ഒരു വൈകുന്നേരം മണിദീപ, ഉറുമ്പുകളെ നോക്കി നോക്കി വീടിന്റെ മുന്‍വശത്ത് തനിയേ ഇരിക്കുകയായിരുന്നു . കടിക്കുന്ന ഉറുമ്പായിരുന്നില്ല അതൊന്നും. വെറുതേ പിരുപിരാ എന്ന നടക്കുന്ന തരം ഉറുമ്പുകളായിരുന്നു അവ.
അവര്‍ക്ക് വിശക്കുന്നുണ്ടാവും, ഭക്ഷണം അന്വേഷിച്ച നടക്കുകയായിരിക്കും എന്നു വിചാരിച്ചു അവള്‍. എന്തു കൊടുക്കും ഉറുമ്പുകള്‍ക്ക് എന്നവളാലോ ചിച്ചു. അവല് കൊടുക്കണോ ബിസ്‌ക്കറ്റ് തരികള്‍ കൊടുക്കണോ ശര്‍ക്കരപ്പൊടി കൊടുക്കണോ പഞ്ചസാരത്തരി കൊടുക്കണോ എന്നു തീരുമാനിക്കാന്‍ പറ്റാതെ അവള്‍ അടുക്കളയിലേക്ക് നടന്നു.
അടുക്കളയിലേക്ക് അവള്‍ ചെന്നതും അമ്മ, അവളെ ചേര്‍ത്തുപിടിച്ച് ചോദിച്ചു, എന്താ ഒരാലോചന? എന്തോ കുസൃതി ഒപ്പിക്കാനുള്ള ഭാവമാണെന്നു തോന്നുന്നല്ലോ കണ്ടിട്ട്.
അമ്മയോട് കാര്യമൊന്നും പറയണ്ട എന്നു വിചാരിച്ചു അവളാദ്യം.
അമ്മയ്ക്ക് നല്ല ബുദ്ധിയുണ്ട്, മണിദീപയുടെ കള്ളത്തരം കണ്ടുപിടിക്കാന്‍ അമ്മയ്ക്ക് മിനിട്ടുകളേ വേണ്ടൂ. അമ്മ ഡിറ്റക്റ്റീവ് അവളുടെ കള്ളത്തരം കണ്ടുപിടിച്ചാല്‍ പിന്നെ കണക്കിന് വഴക്കു കിട്ടും അമ്മയുടെ കൈയില്‍ നിന്ന്. അതിനേക്കാള്‍ ഭേദം നേരെ ചൊവ്വേ കാര്യം പറയുന്നതാണ്. അങ്ങനെയായി പിന്നെ അവളുടെ ചിന്ത.
കാര്യമറിഞ്ഞപ്പോള്‍ അമ്മ പക്ഷേ ചിരിക്കുകയാണുണ്ടായത്.
എല്ലാവരോടും എന്തിന് നമ്മളെ എപ്പോഴും ശല്യം ചെയ്യുന്ന ഉറുമ്പുകളോടു വരെ ദയയുള്ള കുട്ടിയാണ് മണിദീപ അല്ലേ, ഇപ്പോ എന്താ അവര്‍ക്കു കൊടക്കുക എന്നായി അമ്മ.
ചോറു വയ്ക്കാന്‍ അരി കഴുകാനെടുക്കുകയായിരുന്നു അമ്മ.
ആ അരിയില്‍ നിന്ന് അഞ്ചാറ് അരിമണികള്‍ കൊടുത്തു അവള്‍ക്കമ്മ .
താങ്ക് യു പറഞ്ഞ് അവള്‍ മുന്‍വശത്തേക്ക് തിരികെ ഓടിപ്പോയി.
അവിടെ ചെന്നപ്പോഴോ പിരുപിരാ ഉറുമ്പുകളെ ഒറ്റയെണ്ണത്തിനെ പോലും കാണാനില്ല . അവര്‍ പിരുപിരാ എന്ന് എവിടേക്കോ ഓടിമറഞ്ഞു കഴിഞ്ഞിരുന്നു.
മണിദീപ,കര്‍ട്ടനടിയിലും കസേരയുടെ അടിയിലും കുഷ്യന്റെ അടിയിലും ഒക്കെ നോക്കി അവരെ. അവരുടെ തരി പോലുമുണ്ടായിരുന്നില്ല അവിടെയെങ്ങും .

മുറ്റത്തെ ചെടിയിലിരുന്ന ഓന്തിനോട് അവള്‍ ചോദിച്ചു – ഇവിടെക്കൂടി പാഞ്ഞു നടന്നിരുന്ന ഉറുമ്പുകളെ കണ്ടോ നീ?
ചെടിയില്‍ നിന്ന് തലയുലര്‍ത്തി നാലുപാടും നോക്കി ഓന്ത്, എന്നിട്ട് പറഞ്ഞു. “ഇല്ലില്ല,ഇല്ലേയില്ല”.
മാവിന്‍കൊമ്പത്ത് ഇരിപ്പായ ഉപ്പനോട് ചോദിക്കാം ഉറുമ്പുകളുടെ കാര്യം എന്നു വിചാരിച്ച് അവള്‍ മാവിനടുത്തേക്ക് നടന്നതും ആ ഉപ്പന്‍ ഒറ്റപ്പറക്കല്‍ .
ഇനി ആരോടു ചോദിക്കും എന്നു വിചാരിച്ച് അവള്‍ താടിക്ക് കൈയും കൊടുത്തിരിയ്ക്കുമ്പോള്‍ അങ്ങോട്ടു കുണുങ്ങിക്കുണുങ്ങി കയറിവന്നത് കിങ്ങിണിപ്പൂച്ച.
അതേയ്, ഇവിടുണ്ടായിരുന്ന ഉറുമ്പുകളെങ്ങോട്ടു പോയി, നീ കണ്ടോ അവരെ നീ വരണ വഴിയിലെങ്ങാനും എന്നവള്‍ അവനോട് വിളിച്ചു ചോദിച്ചു .
പൂച്ച അവളുടെ കാലില്‍ കുറച്ചു നേരം ഉരുമ്മിനിന്നിട്ട് നേരേ പോയി മുറ്റത്തു കിടന്ന കുട്ട കാലു കൊണ്ട് മറിച്ചിട്ടപ്പോ ദാ വരണു, അതിനുള്ളില്‍ നിന്ന് ആ പിരുപിരാ ഉറുമ്പിന്‍കൂട്ടം.
നീയും ഒരു ഡിറ്റക്റ്റീവാണല്ലോ, ഇവരിതിന്റെ താഴെ കൂട്ടം കൂടി ഒളിച്ചിരപ്പാണെന്ന് നീയെങ്ങനെ അറിഞ്ഞു എന്നെല്ലാം പറഞ്ഞും ചോദിച്ചും അവള്‍ പൂച്ചയ്ക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്തു.
പിന്നെ, അവള്‍ മുറ്റത്തു കുനിഞ്ഞിരുന്ന് കൈയിലിരുന്ന അരിമണികള്‍ ഉറുമ്പുകള്‍ക്കായി വിതറി. ഉറുമ്പുകള്‍ കൂട്ടം ചേര്‍ന്ന് അരിമണി വലിച്ചു കൊണ്ടുപോകാനും തുടങ്ങി.

അതു കണ്ട പൂച്ചയ്ക്കാകെ പരിഭവമായി. അവന്‍ തുരുതുരാ മ്യാവൂ എന്നു ബഹളം വയ്ക്കാന്‍ തുടങ്ങി . അതിന്റെ അര്‍ത്ഥം എന്തായിരുന്നുവെന്നോ?
അതേയ്, മണിദീപാ, ഈ ഉറുമ്പുകള്‍ക്ക് അരിമണിയൊക്കെ വിതറി അവരുടെ വിശപ്പുമാറ്റാന്‍ നിനക്കെന്തുത്സാഹമാണ് . പക്ഷേ എനിക്ക് വിശപ്പുണ്ടോ, ഇത്രനേരമായിട്ട് ഞാന്‍ വല്ലതും കഴിച്ചോ, നിനക്കെന്താ വേണ്ടത് കിങ്ങിണിപ്പൂച്ചേ എന്നെങ്ങാനും നീ ഇതുവരെ ചോദിച്ചോ? നിനക്കെന്നോട് ഒരു സ്‌നേഹവുമില്ല എന്നെിക്കിപ്പോ ഉറപ്പായി എന്നൊക്കെയായിരുന്നു അവന്റെ പരാതിയും ചിണുങ്ങലും.
അല്ലാ അതിനിടെ മണിദീപ എവിടെപ്പോയി ?
അവള്‍ പരാതിക്കാരന്റെ പരാതിയും പരിഭവവും തീര്‍ക്കാന്‍ ഒരു ദോശക്കഷണം അന്വേഷിച്ച് അടുക്കളയിലേക്ക് പോയതാണെന്നാണ് തോന്നുന്നത് .
ഉറുമ്പിന് അരിമണി , പൂച്ചയ്ക്ക് ദോശ , ഇനി എന്തും പറഞ്ഞാണാവോ നീ അടുക്കളയിലേയ്ക്ക് വരിക, നിനക്ക് ദയ എന്നു പേരിട്ടാല്‍ മതിയായിരുന്നു അല്ലേ എന്ന് ചോദിച്ച് മണിദീപയുടെ അമ്മ ഉറക്കെ ചിരിക്കുന്നതല്ലേ ആ കേള്‍ക്കുന്നത്?
അമ്മ ഇത്തവണയും എതിര്‍പ്പൊന്നും പറയില്ലേ ആവോ ?
ഏതായാലും കിങ്ങിണിപ്പൂച്ച, ‘കൊണ്ടുവാ കൊണ്ടുവാ എനിക്കു കഴിക്കാന്‍ വല്ലതും!’ ‘വേഗം കൊണ്ടുവാ മണീദീപേ’ എന്നൊക്കെ പറഞ്ഞിരിപ്പാണ് ആ വാതില്‍പ്പടിയില്‍.
മണിദീപ എപ്പോ വരുമോ എന്തോ!