പത്ത് നിലയുണ്ട് ഫ്ലാറ്റിന്. നാലാം നിലയിലാണ് പ്രര്‍ത്ഥനയുടെയും മുഹമ്മദിന്റെയും ലില്ലിയുടെയും ഫ്ലാറ്റ്. നാലാം നിലയിലെ അവരുടെ കോറിഡോറിലേക്ക് താഴെ നിന്നും മുകളില്‍ നിന്നും വേറെയും കുട്ടികള്‍ വരും കളിക്കാനായിട്ട്. പിന്നെയതൊരു കളിക്കോറിഡോറായിട്ടു മാറും, രാവിലെ മുതല്‍ വൈകുന്നേരം വരെ. വൈകുന്നേരമായാല്‍ താഴെ പാര്‍ക്കിലേക്ക് മാറും കളികള്‍.
സ്കൂള്‍ തുറക്കാന്‍ ഇനി രണ്ടു ദിവസം കൂടിയേയുള്ളൂ. അതു കൊണ്ട് ഒരഞ്ചു മിനിട്ടു പോലും വിശ്രമമില്ലാതെ കൊണ്ടു പിടിച്ചാണ് കളികള്‍. സ്കൂൾ തുറന്നാല്‍പ്പിന്നെ കളിക്കാന്‍ ആരും സമ്മതിക്കില്ല, ‘പഠിക്ക്, പഠിക്ക്’ എന്നു പറഞ്ഞു പുറകേ നടക്കും.
അങ്ങനെ കളി കൊണ്ടു പിടിച്ചു നടക്കുന്നതിനൊപ്പം നാലാം നിലയിലെ കോറിഡോര്‍ കുട്ടികളുടെ ആട്ടവും പാട്ടും ബഹളവും കൊണ്ട് കോലാഹലമയമായി.
“ഒരു നൂറു ചീവീടുകള്‍ ഒന്നിച്ച് ഒച്ച വയ്ക്കുന്നതു പോലെയുണ്ട് നിങ്ങള്‍ പത്തു പേര് ഇവിടെ കൂടിയപ്പോള്‍, ഇത്തിരി ശബ്ദം കുറയ്ക്ക്…” എന്ന് ലില്ലിയുടെ അമ്മ അതിനിടെ ഫ്ലാറ്റിന്റെ വാതില്‍ തുറന്ന് കുട്ടികളോട് പറഞ്ഞു.
ഒരു രണ്ടു മിനിട്ട് അവര്‍ കളിബഹളത്തിന്റെ ഒച്ച കുറച്ചു. പിന്നെയും അവരെല്ലാം മറന്ന് ആര്ത്തുവിളിയായി.
അപ്പോഴാണ് 4 C ഫ്ളാറ്റിന്റെ വാതില്‍ തുറന്നതും അവിടെ നിന്നൊരാള്‍ പുറത്തേക്ക് വന്ന് കുട്ടികളുടെ നേരെ നോക്കി ദേഷ്യത്തിലൊച്ച വച്ചതും.
“ഒന്നുറങ്ങാന്‍ കിടന്നതാണ് ജോലി കഴിഞ്ഞു വന്നിട്ട്. കുട്ടികള്‍ കളിയ്ക്കുന്നതൊക്കെ എനിക്ക് മനസ്സിലാകും. പക്ഷേ ഇങ്ങനെയുണ്ടോ ഒരു കളിമേളം. ഓരോ തവണ ഉറങ്ങുമ്പോഴും ഞാന്‍ നിങ്ങളുടെ ഒച്ചയും ഓരിയും കേട്ട് ഉണര്‍ന്നു പോവുകയാണ്. നട്ടുച്ച നേരത്താണോ കളി? താഴെ മുറ്റത്ത് പാര്ക്കുണ്ടല്ലോ, വൈകുന്നേരം അവിടെ പോയി കളിച്ചാല്‍ മതി. പറഞ്ഞാ കേള്‍ക്കാതെ ഇനീം ഒച്ച വയ്ക്കാനാണ് ഭാവമെങ്കില്‍ ഞാനിനി നിങ്ങളുടെ ഓരോരുത്തരുടെയും ഫ്ലാറ്റില്‍ വന്ന് പരാതി പറയും കേട്ടോ!” അങ്ങനെ പറഞ്ഞ് ആ അങ്കിള്‍ വാതില്‍ വലിച്ചടച്ച് അകത്തേക്ക് പോയി.
