അളകയ്ക്ക് ഒരു തൂവല്‍ കിട്ടി.
അവളുടെ മുറിയുടെ ജനലിന്റെ പടിയില്‍ വീണുകിടപ്പായിരുന്നു തൂവല്‍.
ഇതാര് കൊണ്ടുവന്നിട്ടു – അവളമ്പരന്നു.
ജനലിനടുത്തു കൂടി ഏതോ പൂവിലേക്ക് പറന്നു പോയ ഒരു ചോന്ന ചിത്രശലഭത്തിനോട് അവളാ ചോദ്യം ഉറക്കെച്ചോദിച്ചു.
ഏതെങ്കിലും കിളിയാവും. കിളികള്ക്കല്ലാതെ വേറെ ആര്‍ക്കാണ് തൂവലുള്ളത്? ചിത്രശലഭം പറക്കല്‍ നിര്‍ത്താതെ, അവളെ തിരിഞ്ഞൊന്ന് നോക്കാതെ മറുപടി പറഞ്ഞു.
ശരിയാണല്ലോ കിളികള്ക്കല്ലാതെ മനുഷ്യര്‍ക്കോ പൂച്ചയ്ക്കോ പട്ടിയ്ക്കോ ചിത്രശലഭത്തിനോ ഒന്നും തൂവലില്ലല്ലോ, ഇല്ലാത്ത തൂവല്‍ പൊഴിക്കാനും പറ്റില്ലല്ലോ ആര്‍ക്കും എന്ന അളക സ്വയം ചിരിച്ചു കൊണ്ട് ജനാലയ്ക്കലങ്ങനെ തൂവലും എടുത്തു പിടിച്ചു കൊണ്ട് ഒരു നില്‍പ്പുനിന്നു.
അവളുടെ ആ നില്പ്പു കണ്ട് ഒരു കാക്കച്ചാര് കൊത്തിപ്പെറുക്കലും ചിക്കിച്ചികയലും നിര്‍ത്തി അവളുടെ അടുത്തേയ്ക്ക് ചാഞ്ഞുനില്ക്കുന്ന ഒരു മാവിന് കൊമ്പില്‍ വന്നിരുന്നവളെ ചരിഞ്ഞുനോക്കി.
കാക്കച്ചാര് ചോദിച്ചു “എന്താ പ്രശ്നം അളകക്കുട്ട്യേ? അമ്മ വഴക്കു പറഞ്ഞോ? അതോ ഇന്നലെ രാത്രിയില്‍ കണ്ട സ്വപ്നം, ഇന്നുണര്ന്നപ്പോഴേയ്ക്ക് മറന്നുപോയോ? അതോ ചുവന്ന കളര്‍ പെന്‍സില്‍ കാണാനില്ലേ?”

“ഏയ്, അതൊന്നുമല്ല കാക്കച്ചാരേ പ്രശ്നം,” എന്നു പറഞ്ഞ് അവൾ കൈയിലിരുന്ന തൂവല്‍ പൊക്കിക്കാണിച്ചു ചോദിച്ചു.
“ഞാനുണര്‍ന്ന് ജനല്‍ തുറക്കാന്‍ വന്നപ്പോഴുണ്ട് ജനല്‍പ്പടിമേല്‍ ഒരു തൂവല്‍. ഇതാരുടെ തൂവലാണ്? ഇതാരാവും ഇവിടെ കൊണ്ടിട്ടത്? ഞാനക്കാര്യം ആലോചിക്കുവാണ്.”
അതും പറഞ്ഞ് അവള് കാക്കച്ചാരുടെ അടുത്തേയ്ക്ക് തൂവല്‍ നീട്ടി. കാക്കച്ചാര് മരക്കൊമ്പില്‍ നിന്ന് താഴേയ്ക്ക് പറന്ന് അവളുടെ കൈയില്‍ നിന്നതു കൊക്കു കൊണ്ടതെടുത്ത് തിരിച്ചും മറിച്ചും നോക്കി.
എന്നിട്ട് വിജയഭാവത്തില്‍ പറഞ്ഞു, “ഇത് നമ്മുടെ വണ്ണാത്തിപ്പുള്ളിന്റെ തൂവലല്ലേ? കറുപ്പും വെള്ളയും നിറത്തിലെ കോമ്പിനേഷന്‍ കണ്ടാലറിയില്ലേ?”
‘കോമ്പിനേഷന്‍’ എന്ന ഇംഗ്ളീഷ് വാക്കൊക്കെ കാക്കച്ചാര് നിഷ്പ്രയാസം ഉപയോഗിക്കുന്നതു കേട്ട് അത്ഭുതപ്പെട്ടുപോയി അളക. അവള് ചോദിച്ചു “നീ എവിടുന്നാ ഇംഗ്ളീഷൊക്കെ പഠിച്ചത്?”
മനുഷ്യരുടെ മുറ്റത്തുകൂടി കറങ്ങി നടക്കലല്ലേ ഏതുനേരവും എന്റെ പണി. അവര്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ കണ്ടാ ഞാനോരോന്നു പഠിക്കുന്നത്. പക്ഷേ മനുഷ്യര്‍ ചെയ്യുന്ന ചീത്തക്കാര്യങ്ങളൊന്നും ഞാന്‍ അനുകരിക്കാറില്ല. വഴിയിലെവിടെയെങ്കിലും ആരെങ്കിലും ഊരിയിട്ട മാസ്ക്കൊക്കെ കണ്ടാല്‍ അത് കൊത്തിയെടുത്ത്, പൊതുവഴിയിലെ വെയ്സ്റ്റ് ബിന്നിലിടുന്ന കാക്കയുടെ പടം ഇന്നാള് വാട്സ് ആപ്പില്‍ വന്നില്ലേ? അതു ഞാനായിരുന്നു. എനിക്ക് നല്ല വിവരമുണ്ട്. ചിലപ്പോ മനുഷ്യരേക്കാളും നല്ല വിവരമുണ്ട് . വിവരമുള്ള മനുഷ്യരാരെങ്കിലും, ഉപയോഗിച്ച മാസ്ക് വഴിയിലെറിഞ്ഞു കളയുമോ? ഇല്ലല്ലോ.”

കാക്കച്ചാരുടെ പ്രസംഗത്തിനിടയില്‍ കയറി അളക പറഞ്ഞു “നീ ഒരു പൊന്നാരക്കാക്കതന്നെ. സമ്മതിച്ചു. പക്ഷേ ഇപ്പോ നീ എനിക്കിത് പറഞ്ഞു താ, എന്തിനാ വണ്ണാത്തിപ്പുള്ള് ഈ തൂവല്‍ കൊണ്ടുവന്ന് ഇവിടെ ഈ ജനലിലിട്ടത്?”
കാക്കച്ചാര് ഉണ്ടക്കണ്ണ് ഒന്നു കൂടി ഉരുട്ടി ഇത്തിരി നേരം ആലോചിച്ചു. എന്നിട്ട് താഴോട്ടും മുകളിലോട്ടും ഒക്കെ ചിറകടിച്ചു.പെട്ടെന്നൊരൈഡിയ കിട്ടിയതു പോലെ അവളൊന്ന് ജനാലമുകളിലേക്കു പറന്നു.
എന്നിട്ട് മുകളിലേക്ക് പറന്ന അതേ വേഗത്തില്‍ താഴേയ്ക്ക് വന്ന് ജനല്പ്പടിയിലിരിപ്പായി. എന്നിട്ട് പറഞ്ഞു “അതേ നിന്റെയീ ജനലിന്റെ മുകളിലെ വെന്റിലേറ്ററില്‍ വണ്ണാത്തിപ്പുള്ള് കൂട് കെട്ടുന്നുണ്ട്. കുറേ ചകിരിയും നാരും കമ്പും കോലുമൊക്കെ ശേഖരിച്ചു കൊണ്ടുവന്ന് അവള് ദാ, അവിടെ കൂടിന്റെ പണി തുടങ്ങിക്കഴിഞ്ഞു. അവള് ദാ ഇവിടെ ഭയങ്കര പണിത്തിരക്കിലാണ്. കൂടു കെട്ടി അവളതില്‍ മുട്ട ഇടും. അപ്പോ നീ അവളെ ഒച്ചവെച്ച് ഉപദ്രവിക്കരുത്, ഇവിടുന്ന് പോ കിളീ നിന്റെ കൂടും മുട്ടയുമൊക്കെ എടുത്തോണ്ട എന്നു പറയരുത് എന്നെല്ലാം അവള് പറയുകയാണ് നിനക്ക് ഒരു തൂവല്‍ സമ്മാനം തന്നതിലൂടെ.”
“ഞാനൊരു മോശം കുട്ടിയാണെന്നാണോ വണ്ണാത്തിപ്പുള്ള് വിചാരിച്ചിരിച്ചിരിക്കുന്നത്?”
അളകയ്ക്ക് അങ്ങനെ ആലോചിച്ചപ്പോള്‍ സങ്കടം വന്നു.
അളക കാക്കച്ചാരോട് പറഞ്ഞു, “ഈ തൂവല്‍ തന്നതിന് ഒരുപാട് താങ്ക് യു എന്ന് നീ ഒന്ന് ആ വെന്റിലേറ്ററോളം ചെന്ന് പറയാമോ വണ്ണാത്തിപ്പുള്ളിനോട്? മുട്ടയിടാന്‍ കൂട് തയ്യാറാക്കുന്ന അവളെയും അവളിടാന്‍ പോകുന്ന മുട്ടകളെയും മുട്ട വിരിഞ്ഞ് പുറത്തുവരാന്‍ പോകുന്ന കിളിയെയും ഞാനൊരിക്കലും ഉപദ്രവിക്കുകയില്ലെന്നും കൂടി പറയണേ.”
കാക്കച്ചാര് ഉടനെ മുകളിലേക്ക് പറന്നു. എന്നിട്ട് തിരികെ വന്നപ്പോഴോ, ദാ കൂടെയുണ്ട് വണ്ണാത്തിപ്പുള്ള്.
വണ്ണാത്തിപ്പുള്ള് അളകയോട് മിണ്ടാനെന്ന ഭാവത്തില്‍ ജനല്പ്പടിമേലിരുന്നു.

ഉള്ളിലുള്ള മുട്ട കാരണം അവളുടെ വയര്‍ വീര്‍ത്തിരുന്നു. അളക വിരല്‍ നീട്ടി അവളുടെ മുട്ട വയറ് അരുമയായി തൊട്ടുനോക്കി .
എന്നിട്ട് അവളെ സ്നേഹത്തോടെ വിളിച്ചു “അമ്മക്കിളീ.”
വണ്ണാത്തിക്കിളി, അളക നീട്ടിയ കൈയില്‍ പറന്നിരുന്നു.
മുട്ട വിരിഞ്ഞ് കിളിക്കുഞ്ഞുങ്ങള്‍ ‘ക്വീ… ക്വീ… ക്വീ…’ എന്നു ശബ്ദമുണ്ടാക്കി പുറത്തു വരുമ്പോള്‍ ഞാനവര്‍ക്ക് കഴിയ്ക്കാന്‍ ഓരോന്നൊക്കെ കൊണ്ടുവന്നു വയ്ക്കാമേ ഈ ജനല്‍പ്പടിയില്‍ എന്നു പറഞ്ഞു അളക.
മുട്ടക്കിളി, അളകയുടെ കൈയിലിരുന്ന് കുഞ്ഞിക്കണ്ണു വിടര്‍ത്തി അളകയെ നോക്കി, ‘നീ എന്തൊരു നല്ല കുട്ടിയാണ്…’ എന്നു പറയുമ്പോലെ.
വണ്ണാത്തിക്കിളിയെയും അളകയെയും തമ്മില്‍ പരിചയപ്പെടുത്തി കഴിഞ്ഞതോടെ കാക്കച്ചാര് തിരികെ ചിക്കിച്ചികയലിലേയ്ക്കു തിരിച്ചു പോയി.
അളക, കാക്കച്ചാരോട് താങ്ക് യു പറഞ്ഞു . പിന്നെ തിന്നാനൊരു പപ്പടവും ഇട്ടു കൊടുത്തു.
കാക്കച്ചാരില്ലെങ്കില് പിന്നെങ്ങനെ കൂട്ടായേനെ അവള്, അമ്മവണ്ണാത്തിക്കിളിയോട് അല്ലേ?