വാഴയിലയില്‍ ഒരു കാക്കച്ചി വന്ന് ഇരിപ്പായി രാവിലെ. എന്നിട്ട് തൊട്ടടുത്തുള്ള വാഴയിലയൊക്കെ അവിടെയുമിവിടെയുമായി കൊത്തിക്കീറി.
“അടയുണ്ടാക്കാനായി വാഴയില നോക്കുന്ന നേരത്ത് നേരാം വണ്ണമുള്ള ഒരിലയും കാണില്ല നീ ഇങ്ങനെ അതെല്ലാം കൊത്തിക്കീറിയാല്‍,” എന്നു പറഞ്ഞു അമ്മ.
അവളപ്പോള്‍ അമ്മയെ ചാഞ്ഞും ചെരിഞ്ഞും നോക്കി.
അപ്പോ അമ്മ പറഞ്ഞു, “അരുണ്‍കുട്ടന്‍ സ്‌ക്കൂളില്‍പ്പോയി. അവനെയാണോ നീ അന്വേഷിക്കുന്നത്?”
അവള്‍ ‘കാ കാ’ എന്ന് അപ്പോ ഒച്ചവെച്ചു.
“അവനിനി വൈകുന്നേരമേ വരുള്ളൂ എന്ന് നീ മറന്നു പോയോ ? ഇന്ന് തിങ്കളാഴ്ചയല്ലേ? തിങ്കളാഴ്ച തൊട്ട് വെള്ളിയാഴ്ച വരെ അവന് സ്ക്കൂളില്ലേ? നീ എന്താ ഇന്ന് താമസിച്ചു പോയത്? അവന്‍ സ്ക്കൂളില്‍ പോകും മുമ്പേ വന്ന് അവന്റെ കൈയില്‍ നിന്ന്‍ നിനക്കുള്ള രണ്ടു ബിസ്‌ക്കറ്റ് വാങ്ങി പോകാറുള്ളതല്ലേ എന്നും? ഇന്നു ഏഴുമണിയ്ക്കുള്ള നിന്റെ അലാം അടിച്ചില്ലേ?’
കാക്കച്ചിയപ്പോള്‍ വാഴക്കെയില്‍ നിന്ന് പറന്ന് താഴെ അലക്കുകല്ലിന്മേല്‍ വന്നിരുന്നു.
“ഓ ഇവിടെയാണല്ലോ അരുണ്‍കുട്ടന്‍ നിനക്ക് ബിസ്‌ക്കറ്റ് വച്ചു തരാറുള്ളത്, അല്ലേ? നീ അവിടെയിരിക്ക്. ഞാന്‍ നോക്കട്ടെ നിനക്കവന്‍ തരാറുള്ള ബിസ്‌ക്കറ്റ് ഏതു ടിന്നിലാണ് വച്ചിരിക്കുന്നതെന്ന്,” എന്നു പറഞ്ഞ് അമ്മ അകത്തേയ്ക്ക് പോയി.
അമ്മ തിരിച്ചു വരാന്‍ സമയമെടുക്കുന്നു എന്നു കണ്ട് കാക്കച്ചി അക്ഷമയായി. എന്നിട്ടവള്‍ അലക്കുകല്ലിന്റെ സമീപം നിന്നിരുന്ന കരിവേപ്പില്‍ നിന്ന് രണ്ടുമൂന്നില കൊത്തിപ്പറിച്ച് താഴെയിട്ടു.
അമ്മ ബിസ്‌ക്കറ്റുമായി വന്നു നോക്കുമ്പോഴുണ്ടു നല്ല രണ്ടു മൂന്നു കരിവേപ്പില താഴെക്കിടക്കുന്നു.
“കുറച്ചുമുമ്പ് വാഴയില കീറി, ഇപ്പോ കരിവേപ്പില കൊത്തിപ്പറിച്ച് താഴെയിട്ടു… നിനക്ക് അടങ്ങിയിരുന്നൂടെ ഇത്തിരി നേരം? ഇങ്ങനെയുള്ള നശീകരണ സ്വഭാവം തീരെ കൊള്ളില്ല കേട്ടോ, കാക്കച്ചി,” എന്നവളെ വഴക്കു പറഞ്ഞു കൊണ്ട് അമ്മ ബിസ്‌ക്കറ്റ് അലക്കുകല്ലില്‍ വച്ചു.

അമ്മ അതവിടെ വച്ചതും അത് തൊടാതെ അവളൊറ്റപ്പറന്നു പോക്ക്…
അമ്മയ്ക്ക് നല്ലോണം ദേഷ്യം വന്നു. “ഇല്ലാത്ത നേരത്ത് ഞാന്‍ അകത്തു പോയി തപ്പി അവളുടെ ബിസ്‌ക്കറ്റ് കണ്ടുപിടിച്ചു കൊണ്ടുവന്നപ്പോള്‍ അവള്‍ക്കത് വേണ്ടപോലും. ഇതിനെയൊക്കെ തീറ്റിപ്പോറ്റാന്‍ നില്‍ക്കണ എന്നെ പറഞ്ഞാല്‍ മതിയല്ലോ.”
അമ്മ അകത്തേയ്ക്ക് കയറിപ്പോകാന്‍ തുടങ്ങുമ്പോഴുണ്ട് കാക്കച്ചി വരുന്നു വേറെ രണ്ടുമൂന്നു കാക്കകളുമായിട്ട്.
അവരെല്ലാവരും കൂടി വന്ന് ബിസ്‌ക്കറ്റ് പൊട്ടിച്ച് തിന്നുന്ന കോലാഹലം കണ്ട് അമ്മ ചോദിച്ചു “ആഹാ… നിനക്ക് ഗസ്റ്റുണ്ടായിരുന്നോ വീട്ടില്? എന്നാലത് പറയണ്ടേ?”
അപ്പോള്‍ എല്ലാ കാക്കകളും കൂടി ‘കാ കാ’ എന്ന് എന്തോ പറയുമ്പോലെ ബഹളം വച്ചു.
“രണ്ടു ബിസ്‌ക്കറ്റ് കൊണ്ട് നാലുപേരുടെ വയറെങ്ങനെ നിറയാനാ അല്ലേ? ഇവിടിരി, ഞാന്‍ പോയി കുറച്ചു കൂടി ബിസ്‌ക്കറ്റെടുത്തു കൊണ്ടുവരാം,” എന്നു പറഞ്ഞ് അമ്മ അകത്തേയ്ക്ക് പോയപ്പോള്‍, അവര്‍ അവിടെ നിന്ന കാന്താരി മുളക് കൊത്തിത്തിന്നുനടന്നു.
അമ്മയ്ക്കതു കണ്ട് ചോദിക്കാതിരിക്കാന്‍ പറ്റിയില്ല… “ഈ മുളക് ഇങ്ങനെ വിഴുങ്ങുന്നതു കാണുമ്പോഴൊക്കെ ചോദിക്കണമെന്നു വിചാരിക്കും, തൊണ്ട നീറില്ലേ എരിവു കൊണ്ട്? അതോ ഇതൊക്കെ തിന്നു തിന്നു ഒരു ശീലമായിപ്പോ? എരിവൊന്നും ഏല്‍ക്കാതായോ?”
അമ്മ ബിസ്‌ക്കറ്റ് കൊണ്ടുവന്ന് അലക്കുകല്ലില്‍ വയ്ക്കും മുമ്പ് അമ്മയുടെ കൈയില്‍ നിന്ന് ഒരെണ്ണം തട്ടിപ്പറിച്ചെടെുത്തല്ലോ അതിനകം ഒരുത്തന്‍.
അമ്മയുടെ കൈയില്‍ അവന്റെ കൊക്കിന്റെ മൂര്‍ച്ച കൊണ്ട് ഒന്നു പോറി.
“ആക്രാന്തം നല്ലതല്ല കേട്ടോ… ഒരിടത്തും ആര്‍ക്കും,” എന്നു പറഞ്ഞു അമ്മ ആ കൊത്തുകാരനോട്.
