അദിതിക്ക് പനി. ചുട്ടുപൊള്ളുന്ന പനി.
അച്ഛനുമമ്മയും പേടിച്ചു. അവര് ടാക്സി വിളിച്ച് അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി.
ഹോസ്പിറ്റലില്‍ ചെന്നാലുടനെ അവിടുത്തെ ഡോക്ടര്‍ അങ്കിള്‍ എന്നെ അവിടെ അഡ്മിറ്റാക്കില്ലേ? അതു കഴിഞ്ഞ് നേഴ്സാന്റി വന്ന് എനിക്ക് ഇന്‍ജക്ഷന്‍ തരും. എനിക്ക് ഇന്‍ജക്ഷന്‍ പേടിയാണ്. അദിതി കരഞ്ഞു അമ്മയുടെ തോളത്തു കിടന്ന്, പനിക്കിടയിലൂടെ.
എല്ലാ പനിക്കുമൊന്നും വേണ്ടി വരില്ല ഇന്‍ജക്ഷന്‍, ചിലത് സിറപ്പു കൊണ്ടും ഗുളിക കൊണ്ടും മാറും, പിന്നെ എല്ലാ ഇന്‍ജക്ഷനും വേദനിപ്പിക്കുകയൊന്നുമില്ല എന്നൊക്കെ പറഞ്ഞു ഡോക്ടറങ്കിള്‍ അവളോട്. അതു കേട്ടപ്പോ അദിതിയ്ക്ക് ഇത്തിരി സമാധാനമായി.
ഒരുറുമ്പു കടിയ്ക്കുന്ന വേദനയേയുണ്ടാവൂ എന്നു പറഞ്ഞ്, ഒരു പട്ടിക്കുട്ടന്റെ കഥ വിസ്തരിക്കുന്നതിനിടയിലൂടെ ഡോക്ടറങ്കിള്‍ അവള്‍ക്കൊരു കുഞ്ഞിൻജക്ഷന്‍ കൊടുത്തു.
വേദനയെടുത്തോ അദിതിക്കുട്ടിയ്ക്ക് എന്നു ചോദിച്ച് ഡോക്ടറവളുടെ കവിളില്‍ തലോടി നിന്നു. ശരിയാണ് അദിതി പേടിച്ചത്രയും വേദനയൊന്നുമുണ്ടായിരുന്നില്ല ഇന്‍ജക്ഷന്.
തന്നെയുമല്ല കഥയിലെ വീരു എന്ന പട്ടിക്കുട്ടന് എന്തു പറ്റിയെന്ന് അറിയണമായിരുന്നു അവള്‍ക്ക്. അസുഖമായി ആശുപത്രിയില്‍ വന്ന പിന്നെ അസുഖം മാറിപ്പോയ ഒരു കുട്ടി, ഡോക്ടറങ്കിളിന് പറഞ്ഞു കൊടുത്തതാണ് വീരുക്കഥ.
ഡോക്ടറങ്കിള്‍ അവളുടെയടുത്തിരുന്ന് വീരു എന്ന പട്ടിക്കുട്ടന്റെ ബാക്കികഥ പറയുന്നതിനിടക്ക് പനി കുറഞ്ഞ് അദിതിയുറങ്ങിപ്പോയി.
അവളുടെ നെറ്റിയില്‍ കനം കുറഞ്ഞ തുണിക്കഷണം ഇളം ചൂടുവെള്ളത്തില്‍ നനച്ച് തോരെതോരെ ഇടാന്‍ അമ്മയോട് പറഞ്ഞേൽപ്പിച്ച്, ഇനി പേടിക്കണ്ട, അവളുണര്‍ന്നെണീയ്ക്കുമ്പോഴേയ്ക്ക് പനി കുറഞ്ഞുകൊള്ളും എന്നമ്മയെയും അച്ഛനെയും ധൈര്യപ്പെടുത്തി ഡോക്ടര്‍ സ്ഥലം വിട്ടു.
അദിതിയുടെ പനിക്കിടപ്പില്‍, വീരു എന്ന പട്ടിക്കുട്ടന്‍ അവളുടെ സ്വപ്നത്തില്‍ തെളിഞ്ഞുവന്നു.
അവന് നല്ല വെളുത്ത നിറമായിരുന്നു.
നിറയെ രോമങ്ങളുണ്ടായിരുന്നു അവന്റെ ദേഹത്ത്.

അമ്മ പനി കുറയാനായി നനഞ്ഞ തുണി നെറ്റിയിലിട്ടു കൊടുക്കുമ്പോഴൊക്കെ അവള്‍ വിചാരിച്ചത് വീരു വന്നവളെ നക്കുകയാണെന്നാണ്.
അങ്ങനെ തോന്നിയപ്പോള്‍ അവള്‍ ഉറക്കത്തില്‍ ചിരിച്ചു.
വീരു നീ ഒരു കുസൃതി തന്നെയാണ്, നീ എങ്ങനെയാണ് ഡോക്ടറുടെ കഥയില്‍ നിന്ന് ഓടിപ്പാഞ്ഞ ഈ ഹോസ്പിറ്റലില്‍ എന്റെയടുത്തു വരെ എത്തിയത് എന്നു ചിരിച്ചു കൊണ്ട് ചോദിച്ചു അവള്‍.
അവളിപ്പോഴും ഡോക്ടറുടെ പട്ടിക്കുട്ടന്‍കഥ കേള്‍ക്കുന്ന മൂഡിലാണെന്നു തോന്നുന്നു എന്നു പറഞ്ഞു അമ്മ.
കുട്ടികള്‍ക്ക് അസുഖം ഒന്നു കുറയുമ്പോള്‍, മരുന്നുകളേക്കാളും ഇന്‍ജക്ഷനുകളേക്കാളും ഗുണം ചെയ്യുക കഥകളാണ് എന്നുപറഞ്ഞു അച്ഛന്‍.
അദിതിയെ ഉറങ്ങാന്‍ വിട്ട് അച്ഛന്‍ പിന്നെ ക്യാന്റീനില്‍ പോയി. അദിതി എഴുന്നേല്‍ക്കുമ്പോള്‍ കുടിക്കാനുള്ള പൊടിയരിക്കഞ്ഞി വാങ്ങാനാണ് അച്ഛന്‍ പോയത്.
അച്ഛന്‍ തിരികെ വന്നപ്പോഴേക്ക് അവള്‍ മിടുക്കിയായി എണീറ്റിരിക്കുകയായിരുന്നു. ഓര്‍ത്തോര്‍ത്തെടുത്ത് വീരുവിന്റെ കഥ, ഡോക്ടര്‍ പറഞ്ഞതപ്പടി അമ്മയെ പറഞ്ഞുകേള്‍പ്പിക്കുകയായിരുന്നു അപ്പോൾ അദിതി.
ഒരു അടുക്കുപാത്രത്തിന്റെ ഒന്നാമത്തെ തട്ടിലായിരുന്നു കഞ്ഞി. രണ്ടാമത്തെ തട്ടില്‍ മാങ്ങാച്ചമ്മന്തിയും മൂന്നാമത്തെ തട്ടില്‍ ചുട്ടപപ്പടവും ഉണ്ടായിരുന്നു. കഞ്ഞിയില്‍ അമ്മ ഇത്തിരി ഉപ്പിട്ടു. എന്നിട്ട് കഞ്ഞി ആറാനായി ഒരു പ്‌ളേറ്റില്‍ വിളമ്പി.
കഞ്ഞി കുടിക്കാനായി ഈര്‍ക്കില്‍ കുത്തിയുണ്ടാക്കിയ ഒരു പ്ളാവിലക്കുമ്പിളും അച്ഛന്‍ ആശുപത്രിമുറ്റത്തുനിന്ന് സംഘടിപ്പിച്ചകൊണ്ടുവന്നിരുന്നു.
പ്ലാവിലക്കുമ്പിള്‍ അതുവരെ കണ്ടിട്ടേയുണ്ടായിരുന്നില്ല അദിതി. മയിലാഞ്ചിയിടുമ്പോള്‍ അദിതിയുടെ കൈയിനു വരുന്ന ഓറഞ്ച് നിറമില്ലേ, ആ നിറമായിരുന്നു പ്ലാവിലക്കുമ്പിളിന്.

പ്ലാവിലക്കുമ്പിളില്‍ കഞ്ഞി കുടിക്കുന്നതെങ്ങനെയെന്ന് അച്ഛനവള്‍ക്ക് കാണിച്ചു കൊടുത്തു.
കഞ്ഞിയില്‍ ചമ്മന്തി മിക്‌സ് ചെയത് അവളത് പ്ലാവിലക്കുമ്പിളില്‍ രസിച്ചു രസിച്ചു കോരിക്കുടിച്ചു.
ഇടയ്ക്ക് പപ്പടം ഒന്നു കടിച്ചു. അങ്ങനെ കഞ്ഞി കുടി കഴിഞ്ഞു.
വീട്ടിലേക്ക് പോകും മുമ്പ ഡോക്ടറിങ്കിള്‍, അദിതിയുടെ പനി കുറഞ്ഞോ എന്നു നോക്കാന്‍ വരും എന്നു പറഞ്ഞു നേഴ്‌സാന്റി.
ഡോക്ടറങ്കിള്‍ പറഞ്ഞുകൊടുത്ത കഥയിലെ വീരു എന്ന പട്ടിക്കുട്ടന്‍, ഇപ്പോ എന്തു ചെയ്യുകയാവും എന്ന് അമ്മയോടന്വേഷിച്ചു അവള്‍.
അവനിപ്പോള്‍ രാത്രിഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ പാകത്തില്‍ ആകാശത്തെ നക്ഷത്രങ്ങളെയും നോക്കി ചുരുണ്ടുകൂടിക്കിടക്കുകയാവും എന്നു പറഞ്ഞു അമ്മ.
അല്ലല്ല, ഡോക്ടറങ്കിള്‍ കഥ പറഞ്ഞു കൊടുക്കുന്ന അദിതി എന്ന ആശുപത്രിക്കുട്ടിയുടെ പനി മാറിക്കാണുമോ എന്നാവും അവനാലോചിക്കുന്നത് എന്നു പറഞ്ഞു, അപ്പോ ഡോക്ടറങ്കിള്‍ കയറി വന്നു ചിരിച്ചു കൊണ്ട്.
അദിതി കട്ടിലില്‍ എണീറ്റിരുന്നു. ഉഷാറായല്ലോ അദിതിക്കുട്ടി എന്ന് അവളുടെ നെഞ്ചില്‍ സ്‌റ്റെതസ്‌ക്കോപ്പ് വച്ച പറഞ്ഞു ഡോക്ടറങ്കിള്‍.
നാളെ ഡോക്ടറങ്കിള്‍ വരുമ്പോള്‍, എന്റെ പനി മാറ്റിയതിന് ഒരു സമ്മാനം തരുന്നുണ്ട് ഞാന്‍ എന്നു പറഞ്ഞു അദിതി.
എന്താ സമ്മാനം എന്ന് ഡോക്ടറങ്കിളിന് അപ്പോ ആകാംക്ഷ വന്നു. വീരുവിന്റെ ബാക്കികഥ ഇന്നുറക്കത്തില്‍ ആലോചിച്ചു വച്ച് നാളെ പറഞ്ഞു തന്നാല്‍ അത് നല്ലൊരു സമ്മാനമാവില്ലേ ഡോക്ടറങ്കിളേ എന്നു ചോദിച്ചു അദിതി.
പിന്നില്ലാതെ, ഇന്‍ജക്ഷന്റെ വേദന അറിയാതിരിക്കാന്‍ അടുത്ത പനിക്കുട്ടിക്ക് കഥ പറഞ്ഞു കൊടുക്കാന്‍ നേരം കഥ തപ്പി അലഞ്ഞു തിരിയേണ്ടിവരില്ലല്ലോ എനിക്ക് എന്നു പറഞ്ഞു ഡോക്ടറങ്കിള്‍ അവളുടെ കവിളില്‍ തലോടി.
അച്ഛനെക്കൊണ്ട് വേറൊരു പ്ലാവിലക്കുമ്പിളും ഉണ്ടാക്കിച്ചു വച്ചിരുന്നു അദിതി. അതും അവള്‍ സമ്മാനമായി ഡോക്ടറങ്കിളിന് കൊടുത്തു. പ്ലാവിലക്കുമ്പിളും പോക്കറ്റിലിട്ട്, ഇന്ന് കഞ്ഞി കുടിച്ചിട്ടു തന്നെ കാര്യം എന്നു പറഞ്ഞ് ആശുപത്രിയില്‍ നിന്നിറങ്ങി കാറില്‍ കേറി പോകുന്ന ഡോക്ടറങ്കിളിനെ അദിതി കണ്ണിമയ്ക്കാതെ നോക്കിനിന്നു.
വലുതാവുമ്പോള്‍, വയ്യാത്ത കുട്ടികള്‍ക്ക് മരുന്നിനൊപ്പം കഥ പറഞ്ഞു കൊടുക്കുന്ന ഡോക്ടറാവണം – അദിതി മനസ്സിലുറപ്പിച്ചു.
പന്നെ അവള്‍ വീരുവിന്റെ ബാക്കി കഥ, ഡോക്ടര്‍ക്കുള്ള സമ്മാനമായി ആലോചിക്കാന്‍ തുടങ്ങി.