കഥകള്‍ കേള്‍ക്കുന്തോറും നമ്മള് കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…
ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.
ചാമ്പയ്ക്കാ പറിക്കാന്‍ പോയ പാവക്കുട്ടി
ദേവികയുടെ പാവക്കുട്ടി ജാനറ്റിനെ, കാണാതായി ഒരു ദിവസം.
ദേവികയ്ക്ക് ഏറ്റവുമിഷ്ടപ്പെട്ട പാവക്കുട്ടിയായിരുന്നു ജാനറ്റ്.
അവളെവിടെപ്പോയി എന്ന്, ദേവിക വീടായ വീടു മുഴുവന്‍ തപ്പി.
പക്ഷേ, എവിടുന്നും കിട്ടിയില്ല അവളെ.
അവസാനം അമ്മ പറഞ്ഞു, ‘ജാനറ്റ്, ദേവികയെ വിട്ട് അടുത്ത വീട്ടിലെ സനയുടെ അടുത്ത് പോയിക്കാണും’ എന്ന്.
അതു കേട്ടതോടെ, ‘നമ്മുടെ വീടു വിട്ട് എന്തിനാ അവള് സനയുടെ വീട്ടില്‍ പോയത്’ എന്നു ചോദിച്ച് ദേവിക, ഉറക്കെ കരച്ചിലും ബഹളവുമായി.
‘ജാനറ്റിന്റെ ഉടുപ്പിലൊക്കെ നീയ് സ്കെച്ച് പെന്‍ കൊണ്ട് കുത്തിവരച്ചില്ലേ, അതു കൊണ്ട് സങ്കടം വന്ന് അവള് പോയതാവും സനയുടെ വീട്ടില്‍, സന എന്തു കാര്യമായാണ് പാവക്കുട്ടികളെ നോക്കുന്നതെന്ന് ജാനറ്റ് കാണാറുള്ളതാണല്ലോ’ എന്നു പറഞ്ഞു അമ്മ.
അതു കേട്ടതോടെ ‘ഇനി ഞാന്‍ ജാനറ്റിന്റെ ഉടുപ്പില്‍ കുത്തിവരയ്ക്കില്ല, ഞാനവള്‍ക്ക് പുതിയ ഉടുപ്പു തയ്ച്ചു കൊടുക്കാം’ എന്നു വിങ്ങിപ്പൊട്ടിക്കരച്ചിലായി ദേവിക.
അപ്പോ അച്ഛന് വന്നു, അകത്തുനിന്ന് ദേവികയുടെ കരച്ചില് കേട്ടു കൊണ്ട്.
കാര്യമറിഞ്ഞപ്പോള്‍, അച്ഛനവളെ, കെട്ടിപ്പിടിച്ചു സമാധാനിപ്പിച്ചു.
‘ജാനറ്റ്, ദേവികയ്ക്ക് ഏറ്റവുമിഷ്ടമുള്ള ചാമ്പയ്ക്ക പറിക്കാന്‍, അപ്പുറത്തെ ഹരിയങ്കിളിന്റെ വീട്ടില്‍ പോയതായിരിക്കും, ഇത്തിരി കഴിയുമ്പോള്‍ ചാമ്പയ്ക്കയും കൊണ്ടവള്‍ തിരിച്ചു വരും, അച്ഛനോട് പറഞ്ഞിട്ടാണവള് പുറത്തു പോയത്, ദേവുക്കുട്ടി സനയുടെ വീട്ടില്‍ പോയി കളിച്ചിട്ടു തിരികെ വരുമ്പോള്‍, ഒരു കൂന ചാമ്പക്കാ കാണിച്ച് ദേവൂനെ അത്ഭുതപ്പെടുത്തണം എന്നാണവളുടെ പ്ളാന്‍’ എന്നൊക്കെ പറഞ്ഞു അച്ഛന്.
‘അപ്പോ അമ്മ പറഞ്ഞതോ’ എന്നു ചോദിച്ചു, കരച്ചിലിനിടയിലൂടെ ദേവിക.
‘അമ്മ, കുഞ്ഞിനെ പറ്റിക്കാന്‍ ചുമ്മാതൊന്ന് പറഞ്ഞു നോക്കിയാതാണെ’ന്നു ചിരിച്ച് അമ്മ, ദേവികയെ എടുത്തു മടിയിലിരുത്തി.
‘എപ്പോഴാ ജാനറ്റ്, ചാമ്പയ്ക്കുമായി തിരിച്ചു വരിക, അവള്‍ക്ക് ഹരിയങ്കിളിന്റെ വീട്ടിലേക്കുള്ള വഴി അറിയുമോ’ എന്നു ചോദിച്ചു അപ്പോള്‍ ദേവിക.
‘ഇന്നാള് നമ്മള് ഹരിയങ്കിളിന്റെ വീട്ടില്‍ പോയപ്പോള്‍, ജാനറ്റിനെ മോള് കൂടെ കൂട്ടിയായിരുന്നില്ലേ, ഒക്കെത്തെടുത്തിരുന്നില്ലേ മോളന്ന് അവളെ, അങ്ങനെ അവള്‍ക്ക് ഹരിയങ്കിളിന്റെ വീടൊക്കെ നല്ല പരിചയം കാണും’ എന്നു പറഞ്ഞമ്മ.
Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം
അതു കേട്ടതും ദേവുവിന് സമാധാനമായി.
അവള് ജനലരികെ ചെന്നുനിന്ന്, ജാനറ്റ് വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടു നില്‍ക്കുമ്പോഴാണ് സന, അപ്പുറത്തെ വീട്ടില്‍ നിന്നു വന്ന്, അവളെ കളിക്കാന്‍ വിളിച്ചത്.
ജാനറ്റിനെ കൂട്ടാതെങ്ങനാ കളിക്കാന്‍ പോകുന്നതെന്നു, ഒരു നിമിഷം സംശയിച്ചു നിന്നു ദേവിക.
‘അവളും സനയും കൂടി കളിച്ചു തീരുമ്പോഴേക്ക് ജാനറ്റ് തിരിച്ചു വരും’ എന്നു പറഞ്ഞു അച്ഛന്.
‘ജാനറ്റിന് അവളുടെ പാവക്കൈ കൊണ്ട് അത്രേം ചാമ്പയ്ക്കയൊന്നും പിടിക്കാന്‍ പറ്റില്ല, അച്ഛന് പോയവളെ കൂട്ടിക്കൊണ്ടു വാ അച്ഛാ’ എന്നു പറഞ്ഞിട്ടവള്‍ സനയുടെ കൂടെ കളിക്കാനോടി.
അച്ഛന്, ദേവു പോയതും അമ്മയോടു പറഞ്ഞു, ‘ഞാന്‍ പോയി കുറച്ചു ചാമ്പയ്ക്ക ഹരിയുടെ വീട്ടില്‍ നിന്ന് പറിച്ചു കൊണ്ടുവരാം. അപ്പോഴേയ്ക്ക് നീയ് ജാനറ്റിനെ തപ്പിയെടുക്ക്.’
അമ്മ പറഞ്ഞു, ‘ജാനറ്റ് ആ ദീവാന്റെ അടിയില്‍ കിടക്കുന്നുണ്ട്.’
പിന്നെ അമ്മ, ദീവാന്റെ അടിയിലേക്ക് കുനിഞ്ഞ്, ആ ചോപ്പുടുപ്പുകാരി പാവയെ വലിച്ചെടുത്തു.
എന്നിട്ട് അവളെ കസേരയില്‍ കാലും നീട്ടിയിരുത്തി.
‘ഇനി പോയി ചാമ്പയ്ക്കാ പറിച്ചു കൊണ്ടു വന്ന് ജാനറ്റിന്റെ മടിയില്‍ വയ്ക്കട്ടെ, ദേവു തിരിച്ചു വരുമ്പോഴേക്ക്’ എന്നു പറഞ്ഞ് അച്ഛന് പുറത്തേക്കുപോയി.
അച്ഛന് ഹരിയങ്കിളിന്റെ വീട്ടിലേക്കു പോകുന്നതും നോക്കി, അമ്മ ചിരിച്ചു നിന്നു.
പിന്നെ തിരിഞ്ഞ് ജാനറ്റിനോടു ചോദിച്ചു, ‘അച്ഛന് ചാമ്പയ്ക്കയുമായി വന്നു കഴിഞ്ഞേ, ദേവു സനയുടെ വീട്ടില്‍ നിന്ന് കളി കഴിഞ്ഞ് തിരിച്ചു വരികയുള്ളൂ എന്നു വിചാരിക്കാം അല്ലേ?’
ജാനറ്റ്, ഒന്നും പറയാതെ കണ്ണുമിഴിച്ച് അമ്മയെനോക്കി.
അമ്മ, അവളുടെ തലയില്‍ തലോടി.
നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം. ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook