ആബിദ സ്ക്കൂളില്‍ പോകുന്നതു തന്നെ മഞ്ചാടിക്കുരു പെറുക്കാനാണ്.
മഞ്ചാടിമരമുണ്ട് പ്ളെസ്ക്കൂള് മുറ്റത്ത്.
“ഇന്ന് പോകണ്ട എനിയ്ക്ക് സ്ക്കൂളില്‍,” എന്ന് ചില ദിവസമൊക്കെ അവള് കരയുമ്പോള്‍ അമ്മ ചോദിയ്ക്കും, “ഇന്ന് മഞ്ചാടിക്കുരു പെറുക്കണ്ടേ? ഓരോ ദിവസവും മഞ്ചാടിക്കുരു പെറുക്കിക്കൂട്ടിയാലല്ലേ നമ്മടെ മഞ്ചാടിക്കുരുശേഖരം വലുതാവൂ?”
ശരിയാണല്ലോ എന്നോര്‍ക്കും അവളപ്പോള്‍. അവളുടെ പങ്കും കൂടി കിരണും ദേവുവും റെജീനയയും ലോലയും കൂടി പെറുക്കിക്കൊണ്ടുപോയാല് അത് കഷ്ടമാവില്ലേ?
ഉടനെ തന്നെ കണ്ണീരു തുടച്ച് അവള് സ്ക്കൂളില്‍പ്പോകാന്‍ റെഡിയാകും.
അമ്മയോട് അവള് വിളിച്ചു പറയും, “നിറയെ പോക്കറ്റുകളുള്ള ഉടുപ്പു മതി കേട്ടോ, എനിയ്ക്ക്. ഒരുപാട് പോക്കറ്റുണ്ടെങ്കിലേ ഒരുപാട് മഞ്ചാടിക്കുരു പെറുക്കാന്‍ പറ്റൂ.”
“മഞ്ചാടി മരമുള്ള സ്ക്കൂളല്ലായിരുന്നെങ്കില് നിന്നെ സ്ക്കൂളിലയയ്ക്കാന്‍ ഞാനെന്തു കഷ്ടപ്പെടേണ്ടി വന്നേനെ,” എന്ന് അപ്പോ അമ്മ ചിരിയ്ക്കും.

സ്ക്കൂളില്‍ നിന്നു വന്ന ശേഷം ആബിദയുടെ പണി എന്താണെന്നോ?
പോക്കറ്റിലെ മഞ്ചാടിക്കുരു മുഴുവന്‍ അവള്, മഞ്ചാടിക്കുരു കൂട്ടി വച്ചിരിക്കുന്ന വലിയ ഗ്ളാസ് ഭരണിയിലേക്കിടും. പിന്നെ അതെടുത്ത് നിലത്തുവച്ച് അതിന്റെ ചുറ്റും നടന്ന് ഭംഗി നോക്കും. കുറച്ചു കഴിയുമ്പോ അതു മുഴുവന്‍ ആ ഗ്ളാസ് ഭരണിയില്‍ നിന്ന് നിലത്ത് ചൊരിഞ്ഞിടും.
പിന്നെ അതു കൊണ്ട് നിലത്തു മുഴുവന്‍ ഓരോരോ രൂപമുണ്ടാക്കലില് മുഴുകും അവള്. ആന, എലി, കിളി, പട്ടിക്കുട്ടന്, മ്യാവൂപ്പൂച്ച, വീട്, ഗ്ളാസ്, ഇല, പൂവ് അങ്ങനെ ഓരോന്ന് ചുവന്നു ചുവന്ന് അവളുടെ വീടിന്റെ നിലത്തങ്ങനെ തെളിഞ്ഞു തെളിഞ്ഞു വരും.
ചിലപ്പോ അമ്മയും കൂടും അവളുടെ ഒപ്പം കളിയ്ക്കാന്‍. അമ്മ എപ്പോഴും ആബിദക്കുട്ടിയെയാണ് മഞ്ചാടിമണികള്‍ കൊണ്ട് വരയ്ക്കുക.
അമ്മ ഒരു ദിവസം പറഞ്ഞു, “അമ്മയൊക്കെ കുഞ്ഞായിരുന്നപ്പോ ഇലഞ്ഞിക്കുരുവും പുളിങ്കുരുവും കുന്നിമണിയും ഒക്കെ ഇതു പോലെ ഓരോരോ പാത്രങ്ങളിലായി സൂക്ഷിച്ചു വച്ച് ഓരോരോ രൂപങ്ങളുണ്ടാക്കി കളിക്കുമായിരുന്നു.”
അമ്മ കുഞ്ഞായിരുന്നപ്പോഴൊക്കെ അമ്മ ഫ്ളാറ്റിലല്ല നിറയെ മുറ്റമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. മുറ്റത്തു നിറയെ മരങ്ങളുണ്ടായിരുന്നതു കാരണം ആ മരങ്ങളുടെയൊക്കെ പൂവും കായും കുരുവും ഒക്കെ പെറുക്കി വച്ചായിരുന്നു കളി.
തെങ്ങോല കൊണ്ട് വാച്ച്, പന്ത്, കിളി, കാറ്റാടി അവയൊക്കെ ഉണ്ടാക്കിക്കൊടുക്കും ആരെങ്കിലും.
അല്ലാതെ അന്നൊന്നും കളിപ്പാട്ടങ്ങള്‍ പൈസ കൊടുത്ത് വാങ്ങി കളിയ്ക്കുന്ന പതിവില്ല. ആരുടെയും കൈയ്യിലങ്ങനെ കളിപ്പാട്ടത്തിനായി ചെലവാക്കാനൊന്നും കാശുമുണ്ടായിരുന്നില്ല.
അന്നൊക്കെ പാടത്ത് നെല്ല് വിളയും, മുറ്റത്തു നിറയെ ഓരോരോ കൃഷിയുണ്ടാവും. നെല്ലില്‍ നിന്ന് ചോറു വയ്ക്കാനുള്ള അരി കിട്ടും, മുറ്റത്തെ കൃഷിയില്‍ നിന്ന് ചീര, മുരിങ്ങ, കോവയ്ക്ക, വെണ്ടയ്ക്ക, തക്കാളി അങ്ങനെ ഓരോന്നു പറിച്ചെടുക്കും. അങ്ങനെ പോകും ഓരോ വീട്ടിലെയും ഭക്ഷണക്കാര്യം.

ആബിദക്കുട്ടിക്ക് അമ്മയുടെ ചെറുപ്പകാലത്തെ കാര്യങ്ങളോരോന്നും കഥകള്‍ പോലെയാണ് തോന്നുക.
“തെങ്ങോലയ്ക്കുവേണ്ടി ഒരു തെങ്ങു നടണം, പളിങ്കുരുവിനു വേണ്ടി ഒരു പുളിമരം നടണം, ഇലഞ്ഞപ്പൂവിനും ഇലഞ്ഞിക്കുരുവിനും വേണ്ടി ഒരിലഞ്ഞിമരം നടണം,” ആബിദ പറഞ്ഞു.
“ഈ ഫ്ളാറ്റിനകത്തോ,” എന്നു ചോദിച്ചു ചിരിച്ചു അമ്മ.
“നാട്ടില്‍ നമുക്ക് സ്ഥലമുണ്ടല്ലോ, അപ്പൂപ്പന്റെ വീടില്ലേ അവിടെ? നമുക്കെന്താ അങ്ങോട്ടു പോയാല്‍? അമ്മേടേം അച്ഛന്റേം ജോലിയ്ക്കും എന്റെ പ്ളെ സ്ക്കൂളിലേക്കും നമുക്കവിടെ നിന്ന് വന്നു പോയാലെന്താ? അപ്പൂപ്പന് നമ്മള് ചെന്നാല്‍ ഒരു കൂട്ടാവുകയും ചെയ്യും,” എന്നു പറഞ്ഞു ആബിദ.
“ആബിദക്കുട്ടി ഇത്തിരി കൂടി വലുതാവട്ടെ, എന്നിട്ടു നമുക്കതാലോചിയ്ക്കാം,” എന്നു പറഞ്ഞു അമ്മ.
ആബിദ തലകുലുക്കി. എന്നിട്ട് നിലത്തു ചടഞ്ഞിരുന്ന് മഞ്ചാടിമണികള്‍ കൊണ്ട് അപ്പൂപ്പനെയും അപ്പൂപ്പന്റെ വീടിനെയും അവിടുത്തെ മരങ്ങളെയും ഒക്കെ വരച്ചുണ്ടാക്കാന്‍ തുടങ്ങി.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം