പല തരം ബുക്ക് മാർക്കുകള്‍

എന്തിനാണ് പുസ്തകം വായിയ്ക്കുമ്പോള്‍ നമ്മള്‍ ബുക്മാര്‍ക്കുകള്‍ ഉപയോഗിക്കുന്നത്? വായിച്ചു കഴിഞ്ഞ പേജു വച്ച് പുസ്തകം കമഴ്ത്തി വയ്ക്കുന്ന ശീലമുണ്ടെല്ലോ ചിലര്‍ക്ക് , അതുമാറ്റാനാണ് ബുക് മാര്‍ക്

priya as, childrens stories , iemalayalam

നിളയും ചേട്ടന്‍ വരുണും അനിയത്തി നദിയും കൂടി രാത്രിയില്‍ അത്താഴം കഴിഞ്ഞ്, ‘പാഠപുസ്തകമല്ലാത്ത എന്തെങ്കിലും നിര്‍ബന്ധമായും വായിയ്ക്കണം’ എന്നാണ് അച്ഛന്‍ പറയാറ്.

‘അറിവുണ്ടാകാനും ചിന്താശക്തിയുണ്ടാകാനും ഭാവന വളരാനുമാണ് പുസ്തകം വായിക്കുന്നത്.’ അങ്ങനെയാണ് അച്ഛനവര്‍ക്കു പറഞ്ഞു കൊടുത്തിരിയ്ക്കുന്നത്.

അവരുടെ വീട്ടില്‍ നിറയെ കഥകളും കവിതകളും ലേഖനങ്ങളും ഒക്കെയുള്ള പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. അതില്‍ നിന്ന് ‘ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള ഒരു പുസ്തകമെടുത്ത വായിക്കണം’ എന്നാണ് അച്ഛന്‍ പറയാറ്.

അവരുടെയോരോരുത്തരുടെയും പേരെഴുതിയ മൂന്നു നോട്ബുക്കുകളുണ്ട് വീട്ടിലെ ലൈബ്രറിയിലെ മേശയില്‍. വായിക്കാനെടുക്കുന്ന പുസ്തകത്തിന്റെ പേര്, തീയതി, പുസ്തകത്തിന്റെ പേരു സഹിതം എഴുതി വയ്ക്കണം ഓരോരുത്തരും ആ നോട്ബുക്കുകളില്‍.

ഓരോ പുസ്തകവും വായിച്ചു കഴിയുമ്പോള്‍ അത് തിരികെ, അതെടുത്തയിടത്തുതന്നെ തിരികെ വയ്ക്കണം. പിന്നീട്, അവരവരുടെ പേരെഴുതിയ ആ നോട്ബുക്കുകളില്‍ അവര്‍ വായിച്ച ആ പുസ്തകത്തെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പുമെഴുതണം.

പുസ്തകം വായിച്ച ശേഷം, വായിച്ച പേജ് അറിയാന്‍ വേണ്ടി ആ പേജ് വച്ച് പുസ്തകം കമഴ്ത്തിവെക്കുന്നത് അച്ഛന് തീരെയിഷ്ടമല്ല.

“പുസ്‌കത്തിന്റെ പേജുകള്‍ മടങ്ങിച്ചുളുങ്ങി ആകെ നാശമാവും, പുസ്തകത്തിന്റെ താളുകളുടെ ഭംഗി നഷ്ടപ്പെടും, ഓരോ പുസ്തകവും ഓരോ നിധിയാണ്, നന്നായി സൂക്ഷിയ്ക്കണം ഓരോ പുസ്തകവും,” എന്നാണ് അച്ഛന്‍ പറയാറ്.

“എവിടെയാണോ വായിച്ചു നിര്‍ത്തിയത് അത് ബുക്ക് മാർക്ക് കൊണ്ട് അടയാളപ്പെടുത്തി പുസ്തകം അടച്ചുവയ്ക്കണം,” എന്നാണ് അച്ഛന്റെ നിര്‍ദ്ദേശം.

priya as, childrens stories , iemalayalam

അച്ഛന്‍ അവര്‍ക്കായി കടയില്‍ നിന്ന് ബുക്ക് മാർക്ക് വാങ്ങിക്കൊടുത്തിട്ടുണ്ട്. ഒരണ്ണാരക്കണ്ണന്റെ പടമുള്ളത് നിളയ്ക്ക്. ഒരു കംഗാരുവിന്റെ പടമുള്ളത് വരുണിന്. ഒരു ചുവന്ന കാറിന്റെ പടമുള്ളത് നദിയ്ക്ക്. ഓരോരുത്തര്‍ക്കും മൂന്നു ബുക്ക് മാർക്ക് വീതം കൊടുത്തിട്ടുണ്ട് അച്ഛന്‍.

“ഒരണ്ണാരക്കണ്ണനെ ഉപയോഗിച്ചുപയോഗിച്ച് അത് മോശമാവുമ്പോള്‍ അടുത്ത അണ്ണാരക്കണ്ണനെയെടുക്കാം,” അങ്ങനെയാണ് അച്ഛന്‍ പറഞ്ഞിരിക്കുന്നത്.

ഇടയക്ക് അവരുടെ ബുക്ക് മാർക്കൊക്കെ കാണാതെ പോവും.

“ഒന്നും സൂക്ഷിക്കണില്ല ഈ പിള്ളേര്,” എന്നപ്പോ അച്ഛന് ദേഷ്യം വരും. “ബുക്ക് മാർക്ക് കളയുന്നവര്‍, കളര്‍ പേപ്പറും കളര്‍പെന്നും കത്രികയും പശയും ഒക്കെ ഉപയോഗിച്ച് സ്വന്തമായി ബുക്ക് മാർക്കുകള്‍ ഉണ്ടാക്കണം” എന്നാണ് അച്ഛന്‍ പറഞ്ഞിരിക്കുന്നത്.

കടയില്‍ നിന്നച്ഛന്‍ വാങ്ങിയ ബുക്ക് മാർക്ക് എപ്പോഴുമെപ്പോഴും കളയലും പിന്നെ പുതിയവ വരച്ചുണ്ടാക്കലുമൊക്കെയായി കുട്ടികള്‍ ബുക് മാര്‍ക്കുണ്ടാക്കലില്‍ കേമരായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

നിള വരച്ചുണ്ടാക്കുന്നത് എപ്പോഴും മരങ്ങളുടെയും പൂവുകളുടെയും പക്ഷികളുടെയും പടങ്ങളാണ്.

നദിയ്ക്ക് ബുക്ക് മാർക്കുകളായി ഇഷ്ടം പല തരം കാറുകളുടെ പടങ്ങളാണെങ്കില്‍ വരുണിനിഷ്ടം പലതരം വീടുകളുടെയും കോമിക് കഥാപാത്രങ്ങളുടെയും പടങ്ങളാണ്.

ചിലപ്പോ അവര്‍, ആരുടെ ബുക്ക് മാർക്കാണ് നല്ലത് എന്നൊരു മത്സരം വയ്ക്കും. അച്ഛനാവും ജഡ്ജ്.

മത്സരത്തില്‍ ജയിക്കുന്നയാള്‍ക്ക അച്ഛന്‍ ലൈബ്രറിയില്‍ നിന്ന ഒരു കഥാപ്പുസ്തകം കൂടി കൊടുക്കും വായിക്കാനായി.

ഒരേ സമയം രണ്ടു കഥാപ്പുസ്തകങ്ങള്‍ മാറിമാറി വായിച്ച് ആ ആള്‍ മറ്റു രണ്ടാളുകളെയും അസൂയപിടിപ്പിയ്ക്കുന്നതു കണ്ട് അച്ഛന്‍ ചിരിയ്ക്കും.

