അമ്മമണം

മറക്കാൻ പറ്റാത്തവയുടെ ലിസ്റ്റിൽ ഏറ്റവും ഒന്നാമത്തേതായി ഈ ലോകത്തിലുള്ളത് അമ്മയുടെ മണമല്ലേ?

ചിത്തിരയ്ക്കും അതുലിനും വലിയ ഇഷ്ടമാണ് സാരിയുടുത്ത അമ്മയെ കാണാന്‍.അമ്മയ്‌ക്കേറ്റവും ചേരുന്ന ഡ്രസ് സാരിയാണെന്നാണ് അവരുടെ അഭിപ്രായം.

വേറെ ഡ്രസുകളിടുന്നതിനേക്കാൾ സമയം വേണം സാരിയുടുക്കാൻ എങ്കിലും അതുലിന്റെയും ചിത്തിരയുടെയും സന്തോഷത്തിനു വേണ്ടി അമ്മ പലപ്പോഴും സാരിയുടുക്കും.

അമ്മ സാരിയുടുക്കുന്നതിനിടയിൽ രണ്ടു പേരും കൂടി ഇടയ്‌ക്കെല്ലാം അമ്മയുടെ സാരിയുടെ ഇടയിലൂടെ കേറി മറിയും.

“ഒന്നു പോയേ പിള്ളേരെ, എനിക്ക് വെറുതേ ഇരട്ടിപ്പണി ഉണ്ടാക്കാതെ,” എന്നമ്മ കളിയായി ദേഷ്യപ്പെടും.

അമ്മയുടെ സാരിയുടെ ഞൊറിവുകള്‍ തലയിലൂടെ എടുത്തിട്ട്, ചിലപ്പോ അവരൊരു സാരിക്കൂടാരം പണിയും. ചിലപ്പോ കൂടാരത്തിനകത്തും പുറത്തുമായി അവരൊളിച്ചു കളിയ്ക്കും. ചെലപ്പോ പൂതങ്ങളാണെന്നു പറഞ്ഞ് പരസ്പരം പേടിപ്പിയ്ക്കും.

കുറച്ചുനേരമൊക്കെ അവരെ കളിക്കാനനുവദിയ്ക്കും അമ്മ. പിന്നെയമ്മ ധിറുതി പിടിയ്ക്കും, “ഇനി കളി മതിയാക്ക്. അമ്മയ്ക്ക് ഓഫീസില്‍ പോകാറായി.”

അമ്മ വലിയ ഗൗരവത്തിലാവും അതു പറയുക. അമ്മ ഗൗരവത്തിലായാല്‍പ്പിന്നെ സാരിക്കളി നിര്‍ത്തുകയേ രക്ഷയുള്ളു. അല്ലെങ്കിലമ്മ ദേഷ്യക്കാരിയാവും. എന്നിട്ടച്ഛനോട് വിളിച്ചു പറയും, “ഒന്നിതുങ്ങളെ രണ്ടെണ്ണത്തിനേം അങ്ങോട്ട് വിളിയ്ക്കുന്നുണ്ടോ? ഇവരുടെ കളിക്കൊപ്പം നിന്നാലേ എന്റെ ബസ് പോവും. ഓഫീസില്‍ ലേറ്റായിട്ട് ചെല്ലുന്ന ആളല്ല ഞാന്‍ എന്ന് അറിയാമല്ലോ അല്ലേ?”


അച്ഛനവരെ “ഇങ്ങോട്ടു പോരേ, അമ്മയെ ദേഷ്യം പിടിപ്പിച്ച് വെറുതേ ഭദ്രകാളിയാക്കണ്ട,” എന്നു പറഞ്ഞു വിളിയ്ക്കും.

അമ്മയുടെ പേര് ഭദ്ര എന്നാണല്ലോ, കാളി എന്നും കൂടി ചേര്‍ത്താല്‍ അമ്മയുടെ പേരിന് ഒരു രസവുമുണ്ടാവില്ല എന്നോര്‍ത്ത് അവരച്ഛന്റെ അടുത്തേക്കു ഓടിപ്പോരും.

അച്ഛന്‍ ചിരിച്ചുകൊണ്ട് ചോദിയ്ക്കും, “സാരിക്കളി മതിയാക്കാന്‍ പറഞ്ഞ് അമ്മ ഓടിച്ചുവിട്ടുവല്ലേ?”

