scorecardresearch

മൂന്ന് കുട്ടികളും ആറ് പൂച്ചകളും

“ഇളയാകെ വല്ലാതായി. അവരെ തള്ളിയിട്ടപ്പോ ഇങ്ങനെയൊന്നും വരുമെന്ന് അവള്‍ വിചാരിച്ചിരുന്നില്ലല്ലോ”. പ്രിയ എ എസ് എഴുതിയ കഥ

priya as , childrens stories, iemalayalam

ഇള സ്കൂളില്‍ നിന്നു വന്ന് കാപ്പിയും ദോശയും കഴിച്ചു. എന്നിട്ട് അമ്മ പറഞ്ഞതനുസരിച്ച് കുളിക്കാന്‍ പോയി.

കുളിച്ചു വന്നപ്പോഴുണ്ട് അപ്പുറത്തെ വീട്ടിലെ ശങ്കുവും ഉമയും, “കളിക്കാന്‍ വായോ ഇളക്കുട്ടീ,” എന്ന് ഗേറ്റിനരികെ വന്നു നിന്ന് വിളിയോടു വിളി. എന്നാപ്പിന്നെ അവരൊടൊപ്പം പോയേക്കാം എന്നായി ഇളയുടെ വിചാരം.

“അമ്മേ ഞാന്‍ കളിക്കാമ്പോകുവാണേ ഉമേടേം ശങ്കൂന്റേം കൂടെ,” എന്നു വിളിച്ചു പറഞ്ഞ്, അമ്മയുടെ മറുപടിക്ക് കാത്തുനില്‍ക്കാതെ ഇള അപ്പുറത്തെ വീട്ടിലേക്ക് ഒറ്റ ഓട്ടം പാസ്സാക്കി.

ഇള ഓടുന്നതു കണ്ട് അവളുടെ ആറു പൂച്ചകളും അവളുടെ പുറകെ ഓടി.

അവളുടെ ആറു പൂച്ചകളുടെയും പേരുകളറിയണ്ടേ? പക്രു, കുഞ്ഞന്‍, അനില്‍ തോമസ്, ഹിരണ്യന്‍, ലീല, മാധവി.

ഇള ഒരു വലിയ പൂച്ച സംഘവുമൊത്ത് വരുന്നതു കണ്ടപ്പോള്‍, ശങ്കുവിന് ചിരി പൊട്ടി. അവന്‍ ചോദിച്ചു, “നിന്റെ തോഴന്മാരും തോഴികളുമൊക്കെയാണോ ഈ പൂച്ചകള്‍? നിന്റെ വരവു കണ്ടാല്‍ നീ ഒരു പൂച്ച രാജകുമാരിയാണെന്ന് ഉറപ്പായും തോന്നുമല്ലോ.”

പൂച്ചരാജകുമാരി എന്നുള്ള ആ വിളി ഇളയക്ക് തീരെ ഇഷ്ടമായില്ല.

priya as , childrens stories, iemalayalam

“ഞാന്‍ മനുഷ്യക്കുട്ടിയല്ലേ? അപ്പോ മനുഷ്യ രാജകുമാരിയാ ഞാന്‍. പക്ഷേ പൂച്ചകളാണകമ്പടി എന്നേയുള്ളൂ,” അവള്‍ പറഞ്ഞു.

ഇള പറയുന്നതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഉമേം ശങ്കും കൂടി അവളെ തുരുതുരാ ‘പൂച്ച രാജകുമാരീ,’ എന്നു വിളിച്ചു കൊണ്ടേയിരുന്നു.

ഇളയ്ക്കപ്പോ ശരിക്കും ദേഷ്യം വന്നു. അവള്‍ ശങ്കുവിനെയും ഉമയെയും പിടിച്ചു തള്ളി. അവർ മലര്‍ന്നടിച്ചു നിലത്തു വീണു. വഴക്കു കണ്ടു പേടിച്ച് പൂച്ചകള്‍ ചിതറിയോടി.

ശങ്കുവും ഉമയും നിലത്തടിച്ചു വീണപ്പോള്‍ ഇളയാകെ പേടിച്ചു പോയി. അവളടുത്തു ചെന്നവരെ കൈകൊടുത്ത് എണീപ്പിക്കാന്‍ നോക്കി.

“നിന്നെയുണ്ടല്ലോ ഞാന്‍ ഇടിച്ചു പപ്പടം പോലെ പൊടിയാക്കും,” എന്നൊച്ചവെച്ചു കൊണ്ട് ശങ്കു, ഇളയുടെ കൈയില്‍ പിടിച്ചെണീറ്റു.

ശങ്കുവിന്റെ ദേഷ്യം കാണാന്‍ നില്‍ക്കാതെ അവളോടിപ്പോയി ഉമയെയും പിടിച്ചെഴു്‌നേല്‍പ്പിച്ചു.

