Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

അമ്മ മത്സ്യകന്യക

കടൽക്കരയിലെത്തുമ്പോൾ, നനഞ്ഞ മണ്ണു വാരി തട്ടിപ്പൊത്തി വച്ച് കളിക്കാത്ത കുഞ്ഞുങ്ങളുണ്ടോ? മൺവേലകൾ നടത്തി അമ്മയെ മത്സ്യകന്യകാ രൂപത്തിലാക്കിയ കുട്ടികളുടെ കഥ പറയാം നമുക്കിന്ന്

priya as , childrens stories ,iemalayalam

കടല്‍ക്കരയിലായിരുന്നു അവര്‍.
അസ്തമനം കാണുകയായിരുന്നു അച്ഛനും അമ്മയും അല്ലിയും ചന്തുവും.

ഉടുപ്പിലൊക്കെ മണ്ണാവും, ബീച്ചിലെ മണ്ണിലിരിക്കണ്ട, ആ പച്ച ബീച്ച് ബഞ്ചുകളിലിരുന്നാല്‍ മതി എന്നു പറഞ്ഞു അമ്മയും അച്ഛനും, അല്ലിയോടും ചന്തുവിനോടും. കുട്ടികളുണ്ടോ അതനുസരിക്കുന്നു!

ബീച്ചില്‍ വരുന്നതു തന്നെ മണ്ണില്‍ കളിക്കാനല്ലേ, എന്നു പറഞ്ഞവര്‍ നിലത്തു ചടഞ്ഞിരുന്ന് നനഞ്ഞ കടല്‍മണ്ണു കൊണ്ട കൊട്ടാരമുണ്ടാക്കാന്‍ തുടങ്ങി.

അമ്മ കുറച്ചുനേരം അവരെയങ്ങനെ നോക്കി നിന്നിട്ട് പിന്നെ പോയി കടല്‍ത്തിരയിലിറങ്ങി നനഞ്ഞു കുളിച്ചു രസിച്ചു. അച്ഛനവരുടെ അടുത്തുനിന്ന് അവരുടെയും അമ്മയുടെയും ഫോട്ടോ എടത്തു കൊണ്ടിരുന്നു.

പിന്നെ അമ്മ കടലുമായി കളിച്ച് ക്ഷീണിച്ചിട്ടാവും വന്ന് മണ്ണില്‍ ചാഞ്ഞുകിടന്നു. അവര്‍ മണ്‍കൊട്ടാരമുണ്ടാക്കുന്നതു നോക്കി രസിച്ചു കിടന്ന് അമ്മ ഏതോ പാട്ടുമൂളി. അവരുടെ ശ്രദ്ധ മുഴുവന്‍ മണ്‍കൊട്ടാരമുണ്ടാക്കുന്നതിലായിരുന്നതു കൊണ്ട് അമ്മയുടെ മണ്ണില്‍കിടപ്പ് കുട്ടികളുടെ കണ്ണില്‍ പെട്ടില്ല.

അച്ഛന്‍ അതിനിടെ അവര്‍ക്ക് ചൂടുകപ്പലണ്ടി വാങ്ങാന്‍ പോയി.

അമ്മേ ഇഷ്ടായോ ഞങ്ങളടെ കൊട്ടാരം എന്ന് ഇടക്ക് വിളിച്ചു ചോദിച്ചു കുട്ടികള്‍. അപ്പോഴാണ് അവര്‍ അമ്മയങ്ങനെ നീളത്തില്‍ ചാഞ്ഞുകിടക്കുന്ന കാഴ്ച കണ്ടത്.

priya a s , childrens stories, iemalayalam


“കുറച്ചുമുമ്പ് അമ്മ തന്നെയല്ലേ മണ്ണില്‍ ചടഞ്ഞിരിക്കരുത് ഉടുപ്പപ്പിടി വൃത്തികേടാവും എന്ന് ഞങ്ങളോട് പറഞ്ഞത്? എന്നിട്ടമ്പടി കള്ളീ മണ്ണില്‍ രസിച്ചു കിടക്കുവാണല്ലേ.” എന്നു വിളിച്ചു ചോദിച്ചുകൊണ്ട് ഓടിയടുത്തുവന്നു കുട്ടികള്‍.

“അമ്മമാര്‍ക്കും ചിലപ്പോള്‍ കുട്ടിയാവാന്‍ തോന്നും,” എന്നു പറഞ്ഞു ചിരിച്ചു അമ്മ.

“അമ്മ മണ്ണിലിങ്ങനെ കിടക്കുന്നതു കണ്ടാല്‍ ഒരു മത്സ്യന്യകയെപ്പോലെയുണ്ട്.” എന്നു പറഞ്ഞു ചന്തു.

“ശരിയാണല്ലോ,” എന്നു പറഞ്ഞു കൊണ്ട് അമ്മയ മാറി നിന്ന് ചാഞ്ഞും ചരിഞ്ഞും നോക്കി അല്ലി. പിന്നെ അവളോടി വന്ന് മണ്ണില്‍ അമ്മയുടെ അടുത്തിരുന്ന്, “മത്സ്യകന്യകയ്ക്ക് ഒരു മീന്‍ വാലൊക്കെ വേണ്ടേ,” എന്നു ചോദിച്ചു.

“അത് ശരിയാണല്ലോ,” എന്നു പറഞ്ഞു അമ്മയും ചന്തുവും.

പിന്നെ ചന്തുവും അല്ലിയും നിലത്ത് പടഞ്ഞിരുന്ന് മണ്ണുവാരി അമ്മയുടെ മേലൊക്കെ പൊത്തിപ്പൊത്തി വച്ച് അമ്മയെ ഒരു മണ്‍ മത്സ്യകന്യകയാക്കാനൊരു ശ്രമം നടത്തുന്നതില്‍ മുഴുകി. അമ്മക്ക് മണ്ണിന്റെ നനവിന്റെ തണുപ്പു ഇഷ്ടമായതുകൊണ്ടാവും അമ്മ നല്ല സന്തോഷത്തിലായിരുന്നു.

“അമ്മയ്ക്ക് വല്ലാതെ തണുക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ പറയണേ, അമ്മയ്ക്ക് തണുപ്പു കൊണ്ട് പനി വന്നാലോ,” എന്നൊക്കെ ചോദിച്ചു കുട്ടികള്‍.

priya a s , childrens stories , iemalayalam


അമ്മയുടെ കഴുത്തോളം അവര്‍ മണ്ണു തട്ടിപ്പൊത്തി വച്ച് കഴിഞ്ഞവസാനമാണവര്‍ അമ്മ-മത്സ്യകന്യകയ്ക്ക് വാലുണ്ടാക്കിയത്.

അപ്പോഴാണ് കപ്പലണ്ടിയുമായി അച്ഛന്‍ വന്നത്. അച്ഛന് അമ്മയുടെ രൂപം കണ്ട് ചിരി വന്നു.

“എവിടെ എന്റെ ഭാര്യ, അവളെ നിങ്ങള്‍ മാന്ത്രിക ദണ്ഡു ചുഴറ്റി മത്സ്യകന്യകയാക്കിയത് എന്തിനാ,” എന്നു ചോദിച്ചു ചിരിച്ചു അച്ഛന്‍.

മത്സ്യകന്യകയുടെ വായില്‍ അവര്‍ കപ്പലണ്ടിയിട്ടു കൊടുത്തു. മത്സ്യകന്യകയത് തിന്നാനും തുടങ്ങി. അച്ഛനെ കൂടാതെ വേറെ പലരും അമ്മ-മത്സ്യകന്യകയുടെയും അവരുടെയും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.

“എനിക്ക് മത്സകന്യകയായി ഈ കടലോരത്ത് കിടന്നാല്‍ മതി.” എന്നു പറഞ്ഞു ചിരിച്ചു അമ്മ .

“അയ്യോ അതു പറ്റില്ല, ഞങ്ങള്‍ക്ക് ഞങ്ങളുടെ അമ്മയെ തിരികെ വേണം. നമുക്ക് ഒളിച്ചു കളിക്കണ്ടേ? കഥ പറഞ്ഞുറങ്ങണ്ടേ രാത്രിയില്,” എന്നു ചോദിച്ചും പറഞ്ഞും അവര്‍ അമ്മയുടെ മണ്‍പുതപ്പ് അഴിച്ചുമാറ്റാന്‍ തുടങ്ങി. അച്ഛനും അവരെ സഹായിച്ചു.

“ഇനി ഈ മണ്‍തരികളും വച്ച് എങ്ങനെ കാറില്‍ കയറും,” എന്നു ചോദിച്ചു അമ്മ.

“അതു ശരിയാണല്ലോ,” എന്നു ബേജാറായി കുട്ടികള്‍.

“അതു സാരമില്ല, നമുക്കു കാര്‍വാഷിനു കൊടുക്കാം,” എന്നു ചിരിച്ചു അച്ഛന്‍. പക്ഷേ അമ്മവാഷിന് നമ്മളമ്മയെ എവിടെ കൊടുക്കും എന്നു ചോദിച്ച് വലിയൊരു ചിരിയായി അച്ഛന്‍.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible amma matsyakanyaka

Next Story
പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 14
The moderation of comments is automated and not cleared manually by malayalam.indianexpress.com