scorecardresearch

നാലുമണിപ്പൂ ഡാന്‍സ്

“അമ്മ ഡാന്‍സ് കളിയ്ക്കുമ്പോള്‍ നാലുമണിപ്പൂമാലയും അമ്മയുടെ തലയിലിരുന്ന് ഡാന്‍സ് കളിക്കുന്നത് കണ്ട് ചിരി വന്നു പ്രേമയ്ക്ക്”. പ്രിയ എ എസ് എഴുതിയ കഥ

priya as, childrens stories , iemalayalam

വൈകുന്നേരം നാലുമണിക്ക് വിരിയുന്ന പൂവ് കണ്ടിട്ടുണ്ടോ നിങ്ങള്‍ കുട്ടികളാരെങ്കിലും?

അങ്ങനൊരു പൂവുണ്ട് ഭൂമിയില്‍. അതിനെ നമ്മളെല്ലാവരും വിളിക്കുന്ന പേരാണ് നാലുമണിപ്പൂവ്.

നാദസ്വരം പോലിരിക്കും അത്. ഒരു നീണ്ട തണ്ട്, അതിന്റെയറ്റത്ത് കോളാമ്പിപോലെ വിരിഞ്ഞ് പൂവ്.

പലപല നിറങ്ങളിലുണ്ട് നാലുമണിപ്പൂവ്, മഞ്ഞ, വെള്ള, ഇളം പിങ്ക്, കടും പിങ്ക് അങ്ങനെയങ്ങനെ… ചില പൂവില്‍ മഞ്ഞ, കടും പിങ്ക് എന്നിങ്ങനെ ഡബിള്‍ കളറുകള്‍ കാണും. നല്ല രസമാണ് ഡബിള്‍ കളറുകാരെ കാണാന്‍.

നാലുമണിപ്പൂവു പറിച്ച് അതിന്റെ തണ്ടുകള്‍ പ്രേമയുടെ തലമുടി പോലെ പിന്നിയാല്‍ ഒരു പൂമാലയുണ്ടാക്കാം. വൈകുന്നേരങ്ങളില്‍ അമ്മ, പ്രേമയ്ക്ക് നാലുമണിപ്പൂമാല റെഡിയാക്കിക്കൊടുക്കും. എന്നിട്ട് അവള്‍ രണ്ടുവശവുമായി പിന്നിയിട്ടിരിക്കുന്ന മുടിയില്‍ വച്ചു കൊടുക്കും.

പൂമാല തലമുടിയില്‍ ചൂടിക്കഴിയുമ്പോള്‍ പ്രേമയ്ക്ക് താനൊരു ഡാന്‍സുകാരിയാണെന്നു തോന്നും. അവള്‍ ഡാന്‍സ് പഠിച്ചിട്ടൊന്നുമില്ല. ടിവി കണ്ട് പഠിച്ചെടുത്ത കുറേ സ്റ്റെപ്പുകളുമായി അവള്‍ ഡാന്‍സ് കളിച്ചു രസിക്കും. അവളങ്ങനെ ഡാന്‍സ് കളിക്കുന്നത് കാണാന്‍ അമ്മയ്ക്ക് ഒത്തിരി ഇഷ്ടമാണ്. പ്രേമയെ ഡാന്‍സ് ക്ലാസില്‍ ചേര്‍ക്കാമെന്ന് പറയും അപ്പോഴമ്മ.

പ്രേമ പറയും സ്‌കൂളിലെ ക്ലാസുകള്‍ തന്നെ എനിക്ക് കുറേയുണ്ട്. ഇനി ഡാന്‍സ് ക്ലാസും കൂടി വേണ്ട അമ്മേ. തോന്നുമ്പോലെ ഡാന്‍സ് കളിക്കാനാണെനിക്കിഷ്ടം അമ്മേ.

അപ്പോ അമ്മ, അമ്മയുടെ കുട്ടിക്കാലം പറഞ്ഞുകേള്‍പ്പിച്ചു അവളെ. അമ്മ എപ്പോഴും തുള്ളിച്ചാടി ഡാന്‍സ് കളിച്ചു നടക്കുന്ന കുട്ടിയായിരുന്നുവത്രെ. അപ്പുറത്തെ മണിയെ ഡാന്‍സ് പഠിപ്പിക്കാന്‍ വരുന്ന ടീച്ചറിന്റെയടുത്ത് ചെന്ന് എന്നെയും കൂടി പഠിപ്പിയ്ക്കുമോ ഡാന്‍സ് എന്നു ചോദിച്ചതും, ടീച്ചര്‍ സമ്മതിച്ചതും, കാശില്ല അതിനൊന്നും, ഡാന്‍സൊന്നും പഠിക്കണ്ട തത്ക്കാലം, പഠിച്ചു വലുതായി കാശുണ്ടാവുമ്പോ കുട്ടി ഡാന്‍സ് ക്ലാസില്‍ ചേര്‍ന്നോളൂ എന്ന് അമ്മയുടെ അമ്മ പറഞ്ഞതും അമ്മ വിവരിച്ചതു കേട്ട് പ്രേമയ്ക്ക് സങ്കടമായി.

പക്ഷേ നല്ല ടീച്ചറായിരുന്നു, ഡാന്‍സിലുള്ള എന്റെ താത്പര്യം കണ്ട് പൈസ വാങ്ങാതെ എന്നെ പഠിപ്പിച്ചു തന്നു എന്ന് അമ്മ വിവരിക്കെ പ്രേമയ്ക്ക് സന്തോഷമായി. പക്ഷേ, അമ്മ നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടേയില്ലല്ലോ എന്നായി പ്രേമ.

priya as, childrens stories , iemalayalam

പ്രേമയുടെ അച്ഛന്‍, പ്രേമയുടെ അമ്മയെ കല്യാണം കഴിച്ചത് തന്നെ ഡാന്‍സ് കണ്ട് ഇഷ്ടമായിട്ടാണ് എന്ന് അമ്മ പറഞ്ഞു. പ്രേമ കുഞ്ഞായിരുന്നപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു പോയല്ലോ, അതിപ്പിന്നെയാണ് നൃത്തം ചെയ്യാതായത് എന്നു പറഞ്ഞു അമ്മ.

അതു പറയുമ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.

“അതിനെന്താ, ഞാനില്ലേ അമ്മേടെ നൃത്തം കാണാന്‍, അമ്മ ഇനീം നൃത്തം ചെയ്യണം,” എന്നു പറഞ്ഞു പ്രേമ അമ്മയുടെ മടിയില്‍ കയറിയിരുന്ന് അമ്മയുടെ മുഖമാകെ തലോടിക്കൊണ്ട്.

പ്രേമ അങ്ങനെ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അമ്മ നൃത്തം ചെയ്യാന്‍ റെഡിയായി.

അമ്മ പതിയെ നൃത്തം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ “വൗ, എന്തൊരു രസം,” എന്നു പറഞ്ഞു പോയി പ്രേമ.

അമ്മയുടെ ഡാന്‍സ് കാണാന്‍, മുറ്റത്തു ചിക്കിപ്പെറുക്കി നടന്നിരുന്ന കരിയാലാംപീച്ചികളും ഒരണ്ണാറക്കണ്ണനും ഒരു വണ്ടും മുറിയുടെ ജനലരികത്തു വന്നിരുന്നു. അവരെല്ലാം ഉണ്ടക്കണ്ണു മിഴിച്ച്, ഇത്രേം നന്നായി ഡാന്‍സ് ചെയ്യുന്ന ഒരാളാണോ ഇതു വരെ ഒരു നൃത്തച്ചോടു പോലും വയ്ക്കാതെ അടങ്ങിയൊതുങ്ങി വീട്ടിനകത്തു കൂടെ നടന്നിരുന്നത് എന്നത്ഭുതപ്പെടുന്നത് പ്രേമ കാണുന്നുണ്ടായിരുന്നു .

മുറ്റത്തു കൂടി നടന്നിരുന്ന ഒരു പൂവങ്കോഴിയെയും ഒരു നീലത്തുമ്പിയെയും കൂടി വിളിച്ചു വരുത്തി പ്രേമ നൃത്തം കാണാന്‍. അവരും അമ്മയുടെ നൃത്തം കണ്ട് ഹാപ്പിയായി.

“അമ്മ ഇത്ര നന്നായി ഡാന്‍സ് കളിക്കുമ്പോള്‍ ഞാനെന്തിനാ വേറെ ഡാന്‍സ് ടീച്ചറുടെ അടുത്തു പഠിക്കാന്‍ പോകുന്നത്? അമ്മ തന്നെ എന്നെ ഡാന്‍സ് പഠിപ്പിച്ചാൽ മതി,” എന്നു പറഞ്ഞു ചിണുങ്ങി പ്രേമ.

“അമ്മ പഠിപ്പിച്ചാല്‍ നിനക്ക് പഠിക്കാന്‍ നേരമുണ്ടാവുമോ? സ്‌കൂളിലെ ക്ലാസുകള്‍ പഠിച്ചു തീര്‍ക്കാനപ്പോള്‍ സമയം കിട്ടുമോ നിനക്ക്, ഡാന്‍സ് ക്ലാസിനും കൂടി ചേര്‍ന്നാല്‍…” എന്നു കള്ളക്കണ്ണിട്ട് ചിരിച്ചു ചോദിച്ചു അമ്മ.

“അമ്മ ടീച്ചറായാല്‍ എനിയ്ക്ക് സമയമുള്ളപ്പോ ഡാന്‍സ് പഠിക്കാന്‍ വരാമല്ലോ, അതു നല്ല രസമല്ലേ,” എന്നു ചോദിച്ച് അമ്മയെ ഉമ്മ വച്ചു പ്രേമ.

priya as, childrens stories , iemalayalam

“അമ്മ ഒരു ഡാന്‍സ് കൂടി കളിക്കണം, ഡാന്‍സ് കളിക്കുമ്പോള്‍ തലയില്‍ പൂമാല വേണം, അമ്മയ്ക്ക് ചൂടിത്തരാാം ഞാനിത്,” എന്നു പറഞ്ഞ് പ്രേമ അവളുടെ തലയിലെ ഒരു നാലുമണിപ്പൂമാലയെടുത്ത് അമ്മയുടെ തലയില്‍ ചൂടിക്കൊടുത്തു.

അമ്മ ഡാന്‍സ് കളിയ്ക്കുമ്പോള്‍ നാലുമണിപ്പൂമാലയും അമ്മയുടെ തലയിലിരുന്ന് ഡാന്‍സ് കളിക്കുന്നത് കണ്ട് ചിരി വന്നു പ്രേമയ്ക്ക്.

പിന്നെ പ്രേമയും അമ്മയുടെ കൂടെ അവള്‍ക്കറിയാവുന്നതു പോലെ ഡാന്‍സ് കളിക്കാന്‍ തുടങ്ങി. തന്റെ നാലുമണിപ്പൂമാലയും ഒരു ഡാന്‍സുകാരിയായല്ലോ എന്നോര്‍ത്ത് പ്രേമ തന്നത്താനെ ചിരിച്ചു.

“നാളെ മുതല്‍ ഡാന്‍സ് ക്‌ളാസ് തുടങ്ങും, കാണാന്‍ വരണേ, ഞാന്‍ വിളിക്കുമ്പോള്‍,” എന്നു ജനല്‍പ്പടിയിലെ കാഴ്ചക്കാരോട് പ്രേമ വിളിച്ചു പറഞ്ഞു.

അമ്മ, അമ്മയുടെ നൃത്തം പുറത്തെടുക്കാന്‍ കാരണമായത് തങ്ങളാണെന്ന മട്ടില്‍ മുറ്റത്തെ നാലുമണിപ്പൂക്കള്‍ അപ്പോള്‍ നാദസ്വരം വായിച്ചു.

Read More: ഡിറ്റക്റ്റീവ് അമ്മു- കുട്ടികളുടെ നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories nalumanippo dance