ലാലിയും കൂട്ടുകാരും ഊഞ്ഞാലാടുകയായിരുന്നു.
കണിക്കൊന്നക്കൊമ്പത്തായിരുന്നു ഊഞ്ഞാൽ.
കണിക്കൊന്ന നിറയെ പൂത്തുനില്ക്കുകയായിരുന്നതുകൊണ്ട് ഓരോ ഊഞ്ഞാലാട്ടത്തിലും പൂക്കള്‍ കൊഴിഞ്ഞ് കുട്ടികളുടെ തലമുടിയിലും ദേഹത്തുമൊക്കെ വീണു കൊണ്ടിരുന്നു.
ഇങ്ങനെ പൂ വീഴാന്‍ തുടങ്ങിയാൽ പൂ കൊണ്ടു മൂടി മൂടി നമ്മളെയൊക്കെ കാണാനില്ലാതാവും എന്നു പറഞ്ഞു ചിരിച്ചു തനിമ.
പൂ കൊണ്ടു മൂടി മൂടി തനിമയെയും അന്നയെയും വിനുവിനെയും കണ്ണനെയും ഇമയെയും ലാലിയെയും അലയെയും കാണാതാവുന്നത് സങ്കല്‍പ്പിച്ച് അവരെല്ലാവരും ചിരിക്കുട്ടികളായി.
നീളത്തില്‍ ആയത്തില്‍ ഊഞ്ഞാലാടി, ഉയരത്തില്‍ നില്ക്കുന്ന കണിക്കൊന്നയുടെ തുഞ്ചത്ത് ആര്‍ക്ക് തൊടാന്‍ പറ്റും എന്നവരൊരു മത്സരം വച്ച പിന്നീട്. അവരങ്ങനെ മത്സരിച്ചാടുന്നതു കാണാനാണെന്ന ഭാവത്തില്‍ ഒരു കുയില്‍ കണിക്കൊന്നത്തുമ്പത്ത് അതിനിടെ പറന്നുവന്നിരുന്നു. കുയിലിരുന്ന കൊമ്പിന്റെ തുഞ്ചത്ത് ഇമ ആടിച്ചെന്ന് കാല് നീട്ടിതൊട്ടപ്പോള്, കുയില്‍ പേടിച്ച് മറ്റൊരു മരത്തിലേക്ക് പറന്നുമാറി.
നിന്നെ തള്ളിത്താഴെയിടും ഞാന്‍ കാല്വിരലറ്റം കൊണ്ട് എന്നു നീ വിചാരിച്ചു അല്ലേ?
കിളികളെ ഉപദ്രവിക്കുന്ന തല്ലിപ്പൊളിക്കുട്ടികളല്ല ഞങ്ങളെന്ന് നിനക്ക് ഞങ്ങളെ കണ്ടാല്‍ത്തന്നെ മനസ്സിലാവില്ലേ കിളീ എന്നു പരിഭവിച്ചു അല.

കുയില്‍ പറന്നു മാറിയത് നിറയെ പൂക്കളുള്ള മുല്ലവള്ളി പടര്‍ന്നു കയറിയിരിക്കുന്ന മാവിന് കൊമ്പിലേക്കാണ്. സത്യത്തിലത് ചെന്നിരുന്നത് ഒരു മുല്ലവള്ളിയിലാണ്. ഒരു കാറ്റുവന്നതും മുല്ലവള്ളി ആടാന്‍ തുടങ്ങി. ആടുന്ന മുല്ലവള്ളിയിലിരിക്കുന്ന കുയിലിനോട് കുട്ടികള്‍ ചോദിച്ചു, നിനക്ക് സ്വന്തമായി മുല്ലവള്ളിയൂഞ്ഞാലുണ്ടെന്ന് നീ ഞങ്ങള്‍ക്ക് കാണിച്ചു തരികയാണല്ലേ?
കുയില്‍ മറുപടിയായി, കൂ കൂ എന്ന് നിര്‍ത്താതെ കൂവി. അത് ഒരു മുല്ലവള്ളിയില്‍ നിന്ന് മറ്റൊരു മുല്ലവള്ളിയിലേക്ക് ചാടിപ്പറന്നിരുന്നു. പൂക്കളടര്ന്ന് അതിന്റെ ദേഹത്തും വീണു. ഇക്കണക്കിനു പോയാല്‍ നിന്നെയും പൂ മൂടുമല്ലോ എന്നു ചോദിച്ചാര്ത്തു വിളിച്ചു കുട്ടികള്‍.
കുട്ടികളുടെ ഒച്ച ഉയരുന്നതിനൊപ്പം ഉച്ചത്തില്‍ കൂവാന്‍ തുടങ്ങി കുയില്‍ . ആഹാ, നീ ഒരാളല്ലേ? ഞങ്ങള്‍ ഇത്രയും പേരുണ്ട്. എങ്ങനെയായായലും നിന്റെ ഒച്ച തോല്‍ക്കും ഞങ്ങളുടെ ഒച്ചയ്ക്കു മുന്നില്‍ എന്നവര്‍ കുയിലിനെ വെല്ലുവിളിച്ചുകൊണ്ട് കുയിലിന്റെ അതേ ഈണത്തില്‍ കൂവാന്‍ തുടങ്ങി. അങ്ങനെ വീട്ടുമുറ്റമാകെ കൂവല്‍ ബഹളത്തിലമര്‍ന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.
ഉച്ചയുറക്കത്തിലായിരുന്നു ലാലിയുടെ അപ്പൂപ്പന്. കുട്ടികളൊരു വശത്ത്, കുയില്‍ വേറൊരു വശത്ത്-അങ്ങനെ കൂവല്ബഹളം മുറ്റത്തു നിന്ന് പല പലതാളത്തിലുയരുമ്പോള് എങ്ങനെ സ്വസ്ഥമായുറങ്ങാനാണ് അപ്പൂപ്പന്?
ഉറക്കം തടസ്സപ്പെട്ടതിന് ദേഷ്യപ്പെടുന്നതരം ആളൊന്നുമായിരുന്നില്ല അപ്പൂപ്പന്. എന്താ മുറ്റത്തെ കൂവല്‍ കോലാഹലം എന്നറിയാനായി അപ്പൂപ്പന് വീടിന്റെ മുന്‍വശത്തേക്കു വന്നപ്പോള്‍ കണ്ടതോ? ചോപ്പുകണ്ണന് കരിനിറക്കുയിലിനൊപ്പം, കൂവിത്തകര്ക്കുകയാണ് കുട്ടികള്‍.
അപ്പൂപ്പന് അതു കേട്ട് ചിരിച്ചുകൊണ്ടുനിന്നു കുറച്ചുനേരം . പിന്നെ കുട്ടികള്‍ക്കൊപ്പം കുയിലിനെ തോല്‍പ്പിച്ചു കൊണ്ട് കൂവാന്‍ തുടങ്ങി. അപ്പൂപ്പനും തങ്ങളുടെ കൂടെ ചേർന്നത് കുട്ടികള്‍ക്ക് നല്ലോണം രസിച്ചു.
എല്ലാക്കൂവലും കൊണ്ട് സഹികെട്ട്, കുയില്‍ കൂവല്‍ മതിയാക്കി. ഒരു അപ്പൂപ്പനും പിള്ളേരും വന്നിരിക്കുന്നു എന്ന മട്ടില്‍ കുയില്‍, മുറ്റത്തു നില്ക്കുന്ന അവരെയെല്ലാം പുച്ഛത്തോടെയെന്നോണം നോക്കിയിരുന്നു . അപ്പോള്‍ വീണ്ടും കാറ്റു വന്നു. കുയിലിരുന്ന മുല്ലവള്ളി, ഊഞ്ഞാലുപോലാടാന് തുടങ്ങി. ഞാന്‍ ഊഞ്ഞാലാ ടാന്‍ വന്നതാ, നിങ്ങള്‍ക്കൊപ്പം കൂവിബഹളമുണ്ടാക്കാന് വന്നതൊന്നുമല്ല എന്നു പറയുമ്പോലെ അതടങ്ങിയൊതുങ്ങി ഇരിപ്പായി.

അപ്പൂപ്പന് പറഞ്ഞു. അറിയാമോ? ഭയങ്കര സൂത്രക്കാരാ ഈ കുയിലുകൾ. മുട്ടയിടാറാവുമ്പോ പെണ്കുയിൽ എന്താചെയ്യുക എന്നറിയാമോ?
കുട്ടികള്‍, അറിയില്ല അറിയില്ല എന്നു തലയാട്ടി. അപ്പൂപ്പന് തുടര്‍ന്നു. കാക്കേടെ കൂട്ടില്‍ പോയി മുട്ടയിടും. കാക്കക്കുഞ്ഞും കറുപ്പ്, കുയില്‍ക്കുഞ്ഞും കറുപ്പ്. ഏതാ കുയില്ക്കുഞ്ഞ്, ഏതാ കാക്കക്കുഞ്ഞ് എന്നൊന്നും ശ്രദ്ധിക്കുകയേയില്ല കാക്കകൾ. അവർ ആഹാരം ചുണ്ടിലാക്കി കൊണ്ടുവന്ന് എല്ലാ കുഞ്ഞുങ്ങളെയും പോറ്റും. സ്വന്തമായി കൂടു പണിയാനും ആഹാരം കൊക്കിലാക്കി കുഞ്ഞുങ്ങള്‍ക്കായി സമ്പാദിച്ചു കൊണ്ടുവരാനും മെനക്കെടാതെ, കാക്കകളുടെ ചെലവില്‍ കുയില്‍ക്കുഞ്ഞുങ്ങള്‍ വളരുന്ന സൂത്രം ഒപ്പിച്ചിട്ട്, കുയിലുകൾ കൂവിത്തിമര്ക്കാന് പോവും.
കുയിലുകള്‍ സൂത്രശാലികളാണെന്നുള്ള അപ്പൂപ്പന്റെ വര്‍ത്തമാനം കേട്ട് കുട്ടികള്‍ കുയിലിനോട് വിളിച്ചു ചോദിച്ചു, പാവം ഞങ്ങളുടെ കുട്ടപ്പന് കാക്കയേും ചിരുതേയി കാക്കച്ചിയെയും സ്ഥിരം പറ്റിക്കലാണല്ലേ നിന്റെ കൂട്ടരുടെ പണി?
ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ കുയില്‍ മുല്ലവള്ളിയിലെ ഊഞ്ഞാലാട്ടത്തില്‍ രസിച്ചെന്ന പോലെ ഇരുന്നു. ഒരാളെ പറ്റിക്കുന്നതിനൊരതിരു വേണ്ടേ? ഈ കുയിലുകളെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നു പറഞ്ഞു ദേഷ്യത്തില്‍ ഇമ.
കുയിലുകള്‍ക്ക് ചുവന്ന കണ്ണാണ്, അതു ശ്രദ്ധിച്ചാല്‍ മതി ഏതാണ് കാക്കക്കുഞ്ഞെന്നും കുയില്ക്കുഞ്ഞെന്നുമറിയാന് വേഗം പറ്റും എന്ന് ഇനി കാക്കകള്‍ വരുമ്പോള്‍ അവരെ പറഞ്ഞു പഠിപ്പിക്കാന്‍ കുട്ടികളെല്ലാം ചേര്‍ന്ന് തീരുമാനിച്ചു. എന്നിട്ടവര്‍ കുട്ടപ്പന് കാക്കയും ചിരുതേയി കാക്കച്ചിയും വരുന്നുണ്ടോ എന്നു നാലുപാടും നോക്കുന്നതില്‍ മുഴുകി.
കുയിലിന്റെ ദേഹത്ത് മുല്ലപ്പൂക്കളും കുട്ടികളുടെ ദേഹത്ത് കൊന്നപ്പൂക്കളും ഉതിര്‍ന്നു വീണു കൊണ്ടേയിരുന്നു. കുട്ടികള്‍ വീണ്ടും ഊഞ്ഞാലാടുന്നതില് മുഴുകി. ഇടയ്ക്കവര്‍ അവരുടെ കാക്കകള്‍ വരുന്നുണ്ടോ എന്ന് ചുറ്റും ചുറ്റും നോക്കി.
അപ്പൂപ്പന് വീണ്ടും ഉച്ചമയക്കത്തിനായി അകത്തേയ്ക്ക് പോയി.
കുയില്‍, തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്നു കണ്ടാവും അവിടം വിട്ട് പറന്നു പോയി.
മുട്ടയിടാന്‍ കാക്കക്കൂട് അന്വേഷിച്ചു പോയതാണോ അത് എന്ന് മനു സംശയിച്ചു.
സൂത്രക്കാരേ, കുയിലുകളേ, നിന്നെപ്പിന്നെ കണ്ടോളാം എന്നൊരു മുദ്രാവാക്യം വിളിച്ചു കുട്ടികള്‍. അതുകേട്ടാവും അപ്പൂപ്പന്റെ ചുണ്ടത്ത് ഒരു ചിരി ഊറിക്കൂടിയത്.