scorecardresearch
Latest News

മഴയത്ത് ചോരുന്ന വീടുകൾ

“മഴവെള്ളം ഇറ്റിറ്റ് പാത്രങ്ങളിലേക്കു വീഴുന്ന ഒച്ച കേട്ട് ആ വീട്ടിലെ കുട്ടികൾ മാത്രം രസിക്കുന്നുണ്ടായിരുന്നു.അവർ പാത്രത്തിലെയും നിലത്തിലെയും വെള്ളത്തിൽ കടലാസുതോണികൾ ഒഴുക്കിവിട്ട് കളിച്ചു രസിക്കുന്നുണ്ടായിരുന്നു” പ്രിയ എ എസ് എഴുതിയ കഥ

മഴയത്ത് ചോരുന്ന വീടുകൾ

അണ്ണാരക്കണ്ണന് വലിയ ഇഷ്ടമാണ് മഴ. മഴയങ്ങനെ കൊണ്ടു കൊണ്ട് വേലിപ്പത്തലിൽ നിന്നു ചാടി രാജമല്ലിച്ചെടിയിലേക്ക്, അവിടുന്നു ചാടി മാവിൻ തുഞ്ചത്തേക്ക്, അവിടുന്നു ചാടി ഓടിൻ പുറത്തേക്ക്, ആ ഹ ഹാ എന്താ രസം!

അവനങ്ങനെ ചാടി മറിഞ്ഞ് നടക്കുന്നതിനിടെ കണ്ടു താഴെ നിലത്ത് പുൽക്കൂട്ടത്തിനിടയിൽ വേറെ ഒരു മഴയിഷ്ടക്കാരൻ ഇരിക്കുന്നു. ആരാന്നല്ലേ, ഒരു തവളച്ചാര്.

മഴക്കാലമായാൽ പിന്നെ മഴയെ സ്വാഗതം ചെയ്ത് പേ ക്രോം പേക്രോം എന്ന് പാട്ടു പാടലല്ലേ അവന്റെ പണി.

അണ്ണാരക്കണ്ണൻ മരക്കൊമ്പത്തിരുന്ന് താഴേക്ക് കുനിഞ്ഞു നോക്കി തവളയോട് ഹായ്, ഹലോ എന്നു പറഞ്ഞു.

തവളച്ചാര് തിരിച്ചു പറഞ്ഞു, എന്തൊരു രസികൻ മഴയാണല്ലേ ഇന്നലെ രാത്രി മുതൽ? മഴ കൊണ്ടിട്ടും കൊണ്ടിട്ടും എനിക്ക് മതിയാകുന്നില്ല. നീ ചേരുന്നോ എന്റെ കൂടെ മഴ രസങ്ങളെക്കുറിച്ചുള്ള പാട്ടു പാടാൻ?

അണ്ണാനുടനെ അവന്റെ ഛിൽ ഛിൽ പാട്ടു തുടങ്ങി. താഴെ പേ ക്രോം ബഹളവും മുകളിൽ ഛിൽ ഛില്ലും പിന്നെ മഴയൊച്ചയും.

ആ ബഹളത്തിനിടയിലേക്കാണ് കാക്കച്ചി കയറി വന്നത്. അവരുടെ മഴ ബഹളം കാക്കച്ചിയ്ക്കിഷ്ടപ്പെട്ടില്ല .

അവൾ പറഞ്ഞു, നിർത്തു നിർത്ത് ഈ പേക്രോമും ഛിൽ ഛില്ലും.

priya as , childrens stories, iemalayalam

അവൾ എന്നിട്ട് മുറ്റത്തിനപ്പുറമുള്ള ഓടിട്ട വീട്ടിലേക്ക് ഒറ്റചിറകുവിടർത്തി ചൂണ്ടി. എന്നിട്ട് പറഞ്ഞു.ഈ മഴ കാരണം ആ വീട്ടിലാരും ഇന്നലെ ഉറങ്ങിയിട്ടില്ല. വീടു മുഴുവൻ ഈ മഴയത്ത് ചോർന്നൊലിക്കുകയാണ്.

അവർക്ക് വീടു നന്നാക്കാൻ കാശില്ല. അവരുടെ കിടക്കയും കട്ടിലും നനഞ്ഞിട്ട് അവരിന്നലെ എണീറ്റു കുത്തിയിരുന്നു നേരം വെളുപ്പിക്കുകയായിരുന്നു. അടുക്കളയിൽ അവർക്ക് വിറകടുപ്പാണ്. വിറകു നനഞ്ഞതു കാരണം അടുപ്പു കത്തിക്കാനാവാതെ അവർ വിഷമിക്കുകയാണ്. അവരിതു വരെ ഒരു ചായ പോലും കുടിച്ചിട്ടില്ല.

അതു കേട്ടതും തവളയും അണ്ണാനും നിശബ്ദരായി.

അവർ അത്ഭുതപ്പെട്ടു, മഴയുടെ കൈയിൽ ഇങ്ങനെയും ചില കുരുട്ടുവേലകളുണ്ടോ?

കാക്ക അവരെ ആ കൊച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ചോരുന്നിടത്തെല്ലാം വെള്ളം പിടിക്കാനായി പഴയ പാത്രങ്ങൾ നിരത്തി വച്ചിരിക്കുന്ന, മഴ കൊണ്ട് ആകെ അളിപിളിയായ ആ വീടു കണ്ട് തവളയ്ക്കും അണ്ണാനും ആകെ സങ്കടമായി.

മഴവെള്ളം ഇറ്റിറ്റ് പാത്രങ്ങളിലേക്കു വീഴുന്ന ഒച്ച കേട്ട് ആ വീട്ടിലെ കുട്ടികൾ മാത്രം രസിക്കുന്നുണ്ടായിരുന്നു. അവർ പാത്രത്തിലെയും നിലത്തിലെയും വെള്ളത്തിൽ കടലാസുതോണികൾ ഒഴുക്കിവിട്ട് കളിച്ചു രസിക്കുന്നുണ്ടായിരുന്നു.

എല്ലാത്തിലും രസം കാണുന്ന കുട്ടികളെപ്പോലെയാവാൻ പറ്റില്ലല്ലോ വലിയവർക്ക്. വലിയവരെല്ലാം എങ്ങനെ ചോർച്ച മാറ്റാം, എങ്ങനെ കിടക്കയും കട്ടിലുമൊക്കെ നനയുന്നത് തടയാം, എങ്ങനെ അടുപ്പു കത്തിക്കാം എന്നൊക്കെയുള്ള വല്ലാത്ത വേവലാതിയിലായിരുന്നു.

priya as , childrens stories, iemalayalam

അതൊക്കെ കണ്ടും കേട്ടും തവളയും അണ്ണാരക്കണ്ണനും മൂകരായി.
അപ്പോ കാക്കച്ചി ചോദിച്ചു.
മഴയ്ക്ക് രസം മാത്രമല്ല ഉള്ളതെന്ന് ഇപ്പോ മനസ്സിലായില്ലേ?

ഇനീം അറിയണം മഴയുടെ വികൃതികളെങ്കിൽ പത്രം വായിക്കണം. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കൃഷി നാശം ഇങ്ങനെയൊക്കെ ഒരു പാട് മഴ ദുരിതവാർത്തകളുണ്ട് പത്രത്തിൽ.

ദേ മഴയത്തു നിന്ന് ഒരു തവള കയറി വന്നിരിക്കുന്നു വീട്ടിലേക്ക് എന്ന് ഒരു കുട്ടി അതിനിടെ ഒച്ചവച്ചു. മുതിർന്നവരാരെങ്കിലും ഒരു ചൂലുമായി വന്ന് നിന്നെ അടിച്ചോടിക്കും എന്ന് കാക്ക പറഞ്ഞതും തവള അവിടുന്ന് ചാടിച്ചാടിപ്പോയി. പുരപ്പുറത്തായിരുന്നതിനാൽ അണ്ണാരക്കണ്ണനെ ഭാഗ്യത്തിന് ആരും കണ്ടില്ല. എന്നാലും അവനും അവിടെ നിന്ന് ഉടനടി ചാടിയോടി രക്ഷപ്പെട്ടു.

കാക്ക കൊണ്ടു കൊടുത്ത പത്രം വായിക്കുകയാണ് തവളയും അണ്ണാരക്കണ്ണനും ചേർന്ന്. മഴ ദുരിതങ്ങൾ വായിച്ച് അവരന്തം വിട്ടിരിക്കുകയാണ്.

കാക്കയും അണ്ണാരക്കണ്ണനും ചേർന്ന്, ആ ചോരുന്ന വീടിനെ എങ്ങനെ മഴയിൽ നിന്ന് രക്ഷിക്കാം എന്ന് മരക്കൊമ്പത്തിരുന്ന് തല പുകഞ്ഞാലോചിക്കുകയാണ്. കുട്ടികളേ നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്തെങ്കിലും വഴി?

ഏതായാലും അന്നത്തേതിൽപ്പിന്നെയാണ് ഇവിടെയൊക്കെ തവളച്ചാര് പേക്രോം മഴപ്പാട്ട് നിർത്തിയതെന്നു തോന്നുന്നു.

Read More: പ്രിയ എ എസ്സിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories mazhayath chorunna veedukal