scorecardresearch

ദുശ്ശാഠ്യക്കാരനായ ബ്രൗണ്‍ പൂച്ച

“പക്ഷേ, പിന്നെ മിക്കി വന്നേയില്ല സുദീപ്തയുടെ വീട്ടിലേക്ക്. അവന്‍ ഗേറ്റില്‍ വന്നു നിന്ന് അകത്തേക്കു നോക്കും, മ്യാവൂ എന്നു ഒച്ചവെയ്ക്കും. അതു കേട്ട് സുദീപ്ത ചെന്നവന് പപ്പടം കൊടുക്കും.” പ്രിയ എ എസ് എഴുതിയ കഥ

ദുശ്ശാഠ്യക്കാരനായ ബ്രൗണ്‍ പൂച്ച

നമ്മുടെ തടിയന്‍ ബ്രൗണ്‍ പൂച്ചയ്ക്ക് പ്രത്യേകിച്ചൊരു വീടുണ്ടായിരുന്നില്ല. ഗ്രെയ്സ് ഗാര്‍ഡന്‍സ് കോളനിയിലെ പലപല വീടുകളെ ആശ്രയിച്ചാണ് അവന്‍ കഴിഞ്ഞു വന്നിരുന്നത്.

രാവിലെ പാല്‍ ഒരിടത്തു നിന്ന്, ദോശ മറ്റൊരിടത്തുനിന്ന്, ചോറും മീനും വേറൊരിടത്തുനിന്ന്, രാത്രിഭക്ഷണം നാലാമതൊരിടത്തുനിന്ന് – അങ്ങനെ അലഞ്ഞു തിരിഞ്ഞാണ് അവന്‍ ജീവിച്ചിരുന്നത്.

എല്ലാ വീടുകളിലും കുട്ടികളുണ്ടല്ലോ, അവര്‍ക്കൊക്കെ അവനെ ഇഷ്ടമായിരുന്നു.

അവരവനെ എടുത്തു കൊഞ്ചിക്കുകയും ലാളിക്കുകയും ചെയ്തിരുന്നു. ഓരോ കുട്ടിയും അവനെ ഓരോരോ പേരാണ് വിളിച്ചിരുന്നത്.

പിങ്ക് വീട്ടിലെ ബാലു അവനെ പീതാംബരന്‍ എന്നു വിളിച്ചാണ് താലോലിച്ചിരുന്നത്. ഇഷ്ടിക നിറമുള്ള താരാവീട്ടിലാണ് സുദീപ്ത.

അവളവന് മിക്കി എന്നാണ് പേരിട്ടിരുന്നത്. വെള്ളവീട്ടിലെ കല്യാണിക്ക് അവന്‍ കുഞ്ഞു ആയിരുന്നു. മൂന്നു നില വീട്ടിലെ നീലു, അവനെ പങ്കു എന്നാണ് ഓമനിച്ചു വിളിച്ചിരുന്നത്.

താരാ വീട്ടിലെ സുദീപ്തയ്ക്കായിരുന്നു അവനെ ഏറ്റവുമിഷ്ടം. അവള്‍ക്കവന്റെ ഇഷ്ടവും അനിഷ്ടവുമൊക്കെ നന്നായറിയാമായിരുന്നു. അവന് പപ്പടമാണേറ്റവുമിഷ്ടമെന്ന് എല്ലാ വീട്ടുകാരിലും വച്ച് അവള്‍ക്കു മാത്രമേ മനസ്സിലായിട്ടുണ്ടായിരുന്നുള്ളൂ. അവളവനെ എടുത്തു തോളത്തു വച്ചാണ് ഗാര്‍ഡനിലെ ചെടി നനയ്ക്കുമായിരുന്നത്.

വെള്ളത്തുള്ളി ചെടികളില്‍ വീഴുമ്പോള്‍ പല തരം പ്രാണികള്‍ ചെടികളില്‍ നിന്ന് പറന്നു പൊങ്ങും. അവയെ ചാടി പിടിച്ച് തട്ടിത്താഴെയിട്ട് കരുമുരും എന്നു തിന്നു രസിക്കുമായിരുന്നു അവന്‍.

അവന് സുദീപ്തയുടെ അച്ഛന്റെ ചുവന്ന കാറിന്റെ മുകളില്‍ കയറിക്കിടക്കാനും സുദീപ്തയുടെ അപ്പൂപ്പന്റെ ചാരുകസേരയില്‍ ചുരുണ്ടു കൂടി കിടക്കാനും വലിയ ഇഷ്ടമാണ്.

priya as , childrens stories, iemalayalam

അവനാ ചുവന്ന കാറിന്റെ മുകളില്‍ കയറി നീണ്ടുനിവര്‍ന്നു കിടക്കുന്നതു കണ്ടാല്‍ത്തോന്നും അവനാണ് അതിന്റെ ഉടമസ്ഥനെന്ന്.

എണീയ്ക്കെടാ, അച്ഛന് വണ്ടി സ്റ്റാര്‍ട്ടു ചെയ്യണ്ടേ? നീയിങ്ങനെ രാജാവിനെപ്പോലെ കിടന്നാലെങ്ങനെയാ? നീ ഒന്നെണീറ്റ് മാറ്. എന്ന് സുദീപ്ത വിളിച്ചു പറയുമ്പോള്‍ അവനൊന്നു പതുക്കെ അനങ്ങും, അങ്ങനെയൊക്കെ യാണോ കാര്യങ്ങള്‍? ഞാന്‍ ശരിക്കും എണീറ്റു മാറണോ എന്നു ചോദിക്കുമ്പോലെ.

അച്ഛന്‍ കാറ് ഓടിക്കുമ്പോള്‍ നീ തെറിച്ച് താഴെ വീഴും, വീണ് നിന്റെ നടുവൊടിയും, പിന്നെ എനിക്ക് നോവുന്നേ എന്നു കരഞ്ഞു വിളിച്ചു നടക്കാനേ നേരം കാണു നിനക്ക് എന്ന് അവള്‍ അവന് മുന്നറിയിപ്പു കൊടുത്തപ്പോള്‍ അവന്‍ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് താഴെ വച്ചിരുന്ന ബിഗോണിയ ചെടിച്ചട്ടിയിലേയ്ക്ക് ഒറ്റച്ചാട്ടം.

അവന്റെ ഭാരം കാരണം ബിഗോണിയയുടെ ഒന്നു രണ്ട് ഇല ഒടിഞ്ഞതു കണ്ട് സുദീപ്തയ്ക്ക് ശരിക്കും ദേഷ്യമായി. അവളവനെ വഴക്കു പറഞ്ഞപ്പോള്‍, സോറി, ഇനി ഞാനങ്ങനെ ചാടില്ല ചെടിച്ചട്ടിയിലേക്ക്. മുറ്റത്തെ പുല്ലിലേക്കേ ചാടൂ ഞാനിനി എന്നു പറയുമ്പോലെ അവന്‍ തല താഴ്ത്തി നില്‍ക്കുന്നതു കണ്ട് അവള്‍ക്ക് ചിരി വന്നു.

പക്ഷേ, അപ്പൂപ്പന്റെ ചാരുകസേരയില്‍ അവന്‍ ഇടം പിടിക്കുന്നത് അവളുടെ അപ്പൂപ്പനിഷ്ടമല്ല. ആ അഹങ്കാരിപ്പൂച്ചയ്ക്ക് വേറെ എവിടെയും സ്ഥലം കിട്ടിയില്ലേ കിടക്കാന്‍? എന്റെ കസേര തന്നെ വേണം അതിന് അല്ലേ? ആ പൂച്ച എപ്പഴും കിടന്നു കിടന്ന് നിറയെ പൂച്ചരോമം ആണ് എന്റെ കസേരയില്‍ എന്നാണ് അപ്പൂപ്പന്റെ പരാതി.

പൂച്ച വന്നു കിടക്കാതിരിക്കാനായി, തന്റെ ഉപയോഗം കഴിഞ്ഞാല്‍ അപ്പൂപ്പനീയി ടെയായി ചാരു കസേര മടക്കിവയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അപ്പൂപ്പനവനെ ഘടോൽക്കചന്‍ എന്നാണ് വിളിയ്ക്കുന്നത്. മഹാഭാരതത്തിലെ ഭീമന്റെ മകനാണ് ഘടോൽക്കചന്‍. നല്ല തടിമിടുക്കുണ്ട് ഘടോൽക്കചനെപ്പോലെ ഇവനും എന്നാണ് അപ്പൂപ്പന്‍ പറയുന്നത്.

ഇന്നാള് അവനൊരു അബദ്ധം പറ്റിയതറിയണോ ? അവനങ്ങനെ കുറേദിവസം കറങ്ങിത്തിരിഞ്ഞു വന്നു നോക്കുമ്പം ചോന്ന കാറില്ല മുറ്റത്ത്. എവടെപ്പോയതാ നമ്മടച്ഛന്റെ കാറ് എന്നു ചോദിക്കുമ്പോലെ അവന്‍ തലയുലര്‍ത്തി നിന്നു കുറേനേരം.

സുദീപ്ത കഥാപ്പുസ്തകം വായിക്കുന്നതില്‍ മുഴുകി ഇരിക്കുകയായിരുന്നതു കൊണ്ട് അവന്റെ നില്‍പ്പും നോട്ടവും അവള്‍ കണ്ടില്ല. വല്ല ടൂറും പോയതായിരിക്കും അച്ഛന്‍ എന്നു വിചാരിച്ച് അവന്‍ കാര്‍ഷെഡില്‍ കയറിക്കിടന്നു.

അവിടങ്ങനെ കിടന്നാല്‍ അച്ഛനും ചുവന്ന കാറും വരുന്നത് ദൂരെ നിന്നേ കാണാം. അലസമായി നീണ്ടുനിവര്‍ന്നു കിടക്കാനായി ചോന്ന കാറിന്റെ മുകള്‍ഭാഗം മാത്രം കിട്ടിയാല്‍ മതിയെന്ന മട്ടാണവന് എന്നു പറഞ്ഞു കൊണ്ട് അമ്മ ആ വഴിയേ പോയപ്പോഴാണ് സുദീപ്ത അവനെ കാണുന്നത്.

അവളപ്പോ അവനെ വാരിയെടുത്തു മടിയില്‍ വച്ചു. എന്നിട്ട് പറഞ്ഞു. ഇനി ചുവപ്പു കാറില്ല കേട്ടോ ഈ വീട്ടില്‍. ഇനി കറുത്ത കാറാണ്. നമ്മള് ചുവന്ന് കാറ് വിറ്റ് കൂടുതല്‍ വലിയ കറുത്ത കാറ് വാങ്ങുകയാണ്.

priya as , childrens stories, iemalayalam


അവനത് മനസ്സിലായതു പോലെ ചാടിയെഴുന്നേറ്റ്, തീരെ വിശ്വാസം വരാത്ത മട്ടില്‍ അവളെ നോക്കിനിന്നു.

അപ്പോഴുണ്ട് ദാ വരണു അച്ഛനും പുതിയ കാറും. അമ്മയും അപ്പൂപ്പനുമൊക്കെ അകത്തുനിന്നു വന്നു പുതിയ കാറ് കാണാന്‍. അതിനിടെ സുദീപ്ത നമ്മുടെ തടിയന്‍ പൂച്ചയെയെടുത്ത് കാറിനകത്തിരുത്തി കാറിന്റെ ഓരോ പ്രത്യേകതയും വിശദീകരിച്ചു കൊടുത്തു.

ഒട്ടും ഇഷ്ടപ്പെടാത്ത മട്ടി്ല്‍ അവന്‍ പാഞ്ഞു വേറേതോ വീട്ടിലേയ്ക്ക്. അവനിഷ്ടമായില്ല ഈ കറുത്ത നിറം എന്നു തോന്നണു അച്ഛാ എന്നു പറഞ്ഞു ചിരിച്ചു സുദീപ്ത.

അച്ഛന്‍ ചായ കുടിച്ച ശേഷം അവരെല്ലാവരും കൂടി പുതിയ കാറില്‍ ഒരു ഡ്രൈവിനു പോയി.

നമ്മള്‍ തിരിച്ചു വരുമ്പോള്‍, ഘടോൽക്കചന്‍ എത്തിയിട്ടുണ്ടാവും പുതിയ കാറിന്റെ മുകളില്‍ കിടക്കാന്‍ എന്നുറപ്പു പറഞ്ഞു അപ്പൂപ്പന്‍.

പക്ഷേ, പിന്നെ മിക്കി വന്നേയില്ല സുദീപ്തയുടെ വീട്ടിലേക്ക്. അവന്‍ ഗേറ്റില്‍ വന്നു നിന്ന് അകത്തേക്കു നോക്കും, മ്യാവൂ എന്നു ഒച്ചവെയ്ക്കും.

അതു കേട്ട് സുദീപ്ത ചെന്നവന് പപ്പടം കൊടുക്കും. അവളവനെ എടുത്തകത്തേയ്ക്കു കൊണ്ടു വന്നാലും അവനവളുടെ കൈയില്‍ നിന്നു കുതറിച്ചാടിപ്പോവും. കാറിനു പകരം എന്റെ ചാരുകസേരയില്‍ വന്നു കിടന്നോളൂ ഇത്തിരി നേരം എന്നപ്പൂപ്പന്‍ വിളിച്ചിട്ടും അവന്‍ വന്നില്ല.

അവനിപ്പോ സുദീപ്തയുടെ ഗേറ്റില്‍ വരുന്നതും കുറവാണ്. ബാക്കി വീടുകളിലും അവന്‍ കുറവായേ വരാറുള്ളൂ എന്ന് സുദീപ്തയുടെ കൂട്ടുകാര്‍ പറഞ്ഞു. അവനാ ചുവന്ന കാര്‍ തിരക്കി നടക്കുകയാവും. അവന് കിടക്കാന്‍ അതിന്റെ മുകള്‍ഭാഗം കൂടിയേ തീരൂ എന്ന മട്ടിലായിരിക്കും അവന്‍ ചിന്തിക്കുന്നത്. എന്തൊരു ദുശ്ശാഠ്യക്കാരനായ പൂച്ച അല്ലേ?

Read More: പനിയും കഥയും പ്ലാവിലക്കുമ്പിളും

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories paniyum dushaddyakkaranaya brown poocha