Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

അമ്മൂമ്മ വളർത്തുന്ന ഈനാശു

കൂറ്റൻ ദിനോസറുകളെ ഭൂമിയിൽ നിന്നുമായ്ച്ചു കളയാൻ എത്ര വലിയ ഇറേസറാവും വേണ്ടിവരിക എന്നമ്പരന്നാലോചിക്കുന്ന കുഞ്ഞനാണിന്ന് കഥയിൽ

priya a s , childrens stories , iemalayalam

കുഞ്ഞന് വരയ്ക്കാനേറ്റവും ഇഷ്ടം ദിനോസറുകളെയാണ്.

സ്‌ക്കൂളില്‍ നടത്തിയ പുസ്തക എക്‌സിബിഷനില്‍ നിന്ന് അവന്‍ വാങ്ങിയതും വിവിധ കാലഘട്ടങ്ങളിലെ പലതരം ദിനോസറുകളുടെ നല്ല കളര്‍ഫുള്‍ പടങ്ങള്‍ ഉള്ള ഒരു പുസ്തകമാണ്.

ഒഴിവുള്ളപ്പോഴൊക്കെ അവനത് നിവര്‍ത്തിവച്ച് പല മാതിരി ദിനോസറുകളെ നോട്ടുബുക്കിലും കടലാസുകളിലും വരച്ചുനിറച്ചുവച്ചു.

അങ്ങനെ വരച്ചുവരച്ചിരിക്കുമ്പോ കുഞ്ഞന് ഒരു കുഞ്ഞു ദിനോസറിനെ വളര്‍ത്തണം എന്ന് കൊതി വന്നു.

അമ്മൂമ്മ മാത്രമേ അപ്പോള്‍ വീട്ടിലുണ്ടായിരുന്നുള്ളു. അവനമ്മൂമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന്, “എനിക്കൊരു ദിനോസര്‍ കുഞ്ഞിനെ എവിടുന്നു കിട്ടും? വളര്‍ത്താനാ,” എന്നു ചിണുങ്ങിപ്പറഞ്ഞു.

“ഭൂമിയിലിപ്പോള്‍ ദിനോസറുകളൊരെണ്ണം പോലുമില്ലല്ലോ, എല്ലാത്തിനും വംശനാശം വന്നില്ലേ,” എന്നു ചോദിച്ചു അമ്മൂമ്മ.

അതാരാവും, വരകള്‍ മായ്ക്കുന്ന റബ്ബര്‍ കൊണ്ടെന്നപോലെ കൂറ്റന്‍ ദിനോസറുകളെ ഭൂമിയില്‍ നിന്നു മായ്ച്ചു കളഞ്ഞത് എന്ന് കുഞ്ഞനത്ഭുതം വന്നു.

“എന്തൊരു വലുതാ, ദിനോസര്‍, ദിനോസറിനെ മായ്ക്കാന്‍ അപ്പോ എത്ര വലിയ റബ്ബറായിരിക്കും വേണ്ടിവന്നു കാണുക, അല്ലേ അമ്മൂമ്മേ?’എന്ന് ചോദിച്ചു അമ്പരന്നു നിന്നു കുഞ്ഞന്‍.

അപ്പോ അമ്മൂമ്മ അവന് ഇ. ഹരികുമാര്‍ എന്നു പറഞ്ഞ ഒരെഴുത്തുകാരനുണ്ടെന്നു പറഞ്ഞ് അദ്ദേഹമെഴുതിയ ‘ദിനോസറിന്റെ കുട്ടി’ എന്ന കഥ വായിച്ചു കൊടുത്തു.

ദിനോസര്‍കുഞ്ഞ്, കഥയിലെ കുഞ്ഞിനെ നാവുനീട്ടി നക്കുന്ന ഭാഗം വന്നപ്പോള്‍, അവന്, ദിനോസര്‍കുഞ്ഞ് അവനെ നക്കുന്നതു പോലെ തന്നെ തോന്നി. അപ്പോ അവന് ഒരു ദിനോസര്‍ കുഞ്ഞിനെ വളര്‍ത്തിയേ പറ്റൂ എന്നു പിന്നെയും മോഹമായി.


‘തത്ക്കാലം നമുക്ക് ഒരു പല്ലിയെ വളര്‍ത്താം’ എന്നു പറഞ്ഞു അമ്മൂമ്മ.

“പല്ലിക്ക് ദിനോസറിന്റെ ഒരു ചെറിയ ഛായയില്ലേ, അവന്‍ ദിനോസറിന്റെ കുഞ്ഞാണെന്ന് നമുക്ക് തത്ക്കാലം വിചാരിക്കാം,” എന്നായി അമ്മൂമ്മ.

അങ്ങനെ തത്ക്കാലം വിചാരിക്കാന്‍ കുഞ്ഞന് റെഡിയായിരുന്നു. “പക്ഷേ എത്ര നാള്‍ കഴിഞ്ഞാലും പല്ലി, പല്ലിയായിത്തന്നെയല്ലേ ഇരിക്കു? അവനൊരിക്കലും വലുപ്പം വച്ച് ദിനോസര്‍ മാതിരിയാവില്ലല്ലോ,” എന്നായി കുഞ്ഞന്‍.

“അതൊക്കെ ശരിയാണ്, പക്ഷേ ദിനോസറുകള്‍ ഭൂമിയിലേ ഇല്ലാത്ത സ്ഥിതിക്ക് നമ്മള്‍ പല്ലിയെ കൊണ്ട് തൃപ്തിപ്പെടുകയല്ലാതെ എന്തുവഴി,” എന്നമ്മൂമ്മ ചോദിച്ചപ്പോള്‍ അവനത് ശരിയാണെന്ന തോന്നി.

അതിനിടയില്‍ അമ്മൂമ്മ രണ്ടു ചോറെടുത്ത് ഫ്രിഡ്ജിനരികില്‍ വച്ച് ‘ഈനാശൂ’ എന്നു വിളിച്ചു.

അതാരാണ് ഈനാശു എന്നു കുഞ്ഞന്‍ ആലോചിച്ചു നില്‍ക്കെ ദാ വരുന്നു ഫ്രിഡ്ജിനടിയില്‍ നിന്ന ഒരു പല്ലിക്കുഞ്ഞന്‍. അവനാകെ ഇത്തിരിയേയുള്ളു. ഒരു നരുന്ത്.

കുഞ്ഞന്‍ കാതുകത്തോടെ അവനെ നോക്കിക്കൊണ്ട് നിലത്തു കുനിഞ്ഞിരുന്നു, എന്നിട്ട് ചോദിച്ചു “നീയാണോ ഈനാശു?”

അവനുടനെ ചോറു തിന്നല്‍ നിര്‍ത്തി അവന്റെ കടുകുമണിക്കണ്ണു കൊണ്ട് കുഞ്ഞനെ നോക്കി.

“അടുക്കളയില്‍ ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍ അമ്മൂമ്മ കണ്ടുപിടിച്ച കൂട്ടാണ് ഈനാശു,” എന്നമ്മൂമ്മു പറഞ്ഞപ്പോ കുഞ്ഞന് ചിരി വന്നു.


‘അമ്മൂമ്മയുടെ ഏറ്റവും പുതിയ കൂട്ടുകാരന്‍ ഒരു പല്ലിയാണ്, അവന്റെ പേര് ഈനാശു എന്നാണ്… അവനെ എനിക്കിഷ്ടമാണ്, അവനാണന്റെ കുഞ്ഞു ദിനോസര്‍, അവന് ചോറാണ് ഏറ്റവുമിഷ്ടം, കുഞ്ഞന് പാല്‍ കാച്ചിക്കൊടുക്കാനായി പാല്‍പ്പാക്കറ്റ് പ്രിഡ്ജില്‍ നിന്നെടുത്ത് അമ്മൂമ്മ തുറക്കുമ്പോള്‍ നിലത്തു വീഴുന്ന പാല്‍ത്തുള്ളികള്‍ നക്കിക്കുടിക്കാനും അവനിഷ്ടമാണ്,’ എന്നെല്ലാം കുഞ്ഞന്‍ അന്നു രാത്രി അവന്റെ ഡയറിയിലെഴുതി.

ഈനാശു അപ്പോ ഫ്രിഡ്ജിന്റടീന്നു മേശയുടെ കാലിലൂടെ ഇഴഞ്ഞുവന്ന് കുഞ്ഞന്റെ നോട്ട്ബുക്കിലേക്കു കുഞ്ഞനെഴുതിയതില്‍ അക്ഷരത്തെറ്റുണ്ടോ എന്നു നോക്കുന്ന സുനിതാ മിസ്സിനെപ്പോലെ നോക്കിക്കൊണ്ട് നിന്നു.

അവനത് കണ്ട് ചിരി വന്നു.

അവനമ്മൂമ്മയെ വിളിച്ച് “ദേ നോക്ക് അമ്മൂമ്മയുടെ ഈനാശു ചെയ്യുന്ന പണി കണ്ടോ,” എന്നു ചോദിച്ചു.

അമ്മൂമ്മ വന്ന് നോക്കുമ്പോഴോ ഈനാശു ഒരു പേടിയുമില്ലാതെ കുഞ്ഞനരികില്‍.

“അമ്മൂമ്മേ, അമ്മൂമ്മേടെ ഈനാശു എന്നോട് കൂട്ടായി, അവന് എന്നെ നല്ലോണം ഇഷ്ടായി,” എന്നു ചിരിച്ചു കുഞ്ഞന്‍.

“കുഞ്ഞനെ ആര്‍ക്കാണ് ഇഷ്ടമാകാതിരിക്കുക അല്ലേ ഈനാശൂ?” എന്നമ്മൂമ്മ ചോദിച്ചപ്പോള്‍, അവന്‍ തലയുയര്‍ത്തി അമ്മൂമ്മയെ നോക്കി.

അവനും എനിക്കും ചൂടെടുക്കുന്നു, ഇത്തിരി നാരങ്ങാവെള്ളം ഉണ്ടാക്കിത്തരുമോ എന്നാണവന്‍ ചോദിക്കുന്നതെന്നു കുഞ്ഞന്‍ പറഞ്ഞപ്പോള്‍, അമ്മൂമ്മ കുറേ ചിരിച്ചു.

പിന്നെ നാരങ്ങ ഉണ്ടോ എന്നു നോക്കാനായി അടുക്കളയിലേക്ക് പോയി. അമ്മൂമ്മയെ സഹായിക്കാനാവും ഈനാശുവും അമ്മൂമ്മയുടെ പുറകെ പോയി.


കുഞ്ഞന്‍ ഡയറിയെഴുത്തു തുടര്‍ന്നു.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible ammooma valarthunna enasu

Next Story
അപ്പുവും ഇപ്പുവും അമ്മയുടെ കാലുകളുംpriya as , childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com