നീനയുടെ പാവക്കുട്ടി ലല്ലുവിന്റെ പിറന്നാളാണിന്ന്.
നീനയാണല്ലോ പാവക്കുട്ടിയുടെ അമ്മ. ലല്ലുവിന്റെ അച്ഛൻ അങ്ങു ദൂരെ കപ്പലിൽ ജോലി ചെയ്യുകയാണ് കേട്ടോ. ലല്ലുവിന്റെ പിറന്നാളാഘോഷത്തിനൊന്നും അച്ഛന് വരാൻ പറ്റില്ല.
അങ്ങനെയങ്ങനെ ലല്ലുവിന്റെ പിറന്നാളാഘോഷിക്കാൻ നീന മാത്രമേയുള്ളു. ലല്ലുവിന് പിറന്നാളുടുപ്പു വേണ്ടേ? അമ്മയുടെ പഴയ ചുരിദാറിന്റെ ഷാൾ കൊണ്ട് പിറന്നാളുടുപ്പ് തരമാക്കിയെടുത്തു നീന.
അതെങ്ങനെയാണെന്നല്ലേ? അവളമ്മയുടെ പുറകെ നടന്ന്, മാഗസിനിൽ കണ്ട പാറ്റേണിൽ ഒരു പാവയുടുപ്പ് തയ്പിച്ചെടുത്തു.
“എനിക്കൊട്ടും സമയമില്ല പാവയ്ക്കുടുപ്പ് തയ്ക്കാനൊന്നും, വേറെന്തൊക്കെ പണി കിടക്കുന്നു എനിക്ക് എന്നറിയാമോ കുഞ്ഞേ” എന്നെല്ലാം ചോദിച്ചു ആദ്യം അമ്മ.
പുതിയ പിറന്നാളുടുപ്പു പോലുമില്ലാതെ എന്റെ പാവക്കുട്ടിയുടെ പിറന്നാളാഘോഷം എങ്ങനെ നടത്തും ഞാൻ എന്ന് നീന അപ്പോ കരച്ചിലായി.
അപ്പോ, അമ്മയ്ക്ക് ചിരി വന്നു. അമ്മ നീനു വിനെയും കൂട്ടി അമ്മയുടെ അലമാര തുറന്ന് പഴയ ഷാളുകൾ തിരഞ്ഞു കണ്ടു പിടിച്ചു.
നീലയിൽ മിറർ വർക് ചെയ്ത ഒരു ഷാളാണ് നീനയ്ക്ക് ഇഷ്ടപ്പെട്ടത്. ഇതാവുമ്പോ നല്ലോണം തിളങ്ങും എന്നു പറഞ്ഞു നീന. കാലറ്റമെത്തുന്ന ഫുൾ സ്ലീവുള്ള ഒരു ഫ്രോക്കാണ് അമ്മ ലല്ലുവിനായി തുന്നിയത്. അത് നീനു ലല്ലുവിനെ ഇടീച്ചു നോക്കി.
നല്ല കൃത്യം ഫിറ്റാണല്ലോ, ലല്ലുവിന് നല്ലോണം ചേരുന്നുണ്ടല്ലോ എന്നു പറഞ്ഞു അമ്മ.

പാവപ്പിറന്നാളുടുപ്പിന് പകരമായി അഞ്ച് തേനുമ്മ അമ്മയ്ക്ക് കവിളിൽ കൊടുത്തു നീന.
ലല്ലുവിന്റെ പിറന്നാളുടുപ്പ് തൊട്ടും തലോടിയും നിന്നു മറ്റു പാവകൾ. ചില പാവകൾ നീനുവിനെ തോണ്ടി വിളിച്ച് ചോദിച്ചു. എന്നാ എന്റെ പിറന്നാൾ?
പാവക്കലണ്ടറിൽ നോക്കി പിന്നെ പറയാം, ഇപ്പോ എനിക്ക് ധൃതിയുണ്ട്. പിറന്നാളുടുപ്പു മാത്രം പോരല്ലോ ലല്ലുവിന്? പിറന്നാൾ കേക്ക് ഉണ്ടാക്കണ്ടേ? നിങ്ങളൊക്കെ വരണേ അവളുടെ ബർത്ഡേ കേക്ക് മുറിക്കാൻ നേരം എന്നു മറ്റു പാവകളോട് പറഞ്ഞു കൊണ്ട് നീനു മുറ്റത്തേക്കിറങ്ങി.
“അല്ലാ, പാവക്കേക്കും ഞാനുണ്ടാക്കേണ്ടി വരുമോ?” എന്നു ചെറുചിരിയോടെ ചോദിച്ചു അമ്മ.
പാവപ്പിറന്നാളിന്റെ കേക്ക് പാവയുടമസ്ഥരായ കുട്ടികളുടെ അമ്മമാരുണ്ടാക്കിയാൽ ശരിയാവില്ല. അത് പാവയുടമസ്ഥരായ കുട്ടികൾ തന്നെയുണ്ടാക്കണമെന്നാണ് പാവലോകത്തിലെ നിയമം എന്നറിയില്ലേ അമ്മയ്ക്കെന്ന് അമ്മയോട് മുറ്റത്തു നിന്ന് വിളിച്ചു ചോദിച്ചു നീനു.
പിന്നെ നീനു മണ്ണിൽ ചടഞ്ഞിരുന്നു. എന്നിട്ട് ചിരട്ട കൊണ്ട് മണ്ണു കുഴിക്കാൻ തുടങ്ങി.
