ചൂടുകാലമല്ലേ, കുഞ്ഞിക്കുരുവിക്ക് ദാഹിച്ചു.
എവിടെയും കാണാനില്ല ഒരിത്തിരി വെള്ളം. എന്തു ചെയ്യും?
ഗ്രാമങ്ങളിലായിരുന്നെങ്കില്‍ നിറയെ കുളങ്ങളും തോടുകളും കണ്ടേനെ. ഇതിപ്പോ നഗരമല്ലേ? നഗരങ്ങളിലെവിടെയാണ് കുളങ്ങളും തോടുകളും? നിറയെ ഫ്ളാറ്റുകളല്ലേ സിറ്റികളില്‍?
അവിടവിടെ ചില കിണറുകള്‍ കാണാം. അതിലെയൊക്കെ വെള്ളം വറ്റിത്തുടങ്ങി. തന്നെയുമല്ല അതൊക്കെ ചപ്പുചവറുകള്‍ വീഴാതിരിക്കാന്‍ പാകത്തില്‍ നെറ്റിട്ട് മൂടിയിരിക്കുകയാണ്. ഇനി അഥവാ അതില്‍ വെള്ളമുണ്ട്, നെറ്റിട്ടിട്ടുമില്ല എങ്കില്‍ത്തന്നെ കിണറാഴത്തോളം പോയി വെള്ളം കുടിക്കാനാവുമോ പക്ഷികള്‍ക്ക്?
കുഞ്ഞിക്കുരുവി അവിടവിടെക്കണ്ട ടാപ്പുകളിലൊക്കെ പോയി പരിശോധിച്ചു, ഒരു തുള്ളി വെള്ളമെങ്ങാനും വരുന്നുണ്ടോ?
ഇല്ലെന്നു കണ്ട് കുരുവി ആകെ നിരാശയായി. അവള് ദാഹം കൊണ്ട് ആകെ വാടിത്തളര്‍ന്നിരുന്നു. ഒന്നു ചിറകനക്കിപ്പറക്കാന്‍ പോലുമാകാതെ ക്ഷീണിച്ച് അവള് ഒരിടത്ത് കൂനിയിരിപ്പായി.
അപ്പോഴാണ് കൃതിക സ്കൂള്‍ വിട്ട് വീട്ടിലേക്ക് വന്നതും വരും വഴിയേ കുഞ്ഞിക്കുരുവിയെ കണ്ടതും. അവള് നോക്കുമ്പോഴുണ്ട് കുരുവിക്ക് ആകപ്പാടെയൊരു വയ്യായ്ക.
അവള് കുഞ്ഞിക്കുരുവിയുടെ അടുത്തു വന്ന് കുനിഞ്ഞു നിന്ന് അവളെ തലോടി.
എന്നിട്ട് ചോദിച്ചു, നിനക്ക് വയ്യേ, പനിയാണോ?
അവള് കുരുവിയുടെ നെറ്റിയില്‍ കൈ വച്ചു നോക്കി.

പനിച്ചൂടൊന്നുമില്ല എന്നു കണ്ടപ്പോള്‍ കൃതിക വിചാരിച്ചു, അവള്‍ക്ക് വിശക്കുന്നുണ്ടാവും. ഇന്നൊന്നും കഴിച്ചുകാണില്ല, അവള് വീട്ടിനകത്തേക്ക് ഓടിപ്പോയി. യൂണിഫോം പോലും മാറാന്‍ നില്‍ക്കാതെ ഒരു പാത്രത്തില്‍ അരിമണികളും മറ്റൊരു പാത്രത്തില്‍ കുറച്ചു വെള്ളവുമായി അവള് പെട്ടെന്ന് തിരികെ വന്നു.
അവളാദ്യം നീട്ടിയത് അരിമണികളാണ്. കുരുവി അത് തൊടുന്നുകൂടിയില്ല എന്നു കണ്ട് അവള് ചോദിച്ചു. എന്നാപ്പിന്നെ നിനക്ക് ദാഹിക്കുന്നുണ്ടാവും, അതായിരിക്കും നിന്റെ ക്ഷീണത്തിന്റെ കാര്യം, അല്ലേ?
വെള്ളം കണ്ടതും കുരുവിയുടെ കണ്ണുകള്‍ തിളങ്ങി. അവള് ആ വെള്ളപ്പാത്രത്തിലേക്ക് കൊക്കു താഴ്ത്തി വേഗം വേഗം ആര്‍ത്തി പിടിച്ച് വെള്ളം കുടിക്കാന്‍ തുടങ്ങി.
അവളങ്ങനെ വെള്ളം കുടിച്ച് ഉഷാറാകുന്നതും നോക്കി കൃതിക, കുരുവിയുടെ അടുത്തു തന്നെ നിന്നു.
നിനക്കിന്നിത്ര നേരമായിട്ടും ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല, അല്ലേ, കുരുവീ? ഇന്ന് ക്ലാസില്‍ ടീച്ചര്‍ പറഞ്ഞേയുള്ളൂ. വേനലാണ്. എല്ലാ ജീവജാലങ്ങളും വെള്ളം അന്വേഷിച്ച് പരക്കം പായുന്ന കാലമാണ് ഇനി.
നിങ്ങളൊക്കെ നിങ്ങളുടെ മുറ്റത്ത് മണ്പാത്രങ്ങളില് വെള്ളം വയ്ക്കണം. കീരിയും കിളികളും പൂച്ചകളും അണ്ണാരക്കണ്ണന്മാരും ഒക്കെ വന്ന് മണ്പാത്രത്തിലെ തണുതണാവെള്ളം കുടിച്ച് ക്ഷീണമകറ്റി നിങ്ങളോട് താങ്ക് യു പറയും.
വെള്ളംകുടി ബഹളത്തിനിടെ കുഞ്ഞിക്കുരുവിയുടെ തൂവലാകെ അപ്പടി നനഞ്ഞു. ആകെനനഞ്ഞ തൂവലുമായി, കൃതിക നീട്ടിയ കുഞ്ഞിക്കൈയിലേക്ക് അവള് ചാടിക്കയറി.
വെള്ളം കുടിച്ചതോടെ അവള്‍ക്ക് പഴയ ഉത്സാഹം തിരിച്ചു വന്നു. അവളെ കൈയിലെടുത്തുയര്‍ത്തി അവള്‍ക്ക് ഒരുമ്മ കൊടുത്തു കൃതിക. പിന്നെ ചോദിച്ചു, നിനക്ക് വെള്ളം മതിയായോ? കുരുവി അപ്പോ ഉവ്വ്, ഉവ്വ് എന്നു പറയുമ്പോലെ ചിലച്ചു.
അവള് പിന്നെ മറ്റേ പാത്രത്തിലെ അരിമണികള്‍ കൊത്തിത്തിന്നാനായി കൃതികയുടെ കൈയില്‍ നിന്ന് ചാടിയിറങ്ങി.
അതിനിടെ കൃതിക പോയി ഡ്രസുമാറ്റി. പിന്നെ മേലു കഴുകി. ചായ കുടിച്ചു, വടയും തിന്നു. പിന്നെ അവള് മുറ്റത്തേക്കു വന്നു നോക്കുമ്പോഴുണ്ട് മുറ്റം നിറയെ കിളികള്‍. എല്ലാവരും തിരക്കിട്ട് അവള് കൊണ്ടു വച്ച പാത്രത്തിലെ വെള്ളം കുടിക്കുകയാണ്. അവള്‍ക്കതു നോക്കി നില്‍ക്കെ ചിരി വന്നു.

അവള് അവരോട് വിളിച്ചു പറഞ്ഞു. നിറയെ കുടിച്ചോളൂ. വെള്ളം തീര്‍ന്നാല്‍ ഞാനിനിയും കൊണ്ടുത്തരാം. പിന്നേ ഇത് പ്ളാസ്റ്റിക് പാത്രമാണ്. ഇത് ചൂടത്തിരുന്നാല്‍ ചുട്ടു പഴുക്കും. ഇതിലെ വെള്ളവും ചൂടാകും.
അപ്പോ നിങ്ങള്‍ക്കിതിലെ വെള്ളം കുടിക്കാന്‍ ഒരു രസവുമുണ്ടാകില്ല. അച്ഛന് ഒന്നു വന്നോട്ടെ. ഞാനച്ഛന്റെ കൂടെപ്പോയി മണ്‍പാത്രം വാങ്ങി വരാം. അതിലാവുമ്പോ നല്ല തണുതണാന്നിരിക്കും വെള്ളം. നല്ല കുളിരായിരിക്കും അതു കുടിച്ചാല്‍.
കൃതിക ആരോടാ പ്രസംഗിക്കുന്നത് എന്നു നോക്കാന്‍ അമ്മ വന്നു അതിനിടെ. കിളിമേളം കണ്ട് അമ്മ, ആഹാ എല്ലാരുമുണ്ടെല്ലോ, എന്താ വല്ല സമ്മേളനവുമാണോ കിളികളുടെ എന്നു ചോദിച്ചു.
കൃതിക കൊണ്ടുവച്ച വെള്ളപ്പാത്രത്തിനു ചുറ്റുമാണവരുടെ കലപില എന്ന് അതിനിടെയിലെപ്പോഴോ അമ്മ കണ്ടു. ഒരു മണ്‍പാത്രം വാങ്ങണമെന്നും ജീവികള്‍ക്ക് കുടിക്കാനായി അതില്‍ വെള്ളം വയ്ക്കണം എന്നും ഒരുപാടു ദിവസമായി വിചാരിക്കുന്നു എന്നു പറഞ്ഞു അമ്മ.
പിന്നെ അവളും അമ്മയും കൂടി അച്ഛന് വരുന്നതും കാത്തിരുന്നു. അച്ഛന് വന്നിട്ട് വേണമല്ലോ അവര്‍ക്ക് മണ്‍പാത്രം വാങ്ങാന്‍ പോവാന്‍. മുറ്റത്തിന്റെ നാലുവശത്തും നമുക്ക് മണ്‍പാത്രങ്ങള്‍ വയ്ക്കാം എന്നു പറഞ്ഞു അമ്മ.
കിളികളതു കേട്ടുവെന്ന് തോന്നുന്നു. അവര്‍ക്ക് മഹാസന്തോഷമായിക്കാണും അതുകേട്ട്. അതു കൊണ്ടാവും അവര്‍ നിര്‍ത്താതെ കാക്കിരി പൂക്കിരി എന്ന് ബഹളം വച്ചത്.