scorecardresearch

മൂന്നു മഴവള്ളങ്ങൾ

“വെള്ളത്തിലൂടെ മൂന്ന് കടലാസുതോണികൾ ഒഴുക്കി വിട്ടു. ഒരെണ്ണത്തിൽ അവരൊരു തൂവൽ വച്ചു. അത് പൊന്മാന്റെ നീലത്തൂവലായിരുന്നു. വേറൊന്നിൽ അവരൊരു ചാമ്പയ്ക്ക ഒഴുക്കിവിട്ടു. മറ്റൊന്നിൽ ഒരു പഴുത്തില വച്ചു.” പ്രിയ എ എസ് എഴുതിയ കഥ വായിക്കാം

priya as, childrens stories , iemalayalam

രാവിലെ മുതൽ ഉച്ചവരെ താരക്കുട്ടി തൊട്ടപ്പുറത്തെ വീടുകളിലെ കുഞ്ഞുണ്ണിക്കുട്ടിയോടും ക്ലാരയോടും ഒപ്പം മുറ്റത്ത് കളിയോട് കളി തന്നെയായിരുന്നു.

നല്ല ചൂടുള്ള വെയിലായിരുന്നു മുറ്റത്ത്. ഓടിച്ചാടി നടന്ന് അവരെല്ലാം വിയർത്ത് കുളിച്ചു.

താരക്കുട്ടിയുടെ അമ്മ വന്ന്, നല്ല വെയിലത്താണോ കളി? മതി മതി കളിയൊക്കെ. വീട്ടിനകത്ത് കയറ് എല്ലാവരും എന്ന് ഒച്ച വെച്ചു.

അമ്മയെ ദേഷ്യം പിടിപ്പിക്കുന്നതത്ര നല്ല കാര്യമല്ല, ചിലപ്പോ അടി വേണോ എന്നമ്മ കൈയോങ്ങാനും മതി എന്നറിയാവുന്ന താരക്കുട്ടി വേഗം കുഞ്ഞുണ്ണിക്കുട്ടിയെയും ക്ലാരക്കുട്ടിയെയും കൂട്ടി വീടിനകത്തേക്കു കയറി.

അവർ, അരപ്രൈസിനു ചുറ്റുമിരുന്ന് കൈകൾ കമഴ്ത്തി വച്ച് അക്കുത്തിക്കുത്താനവരമ്പത്ത് കളിച്ചു രസിച്ചു ചിരിക്കാൻ തുടങ്ങി.

അതിനിടെ അമ്മ അവർക്ക് കായ ഉപ്പേരിയും ചെമ്പരത്തി സ്ക്വാഷും കൊണ്ടു കൊടുത്തു. രണ്ടും നല്ല ഇഷ്ടമായി കുട്ടികൾക്ക്.

കളിയിലങ്ങനെ അവർ ബഹളമയമായി ചിരിച്ചു മുന്നേറുന്നതിനിടെ, ഒരു മിന്നല് പാഞ്ഞു അവരുടെ മുന്നിലൂടെ. പിന്നെ ഠപ ഠപാന്ന് തുരുതുരെ ഇടി വെട്ടി.

കുട്ടികൾ പേടിച്ചു കളി നിർത്തി പരസ്പരം കെട്ടിപ്പിടിച്ച് ആകാശത്തിലേക്കു നോക്കി. ആകാശമാകെ ഇരുണ്ടിരിക്കുന്നു. മേഘങ്ങളാകെ കറുകറുത്ത് അങ്ങോട്ടിങ്ങോട്ട് ഓടിപ്പായുന്നു.

വീടിനു മുന്നിലെ പാടത്തു നിന്ന് തവളകൾ പേ ക്രോം പേ ക്രോം ഭാഷയിൽ, മഴ വരുന്നേ, മഴവരുന്നേ, എന്ന് വിളിച്ചു കൂവാൻ തുടങ്ങി. തവളപ്പാട്ട് തുടങ്ങിയാൽപ്പിന്നെ ഉറപ്പാണ് മഴ വരും. അങ്ങനെയാണ് ക്ലാരക്കുട്ടിയുടെ അമ്മൂമ്മ പറയാറ്.

priya as, childrens stories , iemalayalam

മഴ ഓടിച്ചാടി താരക്കുട്ടിയുടെ വീട്ടിലെത്താറായോ, മഴ അവിടേക്കെത്തും മുൻപ് ഓടിപ്പോയാലോ അവരവരുടെ വീടുകളിലേക്ക് എന്ന് സംശയിച്ചു നിന്നു കുഞ്ഞുണ്ണിക്കുട്ടിയും ക്ലാരക്കുട്ടിയും.

