അല്ലി രാവിലെ എഴുന്നേല്ക്കുന്നു

ചിട്ടയായി ജീവിച്ചാല്‍ ജീവിതം തെല്ലെളുപ്പമാവില്ലേ എന്നു ചോദിച്ച് ,രാവിലെ എഴുന്നേല്‍ക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന ഒരു കഥ.

priya as, childrens stories , iemalayalam

അല്ലി, രാവിലെ എഴുന്നേല്‍ക്കേണ്ടി വന്നു, മുറിയുടെ വെന്റിലേറ്ററില്‍ കൂടു വച്ചിരിക്കുന്ന കിളികളുടെ ചിലപ്പു കാരണം. അതോടെ അവള്‍ക്ക് ദേഷ്യമായി കിളികളോട്.

അതിരാവിലെ അതായത് അല്ലിയുടെ അമ്മയും അമ്മൂമ്മയും അച്ഛനുമൊക്കെ എഴുന്നേല്‍ക്കുന്ന അഞ്ചുമണിയ്ക്കും മുമ്പ് കിളിക്കുഞ്ഞുങ്ങളെഴുന്നേറ്റ് ചിലപ്പോടു ചിലപ്പാവേണ്ട വല്ല കാര്യവുമുണ്ടോ?

നാലഞ്ച് ഫ്‌ളേവറുകളിലെ ഐസ്‌ക്രീം ഒരുമിച്ച് അല്ലിയുടെ മുന്നില്‍ നിരത്തി വച്ചു ആരോ എന്നൊരു സ്വപ്‌നം കാണുകയായിരുന്നു ഉറക്കത്തില്‍ അല്ലി. സ്വപ്‌നത്തിലെ രണ്ടാമത്തെ ഐസ്‌ക്രീം അല്ലി നുണഞ്ഞ് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. അതിന്, അല്ലിയ്‌ക്കേറ്റവുമിഷ്ടമുള്ള മാംഗോ ഫ്‌ളേവറായിരുന്നു. അപ്പോഴാണ് കിളിക്കുഞ്ഞുങ്ങള്‍ ചിലച്ചതും അവളുണര്‍ന്നു പോയതും. സ്വപ്‌നത്തിലെ ഐസ്‌ക്രീമൊക്കെ ഉരുകിയൊലിച്ചു പോയിക്കാണും എന്ന് അവള്‍ക്ക് സങ്കടം വന്നു.

അമ്മ പറഞ്ഞു, “കിളിക്കുഞ്ഞുങ്ങള്‍ക്ക് വിശന്ന് കാണും അതിരാവിലെ തന്നെ. അതാവും അവരെണീറ്റത് ഈ നേരത്ത് വിശക്കുന്നമ്മേ, വിശക്കുന്നച്ഛാ എന്ന് അവരമ്മയെയും അച്ഛനെയും കുലുക്കി വിളിച്ച് പറഞ്ഞതാവും.”

അമ്മ പറഞ്ഞത് ശരിയാണെന്നു തോന്നി അല്ലിയ്ക്ക്. കുഞ്ഞിക്കിളികള്‍ ചിലപ്പു തുടങ്ങിയപ്പോള്‍ത്തന്നെ അമ്മക്കിളിയും അച്ഛന്‍ കിളിയും പുറത്തേക്കു പറന്നു പോയതും പിന്നെ കൊക്കിലെന്തൊക്കെയോ തീറ്റസാധനങ്ങള്‍ നിറച്ച് തിരിച്ചുവന്നതു കണ്ടായിരുന്നല്ലോ അല്ലി. അവള്‍ക്ക് കിളിക്കുഞ്ഞുങ്ങളോടും കിളിയച്ഛനോടും കിളിയമ്മയോടും പെട്ടെന്ന് സ്‌നേഹം വന്നു.

priya as, childrens stories , iemalayalam


അമ്മക്കിളിയും അച്ഛന്‍ കിളിയും കൂട്ടിലേയ്ക്ക് പറന്നു വരുന്നിടത്ത്, അവര്‍ കാണാന്‍ പാകത്തില്‍ അവള്‍ രണ്ടുമൂന്നു ബിസ്‌ക്കറ്റ് കൊണ്ടുവച്ചു കൊടുത്തു. അമ്മക്കിളിയുടെ കണ്ണിലാണത് പെട്ടത്. അവളത് കൊത്തി അകത്തേക്ക് കൊണ്ടുപോകുന്നതു കണ്ടുനിന്നു അല്ലി.

