ഒരു ദിവസം രാത്രി കുറേ ക്യാരറ്റ് കഴിച്ചു ലോലിത മുയല്.
പിറ്റേന്നവള്ക്ക് ഭയങ്കര വയറുവേദനയായി.
വയറുവേദന കാരണം ഇരിക്കാനും വയ്യ, നില്‍ക്കാനും വയ്യ, കിടക്കാനും വയ്യ എന്ന നിലയിലായി അവള്.
ആകെ ഞെളിപിരി കൊള്ളുന്ന അവളെ കണ്ട് കണ്ണന് കാക്ക മുറ്റത്തെ ചിക്കിച്ചികയല് നിര്‍ത്തി അവളുടെയടുത്തേയ്ക്ക് ചെന്നു, “എന്താ പ്രശ്നം ലോലിത മുയലേ,” എന്നു തിരക്കി.
വേദന കൊണ്ട് മിണ്ടാന്‍ വയ്യായിരുന്നുവെങ്കിലും ഒരുവിധം മുക്കിമൂളി അവള് കാര്യം പറഞ്ഞൊപ്പിച്ചു.
“ഇഞ്ചി ചവച്ചരച്ച് നീരു കുടിച്ചാല്‍ മതി, ദഹനം ശരിയാവും വയറു വേദന വേഗം കുറയും,” എന്നു പറഞ്ഞു കണ്ണന്‍കാക്ക മലഞ്ചരിവിലെ ഇഞ്ചി പറിക്കാന്‍ പോയി.
കൊക്കും കാലും ഉപയോഗിച്ച് മണ്ണുമാന്തിയപ്പോള്‍ കിട്ടിയ ഒരിഞ്ചിക്കഷണവുമായി കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കവള് തിരിച്ചെത്തി. അത് കല്ലിലുട്ടുരച്ച് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി പൊട്ടിച്ച് വായിലിട്ട് ചവയ്ക്കാനായി ലോലിത മുയലിനു കൊടുത്തു കണ്ണന് കാക്ക.
ഇഞ്ചി ചവയ്ക്കുമ്പോള്‍ എരിയും, അതു മാറാനായി നീ തേന്‍ തൊട്ടുനക്കിയാല്‍ മതി എന്ന് പറഞ്ഞ് തേനീച്ചകളുടെ തേന്‍, ഒരു ഇലക്കഷ്ണത്തില്‍ നീട്ടി കണ്ണന് കാക്ക.
കിറ്റി കരടി ശേഖരിച്ചു വച്ചതില്‍ നിന്നു ലോലിത മുയലിന് വേണ്ടി കണ്ണന് കാക്ക ചോദിച്ചു വാങ്ങിയതായിരുന്നു ആ തേന്‍.
ഇഞ്ചി തിന്നെരിഞ്ഞു തുള്ളിപ്പോയി ലോലിത. തക്കസമയത്ത് തേന്‍ രുചിക്കാന്‍ കിട്ടിയതു കൊണ്ട് അവള്‍ക്ക് എരിവിന്റെ കാര്യം വേഗം മറക്കാനായി.

ഇഞ്ചി നീര് വയറ്റില്‍ ചെന്നതും അവളുടെ വയറുവേദന കുറയാന്‍ തുടങ്ങി.
വയറു വേദന കുറഞ്ഞതും ലോലിത അവളുടെ സ്ഥിരം സ്വഭാവമായ ചാടിക്കളി തുടങ്ങി.
“ഇത്തിരി നേരം കൂടി അടങ്ങിയിരിക്ക്, ദഹിക്കാതെ വയറ്റില്‍ കിടക്കുന്ന ക്യാരറ്റ് മുഴുവന്‍ ദഹിക്കാന്‍ നീ ഇത്തിരി സമയം കൊടുക്ക്, ആ ഇഞ്ചി നീരിന്റെ മുഴുവന്‍ ഫലവും കിട്ടുന്നതു വരെ നീ ഒന്ന് തുള്ളിച്ചാടാതെ ക്ഷമിച്ചിരിക്ക്,” എന്നു പറഞ്ഞു കാക്ക.
ഇനിയും പഴയപോലെ വയറുവേദന വന്നാലോ എന്നു ഭയന്ന് ലോലിത അനങ്ങാതെ കൂനിയിരുന്നു. പിന്നെ അവള് മുറ്റത്ത് വീണു കിടക്കുന്ന ഉണക്കയിലകളില്‍ കിടക്കയില്‍ എന്നപോലെ കിടന്ന് ഉറങ്ങിപ്പോയി.
