വെള്ളയിൽ കറുത്ത കുത്തുകളുണ്ടായിരുന്നു നമ്മുടെ കഥയിലെ ചിത്രശലഭത്തിന്. രണ്ടു പാറകൾക്കിടയിലെ വിടവിലായിരുന്നു അവളുടെ താമസം.
ഇന്ന് അതിരാവിലെ തന്നെ അവൾ ഉണർന്നു. തണുപ്പു കൊണ്ട് ഉണർന്നു പോയതാണ് കേട്ടോ അവൾ. ഭയങ്കര മഴയായിരുന്നു രാത്രി മുതൽ.
മഴയ്ക്കെന്തൊരു തണുതണുപ്പാണ്. പാറകൾക്കിടയിലെ വിടവിലായതു കൊണ്ട് ഒട്ടും മഴ കൊള്ളില്ല. പക്ഷേ, തണുപ്പു കാരണം കിടുകിടാ വിറച്ചു കൊണ്ടാണവളെഴുന്നേറ്റത്.
ഒരു പുതപ്പു കിട്ടിയിരുന്നെങ്കിൽ മൂടിപ്പുതച്ച് ഇത്തിരി നേരം കൂടി ഉറങ്ങാമായിരുന്നു എന്നവളോർത്തു.
എന്തുകൊണ്ടുണ്ടാക്കിയതാവും ചിത്രശലഭങ്ങളുടെ പുതപ്പ് എന്നാവും നിങ്ങളിപ്പോ ആലോചിയ്ക്കുന്നത് അല്ലേ? വല്ലയിടത്തു നിന്നുമൊക്കെ അടർന്നു വീഴുന്ന ഇലകൾ ആണ് അവരുടെ പുതപ്പ്.
പുതപ്പു കിട്ടിയിരുന്നെങ്കിൽ എന്നവളാലോചിച്ച അതേ നേരത്താണ് ഒരു പഴുത്ത ഇല അടർന്ന് അവളുടെ ദേഹത്തേയ്ക്ക് വീണത്. താങ്ക് യു മരമേ എന്നു പറഞ്ഞു കൊണ്ട് അവളാ ഇല എടുത്ത് പുതച്ചു.
പുതച്ചു കഴിഞ്ഞപ്പോഴല്ലേ കണ്ടത് ആ ഇലയിൽ ഒരു പുൽച്ചാടിക്കുഞ്ഞ് പതുങ്ങിയിരിപ്പുണ്ടായിരുന്നു.
“പുൽച്ചാടിക്കുഞ്ഞേ പുൽച്ചാടിക്കുഞ്ഞേ നിന്റെ അമ്മയെവിടെ, ഈ കുഞ്ഞൻ പ്രായത്തിൽ തനിയേ കറങ്ങി നടക്കുന്നത് അപകടമാണെന്നറിയില്ലേ?” എന്നു ചോദിച്ചു ചിത്രശലഭം.

അമ്മ മോണിങ് വാക്കിനു പോയി. അപ്പോ ഞങ്ങൾ താമസിച്ചിരുന്ന മരക്കൊമ്പൊടിഞ്ഞു. ഞാനിരുന്ന ഇല പറന്ന് താഴെ വീണു. അങ്ങനാ ഞാനിവിടെ എത്തിയത് എന്നു പുൽച്ചാടിക്കുഞ്ഞൻ കരഞ്ഞോണ്ട് പറഞ്ഞതു കേട്ടപ്പോൾ ചിത്രശലഭത്തിന് അവനോട് പാവം തോന്നി.
ഞാൻ നിന്നെ സഹായിക്കാമല്ലോ എന്നു പറഞ്ഞു കൊണ്ട് അവൾ പാറ വിടവിൽ ഇരിപ്പായ പുൽച്ചാടിക്കുഞ്ഞനെ സമാധാനിപ്പിച്ചു. വിഷമിക്കണ്ട കേട്ടോ, ഒക്കെ ശരിയാകും എന്നുകൂടി പറഞ്ഞു അവൾ.
അതു കേട്ടതും പുൽച്ചാടിക്കുഞ്ഞന്റെ മുഖം തെളിഞ്ഞു.
ചിത്രശലഭം പറഞ്ഞു. ഞാൻ പോയി അവിടെയുമിവിടെയുമൊക്കെ നോക്കി, നിന്റെ അമ്മയെ കണ്ടു പിടിക്കാം. എന്നിട്ട് നീ ഇവിടെയുണ്ടെന്നു പറഞ്ഞ് അമ്മയെ ഇങ്ങോട്ടു വിളിച്ചു കൊണ്ടു വരാം. അതുപോരെ?
അയ്യോ അതുവരെ ഞാനൊറ്റയ്ക്കിരിയ്ക്കണ്ടേ ഈ പാറ വിടവിൽ? എനിക്കു പേടിയാവും ആരും കൂട്ടില്ലാതെ ഇരിക്കാൻ. വല്ല ഓന്തോ തവളയോ വന്ന് നാക്കു നീട്ടി എന്നെ സാപ്പിടും. അത്രയും പറഞ്ഞു തീർന്നപ്പോഴേ പുൽച്ചാടിക്കുഞ്ഞൻ പേടി കൊണ്ട് കിലുകിലാ വിറയ്ക്കാൻ തുടങ്ങി.
നീയ്, പേടിക്കണ്ട. നമുക്കു വഴിയുണ്ടാക്കാം എന്നു പറഞ്ഞു ചിത്രശലഭം.

എന്നാലൊരു കാര്യം ചെയ്യ്, നീ എന്റെ ചിറകിന്റെ മുകളിൽ കയറിയിരിക്ക്. എന്നെ മുറുക്കെ പിടിച്ചോളണേ. എന്നിട്ട് ഞാൻ പറന്നു പറന്ന് നിന്റെ അമ്മയുടെ അടുത്ത് കൊണ്ടു വിടാം. അവൾ പറഞ്ഞു.
പുൽച്ചാടിക്കുഞ്ഞൻ ധൃതിയിൽ ചിത്രശലഭത്തിന്റെ ദേഹത്ത് കയറിയിരുന്നു. ശടേന്നു പറന്നു പൊങ്ങി ചിത്രശലഭം. ഒരാൾക്ക് ഒരത്യാവശ്യം വന്നപ്പോ എത്ര വേഗമാണ് ചിത്രശലഭം തന്റെ തണുപ്പും കിടുകിടാ വിറയ്ക്കലുമൊക്കെ മറന്നുകളഞ്ഞത്, അല്ലേ?
അവർ വേഗം തന്നെ കണ്ടു പിടിക്കുമായിരിക്കും പുൽച്ചാടിക്കുഞ്ഞന്റെ അമ്മയെ. പുൽച്ചാടിക്കുഞ്ഞനെ തിരിച്ചേൽപ്പിക്കുമ്പോൾ നന്ദി സൂചകമായി ഒരിലക്കുമ്പിൾ നിറയെ പൂന്തേൻ കൊടുക്കും ചിത്രശലഭത്തിന് പുൽച്ചാടിക്കുഞ്ഞന്റെയമ്മ എന്നാണ് തോന്നുന്നത്, അല്ലേ?
എന്തായാലും വേണ്ടില്ല പുൽച്ചാടിക്കുഞ്ഞന്റെ അമ്മയെ അവർ വേഗം കണ്ടു പിടിച്ചാൽ മതിയായിരുന്നു. ഇപ്പോ കഴിഞ്ഞു കാണുമോ പുൽച്ചാടിക്കുഞ്ഞന്റെയമ്മയുടെ മോണിങ് വാക്ക്?