“എനിയ്ക്കു താ ആദ്യം, എനിക്കിത്തിരി കൂടി താ, എന്തു സ്വാദമ്മേ എന്നൊക്കെ പറഞ്ഞ് കിളിക്കുഞ്ഞുങ്ങള്‍ പിന്നെ കൂട്ടിനകത്ത് ബഹളം വച്ചു,” എന്ന് അല്ലി പിന്നെ അമ്മയോട് പറഞ്ഞു.

“ആഹാ, ഇത്ര വേഗം കിളിഭാഷ പഠിച്ചോ,” എന്നു ചോദിച്ചു ചിരിച്ചു അമ്മൂമ്മ.

വയറു നിറഞ്ഞതും കിളിക്കുഞ്ഞുങ്ങള്‍ പിന്നെ ഉറക്കമായെന്നു തോന്നുന്നു. കിളിക്കൂട് ആകെ ശാന്തമായപ്പോള്‍, അല്ലിയ്ക്ക് തോന്നി കിളിക്കുഞ്ഞുങ്ങളെപ്പോലെ തന്നെ ഒന്നു കൂടി ഉറങ്ങാന്‍ നോക്കാം.

പക്ഷേ അല്ലിയ്ക്കുണ്ടോ വീണ്ടുമുറക്കം വരുന്നു. കിടന്നു മടുത്ത് അല്ലി എണീറ്റ് പോന്നു അമ്മയുടെ അടുത്തേയ്ക്ക്. അമ്മ പറഞ്ഞതുപ്രകാരം അവള്‍ പല്ലു തേച്ചു, പിന്നെ പാല് കുടിച്ചു. അതോടെ അവളുടെ ഉറക്കക്ഷീണമൊക്കെ പൊയ്‌പ്പോയി.

“ഇനി ഒന്നു കുളിക്കുക കൂടി ചെയ്താല്‍ അല്ലി നല്ല ഉഷാറിലാവും,” എന്നു പറഞ്ഞു അമ്മ.

കുളിയ്ക്കും മുമ്പ് അല്ലി ഓടിപ്പോയി മുറികളിലെ കര്‍ട്ടനുകള്‍ വകഞ്ഞു മാറ്റി, മുറികളിലേയ്ക്ക് സൂര്യവെളിച്ചത്തിനെ കൂട്ടിക്കൊണ്ടുവന്നു.

മുറികള്‍ക്കാകെ സന്തോഷമായി. അവര്‍ പറഞ്ഞു, “ആഹാ, നല്ല കുട്ടിയായല്ലോ, അല്ലേല്‍ അമ്മയുടെ കറി വയ്ക്കലും അച്ഛന്റെ കറിയ്ക്ക് കഷണം നുറുക്കലും അമ്മൂമ്മയുടെ മുറ്റമടിയ്ക്കലുമൊക്കെ കഴിഞ്ഞു അവര്‍ വരും വരെ ഞങ്ങള്‍ മുറികളിങ്ങനെ വെളിച്ചമില്ലാതെ പതുങ്ങിക്കിടക്കണം ഇരുട്ടില്‍. താങ്ക് യു അല്ലിക്കുട്ടീ, രാവിലെ എണീറ്റതിനും ഞങ്ങളുടെ കര്‍ട്ടനുകള്‍ മാറ്റിയതിനും ജനാലകളും തുറന്നതിനും ഞങ്ങള്‍ക്ക് വെളിച്ചം തന്നതിനും.”

പിന്നെ അല്ലി ഓടിപ്പോയി, മതിലിലെ ബോക്‌സില്‍ പത്രക്കാരനിട്ടിരിക്കുന്ന പത്രം എടുത്തു കൊണ്ടു വന്നു റ്റീപ്പോയിയില്‍ അപ്പൂപ്പന് വായിക്കാന്‍ പാകത്തില്‍ കണ്ണടയും അതിനു മുകളില്‍ റെഡിയാക്കി വച്ചു.

