പേളി കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു.
കൂട്ടുകാരെന്നു വച്ചാല്‍ അവളുടെ വീടിനടുത്തുള്ള മറ്റു വീടുകളിലെ കുട്ടികള്‍ . ആകെ അവര്‍ പത്തു പേരുണ്ട്.
ഒരുപാടു കളികള്‍ കളിച്ചു കളിച്ചവസാനം അവരവസാനമെത്തിയത് ഒളിച്ചു കളിയിലാണ്.
ഒരാള്‍ ഭിത്തിയില്‍ മുഖം ചേര്‍ത്തുനിന്ന് ഒന്നു മുതല്‍ അമ്പതു വരെ കണ്ണു പൊത്തിക്കൊണ്ടെണ്ണും. അതിനകം എല്ലാവരും മുറ്റത്തോരോ ഇടത്തായി ഒളിച്ചു കഴിയും. എണ്ണിക്കഴിഞ്ഞയാള്, ഒളിച്ചവരെയയെല്ലാം കണ്ടു പിടിച്ച് സാറ്റടിക്കണം. ഒളിച്ചിരിക്കുന്നവര്‍, കണ്ടുപിടിക്കാന്‍ നില്‍ക്കുന്നയാളുടെ കണ്ണുവെട്ടിച്ച്, അതിനിടെ സാറ്റടിച്ചെന്നു വരും .സാറ്റടിക്കുന്നവരാണ് ജയിക്കുക.
അമ്മു ഒളിച്ചത് കുട്ടയ്ക്കടിയാലാണ്. ലാവണ്യ ഒളിച്ചത് മരത്തിന്റെ മുകളിലാണ്. പവന് ഒളിച്ചത് വളഞ്ഞുവളരുന്ന തെങ്ങിന്റെ മറവിലാണ് . വയ്ക്കോല്‍ത്തുറുവിന്റെ മറവിലാണ് കൈലാസ് ഒളിച്ചത്. അങ്ങനെയങ്ങനെ ഓരോരുത്തര്.
ഇത്തവണ പേളിയാണ് ഒളിച്ചവരെ കണ്ടുപിടിക്കേണ്ടായാള്.
എണ്ണിക്കഴിഞ്ഞശേഷം അവള് കുറ്റാന്വേഷകയെപ്പോലെ നെറ്റി ചുളിച്ച് ചുറ്റും ചുറ്റും നോക്കി – എവിടെ ആ പത്തുപേര്‍?
അവള് എത്ര നോക്കിയിട്ടും ഒരുത്തരുടെയും തരിപോലും കണ്ടുപിടിക്കാന്‍ പറ്റിയില്ല . എവിടെ പോയി ഒളിച്ചു കേമന്മാരും കേമത്തികളും എന്നന്വേഷിച്ചു ഓടി നടക്കുന്നത് മിന്നല്‍ വേഗത്തിലായിരിക്കണം.
എണ്ണിക്കൊണ്ടിരുന്നിടത്തു നിന്ന് ഒരുപാടു നേരം മാറിയാല്‍, ഒളിച്ചിരിപ്പായവര് ഓരോരുത്തരായി ഒളിയിടത്തില്‍ നിന്നു പുറത്തെത്തി പാഞ്ഞോടിവന്ന്, അവളെണ്ണിക്കൊണ്ടിരുന്നയിടത്ത് സാറ്റടിയ്ക്കും . അതു പാടില്ലല്ലോ. അങ്ങനെ എല്ലാരും വന്ന് സാറ്റടിച്ചാല് പേളി കളിയില്‍ തോല്‍ക്കില്ലേ?

അതിനിടെ പേളിയുടെ പട്ടിക്കുട്ടന് കാസിം അവിടെ രംഗപ്രവേശം ചെയ്തു. അവന് വാലാട്ടി വാലാട്ടി പേളി നടക്കുന്നതിനോപ്പം നടന്നു, അവള് ഓടുന്നതിനൊപ്പം ഓടി.
അവന് അവളുടെ കളിക്കൂട്ടുകാരുമായിട്ടെല്ലാം നല്ല പരിചയമാണല്ലോ. ഓരോരുത്തരം ഒളിച്ചിരിക്കുന്നിടത്തു നിന്ന് അവരോരുത്തരുടെയും മണം കിട്ടാന്‍ തുടങ്ങി അവന്.
അങ്ങനെ മണം പിടിച്ച് അവന് ഓടിച്ചെല്ലുന്നയിടത്ത് ആരെങ്കിലും ഒളിച്ചിരിപ്പുണ്ടാവും . അവരുടെ ഉടുപ്പില്‍ പിടിച്ച് വലിച്ച് അവനവരെ അവരുടെ ഒളിയിടത്തു നിന്നെല്ലാം പുറത്തു കൊണ്ടു വരുകയും അവരുടെ തലവെട്ടം കാണുമ്പോഴേ പേളി സാറ്റടിക്കുകയും ചെയ്തു.
അങ്ങനെ എല്ലാ ഒളിച്ചിരിപ്പുകാരെയും പേളിയും കാസിമും കൂടെ കണ്ടുപിടിച്ചു കളിയില്‍ ജയിച്ചു. അപ്പോ കൂട്ടകാരൊക്കെ പേളിയോട് വഴക്കായി .
