അപ്പുവും അച്ചുവും ഇരട്ടക്കുട്ടികളായിരുന്നു. രണ്ടുമിനിട്ടു വത്യാസത്തില്‍ അമ്മ വയറ്റില്‍ നിന്നു പുറത്തുവന്നവര്‍.
‘ആദ്യം വന്നത് ഞാനാണേ,’ എന്നു ഗമ പറയാന്‍ ഇഷ്ടമായിരുന്നു അപ്പുവിന്. ‘ആദ്യം വന്നതു കൊണ്ട് ഞാനാണ് മൂത്തത്,’ എന്ന മട്ടിലും ഭവത്തിലുമാണ് അപ്പുവിന്റെ നടപ്പ്.
അതത്ര പിടിക്കുന്നുണ്ടായിരുന്നില്ല അച്ചുവിന്. രണ്ടാമതായി അമ്മ വയറ്റില്‍ നിന്നു വന്നതാണ് എല്ലാ പ്രശ്നത്തിനും കാരണം എന്നു വിചാരിച്ചു അച്ചു. ആദ്യം വന്നിരുന്നുവെങ്കില്‍ അപ്പു എന്ന പേര് കിട്ടിയേനെ അച്ചുവിന്. അച്ചുവിന് അച്ചു എന്ന പേര് ഇഷ്ടമേ ആയിരുന്നില്ല.
‘അപ്പു എന്ന പേരിനാണ് ഭംഗി അല്ലേ കുയിലേ…’ എന്ന് മുറ്റത്തെ മാവില്‍ വന്നിരുന്ന കുയിലിനോട് അച്ചു ചോദിച്ചപ്പോ ‘അതെയതെ,’ എന്നു പറയുമ്പോലെ അവള് ‘കൂ, കൂ’ എന്ന് ഉച്ചത്തില്‍ കൂവിയത് നിങ്ങളും കേട്ടുകാണും, അല്ലേ?
ഒരു ദിവസം അച്ചു ശാഠ്യം പിടിച്ചു, “എനിക്കിന്നു മുതല്‍ ഇപ്പു എന്ന പേരു മതി.”
“അങ്ങനൊരു പേര് ലോകത്താര്‍ക്കുമില്ല,” എന്നു പറഞ്ഞു നോക്കി അച്ഛനുമമ്മയും. പക്ഷേ അവനുണ്ടോ സമ്മതിക്കുന്നു!
അങ്ങനെയങ്ങനെയാണ് അച്ചുവിന്റെ പേര് ഇപ്പു എന്നായത്.

ഇനിമുതല്‍ നമ്മുടെ ഈ കഥയിലും അച്ചുവിന്റെ പേര് ഇപ്പു എന്നായിരിക്കുമേ…
അപ്പുവും ഇപ്പുവും രാത്രി അമ്മയുടെയും അച്ഛന്റെയുമൊപ്പം ഉറങ്ങാന്‍ കിടന്ന വിശേഷം പറയാം നമുക്കിനി.
രണ്ടാള്‍ക്കും ചരിഞ്ഞുകിടന്ന് അമ്മയുടെ മേലേക്ക് കാല് വയ്ക്കണം.
“എനിക്കു വയ്ക്കണം കാല്, എനിക്കു വയ്ക്കണം കാല്,” എന്ന് അപ്പുവും ഇപ്പുവും കാല്വയ്ക്കല്-ബഹളം തുടങ്ങിയാല്‍പ്പിന്നെ അമ്മയ്ക്ക് സ്വൈര്യം ഉണ്ടാവില്ല.
രണ്ടാളും അമ്മയുടെ രണ്ടുവശവുമായി കിടന്നു കൊണ്ട് തമ്മില്‍ത്തമ്മില്‍ ചവിട്ടും കുത്തുമാവും, പക്ഷേ ഇതെല്ലാം കൊള്ളുന്നത് അമ്മയ്ക്കിട്ടല്ലേ?
“എന്തൊരക്രമമാണിത്, നിര്‍ത്ത് നിര്‍ത്ത് എനിക്ക് നല്ലോണം നോവുന്നുണ്ട്,” എന്ന് അമ്മ ഒച്ചവയ്ക്കുമ്പോള്‍ രണ്ടാളും ഒന്നടങ്ങും.