ആ അങ്കിളിന്റെ ദേഷ്യത്തിന്റെ ഊക്കു കണ്ട് കുട്ടികള്‍ പേടിച്ചു പോയി ഒരു നിമിഷം. നല്ല വണ്ണവും പൊക്കവും ഉള്ള ഒരങ്കിളാണ്. പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ ഈസിയായിട്ട് ചെവിയില്‍ പിടിച്ചു പൊക്കിയെടുക്കാന്‍ പറ്റും അവരോരുത്തരെയും.

ആ അങ്കിള്‍ പുതുതായി താമസം തുടങ്ങിയ ആളാണെന്നു എസ്റയും സനിതയും പറഞ്ഞു. അതൊരു പൈലറ്റാണെന്ന് പ്രര്ത്ഥനയ്ക്കറിയാമായിരുന്നു.
അവര്‍ കളി നിര്‍ത്തി ആലോചനയിലായി. എന്നാലും ഇത്രയ്ക്ക് ദേഷ്യപ്പെടേണ്ട കാര്യമെന്താണ്. കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ലേ കളി. കളിച്ച് രസിച്ചില്ലെങ്കില്‍ എങ്ങനെ വളരും കുട്ടികള്‍? ആ പൈലറ്റ് അങ്കിള്‍ കുട്ടിക്കാലത്ത് ഇതു പോലെ ഒച്ചവെച്ച് നിര്‍ത്താതെ കളിച്ചിട്ടുണ്ടാവില്ലേ?
കളി കുട്ടികളുടെ അവകാശമാണ് എന്ന് മുഹമ്മദ് പറഞ്ഞു. കളിക്കുന്ന കുട്ടികളോട്, കളിക്കരുത് എന്നു പറയാന്‍ ലോകത്താര്‍ക്കും അവകാശമില്ല എന്ന് ജോഷ് പറഞ്ഞു. പെട്ടെന്നവര്‍ ആ അങ്കിളിനെതിരെ സമരം ചെയ്യാന്‍ തീരുമാനിച്ചു.
പ്രാര്‍ത്ഥന ഓടിപ്പോയി കടലാസും ഐസക്രീം സ്റ്റിക്കും പശയും പേനയും സ്റ്റേപ്ളറും കത്രികയും ഒക്കെയായി തിരിച്ചു വന്നു. അവര്‍ കൊടി രൂപത്തില്‍ കടലാസുകള്‍ മുറിച്ച ഓരോ കടലാസിലും ഓരോ മുദ്രാവാക്യം മലയാളത്തില്‍ എഴുതി. ‘കളി കുട്ടികളുടെ അവകാശം,’ ‘കൂട്ടുകാര്‍ നീണാള്‍ വാഴട്ടെ,’ ‘കളികള്‍ നീണാള്‍ വാഴട്ടെ,’ ‘ഞങ്ങള്‍ കുട്ടികള്‍ക്ക് കളിക്കണം,’ ‘പരാതിക്കാരെ പുറത്താക്കുക.’
പൈലറ്റ് മലയാളിയല്ല, മലയാളത്തില്‍ മുദ്രാവാക്യമെഴുതിയാല് ആള്‍ക്ക് മനസ്സിലാവില്ല എന്നു പറഞ്ഞു എസ്റ. അതു ശരിയാണല്ലോ എന്നോര്‍ത്തു കുട്ടികള്‍. അവര്‍ മുദ്രാവാക്യങ്ങള്‍ ഇംഗ്ളീഷിലെഴുതാന് തുടങ്ങി.
‘Children should Play,’ ‘Long Live Friendship,’ ‘Long Live Fun,’ ‘People who Complain are Grim’ അവർ മുദ്രാവാക്യങ്ങളെഴുതിയ കടലാസ് എസ്ക്രീം സ്റ്റിക്കില്‍ സ്റ്റേപ്പിള്‍ ചെയ്തു വച്ചു കൊടിയുണ്ടാക്കി.
എന്നിട്ടവര്‍ ചില കൊടികള്‍, പൈലറ്റിന്റെ വാതിലില്‍ ഒട്ടിച്ചു വച്ചു. പിന്നെ മുദ്രാവാക്യങ്ങളുറക്കെ വിളിച്ച് ഓരോ കോറിഡോറിലൂടെയും അവര്‍ ജാഥ നടത്തി. ലിഫ്റ്റിലൂടെ മുകളിലേക്കും താഴേക്കും പോകുന്നവര്‍ കുട്ടികളുടെ ജാഥയെ കൗതുകത്തോടെ നോക്കി. കാര്യം എന്താണെന്ന് ചിലര്‍ തിരക്കി. കാര്യമറിഞ്ഞപ്പോള്‍ അവരില്‍ പലരും ചിരിച്ചു കൊണ്ട് നടന്നകന്നു.
തമന്നയാന്റി മാത്രം കുട്ടികളെ വിളിച്ച് അടുത്തു നിര്‍ത്തി പറഞ്ഞു, അങ്ങനൊരു ജാഥ തെറ്റാണ്. പൈലറ്റ് സുഖമായി ഉറങ്ങേണ്ടത് രാജ്യത്തിന്റെ തന്നെ അവശ്യമാണെന്നു കൂടി പറഞ്ഞു തമന്നയാന്റി.
അതെന്താ അങ്ങനെ എന്നു ചോദിച്ചു കുട്ടികള്‍.
“പൈലറ്റിന്റെ ജോലി വിമാനം പറത്തലാണല്ലോ. അത് രാത്രിയാകാം പകലാകാം. എന്തൊരു ഉത്തരവാദിത്തമുള്ള ജോലിയാണ് വിമാനം പറത്തല്‍. വിമാനത്തിലിരിക്കുന്ന ആളുകളെ മുഴുവന്‍ സുരക്ഷിതരായി ആകാശത്തിലൂടെ കൊണ്ടു പോകണ്ടേ? എന്തെങ്കിലും ഒരു പ്രശ്നം വിമാനത്തില്‍ വച്ച് പറ്റിയാല്‍ പിന്നെ വിമാനം ആകാശത്ത് നിർത്തിയിടാന്‍ പറ്റുമോ? നല്ല കഷ്ടപ്പാടുള്ള ജോലിയാണ് പെലറ്റിന്റേത്. അവര്‍ ജോലി കഴിഞ്ഞ് ഉറങ്ങാന്‍ വന്നു കിടക്കുന്നതൊക്കെ ഒരു നേരത്താവും. ഉറക്കം മുറിഞ്ഞാല്‍ അവരുടെ ക്ഷീണം മാറാതെ അവര്‍ പിറ്റേന്നും വിമാനമോടിക്കേണ്ടി വരും. അങ്ങനെ ഓടിച്ചാല്‍ അവര്‍ക്ക് വിമാനമോടിക്കലില് വേണ്ടത്ര ശ്രദ്ധ കിട്ടിയെന്നു വരില്ല. അങ്ങനെ വിമാനത്തിനെന്തെങ്കിലും അപകടം സംഭവിച്ചാലോ? എത്ര പേരുടെ ജീവനാണ് ഉത്തരം പറയേണ്ടി വരിക?”
തമന്നയാന്റി അങ്ങനെ പറഞ്ഞ് തമന്നയാന്റിയുടെ ഫ്ലാറ്റിലേക്കു പോയി.

കാര്യത്തിന്റെ ഗൗരവം മനസ്സിലായതോടെ കുട്ടികള്‍ നിശബ്ദരായി. അവര്‍ കൊടികളൊക്കെ വെയ്സ്റ്റ് ബിന്നിലിട്ടു.
