അമ്മൂമ്മയുടെ റ്റീച്ചര്‍

കുട്ടികള്‍ക്കാണ് പ്രായമുള്ളവരെ ഇലക്ട്രോണിക ഉപകരണങ്ങളുടെ പ്രവര്‍ത്തനം ക്ഷമയോടെ പഠിപ്പിച്ചു കൊടുക്കാനാവുക . കുഞ്ഞുങ്ങളുടെ അടുത്ത്, പ്രായമുള്ളവര്‍ യാതൊരു മറയുമില്ലാതെ ഫ്രീയാകും . കാര്യങ്ങള്‍ പഠിയ്ക്കലതോടെ വളരെ എളുപ്പമാവും .

priya as, childrens stories , iemalayalam

അശോകിന്റെ അമ്മൂമ്മ താമസിയ്ക്കുന്നത് ഒറ്റയ്‌ക്കൊരു ഫ്‌ളാറ്റിലാണ്. അപ്പൂപ്പന്‍ മരിച്ചു പോയതില്‍പ്പിന്നെയാണ് അമ്മൂമ്മ ഒറ്റയ്ക്കായത്.

അശോകിന്റെ അമ്മയും അച്ഛനും, “അമ്മ വാ, ഞങ്ങളുടെ കൂടെ നില്‍ക്ക്, അമ്മ പറഞ്ഞു കൊടുക്കുന്ന കഥകള്‍ നമ്മുടെ അക്കുവിന് എപ്പോഴും കേള്‍ക്കുകയും ചെയ്യാമല്ലോ, ” എന്നു പറഞ്ഞ് പലപ്പോഴും അമ്മൂമ്മയെ അവരുടെ വീട്ടിലേക്കു വിളിക്കാറുണ്ട്.

അപ്പോഴൊക്കെ അമ്മൂമ്മ പറയും, “അപ്പൂപ്പന്റെ അവസാന നാളുകള്‍ ഇവിടെയീ ഫ്‌ളാറ്റിലായിരുന്നില്ലേ? ആ ഓര്‍മ്മകളൊക്കെ വിട്ട് തത്ക്കാലം ഞാനെങ്ങോട്ടുമില്ല.”

“അപ്പോപ്പിന്നെ ഞാനെങ്ങനെയാണ് അമ്മൂമ്മയെ കാണുക? എങ്ങനെയാണ് അമ്മൂമ്മ പറയുന്ന കഥകളൊക്കെ കേള്‍ക്കുക,” എന്ന് അശോകപ്പോഴൊക്കെ ചിണുങ്ങും.

“അമ്മൂമ്മയ്ക്കിപ്പോ ലാന്‍ഡ്‌ ഫോണ്‍ മാത്രമല്ലേയുള്ളൂ, ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങിയ്ക്ക്, എനിക്ക് കഥ കേള്‍ക്കണമെന്നു തോന്നുമ്പോഴൊക്കെ ഞാന്‍ അമ്മൂമ്മയെ വീഡിയോ കോള്‍ ചെയ്യാം, അപ്പോ എനിക്കമ്മൂമ്മയെ കണ്ടോണ്ട് അമ്മൂമ്മയുടെ കഥ കേള്‍ക്കാം. ഞാനുറങ്ങുമ്പോ അമ്മൂമ്മയ്‌ക്കെങ്ങാനും എനിക്ക് ഒരു കഥ പറഞ്ഞു തരണം എന്നു തോന്നിയാലോ, അതിനും വഴിയുണ്ടമ്മൂമ്മേ, അമ്മൂമ്മ ഫോണില്‍ കഥ റെക്കോഡ് ചെയ്ത് എനിക്കയച്ചു തന്നാല്‍ മതി…” . അശോക് അവന്റെ പ്‌ളാനുകളൊക്കെ അമ്മൂമ്മയോട് വിസ്തരിച്ചു കേള്‍പ്പിച്ചു.

അപ്പോ അമ്മൂമ്മ പറഞ്ഞു, “ഫോണ്‍ വാങ്ങാന്‍ കാശില്ലാതെയല്ല. വാങ്ങിത്തരാമെന്ന് അക്കൂ, നിന്റെ അമ്മ പറഞ്ഞതുമാണ്. പക്ഷേ എനിയ്ക്കത്തരം ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനൊന്നും അറിയില്ലല്ലോ. .വയസ്സായില്ലേ, പുതിയ കാര്യങ്ങളൊന്നും ആരും പറഞ്ഞാലും എനിയ്ക്കത്ര പെട്ടെന്നൊന്നും മനസ്സിലാവില്ല. നിന്റെ അപ്പൂപ്പനുണ്ടായിരുന്ന കാലത്ത്, അപ്പൂപ്പന്റെ അടുത്ത് കുറച്ചുനാളിരുന്ന് ഇതൊക്കെ പഠിക്കാന്‍ നോക്കിയതാണ്. ഒന്നും ശരിയായില്ല.”

“അപ്പൂപ്പന് പറഞ്ഞു പഠിപ്പിക്കാനുള്ള ക്ഷമയൊന്നുമില്ല. വേഗം പഠിച്ചില്ലെങ്കില്‍ കളിയാക്കും. ചിലപ്പോ വഴക്കും പറയും. അങ്ങനെയാണ് ഫോണ്‍ ടെക്നോളജി പഠനം നിന്നുപോയത്. അപ്പൂപ്പന്‍ പോയിട്ട് രണ്ടു വര്‍ഷം. അമ്മൂമ്മയ്ക്ക് വീണ്ടും രണ്ടുവയസ്സു കൂടി, കൂടിയില്ലേ ? പുതിയതായി ഓരോന്നു പഠിച്ചെടുക്കാനുള്ള ബുദ്ധി, പ്രായം കൂടുന്തോറും കുറയും.”

“അതൊന്നും പറഞ്ഞാല്‍ പറ്റില്ല, ഞാന്‍ പഠിപ്പിക്കാം അമ്മൂമ്മയെ, എനിക്കമ്മൂമ്മയെ ദിവസവും കാണണം. അമ്മൂമ്മയുടെ കഥ കേള്‍ക്കുകയും വേണം,” എന്നു ശാഠ്യം പിടിച്ചു അശോക്.

priya as, childrens stories , iemalayalam


അങ്ങനെ അക്കുവിന്റെ ശാഠ്യം സഹിക്കാതെയാണ് അമ്മ, അമ്മൂമ്മയ്ക്ക് പിറന്നാള്‍ സമ്മാനമായി റ്റച്ച് ഫോണ്‍ വാങ്ങിക്കൊടുത്തത്.

“ഇപ്പോ എനിക്ക് ഓണ്‍ലൈന്‍ ക്‌ളാസല്ലേ കോവിഡ് കാരണം? ഞാനമ്മൂമ്മയുടെ കൂടെ ഒരാഴ്ച പോയി നിന്നിട്ട് അമ്മൂമ്മയെ ഫോണിന്റെ ഓപ്പറേഷൻസ് ഒക്കെ പഠിപ്പിച്ചിട്ടു തിരിച്ചുവരാം,” എന്നു പറഞ്ഞു അശോക്.

അങ്ങനെയാണ് അച്ഛനവനെ അമ്മൂമ്മയുടെ അടുത്ത് കൊണ്ടുവിട്ടത്.

റ്റച്ച്‌ഫോണ്‍ ക്‌ളാസ് തുടങ്ങും മുൻപേ അമ്മൂമ്മയോട് ചേര്‍ന്നിരുന്ന് അശോക് പറഞ്ഞു “എന്നോടമ്മൂമ്മ എപ്പോള്‍ വേണമെങ്കിലും സംശയം ചോദിച്ചോളൂ ഫോണ്‍ ഓപ്പറേഷന്‍സിനെക്കുറിച്ച്. ഞാന്‍ കളിയാക്കുകയും വഴക്കു പറയുകയും ദേഷ്യപ്പെടുകയും ഒന്നുമില്ല കേട്ടോ. അമ്മൂമ്മയല്ലേ എന്നെ മലയാളം അക്ഷരവും ഇംഗ്‌ളീഷ് അക്ഷരവും അക്കങ്ങളുമൊക്കെ പറയാനും എഴുതാനും പഠിപ്പിച്ചത്? അന്നൊക്കെ ഒരുപാട് കുഞ്ഞായിരുന്നില്ലേ ഞാന്‍? എപ്പഴും തെറ്റു വരുത്തുമായിരുന്നില്ലേ അന്നൊക്കെ ഞാന്‍? അപ്പോഴൊക്കെ അമ്മൂമ്മ എന്തു ക്ഷമയോടെയാണ് എനിക്കു തിരുത്തിത്തരുമായിരുന്നത്…”

“ഞാന്‍ ഓരോന്ന് എഴുതിയും പറഞ്ഞും ഓര്‍മ്മിച്ചും തെറ്റിയ്ക്കുമ്പോഴൊക്കെ അമ്മൂമ്മ എന്നെ അടിക്കുമായിരുന്നോ? ഇല്ലല്ലോ? അമ്മൂമ്മ എന്നെ കളിയാക്കുമായിരുന്നോ? ഇല്ലല്ലോ? അമ്മയെപ്പോലെ ക്ഷമയൊന്നും ഞങ്ങള്‍ക്കില്ല ഇവനെ പഠിപ്പിക്കാന്‍ എന്ന് അന്നെല്ലാം അമ്മയും അച്ഛനും പറയുമായിരുന്നില്ലേ? നല്ല ക്ഷമ വേണം നല്ല റ്റീച്ചറിന്, ഞാന്‍ എത്ര കാലം സ്‌കൂളില്‍ റ്റീച്ചറായിരുന്നതാ എന്നമ്മൂമ്മ അപ്പോഴൊക്കെ അമ്മയോട് പറയുമായിരുന്നല്ലോ. അമ്മൂമ്മ എന്നെ പഠിപ്പിക്കുന്നതു കണ്ടുകണ്ട് എനിക്കും ഉണ്ടായിട്ടുണ്ട് പഠിപ്പിക്കാനുള്ള ക്ഷമ.”

അമ്മൂമ്മ ചിരിച്ചു കൊണ്ട് തല കുലുക്കി അശോകിനൊരു ഉമ്മ കൊടുത്തു.
ആരുടയെങ്കിലും കോള്‍ വന്നാല്‍, വിരല്‍ കൊണ്ട് സ്വൈപ്പ് ചെയ്ത് അതെടുക്കാനാണ് അശോക് അമ്മൂമ്മയെ ആദ്യം പഠിപ്പിച്ചത്.

priya as, childrens stories , iemalayalam


അശോക്, അവനൊപ്പം അച്ഛന്റെ പഴയ ഫോണ്‍ കൊണ്ടു വന്നിരുന്നു. അതുപയോഗിച്ച് അവനമ്മൂമ്മയെ, അമ്മൂമ്മയോട് ചേര്‍ന്നിരുന്ന് വിളിയ്ക്കും. അമ്മൂമ്മ ആ കോള്ടു‍ക്കണം. പിന്നെ അമ്മൂമ്മ, അശോകിനെ തിരികെ വിളിയ്ക്കണം.

പിന്നെ അശോകിന്റെ ഫൊട്ടോ എടുക്കണം. അതശോകിനയച്ചു കൊടുക്കണം. അശോക് അമ്മൂമ്മയുടെ പൂച്ചയുടെ ഫോട്ടോയെടുത്തയച്ചു കൊടുക്കുമ്പോള്‍ അമ്മൂമ്മ ആ മെസേജ് ഓപ്പണ്‍ചെയ്ത് ആ ഫൊട്ടോ കണ്ട് അതിനെക്കുറിച്ച് അമ്മൂമ്മയുടെ അഭിപ്രായം റ്റൈപ് ചെയ്തയയ്ക്കണം.

മറ്റാരെങ്കിലും അവരുടെ ഫോണ്‍ നമ്പര്‍ പറയുമ്പോള്‍ അതവരുടെ പേരില്‍ സേവ് ചെയ്യാന്‍, അത് സേര്‍ച്ച് ചെയ്‌തെടുക്കാന്‍, യൂട്യൂബില്‍ നിന്ന് അമ്മൂമ്മയ്ക്കിഷ്ടമുള്ള പാട്ടു കേള്‍ക്കാന്‍, അശോകിനുള്ള കഥ റെക്കോഡ് ചെയ്യാന്‍, എന്നിട്ടതശോകിനയ്ക്കാന്‍ അങ്ങനെ പലതും പഠിപ്പിച്ചു, അശോക് അമ്മൂമ്മയെ.

ചിലപ്പോ അമ്മൂമ്മയ്ക്ക് എല്ലാ കാര്യങ്ങളും കൂടി കുഴഞ്ഞു പോകും. “ഞാന്‍ മറന്നുപോയി കുട്ടാ,” എന്നമ്മൂമ്മ മറവിക്കുട്ടിയായി ചിലപ്പോ പരുങ്ങിയിരിക്കും.

“അപ്പോ ‘സാരമില്ല,” എന്നു പറഞ്ഞ് അശോക് ഒരു നോട്ബുക്കെടുത്ത് ഓരോന്നും സ്‌റ്റെപ്പ് ബൈ സ്റ്റെപ്പായി, എഴുതി വയ്ക്കും.

കഥ റെക്കോഡ് ചെയ്യാന്‍ എതൊക്കെ ഐക്കണ്‍സില്‍ പ്രസ് ചെയ്യണം, ഫൊട്ടോ എടുക്കുന്നതെങ്ങനെ, ആര്‍ക്കെങ്കിലും അയയ്ക്കാനുള്ള ഫോട്ടോ ഗ്യാലറിയില്‍ നിന്ന് സെലക്റ്റു ചെയ്യുന്നതെങ്ങനെ, സെല്‍ഫി എടുക്കുന്നതെങ്ങനെ? അങ്ങിനെ ഓരോന്നും.

ഇടയ്‌ക്കൊക്കെ അശോക് അമ്മൂമ്മയ്ക്ക് ഫോണ്‍കാര്യങ്ങളെക്കുറിച്ചുള്ള ടെസ്റ്റ് പേപ്പറിട്ടു. ആദ്യമൊക്കെ സി ഗ്രേഡ് കിട്ടിയിരുന്ന അമ്മൂമ്മ പിന്നെപ്പിന്നെ എ പ്‌ളസ് വാങ്ങാന്‍ തുടങ്ങി.

“മിടുക്കിക്കുട്ടി,” എന്നമ്മൂമ്മയെ അപ്പോ അശോക് തോളത്തു തട്ടി അഭിനന്ദിച്ചു. അമ്മൂമ്മ അതു കേട്ട് പൊട്ടിപ്പൊട്ടിച്ചിരിച്ചു.

“സംശയം വന്നാല്‍ നമ്മുടെ ഈ നോട് ബുക്ക് നോക്കിയാല്‍ മതി അമ്മൂമ്മേ,” എന്നു പറഞ്ഞ് ഒരാഴ്ച കഴിഞ്ഞ് അശോക് തിരികെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്കു പോകുമ്പോള്‍ അമ്മൂമ്മ, റ്റച്ച് ഫോണിനെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ പഠിച്ചു കഴിഞ്ഞിരുന്നു.

ഓണ്‍ലൈന്‍ ക്‌ളാസു കഴിയുമ്പോ, ദിവസവും അശോകിപ്പോ അമ്മൂമ്മയെ വിളിച്ചു ചോദിയ്ക്കും, “അമ്മൂമ്മേ എനിക്കുള്ള കഥ ഇന്നയച്ചിട്ടില്ലല്ലോ?”

അപ്പോ അമ്മൂമ്മ പറയും, “നിന്റെ അമ്മയെ വിളിക്ക്. എന്റെ വഴുതന നിറയെ കായ്ച്ചത് കാണിച്ച് അവളെ അസൂയ പിടിപ്പിക്കാം എന്നിട്ട് കഥ പറഞ്ഞ് റെക്കോഡ് ചെയ്തയയക്കാം കേട്ടോ അക്കുമോനേ.”

“കുട്ടികള്‍ക്കാണ് പ്രായമായവരെ റ്റച്ച് ഫോണ്‍ രീതികള്‍, ലാപ്‌റ്റോപ് രീതികള്‍ ഒക്കെ പഠിപ്പിയ്ക്കാന്‍ പറ്റുക. കുട്ടികള്‍ നല്ല റ്റീച്ചേഴ്‌സാണ്. ഇവിടെ അമ്മ അക്കുമോന്റെ സ്റ്റുഡന്റായി എത്ര വേഗമാണ് ഫോണ്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചതെന്നോ? ഇനി അമ്മൂമ്മയ്ക്ക് ഫെയ്‌സ് ബുക്കും ഇന്‍സ്റ്റാ അക്കൗണ്ടും എടുത്തു കൊടുക്കണം എന്നാണ് അക്കു ഇവിടെ പറയുന്നത്,” എന്ന് അമ്മ ഇന്നലെ ആരോടാണ് പറഞ്ഞത്? ചിലപ്പോ കുഞ്ഞമ്മയോടാവും.

അശോക് ഇതൊന്നും വലിയ കാര്യമായി കരുതുന്നില്ല. അമ്മൂമ്മ ഒരിയ്ക്കല്‍ അവനെ അക്ഷരങ്ങളും അക്കങ്ങളും ക്ഷമയോടെ പഠിപ്പിച്ചു. ഇപ്പോ അക്കു, അമ്മൂമ്മയെ പഠിപ്പിക്കുന്നു. അത്രേയുള്ളൂ. അമ്മൂമ്മ പറയാറുണ്ടല്ലോ ‘ഒരു പാലം വച്ചാല്‍ അങ്ങോട്ടുമിങ്ങോട്ടും കടക്കാന്‍ പറ്റണമല്ലോ.’

അപ്പറഞ്ഞതിന്റെ അര്‍ത്ഥം അക്കുവിനാദ്യം മനസ്സിലായില്ല. അപ്പോ അമ്മൂമ്മ പറഞ്ഞു കൊടുത്തു. ‘രണ്ടു കൂട്ടരുണ്ടെങ്കില്‍, ആ രണ്ടുകൂട്ടരും പരസ്പരം ഉപകരിക്കണം.’

“അമ്മൂമ്മ പെട്ടെന്ന് സ്റ്റുഡന്റില്‍ നിന്ന് പഴയപോലെ റ്റീച്ചറായി അല്ലേ,” എന്നു ചോദിച്ചക്കു ഫോണിലൂടെ ചിരിച്ചു.

അമ്മൂമ്മയെ ഇനി കമ്പ്യൂട്ടറും പഠിപ്പിക്കണം എന്നാണ് അക്കു വിചാരിയ്ക്കുന്നത്.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible amoomayude teacher

Next Story
ഭൂമിയുടെ അവകാശികൾpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com