അവര്‍ അതെ എന്നു തലകുലുക്കി അച്ഛനൊപ്പം ചിരിയ്ക്കും. അച്ഛന്‍ പത്രം വായിക്കുകയാവും അപ്പോള്‍. അച്ഛനങ്ങനെ വിശാലമായി ഇരുന്ന് പത്രം വായിയ്ക്കുന്ന ആ ചാരുകസേരയ്ക്കു താഴെ കാല്‍ നീട്ടിയിരുന്നു രണ്ടു കുട്ടികളും മാസികകള്‍ മറിച്ചുനോക്കും.

അമ്മയ്ക്ക് ചേരുന്ന സാരിയുടെ പടം മാഗസിനുകളുടെ ഓരോ താളിലൂടെയും കേറിയിറങ്ങി അവര്‍ കണ്ടുപിടിയ്ക്കും. എന്നിട്ടച്ഛനോട് ശുപാര്‍ശ ചെയ്യും, “നമുക്കീ സാരി അമ്മയ്ക്ക് വാങ്ങാം, ഇതമ്മയ്ക്ക് നന്നായി ചേരും.”

“അമ്മയുടെ അലമാരി മുഴുവന്‍ സാരിയാണ്. ഇനീം വാങ്ങിയാല്‍ വയ്ക്കാന്‍ സ്ഥലമുണ്ടാവില്ല എന്നമ്മ പറയുന്നത് കേള്‍ക്കാറില്ലേ,” എന്നു ചോദിയ്ക്കും അച്ഛന്‍.

“അമ്മ, അമ്മയുടെ ഡ്രസൊക്കെ നന്നായി സൂക്ഷിക്കുന്നയാളാണ്. അതു കൊണ്ടാണ് അമ്മയ്‌ക്കെപ്പോഴും ഒത്തിരി സാരി. അമ്മയെക്കണ്ട് നമ്മള് മൂന്നാളും നന്നായി ഡ്രസ് സൂക്ഷിക്കാന്‍ പഠിക്കണം,” എന്നു കൂടി പറയും അച്ഛന്‍.

ചിലപ്പോഴൊക്കെ അച്ഛനവരെ അമ്മയുടെ അലമാരി പൂട്ടുതുറന്ന് അമ്മയുടെ സാരിക്കൂട്ടം കാണിച്ചു കൊടുക്കും. അമ്മയുടെ സാരിയലമാര തുറക്കുമ്പോള്‍ കുട്ടികള്‍ പറയും, “ഹായ് എന്തൊരു നല്ല മണം…”

“അമ്മ സാരിമേലൊക്കെ സ്പ്രേ ചെയ്തിട്ടുള്ള പെര്‍ഫ്യൂമിന്റെ മണമാണ് അത്,” എന്ന് അച്ഛന്‍ അവര്‍ക്കപ്പോള്‍ പറഞ്ഞു കൊടുക്കും.

അപ്പോഴേയ്ക്കമ്മ സാരി ഉടുക്കലൊക്കെ മുഴുവനാക്കി, ഹാന്‍ഡ് ബാഗുമെടുത്ത് ഓഫീസില്‍ പോകാന്‍ തയ്യാറായി വരും.

പിന്നെ അച്ഛന്‍ കാറോടിച്ച്, പുറകിലെ സീറ്റില്‍ അമ്മയക്കിരുവശവുമായി ചിത്തിരയും അതുലും ഇരുന്ന് അവരമ്മയെ ബസ്‌സ്റ്റോപ്പില്‍ കൊണ്ടുചെന്നാക്കും.

അമ്മ സ്റ്റോപ്പില്‍ ഇറങ്ങിക്കഴിഞ്ഞാലും അമ്മയുടെ സാരിയിലെ പെര്‍ഫ്യൂമിന്റെ മണം കാറില്‍ തങ്ങിനില്‍ക്കുന്നുണ്ടാവും. അതാണവര്‍ക്ക് അമ്മ മണം.

അമ്മ ചിലപ്പോള്‍ ഒന്നും രണ്ടും ആഴ്ച്ച ഓഫീഷ്യല്‍ ടൂറു പോകുമല്ലോ ദൂരസ്ഥലങ്ങളിലേയ്ക്ക് അപ്പോഴവര്‍ക്ക് അമ്മയെ നന്നായി മിസ് ചെയ്യും.