എന്നിട്ട് ഇത്തിരി കഴിയുമ്പോള്‍ പിന്നെയും തുടങ്ങും ചവിട്ടും തൊഴിയും അമ്മയെ കുഴപ്പത്തിലാക്കലും.
അച്ഛനപ്പോ, “ഒരാള്‍ അച്ഛന്റടുക്കലേക്ക് ചരിഞ്ഞു കിടന്നോളൂ, എന്നിട്ട് അച്ഛന്റെ മേലേക്ക് കാല് വച്ചോളൂ,” എന്നു പറഞ്ഞ് രംഗം ശാന്തമാക്കാന്‍ നോക്കും.
പക്ഷേ വഴക്കാളികള്‍ രണ്ടുപേരും അമ്മയുടെ മേല്‍ തന്നെ കാല് വയ്ക്കണമെന്ന പിടിവാശി തുടരും. .ദേഷ്യപ്പെട്ടാലോ, രണ്ടാളും വലിയ വായില്‍ കരഞ്ഞ് ആകെ ബഹളമാവും.
“എന്നാപ്പിന്നെ അമ്മയുടെ ഒരു കാലില്‍ അപ്പുവും മറ്റേക്കാലില് ഇപ്പുവും കാല് വച്ചോളൂ, അപ്പോപ്പിന്നെ വഴക്കു വേണ്ടല്ലോ,” എന്നായി അമ്മ .

അതവര്‍ക്കിഷ്ടപ്പെട്ടു. രണ്ടാളും അമ്മയുടെ ഓരോ കാല് പങ്കിട്ടെടുത്തു.
അപ്പോ അമ്മ, അച്ഛനോട് ഒരു കളിമട്ടില്‍ ചോദിച്ചു, “ഒരു തലയും ഒരു മൂക്കും ഒരു വായും പോലെ ഒരു കാലേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഞാനെന്തു ചെയ്തേനെ നമ്മുടെ ഈ രണ്ടുമക്കള്‍ക്കിടയില്‍ കിടന്ന്?”
അപ്പോ അച്ഛന് ചിരിച്ചു.
അപ്പൂവും ചിരിച്ചു .
ഇപ്പുവും ചിരിച്ചു.
ഏറ്റവും ഒടുവിലായി അമ്മയും ചിരിച്ചു.
അമ്മ പറഞ്ഞത് ശരിയാണല്ലോ, ‘ആരാണ് നമ്മളെ ഇങ്ങനെയൊക്കെ ഒരു മൂക്കും തന്ന് ഒരു വായും തന്ന് രണ്ടുകാലും രണ്ടുകൈയും തന്ന് ഒരു വയറും തന്ന്, പണിതുണ്ടാക്കിയത്,’ എന്നാലോചന തുടങ്ങി അപ്പുവും ഇപ്പുവും.
അങ്ങനെയോരോന്നു ചിന്തിച്ചു കിടന്ന് രണ്ടാളും ഉറങ്ങിപ്പോയി.
അവരുറങ്ങിക്കഴിഞ്ഞപ്പോ, അമ്മയുടെ ദേഹത്തുനിന്ന് രണ്ടു പേരെയും മാറ്റിക്കിടത്തി അച്ഛന്, അമ്മയെ സ്വതന്ത്രയാക്കി.
എന്നിട്ട് ചോദിച്ചു,”തനിക്ക് നൊന്തോ?”
അമ്മ പറഞ്ഞു, “അവരിപ്പോഴല്ലേ ഇങ്ങനെ എന്റെ മേല്‍ കാല് വയ്ക്കാനൊക്കെ വഴക്കുപിടിക്കൂ. .വലുതായാല്‍, മീശക്കൊമ്പന്മാരായാല് അവരിങ്ങനെ നമ്മളോട് ഒട്ടിക്കിടക്കാന്‍ വരുമോ?”
“ശരിയാണ്,” എന്നു പറഞ്ഞു അച്ഛന്.
എന്നിട്ടമ്മയ്ക്കും മക്കള്‍ക്കും ഓരോ ഉമ്മ കൊടുത്തു അച്ഛന്.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം