ഭൂമിയുടെ അവകാശികൾ

മനുഷ്യര്‍ക്കു വേണ്ടി മാത്രമല്ല ഭൂമിയില്‍ പഴങ്ങളും ചെടികളും ഉണ്ടാവുന്നത്. അണ്ണാരക്കണ്ണനും കാക്കയ്ക്കും വവ്വാലിനുമൊക്കെ വേണ്ടിക്കൂടിയാണ് അവ. അവരും ഭൂമിയുടെ അവകാശികളാണ്

priya as, childrens stories , iemalayalam

സപ്പോട്ടാമരം നിറയെ മൂത്തു പാകമായ സപ്പോട്ടക്കായ്കള്‍ കിടക്കുന്നതു താഷിയുടെ കണ്ണില്‍പ്പെട്ടത് ദാ, ഇപ്പോഴാണ്.

മുകളിലാണല്ലോ താഷിയുടെ മുറി. ജനല്‍ തുടയ്ക്കാന്‍ വേണ്ടി എല്ലാ ജനലുകളും തുറന്നു മലര്‍ത്തിയിട്ടപ്പോഴല്ലേ താഷി കാണുന്നത് ഇത്രയും സപ്പോട്ടക്കായ്കള്‍ ഉണ്ടായിട്ടുണ്ട് ഇത്തവണ എന്ന്.

താഷി എപ്പോഴും മഞ്ഞമന്ദാരത്തിന്റെ വശത്തേക്കുള്ള ജനലുകളാണ് തുറക്കാറ്. സപ്പോട്ടമരത്തിന്റെ ഭാഗത്തേക്കുള്ള ജനലുകള്‍ തുറന്നാല്‍ വെയില്‍ വന്ന് കണ്ണില്‍ക്കുത്തും, അത് താഷിക്കിഷ്ടമല്ല.

ഇന്നിപ്പോ വെയിലാറിയ വൈകുന്നേരത്താണ് താഷി മുറിയുടെ ജനലുകള്‍ എല്ലാം തുറന്നിട്ടതും ചെറിയ നനവുള്ള ഒരു തുണി വച്ച് ജനല്‍ തുടച്ച് വൃത്തിയാക്കാന്‍ തുടങ്ങിയതും.

അങ്ങനെ ജനലും തുടച്ച് ഒരു മൂളിപ്പാട്ടും പാടി, പ്രകാശമ്മാമനെ വിളിപ്പിച്ച് പറിച്ചുവയ്ക്കാം സപ്പോട്ടമരത്തിലെ പാകമായ കായ്കള്‍, പഴുക്കുമ്പോള്‍ ഓരോന്നായി സാപ്പിടാം എന്നൊക്കെ സ്വപ്‌നം കണ്ടങ്ങനെ നില്‍ക്കുമ്പോഴാണ് താഷി കണ്ടത് ഒരു അണ്ണാറക്കണ്ണന്‍ ഇരിക്കുന്നു സപ്പോട്ടമരത്തില്‍.

“എന്തോ കള്ളപ്പണി ഒപ്പിക്കുന്ന ഭാവത്തില്‍ നീ നാലുപാടും നോക്കുന്നുണ്ടല്ലോ,” എന്നു വിളിച്ചു ചോദിച്ചു കൊണ്ട് സൂക്ഷിച്ചു നോക്കുമ്പോഴല്ലേ താഷി കണ്ടത് അവന്‍ സപ്പോട്ടക്കായ കാരിക്കാരിത്തിന്നുകയാണ്.

priya as, childrens stories , iemalayalam


“എടാ കള്ളാ, നീ ഞങ്ങടെ സപ്പോട്ടക്കാ ഞങ്ങളോട് ചോദിക്കാതെ കള്ളത്തരത്തില്‍ സാപ്പിടുകയാണ് അല്ലേ? ഇതൊട്ടും ശരിയല്ല,” എന്നു താഷി ഉറക്കെ വിളിച്ചു പറഞ്ഞു.

ഒച്ച കേട്ടാവും താഷി നിന്നയിടത്തേയ്ക്ക അവനൊന്ന് നോക്കി.

“സപ്പോട്ടയ്ക്കാ ഇവിടെ ഇട്ടിട്ടു പോടാ,” എന്നു പറഞ്ഞ് താഷി കൈയൊങ്ങിയതും അവന്‍ പേടിച്ചാവും അടുത്ത കൊമ്പിലേയ്ക്ക് ഒരു ചാട്ടം.

പേടിച്ച് ചാടിയപ്പോ ഉന്നം ശരിയാകാത്തു കൊണ്ടാവും അവന്‍ പൊത്തോന്ന് നിലത്തു വീണു. താഴെ കരിയിലയിലേയ്ക്കു വീണതു കൊണ്ടാവും അവന് പരിക്കൊന്നും പറ്റിയില്ലെന്നു തോന്നുന്നു.

അവന്‍ പാതിയാക്കിതിന്നു നിര്‍ത്തിയ സപ്പോട്ടയും അവന്റെ ചാട്ടത്തിന്റെ ഊക്കില്‍ ദാ കിടക്കുന്നു താഴത്ത്.

അതവന്റെ മോളില്‍ തന്നെ വന്നു വീണപ്പോള്‍ അവന്‍ പേടിച്ച് ചാടിത്തുള്ളിയതൊന്നു കാണേണ്ട കാഴ്ച തന്നെയായിരുന്നു.അതു കണ്ട് താഷിയ്ക്ക് ചിരി വന്നു.

‘ജനലു തുടയ്ക്കുന്നയാള്‍ ആരോടാ ചിരീം വര്‍ത്തമാനവും,” എന്നു ചോദിച്ചു അപ്പോഴവിടേയ്ക്കു വന്നു അമ്മൂമ്മ.

താഷി, അണ്ണാനെ അമ്മൂമ്മക്കു കാണിച്ചു അവന്റെ ഓട്ടത്തിന്റെ കഥ വിസ്തരിക്കാന്‍ പോവുകയായിരുന്നു, അപ്പോഴുണ്ട് താഴെ വീണ സപ്പോട്ടയ്ക്കയുമെടുത്തു കടിച്ചു പിടിച്ചു കൊണ്ട് അവന്‍ നേരെ മതിലിലൂടെ കയറി ഒരു പാച്ചില്‍.

priya as, childrens stories , iemalayalam


“എടാ വിരുതാ ,നീയതും കൊണ്ട് രക്ഷപ്പെട്ടു അല്ലേ? അല്ലെങ്കിലും നീ കാരിത്തിന്ന് പകുതിയാക്കിയ സപ്പോട്ടയ്ക്കാ ഞങ്ങള്‍ മനുഷ്യര്‍ക്കെന്തിനാ,” എന്ന വിളിച്ചു ചോദിച്ചു താഷി.

അപ്പോ അമ്മൂമ്മ, ജനലിലൂടെ സപ്പോട്ടമരത്തിലേക്ക് നോക്കി ചോദിച്ചു, “കായയൊക്കെ മൂത്തു പഴുക്കാറായി അല്ലേ? നമുക്ക് നല്ലതു നോക്കി പറിച്ചു വച്ച് പഴുപ്പിച്ച് കഴിയ്ക്കാം. അതിനെടേല് ചെലത് അണ്ണാനും വവ്വാലും പച്ചക്കിളീം വവ്വാലും കൊണ്ടപോകും. അവര്‍ക്കും വിശക്കൂല്ലേ? വല്ലതും തിന്നണ്ടേ അവര്‍ക്കും? നമ്മള്‍ നട്ടുനച്ച് ഈ ഭൂമിയിലുണ്ടാക്കുന്നതൊക്കെ അവര്‍ക്കും കൂടിയുള്ളതാ. അവരും ഭൂമിയുടെ അവകാശികളാ.”

അപ്പോള്‍ ഇരുട്ടിലൂടെ ഒരു വവ്വാല്‍ പറന്നു വന്ന് സപ്പോട്ടാക്കൊമ്പില്‍ തലകീഴായിതൂങ്ങിക്കിടന്ന് മറ്റൊരു സപ്പോട്ടയ്ക്കാ ചപ്പാന്‍ തുടങ്ങി.

താഷി അതിനെ ചൂണ്ടി അമ്മൂമ്മയോട് പറഞ്ഞു, “ദാ വന്നു , ഭൂമിയുടെ അടുത്ത അവകാശി.

“എവിടെ, എവിടെ” എന്നു കണ്ണട വച്ച് ജനലിലൂടെ നോക്കി അമ്മൂമ്മ. അപ്പോഴും താഷി ജനല്‍ തുടച്ചു കൊണ്ടിരുന്നു.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible bhoomiyude avakashikal

Next Story
പാകമാകാത്ത ഉടുപ്പുകള്‍priya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com