പിന്നെ അല്ലി പോയി എല്ലാ മുറിയിലെയും കിടക്കവിരികള്‍ ഒരു ചുളിവു പോലുമില്ലാതെ തട്ടിക്കുടഞ്ഞു വിരിച്ചു എല്ലാ മുറിയും സുന്ദരമാക്കി.

ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോഴാണ് , നാരകച്ചോട്ടില്‍ നാരങ്ങകള്‍, തലേ ദിവസത്തെ കാറ്റിലടര്‍ന്നടന്ന് ചിതറിക്കിടക്കുന്നത് കണ്ടത്. അതു ഒരു കുഞ്ഞു കുട്ടയിലാക്കി പെറുക്കിക്കൊണ്ടു വന്നു അവള്‍.

priya as, childrens stories , iemalayalam


പിന്നെ അല്ലി കുളിക്കാന്‍ പോയി. തിരിച്ചു വന്നപോഴോ നല്ല വിശപ്പ്. വയറുനിറയെ ചപ്പാത്തിയും കറിയും കഴിച്ചു അവള്‍ .

“ഇന്നു നല്ല രുചിയുണ്ട് ചപ്പാത്തിയ്ക്കും കറിയ്ക്കും,” എന്നല്ലി പറഞ്ഞപ്പോള്‍ അച്ഛന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇന്നല്ലി മെയ്യനങ്ങി ഓരോരോ ചെറു ജോലികളൊക്കെ ചെയ്തില്ലേ? രാവിലെ എഴുന്നേറ്റാലേ ആകെയൊരു ഉഷാറു തോന്നൂ. ഇന്ന് ചില്ലറ പണിയൊക്കെയെടുത്തിലേ മോള്? ഇത്തിരി പണിയൊക്കെ എടുത്താലേ വിശപ്പു വരൂ,വിശപ്പു വന്നാലേ കഴിയ്ക്കുന്നതിന് സ്വാദ് തോന്നൂ.”

“ആഹാ, അങ്ങനെയാണോ,” എന്നു വിചാരിച്ചൂ അല്ലി. എന്നാലിനി നാളെയും നേരത്തേ എഴുന്നേല്‍ക്കാം. എന്നുതീരുമാനിച്ചു അവള്‍.

അഞ്ചു മണിയ്ക്ക് അലാം വയ്ക്കാമെന്നു വിചാരിച്ച നിന്നപ്പോഴാണ് അവളോര്‍ത്ത്, കിളിക്കുഞ്ഞുങ്ങളുണ്ടോല്ലോ അലാമിനു പകരമായി.

‘വിശക്കുന്നേ’ എന്നു പറഞ്ഞ് നാളെയും അവരെണീറ്റ് ചിലച്ച് അവരുടെ അമ്മയെയും അച്ഛനെയും കുത്തിപ്പൊക്കുമല്ലോ. രാവിലെ അഞ്ചുമണി നേരത്ത് അതു കേട്ടാലാരായാലും എഴുന്നേറ്റു പോവുമല്ലോ.

അപ്പോ അമ്മ പറഞ്ഞൂ, “രാവിലെ എഴുന്നേല്‍ക്കുക, സമയത്ത് ആഹാരം കഴിയ്ക്കുക, ഒരു കുട്ടിയ്ക്ക് പറ്റുന്ന പോലുള്ള കുഞ്ഞുകുഞ്ഞു ജോലികള്‍ ചെയ്യുക. അങ്ങനെയങ്ങനെ കുറച്ചു ചിട്ടകളൊക്കെ വേണം ജീവിതത്തിന്. ചിട്ടയായി ജീവിച്ചാലാണ്, ജീവിയ്ക്കാനെളുപ്പമാവുക.”

അമ്മ പറഞ്ഞത് ശരിയ്ക്കും മനസ്സിലായിട്ടാണോ ആവോ അല്ലി തല കലുക്കി. എന്നിട്ടമ്മയെ പയറു പൊളിച്ചു സഹായിക്കാന്‍ പോയി. ഉച്ചയ്ക്ക് പയറുമെഴുക്കുപുരട്ടിയാണല്ലോ ഒരു കൂട്ടാന്‍. അല്ലി പൊളിച്ച പയറു കൊണ്ടു കൂട്ടാന്‍ വയ്ക്കുമ്പോള്‍, എന്തൊരു സ്വാദായിരിക്കും അതിന്!

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible alli ravile ezhunelkunnu

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express