സ്കൂളിനടുത്താണ് ഓൾഡ് ഏജ് ഹോം. സ്കൂളിലെ കുട്ടികളെ സ്നേഹത്തോടെയും ഒരു ചെറു ചിരിയോടെയും നോക്കി അവരിൽ ചിലരൊക്കെ അവിടുത്തെ ജനാലയരികിലും ബാൽക്കണിയിലും വന്നു നിൽക്കും.
കുട്ടികളവരെ കൈ വീശിക്കാണിക്കും. അവർ തിരിച്ചും.
ചിലപ്പോ അവരുടെയൊക്കെ പിറന്നാളിന് അവർ സ്കൂളിലേയ്ക്ക് ചോക്കലേറ്റ് കൊടുത്തു വിടും. കുട്ടികൾ പകരമായി, അവരുണ്ടാക്കിയ ബർത്ഡേ കാർഡിൽ ഒരു പാട് സ്നേഹവും ഉമ്മകളും നിറച്ച് കൊടുത്തയയ്ക്കും.
ഒറ്റയ്ക്കായിപ്പോയ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ആണ് അവിടെ താമസം എന്ന് ഇംഗ്ലീഷ് ക്ലാസിലെ മനോരമ മിസ് മൂന്നാം ക്ലാസിലെ കുട്ടികളോട് പറഞ്ഞു. അവരെങ്ങനെയാണ് ഒറ്റയ്ക്കായിപ്പോയത്, അവരുടെ മക്കളും ബന്ധുക്കളുമെവിടെപ്പോയി എന്നു സംശയം ചോദിച്ചു അപ്പോൾ കുട്ടികൾ.
മക്കൾ വിദേശത്തായവർ, മക്കൾ മരിച്ചു പോയവർ, അവരെ നോക്കാൻ തക്ക പൈസ കൈയിലില്ലാത്ത മക്കളുള്ളവർ അവരൊക്കെയാണ് അച്ഛന്മാരെയും അമ്മമാരെയും ഓൾഡ് ഏജ് ഹോമിലാക്കുക എന്ന് മിസ് പറഞ്ഞു കൊടുത്തു അവർക്ക്. കുട്ടികൾക്കതു കേട്ടപ്പോ സങ്കടമായി.
എന്റെ പിറന്നാൾ അടുത്തയാഴ്ചയാണ്. എന്റെ ബർത്ഡേ കേക്ക് അവരുടെയടുത്തു ചെന്ന് മുറിച്ചാലോ എന്നായി മീനാക്ഷിയുടെ ചോദ്യം.
നമുക്ക് പ്രിൻസിപ്പലിന്റെ അനുവാദം വാങ്ങി സ്കൂൾ സമയം കഴിഞ്ഞ് അങ്ങനെ ചെയ്യാമല്ലോ, ആരുമില്ല തങ്ങൾക്ക് എന്നുള്ള അവരുടെ സങ്കടം കുറച്ചു നേരത്തേക്കെങ്കിലും മാറിപ്പോകുന്നെങ്കിൽ പോകട്ടെ എന്നു പറഞ്ഞു ടീച്ചർ.
അങ്ങനെ അവരെല്ലാം കാത്തു കാത്തിരുന്ന ആ പിറന്നാൾ ദിവസം വന്നു ചേർന്നു.

പ്രിൻസിപ്പലിന്റെയും മനോരമ ടീച്ചറുടെയും കൂടെ കുട്ടികൾ വരിവരിയായി ഓൾഡ് ഏജ് ഹോമിന്റെ ഗേറ്റു കടന്നപ്പോഴേ, ഓൾഡ് ഏജ് ഹോമിൽ നിന്ന് വയസ്സായവർ പുറത്തേക്കു വന്ന് വരാന്തയിൽ നിന്നു കുഞ്ഞുങ്ങളെ കൗതുകപൂർവ്വം നോക്കാൻ തുടങ്ങി.
മീനാക്ഷി, എന്റെ പിറന്നാളാണ് അപ്പൂപ്പാ, അമ്മൂമ്മേ എന്നു പറഞ്ഞ് അവർക്കെല്ലാം മിഠായി കൊടുത്തപ്പോൾ അവർ മീനാക്ഷിയെ മിടുക്കിയാവും എന്നനുഗ്രഹിച്ചു.
മറ്റു കുട്ടികളും അവരെ തൊട്ടും പിടിച്ചും അവരുടെ കൈയിൽ തൂങ്ങിയും അവിടൊക്കെ നടന്നു. കുട്ടികളവരെ പാട്ടു പാടി കേൾപ്പിച്ചു, നൃത്തം ചെയ്തു കാണിച്ചു. പകരമായി അവർ കുട്ടികളെ മടിയിലിരുത്തി, പിന്നെ കുട്ടികൾക്ക് കഥ പറഞ്ഞുകൊടുത്തു.
അവരൊക്കെ ഇത്രയും സന്തോഷമായി ചിരി ക്കുന്നതും വർത്തമാനം പറയുന്നതും ഒരു പാടു നാളു കൂടിയാണ് കാണുന്നത്, കുഞ്ഞുങ്ങളേ നിങ്ങളാണിന്ന് അവരുടെ സന്തോഷത്തിന് കാരണം എന്നു പറഞ്ഞു അവിടുത്തെ മേട്രനും ജോലിക്കാരും.കുട്ടികൾക്കതു കേട്ട് ഒരു പാടു സന്തോഷമായി.
കുട്ടികൾ, അവരുടെ തലമുടി ചീകി കെട്ടിക്കൊടുക്കുകയും നഖം മുറിച്ചു കൊടുക്കുകയും അവരൊടൊപ്പം നാരങ്ങാവെള്ളം തയ്യാറാക്കുകയും അവരോടൊപ്പം ബിസ്ക്കറ്റ് കഴിക്കുകയും ചെയ്തു.
അവസാനം കേക്ക് മുറിക്കാനുള്ള സമയമായി. സുകു അപ്പൂപ്പൻ മീനാക്ഷിയെ എടുത്തു പൊക്കി. ദേവനപ്പൂപ്പൻ അവളെ എടുത്തു മടിയിലിരുത്തി. ത്രേസ്യാ അമ്മുമ്മ അവളെ പൊട്ട് തൊടീച്ചു.
കേക്ക് കഷണം ഓരോരുത്തരുടെയും വായിൽ വച്ചു കൊടുത്തു മീനാക്ഷി.

സ്വന്തം പേരക്കുട്ടി വരുമ്പോൾ കൊടുക്കാൻ വാങ്ങി വച്ചിരുന്ന പാവക്കുട്ടിയും ബലൂണും ശിവയമ്മൂമ്മ മീനാക്ഷിക്കു സമ്മാനമായി കൊടുത്തു. മീനാക്ഷി ആ ബലൂൺ ഊതിവീർപ്പിച്ചു. നീലയിൽ ചുവപ്പും മഞ്ഞയും പൂക്കളുള്ള ഒരു രസികൻ ബലൂണായിരുന്നു അത്. അതവരെല്ലാവരും കൂടി തട്ടിക്കളിച്ചു.
ഇന്ന് ഓൾഡ് ഏജ് ഹോമിൽപ്പോകും വൈകുന്നേരം, കുട്ടികൾ വീട്ടിലെത്താൻ അരമണിക്കൂർ വൈകും എന്നാണ് പറഞ്ഞിരിക്കുന്നത് നിങ്ങളുടെ അച്ഛനമ്മമാരോട്, അതുകൊണ്ട് ഇനി നമുക്കു പോകാം എന്ന് മനോരമ ടീച്ചർ അതിനിടെ പറഞ്ഞതു കേട്ട് അവരെല്ലാം തിരിച്ചു പോകാൻ റെഡിയായി.
ഇനിയും വരണേ ഇവരെയും കൊണ്ട്, അങ്ങനെയെങ്കിലും ഞങ്ങളുടെ ലോകത്തിന് ഒരനക്കം വയ്ക്കട്ടേയെന്ന് പ്രിൻസിപ്പലിനോടും മനോരമ ടീച്ചിനോടും അവിടുത്തെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും പറഞ്ഞു.
ഇനി ഞങ്ങളെല്ലാം ബർത്ഡേ ആഘോഷിക്കാൻ ഇവിടെ വരും എന്ന് അപ്പോൾ കുട്ടികൾ ഒന്നിച്ചൊരുമിച്ച് പറഞ്ഞു. അതു കേട്ട് എത്ര സന്തോഷമായിക്കാണും അല്ലേ ആ അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും?
ഒരു ഓൾഡ് ഏജ് ഹോമിൽ ബർത്ഡേ ആഘോഷിച്ച് അവിടുത്തെ അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കുമൊപ്പം ചിരികളിമേളമാവാൻ നിങ്ങൾക്കും ഇപ്പോ തോന്നുന്നുണ്ടാവും. ചേതമില്ലാത്ത ഉപകാരം ചെയ്ത് ചുറ്റുമുള്ളവർക്ക് സന്തോഷം കൊടുക്കാൻ കഴിയുന്നത് എത്ര വലിയ കാര്യമാണല്ലേ കുട്ടികളേ?