കഥകള്‍ കേള്‍ക്കുന്തോറും നമ്മള് കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…
ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.
ചെത്തിക്കാട്ടിലെ തേന്‍കുരുവികള്‍
അവര്‍ ആറു പേരുണ്ടായിരുന്നു. അവര്‍ തേന്കുരുവികളായിരുന്നു.
തലയില്‍ തൊപ്പി വച്ചതു പോലെ തോന്നിക്കുന്ന കുറച്ചു തൊപ്പിക്കിളികള്‍, തേന്‍കുരുവികള്‍ താമസിക്കുന്ന ചെത്തിച്ചെടിയുടെ അടുത്തള്ള ഇലയില്ലാ മരത്തിലിരുന്നു പാടാനായി ദിവസവും വരുമായിരുന്നു.
തൊപ്പിക്കിളികളുടെ തൊപ്പി കണ്ട് അവര്‍ക്ക് അസൂയ വന്നു.
‘അവര്‍ക്കും വേണം തൊപ്പി’ എന്ന് അവര്‍ അമ്മയോടും അച്ഛനോടും വാശി പിടിച്ചു.
അവരുടെ വാശി കൊണ്ട് സ്വൈര്യം കിട്ടാതായപ്പോള്‍, തൊപ്പി വില്‍ക്കുന്ന രാമു കുരങ്ങച്ചന്റെ കടയില്‍പ്പോയി അച്ഛൻ, ‘ഇന്ന പാകത്തില്‍ വേണം, ഇന്ന നിറങ്ങളില്‍ വേണം’ എന്നോര്ഡര് കൊടുത്ത് ആറു പേര്‍ക്കും തൊപ്പി വാങ്ങി.
തൊപ്പി കിട്ടിയപ്പോള്‍ അവര്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി.
തൊപ്പി വച്ചു കൊണ്ട്, ആ ഇലയില്ലാമരത്തിലിരുന്ന് അവര്‍ നിര്‍ത്താതെ പാടാന്‍ തുടങ്ങി.
പതിവുപോലെ തൊപ്പിക്കിളികള്‍ ഇലയില്ലാ മരത്തിലെത്തിയപ്പോഴോ, അവിടെ നേരത്തേ എത്തിയിരിക്കുന്നു വേറെ ഒരു കൂട്ടം തൊപ്പിക്കിളികള്‍.
‘ഇവരെവിടെ നിന്നു വന്നു ഈ ധിക്കാരികള്‍, ഇലയില്ലാമരത്തില് ഞങ്ങളിരിക്കുന്ന ഇടമെല്ലാം ഇവരാരോടു ചോദിച്ചിട്ടാണ് കൈക്കലാക്കിയിരിക്കുന്നത്’ എന്നു ദേഷ്യം വന്നു ശരിക്കുള്ള തൊപ്പിക്കിളികള്ക്ക്.
‘അവരെ ഇവിടെ നിന്ന് കൊത്തിയോടിച്ചിട്ടു തന്നെ ബാക്കി കാര്യം’ എന്നു പറഞ്ഞ് തൊപ്പിക്കിളികള്‍ ദേഷ്യം പിടിച്ച് മരത്തില്‍ പറന്നിറങ്ങി ഇരുന്നപ്പോഴല്ലേ അവര്‍ക്ക് മനസ്സിലാകുന്നത്, ഇത് നമ്മുടെ തേന്‍ കുരുവികളാണ്, കടയില്‍ നിന്നു വാങ്ങിയ തൊപ്പി തലയില്‍ വച്ചിരിക്കുകയാണ് എന്നെല്ലാം. അവര്‍ക്ക് ദേഷ്യം പോയി ചിരി വന്നു.
‘ഇതെന്തിനാണ് നിങ്ങള്‍ നിങ്ങളുടെ തല തൊപ്പി വച്ചു മറച്ചിരിക്കുന്നത്, ഏതെങ്കിലും കിളി നിങ്ങളുടെ തലയിലിട്ട് കൊത്താന്‍ വന്നോ’ എന്നു ചേദിച്ചു നിര്‍ത്താതെ ചിരിയായി അവര്‍.
Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം
‘ഒരു ഗമയ്ക്കാണ് ഞങ്ങള്‍ തൊപ്പിവച്ചിരിക്കുന്നത്, നിങ്ങളെപ്പോലെയാവണം ഞങ്ങള്‍ക്ക്, ഞങ്ങള്‍ക്ക് നിങ്ങളുടെ ആ ഗമത്തൊപ്പികളോട് അസൂയയാണ്,’ എന്നു പറഞ്ഞു തേന്‍കുരുവികള്‍.
തൊപ്പിക്കിളികള്‍, തലയില്‍ കൈവച്ചു ചിരിച്ചു പോയി.
‘ഞങ്ങള്‍ക്കും നിങ്ങളോട് അസൂയയുണ്ട്’ എന്നു പറഞ്ഞു പിന്നെ തൊപ്പിക്കിളികള്‍.
‘ഞങ്ങളോടോ, അതെന്തിനാ’ എന്ന് അത്ഭുതപ്പെട്ടുപോയി തേന്‍ കുരുവികള്‍.
‘നിങ്ങള്‍ക്ക് വേഗം തേന്‍ കുടിക്കാന്‍ പറ്റുന്ന നീണ്ടു വളഞ്ഞു കൂര്‍ത്ത കൊക്കുണ്ടല്ലോ, അതു വച്ച് ഏതു പൂവില്‍ നിന്നും തേന്‍ കുടിക്കാന്‍ എന്തെളുപ്പമാണ്, ഞങ്ങളെപ്പോലെ ഇത്തിരിയള്ള ഈ കൊക്കുകള്‍ കൊണ്ട് പൂവിലിരുന്ന് കഷ്ടപ്പെട്ട് തേന്കുടിക്കണ്ടല്ലോ’ എന്നു പറഞ്ഞു തൊപ്പിക്കിളികളൊന്നിച്ച്.
തേന്‍ കുരുവികള്‍ അപ്പോഴാണു തങ്ങളുടെ നീളന്‍ കൊക്ക് ശ്രദ്ധിക്കുന്നതു തന്നെ. ‘ആഹാ, ഞങ്ങളും കേമന്മാരാണല്ലേ’ എന്നുവിചാരിച്ച്, അവരൊന്നു കൂടി ചിറകു വിരിച്ച്, കഴുത്തു നീട്ടിപ്പിടിച്ച് നിവര്‍ന്നിരുന്നു.
‘നിങ്ങള്‍ക്ക് വേണമെങ്കില്‍, രാമു കുരങ്ങച്ചന്റെ കടയില്‍ നിന്ന് തൊപ്പി വാങ്ങി വച്ച് ഞങ്ങളെപ്പോലെയാവാം. പക്ഷേ പറക്കുമ്പോള്‍ തൊപ്പി ഊരിപ്പോവും. ഞങ്ങള്‍ക്കും വേണമെങ്കില്‍ രാമന് കുരങ്ങച്ചന്റെ കടയില്‍ നിന്ന് നിങ്ങളുടേതു പോലുള്ള നീളന്‍ കൊക്ക് ഓര്‍ഡര്‍ ചെയ്തു വാങ്ങിക്കാം. പക്ഷേ അതു കൊണ്ട് ഞങ്ങള്‍, നിങ്ങളാവുമോ? ഇല്ലല്ലോ. നമ്മള്, നമ്മളാവുകയാണ് വേണ്ടത്. നമ്മുടെ പ്രത്യേകതകളെ നമ്മള് സ്നേഹിക്കുകയാണ് വേണ്ടത്’ എന്നു പറഞ്ഞു തൊപ്പിക്കുരുവികള്.
‘അതു ശരിയാണല്ലോ’ എന്നോര്‍ത്തു തേന്‍ കുരുവികള്‍. എന്നിട്ട് അവര്‍ തൊപ്പി ഊരി മാറ്റി.
തങ്ങളുടെ വളഞ്ഞു കൂര്‍ത്ത കൊക്കുകള്‍ കൊണ്ട് ചെത്തിപ്പൂക്കളിലെ തേന്‍ വലിച്ചു കുടിക്കാനായി പിന്നെ അവരൊന്നടങ്കം സന്തോഷത്തോടെ ചിറകടിച്ച്, ‘കലപില’ എന്നൊച്ചവെച്ച് പറന്നു പോയി.
നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം. ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?