അവരെ അവള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോഴുണ്ട് ശങ്കുവിന്റെ കാല്‍ മുട്ടു പൊട്ടിയിരിക്കുന്നു. ഉമയുടെ കൈയോ കാലോ അല്ല നെറ്റിയാണ് പൊട്ടിയിരിക്കുന്നത്.

ഇളയാകെ വല്ലാതായി. അവരെ തള്ളിയിട്ടപ്പോ ഇങ്ങനെയൊന്നും വരുമെന്ന് അവള്‍ വിചാരിച്ചിരുന്നില്ലല്ലോ.

ശങ്കു മുഖം വീര്‍പ്പിച്ച് ഒന്നും മിണ്ടാതെ പെട്ടെന്ന് അകത്തേക്കു പോയി. അവളോട് പിണങ്ങിപ്പോയതാവും അതോ അവരുടെ അമ്മയോട് പരാതിപ്പെടാന്‍ പോയതാവുമോ എന്നു വിചാരിച്ച് സങ്കടം വന്നു ഇളയക്ക്.

ശങ്കു ഇപ്പോ അവരുടെ അമ്മയെയും കൂട്ടി അകത്തുനിന്നു വരും, ‘വഴക്കാളി ഇളേ,’ എന്നു വിളിച്ച് ആന്റി വഴക്കു പറയും എന്നവള്‍ പേടിച്ചു.

എല്ലാ വിഷമവും കൂടിയായപ്പോള്‍ അവള്‍ തേങ്ങിത്തേങ്ങി കരയാന്‍ തുടങ്ങി.

പൊട്ടിയ നെറ്റി തിരുമ്മിക്കൊണ്ട് അതിനിടെ ഉമ അവളുടെ അടുത്തേക്കു വന്നു ചോദിച്ചു, “എന്തിനാ കരയണത് ഇളക്കുട്ടീ?”

priya as , childrens stories, iemalayalam

ഉമയ്ക്ക് പിണക്കമില്ലെന്നു കണ്ടപ്പോ ഇളയക്ക് സമാധാനമായി. അവള്‍ കരച്ചില്‍ നിര്‍ത്തി.

എന്നിട്ട് മുറ്റത്തു നിന്ന പാണല്‍വള്ളിയില്‍ നിന്ന് ഇല പറിച്ചെടുത്ത് അതു ഞെരടി നീരെടുത്ത് ഉമയുടെ നെറ്റിയിലെ മുറിവില്‍ ഇറ്റിച്ചു കൊടുത്തു ഇള. ഇളയ്ക്ക് മുറിവു പറ്റുമ്പോള്‍ ഇളയുടെ അമ്മൂമ്മ അങ്ങനെയാണ് ചെയ്യാറ്.

അതിനിടെ ശങ്കു അകത്തുനിന്നു വന്നു ഒറ്റയ്ക്ക്. അവന്റെ കൈയില്‍ പഞ്ഞിയും ഡെറ്റോളും ബാന്‍ഡേജമുണ്ടായിരുന്നു.

പഞ്ഞി വാങ്ങി ഡെറ്റോളില്‍ മുക്കി ശങ്കുവിന്റെ കാലിലെ മുറിവിലെ ചോര, ഇള ഒപ്പി മാറ്റി. ഉമ അവിടെ ബാന്‍ഡേജ് ഒട്ടിച്ചു. എന്നിട്ട് സാരമില്ല വേഗം മാറും കേട്ടോ ഈ മുറിവ് എന്നു ഇളയെ സമാധാനിപ്പിക്കാനാവും ഉമ രണ്ടുപേരോടുമായി പറഞ്ഞു.

“അപ്പോ നീ പൂച്ചരാജകുമാരിയാണോ അതോ മനുഷ്യരാജകുമാരിയാണോ,”എന്നു ചോദിച്ചു ചിരിച്ചു ശങ്കു.

കുട്ടികള്‍ തമ്മില്‍ വഴക്കൊന്നുമില്ലെന്നു കണ്ട് പൂച്ചകള്‍ നിരനിരയായി തിരികെ വന്നു. അല്ലെങ്കിലും കുട്ടികള്‍ക്കെന്തു വഴക്ക് അല്ലേ? അതൊക്കെ നിമിഷ നേരം കൊണ്ട് മാറില്ലേ?

നോക്ക്, അവര്‍ മൂന്നു പേരും കൂടി കളിയോടു കളിയാണിപ്പോ. വഴക്കിന്റെയും മുറിവിന്റെയും ഒക്കെ കാര്യം അവരുമാ ആറു പൂച്ചകളും മറന്നേ പോയിരിക്കുന്നു.

Read More: പ്രിയ എ എസ്സിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories moonu kuttikalum aaru poochakalum