“രണ്ടെണ്ണം വായിയ്ക്കുന്നയാള്‍ രണ്ടു വായനാക്കുറിപ്പുകള്‍ എഴുതണം,” എന്നച്ഛനവരെ ഓര്‍മ്മിപ്പിയ്ക്കുമ്പോള്‍ മടിച്ചിക്കോത നദി വിചാരിയ്ക്കും ‘സമ്മാനം വേണ്ടേ വേണ്ട എനിയ്ക്ക് കഥ വായിയ്ക്കാനേ ഇഷ്ടമുള്ളു, കുറിപ്പെഴുതാന്‍ വയ്യ.’

priya as, childrens stories , iemalayalam


അങ്ങനെയൊക്കെ കാര്യങ്ങള്‍ പോകുന്നതിനിടയിലാണ് നദിയ്ക്ക് ഒരു മയില്‍പ്പീലി അവളുടെ ക്‌ളാസിലെ മോഹന കൊടുത്തത്. അതോടെ അവളുടെ സ്ഥീരം ബുക്ക് മാർക്ക് മയില്‍പ്പീലിയായി.

അതു കണ്ട് വരുണിനും നിളയ്ക്കും അസൂയ വന്നു. അവരച്ഛനോട് പറഞ്ഞു, “ഞങ്ങള്‍ക്കും വേണം അച്ഛാ മയില്‍പ്പീലി ബുക്ക് മാർക്ക്.”

“എല്ലാവരുടെയും ബുക്ക് മാർക്കുകള്‍ ഒരേപോലെ ഇരുന്നാല്‍ തമ്മില്‍ത്തമ്മില്‍ മാറിപ്പോവും, തിരിച്ചറിയാന്‍ പ്രയാസമാവും,” എന്നു പറഞ്ഞു അച്ഛന്‍.

അതു ശരിയാണെന്നവര്‍ക്ക് തോന്നി. ‘ഇതെന്റെ മയില്‍പ്പീലി,’ എന്നു പറഞ്ഞ് നിത്യവും വഴക്കുണ്ടാകാനുള്ള സാധ്യതയോര്‍ത്ത്, ‘എല്ലാവര്‍ക്കും മയില്‍പ്പീലി ബുക്ക് മാർക്കുകള്‍’ എന്ന ഐഡിയ അവരുപേക്ഷിച്ചു.

പക്ഷേ നദിയുടെ ബുക്ക് മാർക്ക് കാണുമ്പോഴൊക്കെ അവര്‍ക്ക്, ‘എന്തൊരു ഭംഗി , എന്തൊരുഗ്രന്‍ ബുക്ക് മാർക്ക്’ എന്നസൂയ വന്നുകൊണ്ടേയിരുന്നു.

അച്ഛനപ്പോള്‍ അച്ഛന്റെ ചില നിധിശേഖരങ്ങള്‍ പുറത്തെടുത്തു. പല തരം തൂവലുകള്‍, ഞരമ്പുകള്‍ മാത്രമായ രൂപത്തില്‍ ഉണക്കി സൂക്ഷിച്ചിരിക്കുന്ന മാവില, ആലില, പ്‌ളാവില അതൊക്കെ ആ നിധിശേഖരത്തില്‍ നിന്നെടുത്ത കാണിച്ചു കൊടുത്തു.

“ഹായ്… എന്തു രസം!” എന്നവര്‍ തുള്ളിച്ചാടി.

“ഉപ്പന്റെ തൂവലും പ്രാവിന്റെ തൂവലും പരുന്തിന്റെ തൂവലും ബുക്ക് മാർക്കാക്കാന്‍ തക്ക നീളത്തിലുള്ളതാണല്ലോ അച്ഛാ,” എന്നു പറഞ്ഞു അവര്‍.

“ഇടക്കൊക്കെ ഞരമ്പുകളുടെ രൂപത്തിലായ ഇലകളും ബുക് മാര്‍ക്കായി ഉപയോഗിക്കാം,” എന്നു പറഞ്ഞ അച്ഛന്‍, അച്ഛന്റെ ഇല-കളക്ഷനെല്ലാം അവര്‍ക്കു സ്വന്തമായി കൊടുത്തു.

“ഒരു മാസം ഉപയോഗിച്ചിട്ട് അടുത്തയാള്‍ക്ക് ഓരോരുത്തരും ബുക്ക് മാർക്ക് കൈ മാറണം, അപ്പോളാര്‍ക്കും പാരാതിയുണ്ടാവില്ല,” എന്ന് കൂടി പറഞ്ഞു അച്ഛന്‍. മൂന്നു പേരും അത് സമ്മതിച്ചു.

അങ്ങനെ ബുക്ക് മാർക്ക് ബഹളം അവസാനിച്ചു എന്നു മാത്രമല്ല കുട്ടികള്‍ തൂവലിനു വേണ്ടി കിളികളുടെയും ഇലകള്‍ക്കു വേണ്ടി ചെടികളുടെയും പുറകേ നടക്കാനും തുടങ്ങി.

തൂവല്‍ കളക്റ്റ് ചെയ്തു വയ്ക്കാന്‍ അച്ഛനവര്‍ക്ക് ഒരു വെല്‍വെറ്റ് ബോക്‌സ് കൊടുത്തു.

മാഗസിന്റെ താളുകള്‍ക്കിടയില്‍ വച്ച് ഉണക്കിയ ഇലകളൊട്ടിച്ച ഉണ്ടാക്കുന്ന ഹെര്‍ബേറിയത്തെക്കുറിച്ച അച്ഛനവര്‍ക്ക് ക്‌ളാസെടുത്തു.

“ഈ കുട്ടികള്‍ക്കു വേണ്ടി രണ്ടു മൂന്നു തൂവല്‍ പൊഴിച്ചിട്ടേക്കാം, ഇല്ലെങ്കിലവര്‍ നമ്മള പെിടിച്ചു നിര്‍ത്തി തൂവല്‍ ഊരിയെടുത്തു കൊണ്ടുപോകാന്‍ വഴിയുണ്ട്,എന്നു ഒരു ദിവസം ഒരു കാക്ക, ഒരു നീലപ്പൊന്മാനോട് പറഞ്ഞതായി കേട്ടു,” എന്ന് അച്ഛന്‍ പറഞ്ഞു ഇന്നാളൊരു ദിവസം.

അതച്ഛന്‍ ഉണ്ടാക്കിപ്പറഞ്ഞ ഒരു തമാശയാവാനാണ് വഴി എന്നാണ് കുട്ടികള്‍ വിശ്വസിയ്ക്കുന്നത്.
ചെടികള്‍ക്ക് നോവാതെയല്ലേ അവര്‍ ഇലകളൈ ഹെര്‍ബേറിയത്തിനായി അടര്‍ത്തിയെടുക്കാറുള്ളൂ.

അതുപോലെ മുറ്റത്തു കിടക്കുന്ന തൂവലുകള്‍ നോക്കി നടന്ന് അതെല്ലാം കണ്ടുപിടിച്ച് കൊണ്ടുപോയി വെല്‍വെറ്റ് ബോക്‌സില്‍ സൂക്ഷിച്ചുവയ്ക്കാറുണ്ടെന്നല്ലേയുള്ളൂ. എന്നിട്ടാണ് അച്ഛനിങ്ങനെ അവരെ കുറിച്ച് തമാശക്കഥ ഉണ്ടാക്കുന്നത്.

“ഈ അച്ഛനെക്കുറിച്ച് ഞങ്ങളെല്ലാവരും കൂടി ഒരു കഥയെഴുതും. എന്നിട്ട് അത് പ്രസിദ്ധീകരിയ്ക്കും. അപ്പോ ഒരുപാട് കുട്ടികള്‍ രാത്രിയുറക്കത്തിനുമുമ്പ ആ പുസ്തകമെടുത്ത് വായിയ്ക്കും, അവരപ്പോ തൂവലോ ഇലയോ അതോ കടയില്‍ നിന്നു വാങ്ങുന്നതോ അതോ അവര്‍ വരച്ചുണ്ടാക്കിയതോ ഏതു തരം ബുക്ക് മാർക്കാവും ഉപയോഗിക്കുക,” എന്നു ചോദിച്ച് അവര്‍ മൂന്നാളും കൂടി അച്ഛനെ ഇക്കിളിയിട്ട് ചിരിപ്പിച്ചു.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible bookmarkukal

Next Story
കടല വറുത്തതും തേങ്ങാപ്പൂളുംpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express