അമ്മയുടെ കൈ മുറിഞ്ഞ് ചോര വരുന്നുണ്ടോ എന്നു നോക്കും പോലെ നമ്മുടെ കാക്കച്ചി അമ്മയുടെ അടുത്തു വന്നിരുന്നു നോക്കി.
“ഭാഗ്യത്തിന് മുറിഞ്ഞില്ല കേട്ടോ. നീ വിഷമിക്കണ്ട, പക്ഷേ നീ, നിന്‍റെ ഗസ്റ്റുകളോട് കുറച്ചു കൂടി അടക്കത്തിലും ഒതുക്കത്തിലും പെരുമാറാന്‍ പറഞ്ഞു പഠിപ്പിയ്ക്കണം, കേട്ടോ” എന്ന് ഗുണദോഷിച്ചു അമ്മ.

അവള്‍ സോറി പറയും പോലെ, “അയ്യോ ഞാനൊരു പാവം,” എന്ന മട്ടിലിരുന്നു കുറച്ചു നേരം. എന്നിട്ട് അമ്മയുടെ ഉടുപ്പിന്‍തുമ്പൊന്നു കൊക്കു കൊണ്ട് പിടിച്ചു വലിച്ചു.
“വേണ്ട, വേണ്ട… എന്നെ മണിയടിക്കാനൊന്നും നില്‍ക്കണ്ട,” എന്നു ചിരിച്ചു കൊണ്ടു പറഞ്ഞു അമ്മ.
അതിനിടെ വയറുനിറഞ്ഞിട്ടാവണം ഗസ്റ്റ് കാക്കകളൊക്കെ തിരിച്ച് പറന്നു പോയി. കാക്കച്ചി എന്നിട്ടും പറന്നു പോകാതെ അവിടൊക്കെത്തന്നെ തത്തിനടക്കുന്നതു കണ്ടിട്ട് അമ്മ ചോദിച്ചു “അരുണ്‍ കുട്ടന്‍ ഇപ്പോ അകത്തുനിന്നു വരും എന്നു വിചാരിച്ചാണോ നീ പോകാത്തത്? പറഞ്ഞില്ലേ, അവന് സ്ക്കൂളുണ്ടെന്ന്. അതിന് നിന്നോട് സ്ക്കൂളെന്നു പറഞ്ഞാല്‍ നിനക്കെന്തു മനസ്സിലാകാനാണ് അല്ലേ്? നീയ് സ്‌ക്കൂളില്‍ പോയിട്ടുണ്ടോ… അവിടെ പഠിച്ചിട്ടുണ്ടോ അല്ലേ?”
കാക്ക ഒന്നും മിണ്ടാതെ അമ്മയെത്തന്നെ നോക്കി അലക്കുകല്ലില്‍ ഇരുന്നു.
അപ്പോ അമ്മ ചോദിച്ചു “ഗസ്റ്റ് ഇന്നു പോകുമോ? അതോ നാളെയേ പോകുകയുള്ളോ? വൈകുന്നേരവും അവര്‍ക്കെന്തെങ്കിലും കഴിക്കാന്‍ കൊടുക്കണമായിരിക്കും, അല്ലേ? അങ്ങനെയാണേല്‍ നീ വൈകുന്നേരം പോരേ ഇങ്ങോട്ട്, ഞാന്‍ ഉണ്ണിയപ്പം ഉണ്ടാക്കും വൈകുന്നേരം. അതിലൊരു പങ്ക് നിനക്കുതരാം. അപ്പോ നിനക്ക് അരുണ്‍കുട്ടനെ കാണുകയും ചെയ്യാം,ഗസ്റ്റിനെ അവന് പരിചയപ്പെടുത്തിക്കൊടുകുകയും ചെയ്യാം.”
‘കാ കാ’ എന്ന് അമ്മ പറഞ്ഞതെല്ലാം സമ്മതിച്ച് കാക്കച്ചി പറന്നു പോയി.
“പാവം” എന്നു പറഞ്ഞ് അവളുടെ പോക്കുനോക്കി ഇത്തിരി നേരം നിന്നിട്ട് അമ്മ അകത്തേയ്ക്കു കയറിപ്പോയി.