scorecardresearch

മഞ്ഞ സ്കൂട്ടറിന്റെ സങ്കടം

“അതിന്നലെ ലോലയെ സ്വപ്നം കണ്ട് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അത് ലോലയെ സ്വപ്നം കണ്ടതു പോലെ, ലോലയും സ്വപ്‌നം കാണുന്നുണ്ടാവുമോ മഞ്ഞ സ്കൂട്ടറിനെ?” പ്രിയ എ എസ് എഴുതിയ കഥ

മഞ്ഞ സ്കൂട്ടറിന് ഒരാഴ്ചയായി ആകെ സങ്കടമാണ്. അതാകെ കരച്ചിലോട് കരച്ചിലാണ്.

എന്താ കാര്യം എന്നാണോ?

അതിനെ വിറ്റു കളഞ്ഞില്ലേ അതിന്റെ ഉടമസ്ഥന്മാര്‍? പിന്നെ, അതിന് സങ്കടം വരാതിരിക്കുമോ?

ഒരച്ഛനും അമ്മയും മകളുമായിരുന്നു അതിന്റെ ഉടമസ്ഥര്‍. ലോല എന്നായിരുന്നു മകളുടെ പേര്. അവരെവിടെ പോയിരുന്നതും ആ മഞ്ഞ സ്കൂട്ടറിലാണ്. മഞ്ഞ നിറമുള്ള സ്കൂട്ടര്‍ കുറവായിരുന്നു ആ നാട്ടില്‍.

അതു കൊണ്ട് അവരുടെ ആ മഞ്ഞ സ്കൂട്ടര്‍ കാണുമ്പോഴേ നാട്ടുകാര്‍ക്കെല്ലാം അതെവിടുത്തെയാണെന്നു തിരിച്ചറിയാമായിരുന്നു. അതു കാണുമ്പോഴേ, ലോലയുടെ വീട്ടിലെ സ്കൂട്ടര്‍ വരുന്നുവെന്നോ ദിവാകരേട്ടന്റെ സ്കൂട്ടര്‍ വരുന്നുവെന്നോ ലീലേച്ചീം ഭര്‍ത്താവും മോളും ദാ മാര്‍ക്കറ്റിലേയ്ക്കാണെന്നു തോന്നുന്നു സ്കൂട്ടറില്‍ എന്നോ അവരെല്ലാം പറയുമായിരുന്നു.

വീട്ടിലെ പൂവന്‍ കോഴിക്ക് അതിന്റെ പുറത്ത് കയറിയിരിക്കാന്‍ വല്യ ഇഷ്ടമായിരുന്നു . അതിന്റെ മേല്‍ കയറിയിരുന്ന് കൊക്കരക്കോ എന്ന് ഒച്ച വയ്ക്കുമ്പോള്‍, ആ സ്കൂട്ടറിന്റെ ഉടമസ്ഥന്‍ താനാണ് എന്നായിരുന്നു പൂവന്‍ കോഴിയുടെ ഭാവം.

ആ സ്കൂട്ടറാണ് വിറ്റുകളഞ്ഞത്. എന്തിനാ ലോലയുടെ വീട്ടുകാർ അതിനെ വിറ്റുകളഞ്ഞത് എന്നല്ലേ?

കാര്‍ വാങ്ങാന്‍ നേരമാണ് സ്കൂട്ടർ വില്‍ക്കാന്‍ അവളുടെ അമ്മയും അച്ഛനും തീരുമാനിച്ചത്.

വേണ്ട, അമ്മേ ഇതു വില്‍ക്കണ്ട, ഇതിവിടെ ഇരുന്നോട്ടേ, നമുക്ക് വല്ലപ്പോഴും യൂസ് ചെയ്യാം എന്ന് ലോല പോലും പറഞ്ഞില്ല, അതോര്‍ക്കുമ്പോഴാണ് മഞ്ഞ സ്കൂട്ടറിനു സങ്കടം.

priya as , childrens stories, iemalayalam

എവിടെയൊക്കെ പോയിരിക്കുന്നു അവര്‍ മൂന്നു പേരും ആ മഞ്ഞസ്കൂട്ടറിൽ. ബീച്ചില്‍, സിനിമയ്ക്ക്, സര്‍ക്കസിന്, ലോലയുടെ സ്കൂളില്‍, അച്ഛന്റെ ഓഫീസില്‍, അമ്മയുടെ കൂട്ടുകാരിയുടെ വീട്ടില്‍, മൂന്നാറില്‍, എന്നിങ്ങനെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു അത്. ടൂറു പോകുന്നയിടങ്ങളില്‍ വച്ച് മൂന്നാറായിരുന്നു ലോലയ്ക്കും മഞ്ഞ സ്കൂട്ടറിനും ഏറ്റവുമിഷ്ടം.

ലോല വലുതാവുകയല്ലേ, നമുക്കു മൂന്നുപേര്‍ക്കും കൂടി ഇതിലിരിക്കാന്‍ സ്ഥലം തികയാതായി എന്നു പറഞ്ഞു ഒരു ദിവസം ലോലയുടെ അച്ഛന്‍. നമുക്ക്, ഒരു കാറു വാങ്ങിയാലോ എന്ന് ചോദിച്ചു അപ്പോ ലോല.

ആലോചിക്കാം എന്നു പറഞ്ഞു അച്ഛന്‍.

അവർ കാർ വാങ്ങുന്നതാലോചിച്ചാട്ടോ, കാർ വാങ്ങിയാല്‍പ്പിന്നെ എപ്പോഴും ഇങ്ങനെ കിടന്നോടണ്ടല്ലോ. ഇനി ചെറു ദൂരം സഞ്ചരിക്കാനേ എന്നെ വേണ്ടി വരൂ, വലിയ ദൂരങ്ങള്‍ കാറില്‍പ്പോകാനല്ലേ സുഖം, അങ്ങനെ ചെയ്‌തോട്ടെ ലോലയും വീട്ടുകാരും എന്നായിരുന്നു മഞ്ഞ സ്കൂട്ടറിന്റെ വിചാരം.

കാര്‍ വാങ്ങുന്നതോടെ തന്നെ വിറ്റു കളയും എന്ന് മഞ്ഞ സ്കൂട്ടര്‍ വിചാരിച്ചിരുന്നതേയില്ല. എന്നിട്ടുണ്ടായതോ?

ലോലയുടെ അച്ഛന്‍ ബാങ്കില്‍ നിന്ന് കാര്‍ ലോണെടുത്ത് ഒരു ചുവന്ന കാര്‍ വാങ്ങി എന്ന് ലോല പറയുന്നതു കേട്ടു.

ലോലയെപ്പോലെ മഞ്ഞ സ്‌ക്കൂട്ടറിനും ഇഷ്ടമായി ചുവന്ന കാറിനെ.

കാര്‍ വരുന്നതു വരെ കാര്‍ഷെഡ്ഡില്‍ ആയിരുന്നു മഞ്ഞ സ്കൂട്ടറിന്റെ ഇരിപ്പ്. കാര്‍ കൊണ്ടുവന്നപ്പോ മഞ്ഞ സ്കൂട്ടറിനെ ഒരു ഓരം ചേര്‍ത്ത് ഒതുക്കി വച്ചു അച്ഛന്‍.

അത്, അവിടെ ഒതുങ്ങിയിരുന്ന് കാറിനോടു കുശലം പറയാനൊരുങ്ങിയതായിരുന്നു. അപ്പോഴേക്കും ലോലയുടെ അച്ഛന്‍ വന്ന് സ്കൂട്ടറെടുത്ത്, ഇതിവിടെ ഇരുന്നാല്‍ അപകടമാണ്. കാറിന്റെ മേല്‍ ഇതിന്റ ഹാന്‍ഡില്‍ കൊണ്ട് കാറിലാകെ പോറല്‍ വീഴും എന്നൊക്കെ പറഞ്ഞു. അച്ഛന്‍ സ്കൂട്ടറെടുത്ത് ദൂരെ, മാവിന്റെ ചോട്ടില്‍ ക്കൊണ്ടുപോയി വച്ചു.

വെയിലും മഴയും ഒക്കെ കൊള്ളേണ്ടി വരും, എന്നാലും സാരമില്ല, ഇത്രനാള്‍ സുഖിച്ചു കഴിഞ്ഞതല്ലേ, ഇനി കുറച്ചുനാള്‍ കഷ്ടപ്പെടേണ്ടി വന്നാലും സാരമില്ല എന്നു വിചാരിച്ചു സ്‌ക്കൂട്ടര്‍ .

priya as , childrens stories, iemalayalam

പക്ഷേ, പിറ്റേന്ന് ഒരാളുവന്ന് അതിന്റെ ചുറ്റും നടന്നു നോക്കി. അതോടിച്ചു നോക്കി. എന്നിട്ട്, ഒരു വില പറഞ്ഞു. എന്നിട്ട് അയാള്‍ മഞ്ഞ സ്കൂട്ടറങ്ങ് വാങ്ങി.

ലോല, സ്കൂളില്‍ പോയിരിക്കുകയായിരുന്നു. അവളോട് യാത്ര പറയാന്‍ പോലും പറ്റിയില്ല സ്കൂട്ടറിന്.

ലോലയുടെ അമ്മ വന്ന്, അതിനെ ഒന്നു തൊട്ടു , എന്നിട്ട്, അച്ഛനോടു ചോദിച്ചു, ഇനി നമ്മളിതിനെ കാണുകയില്ല അല്ലേ?

അതുകേട്ടതും മഞ്ഞസ്കൂട്ടറിന് കരച്ചില്‍ വന്നു.

വാങ്ങിയ ആള്‍, അപ്പോഴേക്ക് അതിന്റെ പുറത്ത് കയറിയിരുന്നു കഴിഞ്ഞിരുന്നു. അയാള്‍ എപ്പോഴും ഹോണടിച്ച്, സ്‌കൂട്ടറോടിക്കുന്ന ഒരാളായിരുന്നു.

അയാള്‍ ഹോണടിച്ചപ്പോഴൊക്കെ മഞ്ഞ സക്കൂട്ടര്‍, ലോലേ എന്ന് നീട്ടി വിളിയ്ക്കുന്നതായി വീട്ടുമുറ്റത്തു ചിക്കിച്ചികഞ്ഞു നടന്നിരുന്ന പൂവന്‍ കോഴിക്ക് തോന്നി.

പൂവന്‍കോഴി അതിന്റെ പുറകേ, കൊണ്ടുപോകല്ലേ ഇതിനെ എന്നു പറയുമ്പോലെ കുറേനേരം ഓടി.

അതു വാങ്ങിയ ആള്‍ പിന്നെയത് ദൂരേക്ക് ഓടിച്ചു.

എന്നിട്ട്, പഴയ സ്‌ക്കൂട്ടറുകള്‍ നിരനിരയായി വില്‍ക്കാന്‍ വച്ചിരിക്കുന്ന ഒരു ഷോറൂമില്‍ കൊണ്ടു വച്ചു.

മഞ്ഞ സ്കൂട്ടര്‍, ഇനി ആരു വരും എന്നെ വാങ്ങാന്‍ എന്നു കാത്തുകാത്തിരിപ്പാണ് .
അതിന്നലെ ലോലയെ സ്വപ്നം കണ്ട് ഉറക്കത്തില്‍ നിന്നുണര്‍ന്നു.
അത് ലോലയെ സ്വപ്നം കണ്ടതു പോലെ, ലോലയും സ്വപ്‌നം കാണുന്നുണ്ടാവുമോ മഞ്ഞ സ്കൂട്ടറിനെ?

അതോ ചുവന്ന കാറിൽ അച്ഛനുമമ്മയുമൊത്ത് മൂന്നാറില്‍ വയലറ്റ് പൂക്കളുള്ള ജക്കാറന്താ മരങ്ങളും തേയിലത്തോട്ടവും ഒക്കെ കണ്ട് കറങ്ങി നടക്കുകയായിരിക്കുമോ ?
എന്തു തോന്നുന്നു നിങ്ങള്‍ക്ക് ?

Read More: മൂന്ന് കുട്ടികളും ആറ് പൂച്ചകളും

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories manja scooterinte sankadam