scorecardresearch

ഒരിടത്തൊരിടത്തൊരു കശുമാങ്ങാച്ചിരി

“ശരിയായിരിക്കും എന്നു വിചാരിച്ചു ജിറാഫ് കുട്ടന്‍. സ്വപ്നത്തിൽ നട്ട കശുവണ്ടി എവിടെയാവും കിളിര്‍ക്കുക എന്നോര്‍ത്തവന്‍ നിന്നു” പ്രിയ എ എസ് എഴുതിയ കഥ

ഒരിടത്തൊരിടത്തൊരു കശുമാങ്ങാച്ചിരി

അങ്ങ് ദൂരെ ദൂരെയുള്ള ഒരു നാട്ടിലെ കാട്ടിലെ ജിറാഫു കുട്ടിക്ക് ഒരാശ വന്നു.

എന്താശ എന്നറിയണ്ടേ?

ഒരു കശുമാങ്ങ തിന്നണം…

അങ്ങുപോയി ഒരു കശുമാവില്‍ നിന്ന് ഒരു കശുമാങ്ങ പറിച്ചെടുത്ത് ‘ഞം ഞം’ എന്നു തിന്നാല്‍പ്പോരേ എന്നാവും നിങ്ങളുടെ വിചാരം. അതിന് ജിറാഫ്, കശുമാവും കശുമാങ്ങയുമൊക്കെയുള്ള കേരളത്തിലല്ലല്ലോ താമസം. ദൂരെ ദൂരെയുള്ള ഒരു കാട്ടിലല്ലേ അവനുള്ളത്?

പിന്നെങ്ങനെയാണ് അവന്‍ കേരളത്തിലുള്ള കശുമാങ്ങയുടെ കാര്യവും അതിന്റെ രുചിയുടെ കാര്യവും ഒക്കെ അറിഞ്ഞതെന്നാവും ഇപ്പോ നിങ്ങളുടെ സംശയം.

ജിറാഫുകുട്ടിയുടെ മുത്തച്ഛന്‍ ജിറാഫ് വായിച്ചു കൊടുത്ത ഒരു കഥയിലുണ്ടായിരുന്നു കശുമാങ്ങയും അതു തിന്നാന്‍ പറന്നു വരുന്ന ഒരു കാക്കയുടെയും കഥ. അക്കഥ കേട്ട് രസം പിടിച്ച് കൊതി പിടിച്ചാണെന്നേ ജിറാാഫു കുട്ടന്‍ കശുമാങ്ങ, സ്വപ്നം കാണാന്‍ തുടങ്ങിയത്.

അങ്ങനൂടിങ്ങനൂടൊക്കെ ചാടി നടന്ന ഒരു അണ്ണാറക്കണ്ണനെക്കണ്ടുപിടിച്ച് അവന്‍ ചോദിച്ച- “കശുമാങ്ങ എങ്ങനിരിക്കും? അതിനെന്തു പോലുള്ള സ്വാദാണ്?”

അന്നാട്ടിലെ അണ്ണാരക്കണ്ണനല്ലേ അവന്‍? അവനുണ്ടോ വല്ലതുമറിയുന്നു അങ്ങ് കേരളത്തിലെ കശുമാങ്ങയെക്കുറിച്ച്? അവന്റെ സ്വന്തം അണ്ണാന്‍ മുത്തച്ഛനാവട്ടെ അവന് കഥകളൊന്നും വായിച്ചു കൊടുക്കാറില്ലായിരുന്നു താനും. പഴങ്ങള്‍ എങ്ങനെ തിന്നാം, കരളാം എന്നു മാത്രമാണ് അവന്റെ മുത്തച്ഛന്‍ അവനെ പഠിപ്പിച്ചിരുന്നത്.

priya as , childrens stories, iemalayalam

ജിറാഫുകുട്ടി ആകെ ചിന്താക്കുഴപ്പത്തിലായി. ശരിക്കും കണ്‍ഫ്യൂഷന്‍. ആരോടു ചോദിക്കും കശുമാങ്ങയെക്കുറിച്ച്? എങ്ങനെ അറിയും അതിന്റെ രുചി?

അവന്‍ മുത്തച്ഛന്‍ അവന് കശുമാങ്ങക്കഥ വായിച്ചു കൊടുത്ത ചിത്രകഥാപ്പുസ്തകം നിവര്‍ത്തു വച്ച് അതിലെ കശുമാങ്ങകളുടെ പടം നോക്കി നോക്കിയിരുന്നാണ് ഒരു ദിവസം അവനുറങ്ങിപ്പോയത്.

അപ്പോഴുണ്ട്, ദാ സ്വപ്‌നത്തിലേക്കു വരുന്നു അവന്‍ കഥാപ്പുസ്തകത്തില്‍ കണ്ട ചുവന്നു തുടുത്ത കശുമാങ്ങ.

കശുമാവുകള്‍ നിറയെ കായ്ച്ചു കിടക്കുന്ന ഒരു കശുമാവിന്‍തോപ്പിലൂടെ അവനും മുത്തച്ഛനും നടന്നു വരികയായിരുന്നു സ്വപ്നത്തില്‍.

പടര്‍ന്നു വളരുന്ന കശുമാവിന്‍ കൊമ്പുകളും അതിലപ്പടി തൂങ്ങിക്കിടക്കുന്ന കശുമാങ്ങകളും – ഹായ് എന്നു പറഞ്ഞ് സ്വപ്നത്തിലവന്‍ തുള്ളിച്ചാടുകയായിരുന്നു. മുത്തച്ഛന് നല്ല പൊക്കമുണ്ടല്ലോ. അവന്‍ ഇത്തിരി ഉയരക്കാരന്‍ കുഞ്ഞല്ലേ മുത്തച്ഛന്‍ തന്റെ നീളക്കഴുത്ത് ഒന്നുകൂടി നീട്ടി അവന് നിറയെ കശുമാങ്ങകള്‍ പറിച്ചു കൊടുക്കുകയും അവനതു മുഴുവന്‍ മിനിട്ടു വച്ച് ‘ഞം ഞം’ എന്ന് സാപ്പിടുകയും ചെയ്തു കൊണ്ടിരുന്നു.

ആദ്യം പച്ച നിറം, പിന്നെ ചുവപ്പു കലര്‍ന്ന മഞ്ഞനിറം, പിന്നെ ആകെ ചുവപ്പ്. അങ്ങനെ മൂന്നു നിറങ്ങളില്‍ കൂടിയാണ് കശുമാങ്ങകള്‍ മൂത്തു പഴുക്കുന്നതെന്ന് അവന് മുത്തച്ഛന്‍ പറഞ്ഞു കൊടുത്തു. കശുമാങ്ങ ചവച്ച് അതിന്റെ നീരിറക്കി അതിന്റെ പിട്ട് തുപ്പിക്കളയണമെന്ന് മുത്തച്ഛനവന് പറഞ്ഞു കൊടുത്തു.

priya as , childrens stories, iemalayalam

ഉപ്പും കൂട്ടി തിന്നാലാണ് ഒന്നൂടെ സ്വാദ് എന്നു പറഞ്ഞു അപ്പോ ജിറാഫു കുട്ടന്‍.

“മുത്തച്ഛന്‍ വായിച്ചു തന്ന കശുമാങ്ങാക്കഥയിലങ്ങനെ എഴുതിയിട്ടുണ്ടല്ലേ? കുട്ടിക്ക് നല്ല ഓര്‍മ്മയാണല്ലോ. മുത്തച്ഛനതൊക്കെ മറന്നു പോയി,” എന്നു പറഞ്ഞു ജിറാഫ് മുത്തച്ഛന്‍.

അപ്പോ ജിറാഫു കുട്ടന്‍ ഗമയില്‍ തല ഒന്നുകൂടി ഉയര്‍ത്തിപ്പടിച്ചു.

ഒരു തരം മധുരമുള്ള ചവര്‍പ്പാണല്ലോ കശുമാങ്ങയ്ക്ക്, ഇവിടെ നമ്മുടെ ഈ കാട്ടിലുള്ള ഒരു ഫ്രൂട്ടുമായി ഇതിന് സാമ്യമില്ല മുത്തച്ഛാ എന്നു പറഞ്ഞ് ജിറാഫു കുട്ടന്‍ ഒരു കശുമാങ്ങ, മുത്തച്ഛനു നേരെ അവന്റെ വായിലെടുത്തു നീട്ടി . കൊതിയനാദ്യം തിന്നുതിന്നു കൊതി തീരട്ടെ എന്നു വിചാരിച്ചു ഒറ്റ കശുമാങ്ങപോലും തിന്നാതെ നില്‍ക്കുകയായിരുന്നു അതുവരെ മുത്തച്ഛന്‍.

മുത്തച്ഛന്‍ അവന്റെ വായില്‍ നിന്ന് അത് കടിച്ചെടുത്ത് തിന്നുതുടങ്ങി

“ഹായ് നീ പറഞ്ഞത് ശരിയാണ് കുട്ടാ, ഇത് നല്ല രസമുണ്ട് ഈ മധുരച്ചവര്‍പ്പ്,” എന്നു പറഞ്ഞതും സ്വപ്‌നം തീര്‍ന്നു പോയി.

ജിറാഫു കുട്ടന്‍ സ്വപ്‌നം തീര്‍ന്നതും ഞെട്ടിയുണര്‍ന്നു പോയി ഉറക്കത്തില്‍ നിന്ന്.

അവനാകെ സംശയമായി സ്വപ്നത്തില് കശുമാങ്ങ തിന്നാല് അത് ശരിക്കും തിന്നതാണെന്നു വരുമോ? അവനതിന്റെ ചവര്‍പ്പും മധുരവും ദാ ഇപ്പോഴും നാവിന്‍തുമ്പിലുണ്ടല്ലോ.

അവന്‍ പിന്നെ മുത്തച്ഛനെ അന്വേഷിച്ചു പോയി. സ്വപ്നത്തില് കശുമാങ്ങ തിന്നാന്‍ അവനു കൂട്ടായി മുത്തച്ഛനുമുണ്ടായിരുന്നല്ലോ. അപ്പോ മുത്തച്ഛന്റെ നാവിന്‍ തുമ്പിലുമുണ്ടാവുമോ കശുമാങ്ങാച്ചവര്‍പ്പുമധുരം?

priya as , childrens stories, iemalayalam

അവനങ്ങനെ മുത്തച്ഛനോടു ചോദിച്ചപ്പോ മുത്തച്ഛന്‍ പറഞ്ഞു “ഉവ്വ്, ഞാന്‍ നല്ലോണം ഓര്‍ക്കണുണ്ട് നമ്മളങ്ങനെ കശുമാവിന്‍തോപ്പിലൂടെ നടന്നതും കശുവണ്ടി മുരുക്കി മാറ്റിവച്ചശേഷം കശുമാങ്ങ തിന്നുരസിച്ചങ്ങനെ നിന്നതും പിന്നെ ആ കശുവണ്ടി നട്ടതും.”

“ആഹാ, സ്വപ്നത്തില് മുത്തച്ഛന്‍ കശുവണ്ടി നട്ടായിരുന്നോ, അതു ഞാന്‍ കണ്ടില്ലല്ലോ,” എന്നു പറഞ്ഞു ജിറാഫ് കുട്ടന്‍.

നീയങ്ങനെ കശുമാങ്ങാരസത്തിൽ മുങ്ങി മുഴുകി നില്‍ക്കുകയായി രുന്നില്ലേ , അതുകൊണ്ടാ നീ അതൊന്നും അറിയാതെ പോയത് എന്നു പറഞ്ഞു മുത്തച്ഛന്‍.

ശരിയായിരിക്കും എന്നു വിചാരിച്ചു ജിറാഫ് കുട്ടന്‍. സ്വപ്നത്തിൽ നട്ട കശുവണ്ടി എവിടെയാവും കിളിര്‍ക്കുക എന്നോര്‍ത്തവന്‍ നില്‍ക്കെ അവന് ആ ചിത്രകഥാപ്പുസ്തകം നിവര്‍ത്ത് ഒന്നു കൂടി കശുമാങ്ങാക്കഥ വായിച്ചു കൊടുത്തു മുത്തച്ഛന്‍.

ഇനി സ്വപ്നത്തിൽ കശുമാങ്ങകള്‍ വരുമ്പോള്‍ അമ്മയെയും ആ അണ്ണാറക്കണ്ണനെയും വിളിച്ചു കാണിച്ചു കൊടുക്കണം എന്നു വിചാരിച്ച് ജിറാഫ കുട്ടന്‍ മുത്തച്ഛന്റെ ദേഹത്തു ചാരി നിന്ന് വീണ്ടും കഥ കേട്ടു രസിക്കാനും ചിരിക്കാനും തുടങ്ങി.

കേള്‍ക്കുന്നില്ലേ അവന്റെ ചിരി? ഒന്നു മിണ്ടാതിരുന്നു നോക്കൂ, അപ്പോ ശരിക്കും കേള്‍ക്കാം കശുമാങ്ങാക്കറ കേറിയ വായ കൊണ്ടുള്ള അവന്റെ കശുമാങ്ങാച്ചിരി. എന്തൊരു മുഴക്കമാണതിന് അല്ലേ?

Read More: ഡിറ്റക്റ്റീവ് അമ്മു- കുട്ടികളുടെ നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories oridathoru kashumangachiri