അമ്മുവിന്റെ അലങ്കോലമുറി

ഓരോ ഇടവും വൃത്തികേടാക്കാതിരുന്നാൽ വൃത്തിയാക്കാനെളുപ്പമാണ് എന്നൊരു പാഠമാണ് ഇന്നത്തെ കഥ

priya as, childrens stories , iemalayalam

ക്രയോണ്‍ ബോക്‌സുകള്‍, ചായപ്പെന്‍സിലുകള്‍, സ്‌കെച്ച് പെന്നുകള്‍, മാര്‍ക്കറുകള്‍, സ്‌ക്കെയിലുകള്‍, ഇറേസറുകള്‍, നോട്ടുബുക്കുകള്‍, ടെക്സ്റ്റുകള്‍,കത്രിക, പശ, സ്റ്റേപ്‌ളര്‍ എന്നിങ്ങനെ പല പല സാധനങ്ങള്‍ നിലത്തും സ്റ്റഡി റ്റേബിളിലുമായി ചിതറിക്കിടക്കുകയാണ് അമ്മുവിന്റെ മുറിയില്‍.

ഓഫീസു വിട്ടു വന്നശേഷം അമ്മൂമ്മയുണ്ടാക്കിയ ചായയും കുടിച്ചു മുകളിലേക്കുവന്നപ്പോഴേ അമ്മ, അമ്മുവിന്റെ മുറിയിലേക്കൈത്തി നോക്കി. ഇന്നെന്തൊക്കെയുണ്ട് വിശേഷം എന്നറിയാനാണ് അമ്മ വിചാരിച്ചത്.

പക്ഷേ റൂമിന്റെ അവസ്ഥ കണ്ടു ഞെട്ടിപ്പോയി അമ്മ. അമ്മുവിനോടുള്ള കുശലം മറന്ന് ഇത്തിരി ദേഷ്യത്തില്‍ ചോദിച്ചു “ഇതെന്താ ഞാനീ കാണുന്നത്? ഇന്നലെ ഞാന്‍ അടുക്കി വച്ചതല്ലേ നിന്റെ റൂം? അതിത്രപെട്ടെന്ന് അലങ്കോലമാക്കിയെടുത്തതെങ്ങനെയാണ്?”

അപ്പോ അമ്മു പറഞ്ഞു, “ഞാന്‍ ഒരു പ്രൊജക്റ്റ ചെയ്യുകയാണ്. അതിന് ഇക്കണ്ട സാധനങ്ങളൊക്കെ പിന്നേം, പിന്നേം വേണം. എല്ലാം ചെയ്തു കഴിയുമ്മുമ്പ് , ഇതെല്ലാം അടുക്കിവയ്ക്കാനൊക്കെ നടന്നാലേ എന്റെ പണി പാളും.”

അപ്പോ അമ്മ കാര്യമായി പറഞ്ഞു, “മക്കളേ, അമ്മ പറയാറില്ലേ, റൂമെപ്പോഴും നീറ്റായി വയ്ക്കണം, എന്നാലേ പഠിക്കാനിരിക്കാന്‍ ഒരു സുഖമുണ്ടാവൂ.”

അമ്മു അപ്പോള്‍ തര്‍ക്കുത്തരം പറഞ്ഞു, “എങ്ങനെയിരുന്നാലും, പഠിക്കാനിരിക്കലുതന്നെ ഒരു വലിയ മെനക്കേടാണ്.”

priya as, childrens stories , iemalayalam


അമ്മ കുടുതല്‍ തര്‍ക്കിക്കാനൊന്നും നില്‍ക്കാതെ കുളിക്കാന്‍ പോയി.

എന്നാലും പോകുന്ന പോക്കില്‍ ഇത്രയും കൂടി ചോദിച്ചു, “എടുക്കുന്ന സ്‌ക്കെച്ച് പെന്‍ ഒക്കെ അതാത് ക്യാപ്പുകള്‍ കൊണ്ട് അടച്ചുവയ്ക്കുകയെങ്കിലും ചെയ്തു കൂടെ നിനക്ക്? ഇനി അവസാനം നോക്കുമ്പോ ക്യാപ്പേതാ, പേനയേതാ എന്ന് കണ്ടുപിടിക്കാന്‍ പറ്റാതെ വരും. തന്നെയുമല്ല ഇങ്ങനെ കുറേനേരം തുറന്നിരുന്നാല്‍ അതിലെ നിറമൊക്കെ വറ്റിവരളും.”

അമ്മു അതൊന്നും കേട്ട മട്ടു വെയ്കുന്നില്ല, എന്നു കണ്ടിട്ടും അമ്മ പ്രത്യേകിച്ചൊന്നും പറയാതെ ഒരു മൂളിപ്പാട്ടും പാടി കുളിയ്ക്കാനായി, അഴയില്‍ കിടന്ന തോര്‍ത്തുമെടുത്ത് പോയി.

അമ്മ കുളിച്ചു വരുമ്പോള്‍, അമ്മു പ്രോജക്‌റ്റെല്ലാം ചെയ്തു കഴിഞ്ഞിരുന്നു. പക്ഷേ അപ്പോഴും മുറി അടുക്കിയിരുന്നില്ല. അമ്മു ലാപ് റ്റോപ്പില്‍ നിന്ന് ഹെഡ് ഫോണ്‍ വച്ച് പാട്ടു കേള്‍ക്കുകയായിരുന്നു അപ്പോള്‍.

അമ്മ അതു കണ്ട് ചിരിച്ചു. പാവം , കുട്ടി പഠിച്ചു പഠിച്ചു മടുത്തതല്ലേ, ഇത്തിരി നേരം പാവം പാട്ടു കേട്ടോട്ടെ എന്നു വിചാരിച്ചു അമ്മ.

പിന്നെ അമ്മ പോയി ചപ്പാത്തിയുണ്ടാക്കി രാത്രിയിലേക്ക്. ചപ്പാത്തികൊപ്പം അമ്മുവിന് പനീര്‍ കറിയാണിഷ്ടം എന്നോര്‍ത്ത് അമ്മ പനീറും ഉണ്ടാക്കി വച്ചു. അമ്മ പിന്നെ “അമ്മൂ, കഴിക്കാന്‍ വായോ,” എന്നു വിളിച്ചു .

priya as, childrens stories , iemalayalam


അമ്മുവുണ്ടോ കേള്‍ക്കുന്നു! അമ്മുവിന്റെ ചെവി ഹെഡ് ഫോണ്‍ കൊണ്ട് അടഞ്ഞിരിക്കുകയല്ലേ? പുറത്തുനിന്നുള്ള ഒച്ച വല്ലതും അപ്പോ കേള്‍ക്കാന്‍ പറ്റുമോ?

പിന്നെ അമ്മ പടി കയറി മുകളിലേക്കു ചെന്നു, “കഴിയ്ക്കാന്‍ വായോ,” എന്നു വിളിച്ചു.

“എത്ര നേരമായി ഞങ്ങള്‍ രണ്ടാളും നിന്നെ വിളിക്കാന്‍ തുടങ്ങിയിട്ട്,” എന്നു താഴെ നിന്നപ്പോ അമ്മൂമ്മ പരാതി പറഞ്ഞു.

അമ്മ അപ്പോഴും വൃത്തിഹീനമായി കിടക്കുന്ന മുറിയാകെ ഒന്നു നോക്കി അമ്മുവിനോട് ദേഷ്യപ്പെടണോ വേണ്ടയോ എന്നു ചിന്തിച്ച്, തത്ക്കാലം വേണ്ട, അമ്മു വിശന്നു ക്ഷീണിച്ചിരിക്കുകയാവും, വല്ലതും വന്നു കഴിച്ചിട്ടു പറയാം ഇനി മുറി വൃത്തിയാക്കിയിടാന്‍ എന്നു തീരുമാനിച്ചു.

അമ്മു മൊബൈലും ഹെഡ് ഫോണും കൊണ്ടാണ് താഴെ ചപ്പാത്തി കഴിക്കാന്‍ വന്നത്. അമ്മയ്ക്കത് തീരെ ഇഷ്ടപ്പെട്ടില്ല.

“കൂടെയിരുന്നു കഴിക്കുന്നവരോട് എന്തെങ്കിലും മിണ്ടി, കഴിയ്ക്കുന്ന ആഹാരം ആസ്വദിച്ചു കഴിയ്ക്കാന്‍ ശീലിക്കണം. ഈ ഫോണും ഹെഡ്‌ഫോണും ഒക്കെ പുതിയ കാലത്തെ വേണ്ടാത്ത ശീലങ്ങളാണ്,” എന്നപ്പോഴേക്ക് പറഞ്ഞു കഴിഞ്ഞു അമ്മൂമ്മ.

“ഞാനെനിക്കിഷ്ടമുള്ള ഒരു പാട്ടാണ് കേള്‍ക്കുന്നത്, അത് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഇഷ്ടമാകണമെന്നില്ല, അതു കേട്ട് നിങ്ങള്‍ക്ക് രസക്കേട് തോന്നണ്ട എന്നു വിചാരിച്ചാണ് ഞാന്‍ ഹെഡ്‌ഫോണ്‍ വച്ചിരിക്കുന്നത് എന്നു മറുപടി പറഞ്ഞു അമ്മു ഒച്ച കനപ്പിച്ച്.

“എനിയ്ക്കു വയ്യ വഴക്കുകൂടി കഴിയ്ക്കാന്‍, ഞാനെണീറ്റു പോയേക്കാം,” എന്നു പറഞ്ഞു അമ്മ.

അപ്പോ അമ്മൂമ്മ പറഞ്ഞു, “അമ്മ ഇത്ര ദൂരം യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലേ? അമ്മയെ മൂഡോഫാക്കാതെ അമ്മ പറയുന്നതനുസരിക്ക്.”

“എന്തൊരു കഷ്ടമാണിത്,” എന്നു പിറുപിറുത്തു കൊണ്ട് അമ്മു പാട്ടുകേള്‍ക്കല്‍ നിര്‍ത്തി മൊബൈല്‍ ഫോണ്‍ ദൂരേക്കുമാറ്റിവച്ചു കഴിയ്ക്കാന്‍ തുടങ്ങി.

അമ്മ ചോദിച്ചു, “എങ്ങനുണ്ട്, പനീര്‍കറി?”

അമ്മു പിണങ്ങിയമട്ടിലായിരുന്നതു കൊണ്ട് ‘കൊള്ളാം’ എ്ന്നു മാത്രം പറഞ്ഞു.

എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോള്‍ അമ്മു വേഗമെണീറ്റ് അവളുടെ കാലിയായ പ്‌ളെയിറ്റെടുത്തു അടുക്കളവരെ കൊണ്ടുപോയി. അവളതു കഴുകി വച്ചു കാണും, എന്നിട്ടാണ് പിന്നെയും മുകളിലേകകു പോയത് എന്നു വിചാരിച്ചു അമ്മ.

സിങ്കില്‍ പ്ലെയ്റ്റ് കൊണ്ടിട്ടിട്ടേയുള്ളു, കഴുകിയിട്ടില്ല എന്നു കണ്ട് അമ്മയ്ക്ക് ശരിയ്ക്കും ദേഷ്യം വന്നു .

“സ്വന്തം പ്ലെയ്റ്റ് കഴുകാന്‍ വയ്യാത്തത്ര എന്തു തിരക്കാണ് നിനക്കുള്ളത്,” അമ്മ താഴെനിന്നു ദേഷ്യപ്പെട്ടു.

“എനിക്ക് രാവിലെ മുതല്‍ പ്രൊജക്റ്റ് ചെയ്തിട്ട് നല്ല ക്ഷീണമുണ്ട്, അതെന്താ അമ്മ മനസ്സിലാക്കാത്തത്,” അമ്മു മുകളില്‍ നിന്ന് വിളിച്ചു ചോദിച്ചു.

“രണ്ടു ബസ് കയറി ഓഫീസ് ജോലിയ്ക്കു പോയി വന്ന് പിന്നെ ചപ്പാത്തിയും കറിയുമുണ്ടാക്കിയ എനിക്കു ക്ഷീണമില്ലെന്നാണോ, അമ്മൂ നീ കരുതുന്നത്,” എന്ന് അമ്മ ദേഷ്യപ്പെട്ടു.

അമ്മു ഓരോന്നിനും ന്യായങ്ങള്‍ നിരത്തുന്നതു കണ്ട് അമ്മയ്ക്ക് ശരിയ്ക്കും ദേഷ്യമാണോ സങ്കടമാണോ ഉണ്ടായതെന്ന് നിശ്ചയമില്ല.

അമ്മ മുകളിലേക്കു നോക്കി വിളിച്ചു പറഞ്ഞു, “ഇനിയെങ്കിലും നീ ആ മുറി വൃത്തിയാക്കി വയ്ക്കാന്‍ നോക്ക്. ഞാന്‍ മുകളിലേക്ക് കിടക്കാനായി വരുമ്പോഴേക്ക് എല്ലാം ക്‌ളീനായിരിക്കണം. അല്ലെങ്കില്‍ എന്റെ മട്ട് മാറുമേ…”

priya as, childrens stories , iemalayalam


“എനിയ്ക്കിപ്പോഴൊന്നിനും വയ്യ, വയറു നിറഞ്ഞിട്ട് എനിക്കങ്ങാന്‍ വയ്യ,” എന്നു പറഞ്ഞു അമ്മു.

“ഞാന്‍ മുകളിലേക്കു വരുമ്പോള്‍ എനിക്ക് നിന്റെ മുറി വൃത്തിയായിരിക്കുന്നതു കാണണം, അത്രയേ എനിക്കു പറയാനുള്ളു. അതുവരെ എനിക്കു കുറച്ചു ജോലിയുണ്ട്,” എന്നു പറഞ്ഞു അപ്പോഴമ്മ.

അമ്മ പിന്നെ ഓഫീസിലെ ബാക്കി ജോലിക്കായി ലാപ്‌റ്റോപ് ഡൈനിങ് റ്റേബിളില്‍ത്തന്നെ തുറന്നു വച്ച് ഇരിപ്പായി. അപ്പോള്‍ അതിന്റെ സ്‌ക്രിന്‍ സേവറായി തെളിഞ്ഞത് അമ്മു കുഞ്ഞായിരുന്നപ്പോ കുഞ്ഞിക്കുടയും പിടിച്ച് സ്‌ക്കൂളില്‍ പോകാനൊരുങ്ങി നില്‍ക്കുന്ന ചിത്രം.

അമ്മയ്ക്കതു കണ്ട് ദേഷ്യം മാഞ്ഞ് വാത്സല്യം വന്നു. അമ്മ പിന്നെ പെന്‍ഡ്രൈവെടുത്ത് അമ്മുക്കുഞ്ഞിന്റെ പഴയ പഴയ ചിത്രങ്ങള്‍ നോക്കാന്‍ തുടങ്ങി. അപ്പോ ആരോ വന്ന് അമ്മയെ കഴുത്തിലൂടെ കൈയിട്ട് കെട്ടിപ്പിടിച്ചു.

നോക്കാതെ തന്നെ അമ്മയ്ക്കാളെ മനസ്സിലായി.

അമ്മു പറഞ്ഞു “സോറി, അമ്മയെ ദേഷ്യം പിടിപ്പിച്ചതിന്. ഞാന്‍ മുറി വൃത്തിയാക്കി വച്ചു കഴിഞ്ഞു.”

അമ്മ അവള്‍ക്ക് ഒരു കുഞ്ഞുമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു, “അങ്ങനെയൊകെ വാരിവലിച്ച് ഓരോന്നുമിടാതെ എടുത്തതോരോന്നും അപ്പോത്തന്നെ യഥാസ്ഥാനങ്ങളില്‍ വച്ചിരുന്നെങ്കില്‍ അമ്മുവിന് മുറി വൃത്തിയാക്കല്‍ കൂടുതല്‍ എളുപ്പമായേനെ.”

അമ്മു സമ്മതിച്ചു, പിന്നെയും സോറി പറയുകയും ചെയ്തു. അപ്പോ അമ്മ ചോദിച്ചു, “ഏതിടവും വൃത്തിയാക്കുന്നതിനെക്കുറിച്ച് അമ്മ എപ്പോഴും പറയാറുള്ളതെന്താണ്?”

അമമു ഇത്തിരി നേരം, താടിയില്‍ വിരലും വച്ച് അതെന്താണെന്ന് ഓര്‍ത്തുനോക്കിനിന്നു. പിന്നെ അമ്മയുടെ തലമുടിയില്‍ വിരലോടിച്ചു കൊണ്ട് പറഞ്ഞു, “വൃത്തികേടാക്കാതിരുന്നാല്‍ വൃത്തിയാക്കാനെളുപ്പമാണ്.”

അമ്മ ചോദിച്ചു, “അപ്പോ ഇതൊന്നും ഓര്‍മ്മയില്ലാതെയല്ല അല്ലേ?”

അപ്പോ പെന്‍ഡ്രൈവിലെ പഴയൊരു കുഞ്ഞമ്മുഫോട്ടോ, മുറ്റത്തെ വെള്ളമണലില്‍ കുനിഞ്ഞിരുന്ന് ചുള്ളിക്കമ്പു കൊണ്ട് അമ്മയുടെ പടം വരച്ച്, ‘അമ്മ ഈസ് മൈ ഫസ്റ്റ് ഫ്രണ്ട് ആന്റ് ദ ബെസ്റ്റ് ഫ്രണ്ട്,’ എന്നെഴുതുന്ന കുഞ്ഞമ്മു ഫോട്ടോ ലാപ്‌റ്റോപ്പില്‍ തെളിഞ്ഞു വന്ന്, അവരെ രണ്ടാളെയും നോക്കി ചിരിച്ചു.

“ഞാനെന്തൊരു പാവമായിരുന്നല്ലേ, അന്നെല്ലാം? ഞാന്‍ കുഞ്ഞായിരുന്നാല്‍ മതിയായിരുന്നുവെന്നു തോന്നണുണ്ടോ, അമ്മയ്ക്ക്,” എന്നു ചോദിച്ചു അമ്മു.

അപ്പോള്‍ അമ്മ അവളെ പിടിച്ചു മടിയിലിരുത്തി കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible ammuvinte alongolamuri

Next Story
പാവയ്ക്കയുടെ അടുത്തിരുന്ന പാവക്കുട്ടിpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express