ഞങ്ങളുടെ വിഷുപ്പൂച്ചയെ കാണാതായി രാവിലെ പത്തു മണി മുതല്‍. സുദീപ്ത നിര്‍ത്താതെ കരച്ചിലും തുടങ്ങി. അവളായിരു ന്നല്ലോ അതിന്റെ ഉടമസ്ഥ.
വിഷുവിന്റന്നാണ് സുദീപ്തയ്ക്ക് വിഷുപ്പൂച്ചയെ കിട്ടിയത്. അതിന്റെ അമ്മ സുകു എന്ന സുകുമാരി അത്രയും നാള് പൂച്ചക്കുഞ്ഞിനെ ആരെയും കാണിക്കാതെ തട്ടിന് പുറത്തു സൂക്ഷിച്ചു വച്ചു വളര്‍ത്തുകയായിരുന്നു. വിഷുവിന്റെ ദിവസം അമ്മപ്പൂച്ച, കുഞ്ഞു പൂച്ചയുമായി തട്ടിൻപ്പുറത്തു നിന്നിറങ്ങി വന്ന്, അതിനെ വീട്ടുകാരുടെ മുന്നില്‍ കൊണ്ടുവന്നിട്ടിട്ട് ഒറ്റപ്പോക്ക്. പിന്നെ അതിനു പാലു കൊടുക്കാന്‍ പോലും അത് തയ്യാറായില്ല. ഇനി നിങ്ങളായി, നിങ്ങളുടെ പാട്ടായി എന്ന മട്ടില്‍ അത് മതില് ചാടി മറിഞ്ഞു.
ഒരു കൈയില്‍ വിഷുക്കൈനീട്ടവും മറ്റേ കൈയില്‍ പൂച്ചയമ്മയക്ക് വേണ്ടാതായ പൂച്ചക്കുഞ്ഞുമായി സുദീപ്ത നിന്നു. വിഷു ദിവസം കിട്ടിയതല്ലേ, നമുക്കിതിനെ വിഷു എന്നു വിളിക്കാം എന്നു പറഞ്ഞു സുദീപ്തയുടെ അച്ഛന്. ആ പേര് സുദീപ്തയ്ക്ക് നല്ലോണം ഇഷ്ടമായി. ഒരു പൂച്ചയ്ക്കും കാണില്ല ഇത്തരമൊരു ക്യൂട്ട് പേര്, അല്ലേ അച്ഛാ അവള് ചോദിച്ചു. അച്ഛന് തലകുലുക്കി.
സുദീപ്തയുടെ അമ്മ അതിന് കുഞ്ഞു പാത്രത്തില്‍ പാലൊഴിച്ചു കൊടുത്തു. തനിയേ പാലുകുടിക്കാനൊന്നുമറിയില്ലായിരുന്നു കുഞ്ഞിപ്പൂച്ചയ്ക്ക്. അപ്പോള്‍ സുദീപ്ത ഒരു ഫില്ലറില്‍ പാലെടുത്ത് അതിന്റെ നാവില്‍ ഇറ്റിച്ചിറ്റിച്ചു കൊടുത്തു. അത്രയും കാര്യമായാണ് സുദീപതയും അച്ഛനും അമ്മയും അതിനെ നോക്കിയിരുന്നത്.
കുഞ്ഞുപന്തിട്ടു കൊടുത്താല്‍ അത് പിടിക്കാനായി സാധാരണ പൂച്ചക്കുഞ്ഞുങ്ങള്‍ ചാടുകയും ഓടുകയുമൊക്കെ ചെയ്യില്ലേ? വിഷുപ്പൂച്ചയ്ക്ക് അതൊന്നും അറിയില്ലായിരുന്നു. അതിന്റെ അമ്മ അതിനെ ഒരു പൂച്ചപ്പാഠവും പഠിപ്പിച്ചിട്ടില്ല, വല്ലാത്ത കഷ്ടമായിപ്പോയി എന്നു സങ്കടപ്പെട്ടു സുദീപ്തയുടെ അമ്മൂമ്മ.

സുദീപ്തയുടെ അച്ഛന്റെയോ ചിറ്റയുടെയോ കാർ ഗേറ്റു കടന്നു വരുമ്പോ, കാറിന്റെ വഴിയില്‍ നിന്നു മാറണം, ഇല്ലേല് വണ്ടി തട്ടി ചത്തുപോവും എന്നു സുദീപ്ത എത്ര തവണ പറഞ്ഞു കൊടുത്തിട്ടും, അത് എനിക്കൊന്നും മനസ്സിലാവണില്ല എന്ന ഭാവത്തില്‍ കണ്ണും മിഴിച്ച് ഒരിരിപ്പിരിക്കാറായിരുന്നു പതിവ്. മനുഷ്യരുടെ തൊട്ടുപുറകില്‍ ചെന്നു നിന്നാല്‍, അവര്‍ നിന്നെ കാണുമോ, അവരുടെ ചവിട്ടുകിട്ടി നീ ചമ്മന്തിയായിപ്പോവുമേ എന്നൊക്കെ സുദീപ്ത എത്ര തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അവനുണ്ടോ വല്ലതും മനസ്സിലാവുന്നു. നീ ഇതൊക്കെ എന്നു പഠിക്കനാണ് എന്നു ചോദിച്ചു സുദീപ്ത.
പൂച്ചക്കുട്ടിക്കിരിക്കാനും കിടക്കാനുമായി സുദീപ്തയുടെ കളിപ്പാട്ടങ്ങള്‍ വച്ചിരുന്ന പ്ലാസ്റ്റിക് ബാഗ് ഒഴിച്ചെടുത്തു അവർ. എന്നിട്ടതില്‍ സോഫ്റ്റ് തുണി വിരിച്ചു. അതിലങ്ങനെ ചുരുണ്ടു കൂടി കിടക്കും വിഷുപ്പൂച്ച സുദീപ്ത പഠിക്കുന്ന നേരമെല്ലാം. അമ്മയുടെ പാലു കുടിക്കാത്തു കൊണ്ടാവും വിഷുവിന് സദാ ക്ഷീണമാണ്. അതിന്റെ കുഞ്ഞു ശരീരം നിലത്തോടൊട്ടി കിടക്കുന്നതു കണ്ടാല്‍ ഒരു കടലാസ് കിടക്കുന്നതു പോലെയേ തോന്നൂ എന്നു പറഞ്ഞു സുദീപ്തയുടെ ചിറ്റ അതിനെ അലിവോ ടെ നോക്കി.
ഒരു ദിവസം അതെണീറ്റ് പാഞ്ഞു പോകുന്നതു കണ്ടപ്പോള്‍ അവരെല്ലാം ഇതിനിത്ര പെട്ടെന്ന് ആരോഗ്യം വച്ചോ എന്നത്ഭുതപ്പെട്ടു. അതിന്റെ അമ്മ ആ വഴി ഉലാത്തുന്നതു കണ്ടാണ് വിഷു ഓടിയത് . അവന് കുതിച്ചു ചെന്ന് അമ്മയുടെ അടുത്തു ചെന്നു നിന്നപ്പോള്‍, അമ്മപ്പൂച്ച മുന്‍കാലു കൊണ്ട് അതിനെ ഒരു തട്ട്. വിഷു നിലത്തു വീണു കരഞ്ഞു. ഇങ്ങനെയുണ്ടോ അമ്മപ്പൂച്ചകള് എന്ന് സുദീപ്തയുടെ അച്ഛന്, വിഷുവിന്റെമ്മ സുകുമാരിപ്പൂച്ചയെ ഓടിച്ചുവിട്ടു.
പൂച്ചപ്പാഠം ഒന്നും അറിയാത്തുകൊണ്ട് അത് ഗേറ്റിനടിയിലെ വിടവിലൂടെ റോഡിലേക്കു പോയി റോഡിന് നടുവില്‍ കുത്തിയിരുന്നു ഒരു ദിവസം . തൊട്ടുത്തു കൂടി ഒരോട്ടോറിക്ഷ പോയിട്ടു കൂടി വിഷു അനങ്ങിയില്ല . ആ നേരത്ത് സൂദീപ്ത കണ്ടത് ഭാഗ്യം. അവളവനെ പിടിച്ചു കൊണ്ടു വന്ന് മടിയില്‍ വച്ചു കൊഞ്ചിച്ചു.
അതിനെ വച്ച് സുദീപ്തയുടെ അച്ഛനും സുദീപ്തയും ചില കളികള്‍ കളിക്കാറുണ്ടായിരുന്നു . അച്ഛനൊരു പൂച്ചക്കുട്ടിപ്പാസ് തയ്യാറാ ക്കി എന്നിട്ടെഴുതി. പേര് വിഷു . വിഷുവിന്റെ ഒപ്പ് അച്ഛന് തന്നെയിട്ടു.
പിന്നെ എഴുതി, രക്ഷാകര്‍ത്താവിന്റെ പേര്. സുദീപ്ത. സുദീപ്ത അവളുടെ ഒപ്പിട്ടു. സ്ക്കൂള്, പൂച്ചവിദ്യാലയം എന്നു കൂടിയെഴുതി അച്ഛന് പാസ് നല്കുന്ന അധികാരിയുടെ പേരും ഒപ്പും എന്നെഴുതി അച്ഛന് പൂച്ചക്കമ്മീഷണര്, ദീപു എന്നെഴുതി ഒപ്പിട്ടു.

ആ കളി സുദീപ്തയ്ക്ക് നന്നേ രസിച്ചു. അവളതും കൈയില്‍ പിടിച്ച് കുടുകുടാ ചിരിച്ചു. നല്ല മുത്തുമുത്തു കൈയക്ഷരമാണല്ലോ നമ്മടച്ഛന് എന്നു പറയുമ്പോലെ വിഷുപ്പൂച്ച അതിലേക്ക് തന്നെ ഉറ്റുനോക്കി, മ്യാവൂ എന്നു ഒരു കുഞ്ഞൊച്ച പാസ്സാക്കി.
പൂച്ചപ്പാസ് എന്നെഴുതിയ ആ കടലാസ മേശമേല്‍ കിടക്കുന്നതു കണ്ട് അതെടുത്തു നോക്കി തന്നെയിരുന്ന് ചിരിച്ചു സുദീപ്തയുടെ ചിറ്റ.
ഇടയ്ക്കതിന് ആരോഗ്യം പോര എന്നു പറഞ്ഞ്, വെറ്റിനറി ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് വിഷുപ്പൂച്ചയെ കാണാതായത്. സുദീപ്ത അവളുടെ അമ്മയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു . അമ്മൂമ്മ ചെടിക്ക് നനയ്ക്കുന്നതിനൊപ്പം നടക്കുകയായിരുന്നു വിഷുപ്പൂച്ച . വെള്ളം വീണാല്‍ നനയും , തണുക്കും എന്നൊന്നും പൂച്ചപപ്പാഠങ്ങളറിയാത്തു കൊണ്ട അത് ഇടയ്ക്ക് ഹോസിന്റെ മുന്നില്‍ വന്നു നിന്ന് നനഞ്ഞു. അമ്മൂമ്മ അതിന്റെ തല, സാരിത്തലപ്പു കൊണ്ട് തുവര്‍ത്തിക്കൊടുത്തു. പപ്പടം പൊടിച്ചു തിന്നാന്‍ കൊടുത്തു. പിന്നെ അതിനെ അതിന്റെ പ്ലാസ്റ്റിക്ക് കുട്ടയില്‍ കൊണ്ടു കിടത്തി . അവിടെ കൊണ്ടു കിടത്തിയതും അത് ചാടിപ്പുറത്തേയക്കിറങ്ങി. പിന്നെ, അമ്മൂമ്മയുടെ പുറകേ പോന്നു. അതിനേറ്റവും ഇഷ്ടപ്പെട്ട ചവിട്ടുപടിയില്‍ ചവിട്ടിയില്‍ വന്നു കിടന്നു അത്. അമ്മൂമ്മ അകത്തേക്കു പോയി. പിന്നെ കണ്ടിട്ടില്ല വിഷുപ്പൂച്ചയെ. അതിനപകടമൊന്നും സംഭവിച്ചിട്ടു ണ്ടാവില്ല, ഗേറ്റു നൂണ്ടു കടന്ന് റോഡില്‍ പോയിരുന്നു കാണും, ഏതെങ്കിലും കുട്ടി അതിനെ കണ്ടിഷ്ടമായി വളര്‍ത്താനായി എടുത്തു കൊണ്ടു പോയിക്കാണും എന്നാണ് തോന്നുന്നത് എന്നു പറഞ്ഞ് അമ്മൂമ്മ സുദീപ്തയെ സമാധാനിപ്പിച്ചു .
ഒരു വെള്ളയും ചാരനിറവും കലര്‍ന്നതാണ് വിഷുപ്പൂച്ച . സുദീപ്തയുടെ കൈപ്പത്തിയുടെ വലിപ്പമേയുള്ളൂ.നേരത്തേ പറഞ്ഞില്ലേ കിടക്കുന്നതു കണ്ടാല്‍ ന്യൂസ് പേപ്പറിന്റെ ഒരു കഷ്ണമാണെന്നു തോന്നും.
വിഷുപ്പൂച്ചയെ കാണാതായിട്ട് ഇന്നേക്ക് നാലു ദിവസം. ഓര്‍ക്കുന്നുണ്ടാവും അവന് ഞങ്ങളൊയൊക്കെ. അവന് പക്ഷേ വീട്ടിലേയ്ക്ക് വരാനുള്ള വഴിയൊന്നുമറിഞ്ഞുകൂടല്ലോ. വിഷുപ്പൂച്ച എങ്ങാനും നിങ്ങളുടെ വീട്ടിലോ അടുത്തുള്ള വീട്ടിലോ വന്നുപെടുകയാണെങ്കില്‍ കൂട്ടുകാരേ, ഞങ്ങളെ ഒന്നറിയി ക്കണം കേട്ടോ. സുദീപ്ത, ആനന്ദമന്ദിരം, ത്രിക്കുന്നപുഴ പി ഒ, ആലപ്പുഴ എന്ന മേല്‍ വിലാസത്തില്‍, വിഷു ഇവിടെയുണ്ട് എന്നെഴുതി ഒരു കാര്‍ഡ് പോസ്റ്റ് ചെയ്യാന്‍ മറക്കല്ലേ.