Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

അതിരാവിലെ ഒരു ചാരുകസേരച്ചന്തു

ചന്തുവിന് സംശയമായി കിളികളുടെയും പൂച്ചകളുടെയും തുമ്പികളുടെയുമൊക്കെ ആ സമ്മേളനം സത്യമായിരുന്നുവോ അതോ സ്വപ്‌നമായിരുന്നുവോ?

priya as, childrens stories , iemalayalam

രാവിലെ എണീറ്റ് പല്ലൊക്കെ തേച്ചു കഴിഞ്ഞാലുടന്‍ ഒരു ഗ്‌ളാസ് പാലുമായി ചന്തു വന്ന് മുന്‍വശത്തെ ചാരുകസേരയിലൊരു കിടപ്പുണ്ട്. അതപ്പൂപ്പന്റെ ചാരുകസേരയാണ്.

അവിടെ കിടന്ന് പാലും കുടിച്ചു കൊണ്ട് ലോകം കാണാന്‍ നല്ല രസമാണ്. ഒരുപാടു കിളികള്‍ മുറ്റത്തു കൊത്തിപ്പെറുക്കി നടപ്പുണ്ടാവും. പുഴുവിനെയോ വല്ല പ്രാണികളെയോ ഒക്കെ തപ്പിപ്പിടിച്ച് അവര് കഴിയ്ക്കുന്നത് അന്നേരമാണ്.

കിളികളുടെ ബ്രേക്ക് ഫാസ്റ്റ് നേരമാണതെന്നാണ് ചന്തുവിന് തോന്നാറ്. കൊത്തിപ്പെറുക്കി വയറുനിറച്ചു കഴിഞ്ഞാലുടന്‍ ചില കിളികള്‍ പറന്നു പോകും. മറ്റു ചില കിളികള്‍ മരക്കൊമ്പുകളിലേക്ക് പറന്നു കയറി ഇരുന്ന് ചിലപ്പു തുടങ്ങും.

അവര്‍ തമ്മില്‍ത്തമ്മില്‍ വര്‍ത്തമാനം പറയുന്നതാണെന്നാണ് ചന്തുവിന് തോന്നാറ്. ഇന്ന് വേറെ കുറേപ്പേരും കൂടിയുണ്ടായിരുന്നു കിളികളോടൊപ്പം മുറ്റത്ത്. ഒരു പൂച്ച, രണ്ടണ്ണാന്‍, നാലഞ്ചു തുമ്പികള്‍, ഒരോന്ത്, മൂന്നു കീരി.

അവരെയെല്ലാം നോക്കിക്കൊണ്ട് ചന്തു അങ്ങനെ ഒരു മൂളിപ്പാട്ടും പാടി കസേരയില്‍ കിടക്കുമ്പോഴാണ് അമ്മ അതു വഴി വന്നത്. അമ്മ ചെടിയ്ക്ക് വെള്ളമൊഴിയ്ക്കുകയായി പിന്നെ കുറച്ചുനേരം.

ചിലപ്പോഴൊക്കെ മുറ്റത്തെ ജീവികളുടെ ഓരോരുത്തരുടെയും ദേഹത്തേയ്ക്ക് പൈപ്പുവെള്ളം തെറിച്ചു. പൂച്ച ഇടയ്‌ക്കോടി വന്ന് പൈപ്പിനു താഴെ നിന്ന് നനഞ്ഞു രസിച്ചു.

ചെടിയ്ക്ക് നനയ്ക്കുന്നതിനിടെ കാര്‍ പോര്‍ച്ചില്‍ വീണ വെള്ളം കീരിക്കുട്ടന്മാര്‍ നക്കിക്കുടിച്ചു. ഓന്ത്, വെള്ളം അതിന്റെ ദേഹത്തേയ്ക്കു തെറിച്ചപ്പോള്‍ ഞെട്ടി. തുമ്പികളുടെ ചിറകില്‍ വെള്ളത്തുള്ളി പറ്റിയിരുന്ന് തിളങ്ങി. അണ്ണാരക്കണ്ണന്മാര്‍ വെള്ളം ദേഹത്തു വിഴാതെ ഒഴിഞ്ഞുമാറി ഓടിക്കളിച്ചു.

priya as, childrens stories , iemalayalam


അതെല്ലാം നോക്കിയിരുന്നപ്പോള്‍ ചന്തുവിന് തോന്നി ഒരു സമ്മേളനം നടക്കുകയാണെന്ന്. എല്ലാ ജീവജാലങ്ങളും കൂടി എന്തെല്ലാമോ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ്.

“അവരെന്തായിരിക്കും ചര്‍ച്ച ചെയ്യുന്നത്? ചെലപ്പോ എന്തൊരു ചൂടെന്നായിരിക്കും, എന്താ മഴ വരാത്തത് എന്നായിരിക്കും?”

“ചന്തുവിന്റെ ഊഹങ്ങള്‍ ശരിയായിരിയ്ക്കും,” എന്നമ്മ പറഞ്ഞു.

അതിനിടെയാണ് ചന്തുവിന്റെ ചിന്നുച്ചേച്ചി അങ്ങോട്ടു വന്നത്. ചിന്നുച്ചേച്ചി ഇന്ന് താമസിച്ചാണ് ഉണര്‍ന്നതെന്നു തോന്നുന്നു, ഇതു വരെ പല്ലുതേച്ചിട്ടും കൂടിയില്ല എന്നു തീര്‍ച്ച. ചന്തുവിന് ചിന്നുച്ചേച്ചിയെ ഒന്നു കളിയാക്കാന്‍ തോന്നി.

“ഇത്രേം ചെറിയ കുട്ടിയായ ഞാനുണര്‍ന്ന് പാലു വരെ കുടിച്ചു കഴിഞ്ഞു, എവിടാരുന്നു ചിന്നുച്ചേച്ചി ഇതുവരെ,” എന്നു ചന്തു ചിരിച്ചു കൊണ്ടു ചോദിച്ചപ്പോള്‍ ചിന്നുച്ചേച്ചി വളരെ ഗൗരവത്തിലായി.

എന്നിട്ട് പറഞ്ഞു, “ഞാനീ കിളികളുും അണ്ണാരക്കണ്ണനും കീരിയും തുമ്പിയും ഓന്തുമൊക്കെ നമ്മുടെയീ മുറ്റത്ത് നടത്തുന്ന സമ്മേളനം ശ്രദ്ധിക്കുകയായിരുന്നു അകത്തിരുന്ന്. ഇവരെന്താ ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്നു നിനക്കറിയാമോ, ചന്തൂ?’

സമ്മേളനമോ ചര്‍ച്ചയോ എന്ന മട്ടില്‍ മുറ്റത്തെ ജീവികളെയെല്ലാം ചന്തു ഒന്നു നോക്കി. അവരാരും ചന്തുവിനെയോ ചിന്നുച്ചേച്ചിയെയോ ശ്രദ്ധിക്കുന്നതു പോലുമില്ലാതയിരുന്നു.

“നമ്മുടെ ചുറ്റും നിമിഷംപ്രതി പടര്‍ന്നു കൊണ്ടിയിയ്ക്കുന്ന കോവിഡിനെ എങ്ങനെ നിയന്ത്രിച്ചു നിര്‍ത്താം എന്നാണ് അവരുടെ ചര്‍ച്ച.” എന്നു പറഞ്ഞു കൊണ്ട് ചിന്നുച്ചേച്ചി, ചന്തുവിനെ ചാരുകസേരയില്‍ നിന്നെഴുന്നേല്‍പ്പിച്ചു വിട്ടിട്ട് അവിടെ ഗമയില്‍ നീണ്ടുനിവര്‍ന്നു കിടന്നു.

“അതിനിവര്‍ മാസ്‌ക്ക് പോലും വെച്ചിട്ടില്ലലോ, പിന്നാണോ ചര്‍ച്ച,” എന്നു ചോദിച്ചുപോയി ചന്തു.

“ഇലകളും വാഴനാരും കൊണ്ടുള്ള മാസ്‌ക്ക് അവര്‍ക്കായി മിശറുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്, അതിനു വലിയ വിലയാകുമോ, ഓരോരുത്തരുടെയും മുഖത്തിനു പാകമാകുന്ന വിധത്തില്‍ ഉറുമ്പുകള്‍ തുന്നുമോ മാസ്‌ക്കുകള്‍, എന്നതൊക്കെയാണ് അവരുടെ ചര്‍ച്ചാവിഷയം,” എന്ന് ചിന്നുച്ചേച്ചി ഉറപ്പു പറഞ്ഞു.

priya as, childrens stories , iemalayalam

“ആണോ അമ്മേ,” എന്നു ചോദിച്ചു ചന്തു അമ്മയോട്.

“അവള്‍ പറഞ്ഞതിലും കാര്യമുണ്ട്, ലോകം മുഴുവന്‍ കോവിഡ് പടരുകയല്ലേ, അവര്‍ക്കും കാണും മുഖ്യമന്ത്രിയും വൈകുന്നേരത്തെ പത്രസമ്മേളനവും പുതിയ നിര്‍ദ്ദേശങ്ങളും ഒക്കെ,’ എന്നു പറഞ്ഞു അമ്മ.

“കണ്ടില്ലേ അവരെല്ലാവരും സാമൂഹിക അകലം പാലിച്ച് പരസ്പരം അകന്നല്ലേ നില്‍ക്കുന്നത്, കോവിഡിനെ പേടിച്ചു,” എന്നു കൂടി ചോദിച്ചു ചിന്നുച്ചേച്ചി.

ചന്തു നോക്കി, ശരിയാണല്ലോ കൂട്ടമായിരുന്ന് ചിലച്ച് ബഹളം വയ്ക്കുന്ന കരിയിലാം പീച്ചി പോലും ഓരോരോ മരക്കൊമ്പിലാണല്ലോ ഇരിപ്പ്.

“ഇവരുടെ മുഖ്യമന്ത്രി ആരാണ്? പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിയ്ക്കുന്ന റിപ്പോര്‍ട്ടര്‍മാരായി ഇവരുടെ ഇടയിലാരാണുള്ളത്,” എന്നൊക്കെ ചിന്നുച്ചേച്ചിയോടും അമ്മയോടും സംശയം ചോദിച്ചുനോക്കി ചന്തു.

“അതൊക്കെ് ചിന്നുച്ചേച്ചി പറഞ്ഞു തരും,” എന്നു പറഞ്ഞ് ചെടിനന നിര്‍ത്തി അമ്മ അകത്തേയ്ക്കു പോയി.

ചിന്നുച്ചേച്ചിയ്ക്കപ്പോ ഭൂമിയിലെങ്ങുമില്ലാത്ത ഗമ വന്നു . “അതൊക്കെ നീ സ്വയം ആലോചിച്ച് കണ്ടുപിടിയ്ക്ക്,” എന്നു പറഞ്ഞ് ചേച്ചി അകത്തേക്ക് ഒറ്റപ്പോക്ക്.

ചേച്ചി പോയപ്പോള്‍ ഒഴിഞ്ഞ ചാരുകസേരയില്‍ വന്നു കിടന്ന് ചന്തു ആലോചന തുടങ്ങി. ആരാവും ഇവരുടെയൊക്കെ മുഖ്യമന്ത്രി?

എന്നാവും ഇവരുടെയൊക്കെ മാസ്‌ക്ക് ആ മിശറുകള്‍ തയ്ച്ചു കൊടുക്കുക? അവര്‍ക്ക് സാനിറ്റൈസര്‍ ഉണ്ടാവുമോ? അവര്‍ക്ക് വാക്‌സിനേഷന്‍ ഉണ്ടാവുമോ?

അങ്ങനെ ഓരോന്നാലോചിച്ച് ചന്തു ഒന്നു മയങ്ങിപ്പോയി. അപ്പോ അച്ഛന്‍ വന്ന്, “കുളിയ്ക്കണ്ടേ കുട്ടിയ്ക്ക്,” എന്നു പറഞ്ഞ് അവനെ എടുത്തകത്തേയ്ക്ക് കൊണ്ടുപോയി.

അവന്‍ പെട്ടെന്ന് മയക്കത്തില്‍ നിന്നുണര്‍ന്നെണീറ്റ് അച്ഛനോട് ചോദിച്ചു “സമ്മേളനക്കാരൊക്കെ പോയോ?”

“അച്ഛന്റെ കുട്ടി സ്വപ്നം കണ്ടോ,” എന്നു ചോദിച്ചു അച്ഛന്‍.

അപ്പോ ചന്തൂവിന് സംശയമായി കിളികളുടെയും പൂച്ചകളുടെയും തുമ്പികളുടെയുമൊക്കെ ആ സമ്മേളനം സത്യമായിരുന്നുവോ അതോ സ്വപ്‌നമായിരുന്നുവോ?

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible athi ravile oru chaaru kasera chandu

Next Story
കാക്കനിരീക്ഷണംpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com