പരാതിയെഴുതി ബാക്കി ഫ്ളാറ്റുകളിലെ കുട്ടികളുടെയൊക്കെ ഒപ്പു ശേഖരിച്ച് റെസിഡന്റ്സ് അസ്സോസ്സിയേഷൻ സെക്രട്ടറിക്ക്, കൊടുക്കാന്‍ പ്ലാനിട്ട് നിന്നിരുന്ന പ്രാര്‍ത്ഥന ആ പ്ലാനുപേക്ഷിച്ചു. പ്രര്‍ത്ഥനയുടെ അമ്മൂമ്മ പ്രാര്‍ത്ഥനയെ കാണാന്‍ വരുന്നതും വിമാനത്തിലാണല്ലോ എന്നോര്‍ത്തു പ്രാര്‍ത്ഥന. ഒരു ദിവസം ആ വിമാനമോടിച്ചിട്ടുണ്ടാവുമോ ഈ അങ്കിള്‍?
എന്തൊക്കെയോ കൂടിയാലോചിച്ചശേഷം കുട്ടികള്‍, വീണ്ടും കടലാസുകള്‍ മുറിക്കാന്‍ തുടങ്ങി . അതിലവരെഴുതി: ‘സോറി പൈലറ്റ് അങ്കിള്‍, We will play only after you wake up. Let we know, when you wake up.’ ‘നിങ്ങളുറക്കമുണര്ന്നിട്ട് ഞങ്ങള്‍ കളിച്ചോളാം. ഉണരുമ്പോള്‍ ഞങ്ങളെ അറിയിക്കുക.’
അതുവരെ പ്രാര്‍ത്ഥനയുടെ ഫ്ലാറ്റിലിരുന്ന് അധികം ഒച്ചയുണ്ടാവില്ലാത്ത തരം കളികള്‍ കളിക്കാമെന്ന് പ്ലാനിട്ടു പ്രാര്‍ത്ഥനയും മുഹമ്മദും.
കുട്ടികള്‍ കൂട്ടമായി അകത്തേയ്ക്കു വന്നപ്പോള്‍ പ്രാര്‍ത്ഥനയുടെ അമ്മ അന്തം വിട്ടു ചോദിച്ചു “പുറത്തെ കോലാഹലം കേള്‍ക്കാതായപ്പോള്‍ എന്താ കാര്യം എന്നന്വേഷിക്കാന്‍ പുറത്തേക്കു വരാനൊരുങ്ങുകയായിരുന്നു ഞാന്‍.”
കുട്ടികള്‍ കാര്യമൊക്കെ വിസ്തരിച്ചു പറഞ്ഞതു കേട്ട അമ്മ, ‘നല്ല കുട്ടികള്‍’ എന്നു പറഞ്ഞ് അവരുടെ തലയില്‍ തലോടി.
തെറ്റ് മനസ്സിലായാല്‍ സോറി പറയുന്നത് ഒരു വലിയ കാര്യമാണെന്ന് അമ്മ അവര്‍ക്ക് പറഞ്ഞു കൊടുത്തു. കുട്ടികള്‍ വലിയ ഒച്ചയും ബഹളവും വേണ്ടാത്ത പാമ്പും കോണിയും ചെസ്സുമൊക്കെ കളിക്കാന്‍ തുടങ്ങി. അമ്മ അവര്‍ക്കോരോരുത്തര്‍ക്കും തണ്ണിമത്തന് ജ്യൂസ് കൊണ്ടുക്കൊടുത്തു.
എന്നാലും ഇടയ്ക്കവര്‍ എഴുന്നേറ്റു പോയി, പൈലറ്റങ്കിളിന്റെ ഡോര്‍ തുറന്നോ, ഞാനെണീറ്റു കഴിഞ്ഞു, നിങ്ങളിനി കളിച്ചോളൂ എന്നൊരു പേപ്പറില്‍ പൈലറ്റ് അങ്കിള്‍ അവര്‍ക്ക മറുപടി വാതിലില്‍ ഒട്ടിച്ചു വച്ചിട്ടുണ്ടാവുമോ എന്നു നോക്കുന്നുണ്ടായിരുന്നു.
എത്ര നേരമെന്നു വച്ചാണ് കുട്ടികള്‍ ഒച്ചയുണ്ടാക്കാതിരിക്കുക അല്ലേ?