ഇക്കളിയില്‍ മനുഷ്യക്കുട്ടികളല്ലേയുള്ളൂ, നായക്കുട്ടി ഇല്ലല്ലോ, പിന്നെന്തിനാ അവനെ കളിയില്‍ ചേര്‍ത്തത്, അവന് മണം പിടിച്ച് ഓരോരുത്തരെയായി കണ്ടുപിടിച്ചതല്ലേ, അതിന്റെ ക്രെഡിറ്റെങ്ങനാ പേളി്ക്കു കിട്ടുക എന്നൊക്കെ ചോദിച്ച് അവരോരുത്തരും കളി മതിയാക്കി ഓരോ മൂലകളില്‍ പോയി പിണങ്ങിയിരുന്നു.
പേളിയുടെ കൂട്ടുകാരൊക്കെ പേളിയോട് പിണങ്ങിയതും പേളിയുടെ മുഖം വാടിയതും അവരുടെ രസം പിടിച്ച കളി നിന്നു പോയതും കാസിം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന് പിന്നെയും ചെന്ന് ഓരോരുത്തരുടെയും ഉടുപ്പില്‍ ചെന്നു വലിച്ച് അവരെയെല്ലാം പേളിയുടെ അടുത്തേക്കു കൊണ്ടുവന്നു .

അവരെയെല്ലാം പിന്നെയും തമ്മില്‍ത്തമ്മില്‍ കൂട്ടാക്കാനുള്ള കാസിമിന്റെ വേല കണ്ട് അപ്പോഴവര്ക്കെല്ലാം ചിരി വന്നു.
അവര്‍ കാസിമിന് ഷേക് ഹാന്‍ഡ് കൊടുത്തു.
കാസിമിനെയും കളിയില്‍ കൂട്ടാന്‍ അവര്‍ തീരുമാനിച്ചു പിന്നീട് .
ഒളിയ്ക്കന്നവരെ കണ്ടുപിടിക്കാനുള്ള സഹായിയാണ് നീ, പേളി എണ്ണുമ്പോള്‍ മാത്രമല്ല ഞങ്ങളിലാരെണ്ണിയാലും നീ ഒളിച്ചിരിക്കുന്നവരെ കണ്ടുപിടിക്കാന്‍ ഒപ്പം കൂടണം കേട്ടോ എന്നു പറഞ്ഞു അവര്‍.
മനസ്സിലായോ എന്നു ചോദിച്ചപ്പോള്‍ അവന് വാലാട്ടി.
നായകള്‍ സമ്മതം പ്രകടിപ്പിയ്ക്കുന്നത് വാലാട്ടിയാണ് എന്ന് പേളി പറഞ്ഞു.
പേളിയാണല്ലോ കാസിമിന്റെ ഉടമസ്ഥ, അവള്ക്കറിയുന്നത്രയും വേറാര്ക്കറിയാന് കാസിമിനെ എന്നോര്‍ത്ത് പേളി പറഞ്ഞതത്രയും ബാക്കി കൂട്ടുകാരെല്ലാം സമ്മതിച്ചു.
ഇനി എണ്ണുന്നത് ലാവണ്യയാണ്. ലാവണ്യ എണ്ണിക്കഴിയുന്നതു വരെ അവള് കാസിമിനെ പിടിച്ചു വച്ചു. അല്ലെങ്കില്‍ ഓരോരുത്തരും ഒളിക്കുമ്പോഴേ തന്നെ കാസിം അവരെ പോയി പിടിച്ചു വലിച്ചു പുറത്തു കൊണ്ടുവന്നാലോ? കാസിമിനുണ്ടോ കളിയിലെ നിയമങ്ങള്‍ അറിയുന്നു? അവന് ഓടിനടന്ന് എല്ലാവരെയും കണ്ടുപിടിക്കുന്ന വിദ്യ മാത്രമല്ലേ അറിയൂ.
ഓരോരുത്തരുടെയും മണം പിടിക്കുന്ന വിദ്യ കാസിമിന്റെ അടുത്തു നിന്ന് പഠിക്കണം, എന്നാല്‍പ്പിന്നെ ഒളിച്ചിരിക്കുന്നവരെ കണ്ടുപിടിക്കലെളുപ്പമാവും – അങ്ങനെയാണ് കുട്ടികള്‍ വിചാരിക്കുന്നത്. പക്ഷേ കാസിമിന് അവരെ പറഞ്ഞുമനസ്സിലാക്കാന്‍ അവന്റെ ‘ബൗ ബൗ; ഭാഷയല്ലേ അറിയുള്ളൂ. അതാണ് കഷ്ടം.
‘ബൗ ബൗ’ ഭാഷ മനുഷ്യക്കുട്ടികളെ പഠിപ്പിക്കുന്ന ഏതെങ്കിലും സ്കൂളുണ്ടോ എന്ന് ഇനി കണ്ടുപിടിക്കണം അതിന് ഗൂഗിളിന്റെ സഹായം തേടേണ്ടിവരും, പേളി കൂട്ടുകാരോട് പറഞ്ഞു.
അവരെല്ലാം അങ്ങനെയൊരു സ്ക്കൂള് സ്വപ്നം കാണാന്‍ തുടങ്ങി.
കാസിമോ, അങ്ങോട്ട് വന്ന ഒരു കോഴിയുടെ പുറകേ അതിനെ പേടിപ്പിച്ചോടിക്കാനും തുടങ്ങി.