അപ്പോള്‍ അവര്‍ അച്ഛനെക്കൊണ്ട് അമ്മയുടെ സാരിയലമാര തുറപ്പിച്ച് അമ്മയുടെ സാരിയെടുപ്പിച്ച് അതു കെട്ടിപ്പിടിച്ചുകിടക്കും അവര്‍ രണ്ടാളും.

സാരിയും കെട്ടിപ്പിടിച്ച് അമ്മമണം അകത്തേയ്ക്കു വലിച്ചെടുത്ത് അവരങ്ങനെ കിടക്കുന്നത് വീഡിയോ കോളില്‍ അച്ഛനമ്മയെ കാണിച്ചു കൊടുക്കുമ്പോള്‍ അമ്മയ്ക്ക് സന്തോഷം കൊണ്ടു കണ്ണുനിറയും.

അമ്മക്കവരെ നേരിട്ടു കാണാന്‍, കെട്ടിപ്പിടിയ്ക്കാന്‍ കൊതിയാകും. “സാരമില്ലെടോ, വേഗം തിരിച്ചുവരാന്‍ പറ്റുമല്ലോ തനിയ്ക്ക്,” എന്നച്ഛനമ്മയെ ആശ്വസിപ്പിയ്ക്കും.

“അമ്മയെ സ്വപ്‌നം കണ്ട്, അമ്മ കുളിപ്പിയ്ക്കുന്നതും കഴിപ്പിയ്ക്കുന്നതും കളിപ്പിയ്ക്കുന്നതും സ്വപ്‌നം കണ്ടാവും ദേ ഇവര്‍ ഉറക്കത്തിലും ചിരിയ്ക്കുന്നുണ്ട് കിലുകിലെ,” എന്ന് അച്ഛനപ്പോള്‍ പറയും.

“എന്റെ വക ഓരോ ഉമ്മ കൂടി അവര്‍ക്കു കൊടുത്തേക്കണേ,” എന്നമ്മ അച്ഛനെ ഓര്‍മ്മിപ്പിയ്ക്കും. “ഏറ്റു,” എന്നു പറയും അച്ഛന്‍.

പിന്നെ അമ്മ മണമുള്ള ആ സാരികള്‍ പതുക്കെ എടുത്തു മാറ്റും അച്ഛൻ. അതവരുടെ മുഖത്തേക്കെങ്ങാന്‍ വീണ് അവര്‍ക്ക് ശ്വാസം മുട്ടിയാലോ എന്ന് പേടിക്കുന്നുണ്ടാവും അച്ഛന്‍.

എന്നിട്ടച്ഛനവരെ കെട്ടിപ്പിടിച്ചു കിടക്കും. അമ്മ എന്നു സ്വപ്നത്തില്‍ മന്ത്രിച്ച് അവരച്ഛനോടു ചേര്‍ന്നു ചുരുണ്ടുകൂടിക്കിടക്കും.

ഏതുറക്കത്തിലും ഉണര്‍വ്വിലും നമ്മളൊക്കെ തേടുന്നത് അമ്മ മണമാണല്ലോ എന്നോര്‍ത്ത് അവരെ കണ്ണു നിറഞ്ഞ് ഒന്നു കൂടി കെട്ടിപ്പിടിക്കും.

ഭൂമിയില്‍ നിന്നു മാഞ്ഞുപോയ തന്റെ അമ്മയുടെ മണം ഓര്‍ത്തെടുക്കുകയാവും അപ്പോഴച്ഛന്‍. അമ്മയുടെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കാല്‍പ്പെട്ടിയും വസ്ത്രങ്ങള്‍ക്ക് നല്ല മണം വരാനായി അമ്മ പെട്ടിയിലൊക്കെ ഇട്ടിരുന്ന കര്‍പ്പൂരക്കിഴികളുടെ മണവും അച്ഛന്റെ മുമ്പിലപ്പോള്‍ തെളിഞ്ഞു വരുമായിരിയ്ക്കും. അപ്പോള്‍ അച്ഛന്‍, അച്ഛന്റെ അമ്മയെ അമ്മമണത്തിലൂടെ തൊടുകയാവും തീര്‍ച്ച.

അല്ലെങ്കിലും മറക്കാന്‍ പറ്റാത്തവയുടെ ലിസ്റ്റില്‍ ഏറ്റവും ഒന്നാമത്തേതായി ഈ ലോകത്തിലുള്ളത് അമ്മയുടെ മണമല്ലേ?

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible amma manam

Next Story
ഒരു കണ്ണിമാങ്ങാക്കാലംpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com