ഒരു തേരട്ട മിന്തിമിന്തി അവളുടെയടുത്തുവന്നു നിന്ന്, “നീ എന്താ ഈ കാണിക്കണത്”? എന്നു ചോദിച്ചു.
ഞാനേ നമ്മുടെ ലല്ലുപ്പാവയ്ക്ക് ബർത്ഡേ കേക്കുണ്ടാക്കുകയാണ്. ഞാനല്ലാതെ പിന്നെ അവൾക്കാരാ കേക്കുണ്ടാക്കി കൊടുക്കുക എന്ന് മറുപടി പറഞ്ഞു കൊണ്ട് പൈപ്പിൽ നിന്ന് ചിരട്ടയിൽ വെള്ളമെടുത്തു കൊണ്ടുവന്ന് മണ്ണു കുഴയ്ക്കാൻ തുടങ്ങി നീനു.
പാകത്തിന് നനവായപ്പോൾ ചിരട്ടയിൽ മണ്ണ് നിറച്ച് പിന്നെ ചിരട്ട കമഴ്ത്തി നല്ല മിനുസമുള്ള ഒരു മണ്ണപ്പം ഉണ്ടാക്കി നീനു.
തേരട്ട തലയുയർത്തി ചോദിച്ചു, “ഇത് മണ്ണപ്പമല്ലേ? ഇതെങ്ങനെയാ കേക്ക് ആവുക?”

ഇതാണ് പാവക്കുട്ടികളുടെ പിറന്നാൾ കേക്ക് എന്നു പറഞ്ഞു നീനു. പിന്നെ അവൾ കേക്കലങ്കരിക്കാൻ തുടങ്ങി. മഞ്ചാടിക്കുരു, നാലു മണിക്കുരു, വെള്ളമന്ദാരത്തിന്റെ ഇതൾ ഇതൊക്കെ അവൾ മണ്ണപ്പത്തിനു മേൽ നിരത്തി വച്ചു.
തേരട്ട പറഞ്ഞിട്ടാവും ഒരു പച്ചക്കുതിരയും വന്നു പാവക്കുട്ടിക്കേക്ക് കാണാനായിട്ട്.
“നീ എനിക്കിതിലൊരു കഷണം തരണേ” എന്നു പറഞ്ഞു പച്ചക്കുതിര. നീയും തേരട്ടയും കല്യാണിപ്പൂച്ചയും കാക്കക്കൂട്ടവും എന്റെ ബാക്കി പാവകളുമൊക്കെയല്ലേ പാവക്കുട്ടിപ്പിറന്നാളിന്റെ ഗസ്റ്റുകൾ എന്നു ചോദിച്ചു നീന.
അപ്പോൾ പച്ചക്കുതിര അവന്റെ കൂർത്ത ശബ്ദത്തിൽ “ഹാപ്പി ബർത്ഡേ ലല്ലു” എന്ന് പാടിപ്പരിശീലിക്കാൻ തുടങ്ങി.
നീന, ലല്ലുവിനെ പിറന്നാൾക്കുട്ടിയായൊരുക്കാൻ അകത്തേക്കു പോയി.
ലല്ലുവിന്റെ പിറന്നാൾ കേക്കിൽ കുത്തി നിർത്താൻ മെഴുകുതിരി തപ്പാൻ അവൾ ബാക്കി പാവകളെ ഏൽപ്പിച്ചു.
മുറ്റത്ത് പച്ചക്കുതിരയും തേരട്ടയും കൂടി ആലോചന തുടങ്ങി, എന്തു കൊടുക്കും ലല്ലുവിന് പിറന്നാൾ ഗിഫ്റ്റ്?
കാക്കകളെ കൈ കൊട്ടി വിളിച്ചു വരുത്തി, വൈകുന്നേരം നാലു മണിക്ക് ലല്ലുവിന്റെ ബർത്ഡേ സെലിബ്രേഷനാണ് എന്നു പറയുകയും ലല്ലുവിനെ പിറന്നാളുടുപ്പിന് മാച്ചുചെയ്യുന്ന മാലയിടീക്കുകയും ചെയ്യുന്ന തിരക്കിലാണ് നീന ഇപ്പോൾ.
അയ്യോ, നമ്മളെല്ലാം ഒരു കാര്യം മറന്നു, ലല്ലുവിന്റെ എത്രാമത്തെ പിറന്നാളാണിന്ന് എന്നു ചോദിക്കാൻ മറന്നു എന്ന് തമ്മിൽത്തമ്മിൽപ്പറഞ്ഞു പാവകൾ.
അതറിഞ്ഞാലല്ലേ എത്ര മെഴുകുതിരി വേണം ബർത്ഡേ കേക്കിൽ എന്നവർക്ക് തീരുമാനിക്കാൻ പറ്റൂ. നീനയുടെ തിരക്ക് കഴിയട്ടെ എന്നിട്ട് ചോദിക്കാം എന്ന് തമ്മിൽത്തമ്മിൽ പറഞ്ഞു അവർ.
അപ്പോ എല്ലാവരും വരില്ലേ ലല്ലു പ്പിറന്നാളിന്? മറക്കല്ലേ, വൈകുന്നേരം കൃത്യം നാലു മണിക്കാണ് കേട്ടോ പിറന്നാളാഘോഷം .