍. ചിന്നൂനേക്കാളും വലിയ കഥക്കൊതിയുള്ള ആള്‍. എപ്പഴും ആരെങ്കിലും വന്ന് കഥ പറഞ്ഞു കേള്‍പ്പിച്ചു കൊണ്ടിരിക്കണം എന്നാണ് ആഗ്രഹം. അതിനുള്ള ഓരോരോ വഴികളൊപ്പിച്ചു കൊണ്ടിരിക്കും എപ്പോഴും…”

“ആളുടെ കൈയില്‍ ഒരു വെള്ളിനിറക്കോലുണ്ട്. അയാളുടെ മുന്നിലൊക്കെയോ, കത്തിച്ചു വച്ച വലിയൊരു നിര മെഴുകുതിരികള്‍. ആ വെള്ളിക്കോലും കൈയില്‍ നീട്ടിപ്പിടിച്ച് ആ രൂപം മെഴുകുതിരി വെളിച്ചത്തിലൂടെ അങ്ങോട്ടിങ്ങോട്ട് നടക്കും. മെഴുകുതിരി വെളിച്ചം വന്ന് വീണ് നരയപ്പൂപ്പന്റെ വെള്ളിനിറത്താടി തിളങ്ങും. എന്തു രസായിരിക്കും അല്ലേ ചിന്നു അപ്പോഴാ അപ്പൂപ്പനെ കാണാന്‍?”

“ഇടക്കൊക്കെ വെള്ളിക്കോല്‍ അങ്ങോട്ടിങ്ങോട്ടൊന്ന താളത്തില്‍ ചുഴറ്റും. ഇടയ്ക്കതൊന്നു നീട്ടി മെഴുകുതിരികളിലൊരെണ്ണത്തില്‍ തൊടും. മെല്ലെയാ വെള്ളിക്കോല്‍ താഴേയ്ക്കും മുകളിലേയ്ക്കും ചലിപ്പിച്ച് ആ മെഴുകുതിരി തട്ടികെടുത്തും. അറിയാമോ ചിന്നൂന്, ഓരോ മെഴുകുതിരിയും ഭൂമിയിലുള്ളവരുടെ ഓരോരോ പേരുകളിലുള്ളതാണ്. അതണയുമ്പോള്‍ ഭൂമിയില്‍ ആരോ ഒരാള്‍ മരിക്കും.”

priya as, childrens stories , iemalayalam


ആ കഥയുടെ ബാക്കി പറയുന്നതിനു മുമ്പ് അമ്മൂമ്മ ഉറങ്ങിപ്പോയിരുന്നു അന്ന്. കഥ കേട്ട് ഇടയ്ക്കുവച്ച് ചിന്നുവും ഉറങ്ങിപ്പോയിരുന്നു.

പിറ്റേന്ന് അമ്മൂമ്മ ഉണര്‍ന്നുമില്ല. ആ വെള്ളിക്കോല്‍ കൊണ്ട് ആ താടിയപ്പൂപ്പന്‍ അന്നു രാത്രിയില്‍ അമ്മൂമ്മ ഉറങ്ങിക്കിടക്കുമ്പോ, അമ്മൂമ്മയുടെ പേരിലുള്ള മെഴുകുതിരിയെ തൊട്ടുകാണും എന്നാണ് ചിന്നു വിചാരിക്കുന്നത്.

അമ്മൂമ്മ മരിച്ചുപോയെങ്കിലും കൃത്യമായി എല്ലാദിവസവും ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് അമ്മൂമ്മ, ചിന്നുവിന്റെ സ്വപ്‌നത്തില്‍ വരാറുണ്ട്. ആകാശത്തിലെ നക്ഷത്രങ്ങളൊക്കെ ഭൂമിയില്‍ നിന്ന് മരിച്ചു പോയ ഓരോരുത്തരാണത്രെ. അങ്ങനെയാണ് അമ്മ പറഞ്ഞത്.

സ്വപ്‌നത്തിലെ അമ്മൂമ്മ, ചിന്നുവിനെ എടുത്ത മടിയിലിരുത്തി, ചിന്നു അന്നു വരെ കേള്‍ക്കാത്ത കഥകളാണ് ഇപ്പോഴിപ്പോഴായി പറഞ്ഞു കൊടുക്കാറ്. ആ വെള്ളിനിറത്താടിയപ്പൂപ്പന്‍ അമ്മൂമ്മയ്ക്ക് പറഞ്ഞു കൊടുത്ത പുതുപുത്തന്‍ കഥകളൊക്കെയാണു പോലും അമ്മൂമ്മയുടെ കഥഭാണ്ഡക്കെട്ടില്‍ ഇപ്പോഴുള്ളത്.

ഭൂമിയിലായിരുന്നപ്പോ അമ്മൂമ്മ ചിന്നുവിന് പറഞ്ഞു കൊടുത്തിരുന്ന കഥകളെല്ലാം അമ്മൂമ്മ ഇപ്പോ ഓരോ ദിവസമായി നരയപ്പൂപ്പന് പറഞ്ഞു കൊടുക്കും. പകരമായി ,ചിന്നൂന് പറഞ്ഞു കൊടുക്കാനുള്ള പുതിയ കഥകളോരോന്നായി അമ്മൂമ്മയ്ക്ക പറഞ്ഞു കൊടുക്കും നരയപ്പൂപ്പന്‍. ഒരു ദിവസം ഒരു കഥ അങ്ങോട്ടും ഇങ്ങോട്ടും, അതാണ് അവര്‍ക്കിടയിലുള്ള വ്യവസ്ഥ.


കഥക്കൊതിയനാണല്ലോ ആ അപ്പൂപ്പന്‍. ചിന്നൂന്, അമ്മൂമ്മ പറഞ്ഞു കൊടുക്കുന്നുണ്ട് ഓരോ ദിവസവും ഓരോ പുതിയ കഥ എന്നറിഞ്ഞ്, ഓരോ ദിവസവും പുതിയ കഥ കേള്‍ക്കാനുള്ള കൊതിപിടിച്ചിട്ടാണത്രെ താടിയപ്പൂപ്പന്‍ അമ്മൂമ്മയുടെ പേരിലെ മെഴുകുതിരിയെ കെടുത്തി അങ്ങ് അപ്പൂപ്പനിരിക്കുന്ന ആകാശത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയത്.

“ഇങ്ങനുണ്ടോ ഒരു കഥക്കൊതിയന്‍,” എന്ന് സ്വപ്നത്തിലെ നരവെള്ളിത്താടിയപ്പൂപ്പനോടു പിണങ്ങി ചിന്നു.

“ഞാനിതു വരെ കേട്ടതും അറിഞ്ഞതുമായ കഥകളൊക്കെ ദിവസത്തിലൊരെണ്ണം വച്ച് ചിന്നുവിന്റെ അമ്മൂമ്മയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ ഞാനിപ്പോള്‍. അതെല്ലാമല്ലേ അമ്മൂമ്മ സ്വപ്‌നത്തില്‍ വന്ന് ചിന്നൂന് പറഞ്ഞു തരാറ്,” എന്നു ചോദിച്ചു ചിന്നുവിനെ കൊഞ്ചിച്ചു അപ്പോഴാ അപ്പൂപ്പന്‍.

“എന്റെ സ്വപ്‌നത്തിലേക്ക് അമ്മൂമ്മയെ എന്നും പുതിയ കഥയുമായി പറഞ്ഞുവിടണേ’ എന്ന് നരയപ്പൂപ്പനോട് വിളിച്ചു പറഞ്ഞു ചിന്നു.

“ഞാന്‍ ദിവസവും വരാതിരിക്കുമോ എന്റെ ചിന്നുവിന്റടുത്തേക്ക്,” എന്നു ചോദിച്ചു അമ്മൂമ്മ.

“ആരോടാ ചിന്നു സംസാരിക്കുന്നത്,” എന്നു ചോദിച്ചു അടുത്തു കിടന്നിരുന്ന അമ്മ.

“അമ്മൂമ്മയോട്,” എന്നു പറഞ്ഞു ഉറക്കത്തില്‍ ചിന്നു.

“പാവം,” എന്നു തന്നത്താന്‍ പറഞ്ഞ് ചിന്നുവിനെ ചേര്‍ത്തുകിടത്തി അമ്മ.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible chinmayude ammooma

Next Story
വഴിയരികിലെ സഹായിpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com