അപ്പോഴേക്കും ഓടിപ്പാഞ്ഞ് എത്തിക്കഴിഞ്ഞല്ലോ മഴ.

അഴയിലുണങ്ങാനായി നനച്ചു വിരിച്ചിട്ട തുണി പെറുക്കാനായി മുറ്റത്തേക്കോടി അതിനിടെ താരക്കുട്ടിയുടെ അമ്മ.

കുട്ടികൾ മൂന്നു പേരും ഓടിച്ചെന്ന് തുണിയെടുക്കാൻ സഹായിച്ചതുകൊണ്ട് മാത്രമാണ് തുണികൾ നനയാതെ രക്ഷപ്പെട്ടത്.

അതിനിടെ അവരുടെ മുഖത്തും തലയിലുമൊക്കെ കുറേശ്ശേ മഴത്തുള്ളികൾ ചാറിപ്പാറി വീണിരുന്നത് താരക്കുട്ടിയുടെ അമ്മ തോർത്തു കൊണ്ട് ഒപ്പിക്കൊടുത്തു.

ഇത്തിരി കഴിഞ്ഞതും മഴയും കാറ്റും ഇടിയും മിന്നലും ശക്തമായി. കൊഴിയാറായ മാവിലകളും പേരയിലകളും കാറ്റത്ത് അര പ്രൈസിലേക്കും ഇറയത്തേക്കും പറന്നു വീണു.

അമ്മ പറഞ്ഞു, മിന്നലിനെ പേടിക്കണം. എല്ലാവരും വീടിനകത്ത് കയറി ഇരിക്ക്.

കുട്ടികൾക്ക്, കൈ നീട്ടി മഴയെ തൊടാനും ചരിഞ്ഞു വീഴുന്ന മഴത്തുള്ളിക്കുനേരെ മുഖം ചായ്ച്ച് ഒന്നുനനയാനും ഓട്ടിറമ്പിലൂടെ ഒഴുകിയിറങ്ങുന്ന മഴവെള്ളപ്പാച്ചിലിലേക്ക് കാൽ നീട്ടി വെള്ളം തെറിപ്പിക്കാനും ആയിരുന്നു ഇഷ്ടം.

അതവര് ഒരു കളി പോലെ രസിക്കുന്നുമുണ്ടായിരുന്നു. പക്ഷേ അമ്മ പറഞ്ഞതനുസരിച്ച് അകത്തേക്കു കയറിയില്ലെങ്കിൽ മഴ നനഞ്ഞ് പനി പിടിച്ചാലോ? മിന്നൽ കൊണ്ട് ഷോക്കടിച്ചാലോ? അങ്ങനെ അവരെല്ലാവരും വീട്ടിനുള്ളിലേക്ക് കയറി ഓരോരോ കസേരകളിൽ ഇരിപ്പായി.

മഴയുടെയും കാറ്റിന്റെയും ഇടിയുടെയും മിന്നലിന്റെയും ശക്തി അവർ നോക്കി നിൽക്കെ കൂടിക്കൂടി വന്നു. കിളികൾ മഴ നനഞ്ഞ് പരക്കം പാഞ്ഞു.

പെട്ടെന്ന് ക്ലാര അവളുടെ അച്ഛൻ ചൊല്ലുന്ന മഴപ്പാട്ട് ഓർത്തെടുത്ത് ഉറക്കെ ചൊല്ലി. “മഴ പോ മഴ പോ മഴയ്ക്ക് ചക്കര പീര തരാം”.

ക്ലാരക്കുട്ടിയുടെ പാട്ട് രണ്ടു കുട്ടികളും ഏറ്റുചൊല്ലി.അവരങ്ങനെ കുറേ നേരം തുടർച്ചയായി പാടിയതുകൊണ്ടാണോ എന്നറിയില്ല തവളകൾ, മഴയെ വിളിച്ചു കൊണ്ടുള്ള പേ ക്രോം മഴപ്പാട്ട് നിർത്തി. അവര് പേ ക്രോം മഴപ്പാട്ട് നിർത്തിയതുകൊണ്ടാണോ എന്നറിയില്ല പതുക്കെപ്പതുക്കെ മഴ നിന്നു.

മഴ നിന്നതും കുട്ടികൾ പുറത്തേക്കോടിച്ചെന്ന് ചാമ്പ മരത്തിൽ നിന്ന് കാറ്റത്തും മഴയത്തും അടർന്നുവീണ കായകൾ കൈ നിറയെ പെറുക്കിയെടുത്തു. പിന്നെ അമ്മ അവർക്കത് കഴുകി പ്ലേറ്റിൽ വച്ചു കൊടുത്തു. കുരു കളഞ്ഞ് ഉപ്പും കൂട്ടി അവരത് ഞം ഞം എന്നു തിന്നു.

priya as, childrens stories , iemalayalam

പിന്നെ മുറ്റത്തു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ മൂന്ന് കടലാസുതോണികൾ ഒഴുക്കി വിട്ടു. ഒരെണ്ണത്തിൽ അവരൊരു തൂവൽ വച്ചു. അത് പൊന്മാന്റെ നീലത്തൂവലായിരുന്നു. വേറൊന്നിൽ അവരൊരു ചാമ്പയ്ക്ക ഒഴുക്കിവിട്ടു.

മറ്റൊന്നിൽ ഒരു പഴുത്തില വച്ചു. തൂവൽ വച്ചത് കുറച്ചു നേരം ഒഴുകിയിട്ട് വെള്ളത്തിൽ മുങ്ങിപ്പോയി. ചാമ്പയ്ക്കാ വള്ളത്തിൽ ഒരു കുഞ്ഞിത്തുമ്പി വന്നിരുന്നു. ഇല വച്ച വള്ളം മാത്രം അങ്ങനെയങ്ങനെ ഒരു കുഴപ്പവുമില്ലാതെ മുന്നോട്ട്.

അപ്പോഴേക്ക് ക്ലാരക്കുട്ടിയെ വിളിക്കാൻ അവളുടെ അച്ഛനും കുഞ്ഞുണ്ണിക്കുട്ടിയെ വിളിക്കാൻ അവന്റെ അമ്മയും വന്നു.

ഇനി നാളെ വരാമേ എന്നു പറഞ്ഞ് അവർ മഴവെള്ളത്തിലൂടെ പോകുന്നതു നോക്കി ഓടിന്റെ തുമ്പത്ത് ഒരു നനഞ്ഞ പ്രാവ് വന്നിരുന്നു. താരക്കുട്ടി അതിന് അരി മണി കൊടുത്തു. അത് താഴെ അര പ്രൈസിൽ വന്നിരുന്ന് അരി കൊത്തിത്തിന്നാൻ തുടങ്ങി.

നിനക്ക് മഴ ഇഷ്ടമല്ലേ അവൾ ചോദിച്ചു. കുർ കുർ എന്നു പറഞ്ഞു അത്. എന്താവും അതിനർത്ഥം എന്ന് താരക്കുട്ടി അമ്മയോട് ചോദിച്ചു.

വിശപ്പു മാറിയാലേ നമുക്കു മഴയും തണുപ്പും ചൂടും വെയിലുമൊക്കെ രസിക്കാനാവൂ എന്നാണ് അത് പറയുന്നത് എന്നമ്മ പറഞ്ഞു താരയോട്. അതു ശരിയാണല്ലോ എന്നു വിചാരിച്ചു താര.

അപ്പോൾ അവൾക്ക് കൊറിക്കാൻ ചൂടു ‘കപ്പലണ്ടി കൊണ്ടുകൊടുത്തു അമ്മ. അതിലഞ്ചാറെണ്ണം, അവളെ ചരിഞ്ഞു നോക്കി വന്നിരുന്ന കാക്കക്കും ഇട്ടു കൊടുത്തു അവൾ.

അപ്പോഴും മരങ്ങളുടെ ഇലത്തുമ്പുകളിൽ നിന്ന് മഴവെള്ളം ഉതിർന്നു വീഴുന്നുണ്ടായിരുന്നു. അവൾ മുറ്റത്തിറങ്ങി മരം കുലുക്കി. മുത്തു മുത്തു പോലെ മഴത്തുള്ളികൾ അടർന്നുവീണു താഴേക്ക്. അവൾ തൊപ്പി വച്ചിരുന്നു തല നനയാതിരിക്കാൻ. അതെന്തു നന്നായി അല്ലേ?

നാളെയും വരുമായിരിക്കും മഴ, അവൾ വിചാരിച്ചു. “തുള്ളിച്ചാടും മഴയത്ത്. കുട്ടികളങ്ങനെ മഴയത്ത്” എന്നൊരു രണ്ടു വരി കവിത വന്നു അപ്പോഴവളുടെ നാവിൻ തുമ്പത്ത്. പോക്കറ്റിലിട്ട കപ്പലണ്ടിയെടുത്ത് കൊറിച്ചു കൊണ്ട് അവൾ അടുത്ത വരി ആ ലോചിക്കാൻ തുടങ്ങി.

Read More: അരുണിമയുടെ കസവ് പാവാട

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories moonnu mazhavallangal