അവള് ദഹനമെല്ലാം ശരിയായി സുഖമായി ഉറങ്ങുന്നത് നോക്കിനോക്കി അവളുടെ അടുത്തു തന്നെയിരുന്നു കണ്ണന് കാക്ക. ഇടയ്ക്കവന്‍ ലോലിതയുടെ വേദനവയറ് തടവിക്കൊടുത്തു. തടവലിന്റെ സുഖവും കൂടി കൊണ്ടാവണം ലോലിത കൂര്‍ക്കം വലിച്ചു കിടന്നുറക്കമായി.
അവളെണീക്കും വരെ ചുമ്മായിരുന്നാല്‍ കണ്ണന് ബോറടിക്കില്ലേ? അവിടെ നിന്നിരുന്ന മന്ദാരത്തിന്റെ ഉണങ്ങിയ കായൊക്കെ കൊത്തിപ്പറിച്ചെടുത്തു അത് നടുവേ പിളര്‍ന്ന് അതിന്റെ വിത്തെല്ലാം കൊക്കിലെടുത്ത് വേറെ മന്ദാരം കിളിര്‍ക്കാന്‍ വേണ്ടി ചുറ്റുപാടുമെല്ലാം വിതറി അവന്.
ആ പണി കഴിഞ്ഞതും അവന് പോയി ലോലിത ഉണര്‍ന്നോ എന്നു നോക്കി.
ലോലിത തിരിഞ്ഞു മറിഞ്ഞ് ഉണരാന്‍ ഭാവിക്കുകയായിരുന്നു.

“അയ്യോ ഞാനുറങ്ങിപ്പോയോ കുറേനേരം, എത്ര മണിയായിക്കാണും ഇപ്പോ? നീ ഇതുവരെ എനിക്ക് കാവലിരിക്കുകയായിരുന്നോ,” എന്നെല്ലാം ചോദിച്ച് മുയല് എണീറ്റിരുന്നു.
“നീ എന്റെ ചങ്ങാതിയല്ലേ? നിനക്ക് സുഖമാവും വരെ ഞാനല്ലാതെ വേറാരാണ് നിനക്ക് കൂട്ടിരിക്കുക എന്നു ചോദിച്ച് കാക്ക മുയലിനെ കെട്ടിപ്പിടിച്ചു.
പിന്നെ അവര്‍ രണ്ടു പേരും കൂടി വെയില് മങ്ങും വരെ, ഒളിച്ചേ, കണ്ടേ കളിച്ചു.
പിന്നെ അവര്‍ രണ്ടും കൂടി മുയലിന്റെ വീട്ടില്‍ പോയി.
പുറത്തു ചുറ്റാന്‍ പോയ ലോലിത മുയല്‍ക്കുഞ്ഞ് വീട്ടിലെത്താന്‍ എന്താ വൈകുന്നത് എന്നു വിചാരിച്ച് വീടിനു പുറത്തിറങ്ങി അവളെയും കാത്തുനില്ക്കുകയയിരുന്നു മുയലമ്മ.
കാര്യമൊക്കെ അറിഞ്ഞപ്പോ, മുയലമ്മ കാക്കയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു.
പിന്നെ കാബേജ് തോരനും ചുവന്ന ചീരയിലക്കറിയും കൂട്ടി രണ്ടാള്‍ക്കും ചോറു കൊടുത്തു.
വയറ് നിറഞ്ഞതും അവര്‍ ഒരിടത്തിരുന്ന് പാമ്പും കോണിയും കളിക്കാന്‍ തുടങ്ങി.
ഇടയ്ക്ക് മുയലിന്റെ കോയിന് വലിയ പാമ്പുകള്‍ വിഴുങ്ങി.
ഇടയ്ക്ക് കാക്കയുടെ കോയിന് വലിയ പാമ്പുകള്‍ വിഴുങ്ങി.
അപ്പോഴൊക്കെ അവര്‍ വീണ്ടും കളി തുടര്‍ന്നു.
മുയലമ്മ അവരുടെ കളി നോക്കിക്കൊണ്ട് അടുത്തിരുന്നു.
Read More: ഡിറ്റക്റ്റീവ് അമ്മു- കുട്ടികളുടെ നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു