scorecardresearch

ലയയുടെ താറാവുകൾ

"ലയയുടെ സൽമാൻ വവ്വാൽ? അവന്റെ രാത്രിച്ചിറകടി സപ്പോട്ടാമരത്തിൽ നിന്ന് ഉയർന്നു കേൾക്കുമ്പോൾത്തന്നെ, താറാവുകൾ പതുങ്ങിയിരിക്കും." പ്രിയ എ എസ് എഴുതിയ കഥ

"ലയയുടെ സൽമാൻ വവ്വാൽ? അവന്റെ രാത്രിച്ചിറകടി സപ്പോട്ടാമരത്തിൽ നിന്ന് ഉയർന്നു കേൾക്കുമ്പോൾത്തന്നെ, താറാവുകൾ പതുങ്ങിയിരിക്കും." പ്രിയ എ എസ് എഴുതിയ കഥ

author-image
Priya A S
New Update
priya as , childrens stories, iemalayalam

ലയയ്ക്ക് രണ്ട് താറാവുകളുണ്ട്. ഒരു പെൺ താറാവും ഒരു ആൺ താറാവും. പെൺ താറാവ് കത്രീന കെയ്ഫ്. ആൺ താറാവ് അഭിഷേക് ബച്ചൻ.

Advertisment

രണ്ടു താറാവുകളും എപ്പോ തമ്മിൽക്കണ്ടാലും വഴക്കാണ്. 'ക്വാക് ക്വാക്' എന്ന താറാവു ഭാഷയിൽ അവരങ്ങോട്ടുമിങ്ങോട്ടും എന്തൊക്കെയോ പറഞ്ഞ് വഴക്കുകൂടിക്കൊണ്ടിരിക്കും. ചിലപ്പോൾ അന്യോന്യം കൊത്തിപ്പറിക്കും.

നിങ്ങളെന്തിനാണ് വഴക്ക് കൂടുന്നത്? ഒന്നു നിർത്തിയേ വഴക്കും ബഹളവും എന്നു പറഞ്ഞ് ഒരു വടിയെടുത്ത് ലയ അവരുടെയിടയിലേക്കു ചെല്ലുമ്പോൾ രണ്ടും പേടിച്ച് രണ്ടു വഴിക്കോടും.

ലയയെപ്പോലെ തന്നെ, അവർ വഴക്കിടുന്നത് ഇഷ്ടമില്ലാത്ത ഒരാൾ കൂടിയുണ്ട്. അതാരാണെന്നോ? കങ്കണ കാക്ക.

Advertisment

കത്രീനയും അഭിഷേകും വഴക്കുകൂടാനുള്ള ഭാവത്തിലാണെങ്കിൽ അതപ്പോൾ തന്നെ മനസ്സിലാകും കങ്കണക്കാക്കയ്ക്ക്. അവൾ മാവിൻ കൊമ്പിലിരുന്ന്, "വഴക്കുകൂടരുത്, ഞാനിപ്പോ ലയയെ വിളിച്ച് വരുത്തുമേ, അവളോട് നല്ലൊരു ചൂരൽ വടിയുമായി വരാൻ പറയുമേ," എന്നൊക്കെ താറാവുകളെ ഭീഷണിപ്പെടുത്തും.

priya as , childrens stories, iemalayalam

എന്നിട്ടും താറാവുകൾ കൂസലില്ലാതെ വഴക്കു തുടരാനാണ് ഭാവമെങ്കിൽ അവൾ പറന്നു ചെന്ന് രണ്ടിന്റെയും തലക്കിട്ട് ഓരോ കൊത്തു കൊടുക്കും.

അതോടെ രണ്ടും ശാന്തരാകും. പിന്നെയവർ ഞങ്ങൾ വഴക്കു കൂടുകയൊന്നുമല്ലായിരുന്നു, ഓരോരോ കാര്യങ്ങൾ പറയുകയായിരുന്നു എന്ന മട്ട് അഭിനയിക്കും.

നല്ല ഒന്നാന്തരം അഭിനയമാണല്ലോ കത്രീനേടേം അഭിഷേകിന്റേയും എന്ന മട്ടിൽ കള്ളച്ചിരിയോടെ കങ്കണകാക്ക അവരെ ഒന്നു ചരിഞ്ഞു നോക്കും.

പിന്നെ താറാവുകൾ രണ്ടും തൊട്ടുരുമ്മി ആജന്മസുഹൃത്തുക്കളെപ്പോലെ നീന്താൻ പോകും.

priya as , childrens stories, iemalayalam

കാക്ക അവരുടെ പുറകെ പോകും. തന്റെ കൺവെട്ടത്തിനപ്പുറത്തായാൽ അവർ അവരുടെ വഴക്കാളി സ്വഭാവം പുറത്തെടുക്കുമെന്ന് കാക്കയ്ക്കറിയാം.

തന്നെയുമല്ല ഈ വഴക്കാളികളുടെ മേൽ സദാ ഒരു കണ്ണു വേണേ കങ്കണക്കാക്കേ, നിന്റെ സൂപ്പർ വിഷൻ ഉണ്ടെങ്കിലേ ഇവർ മര്യാദക്കാരാവുള്ളൂ എന്ന് ലയ അവളോട് ചട്ടം കെട്ടിയിട്ടുമുണ്ട്.

കങ്കണ രാത്രി ഉറങ്ങാൻ പോവില്ലേ? അപ്പോ ആരുനോക്കും താറാവുകൾ വഴക്കു കൂടുന്നുണ്ടോന്ന് എന്നാണെങ്കിൽ അതിനല്ലേ ലയയുടെ സൽമാൻ വവ്വാൽ? അവന്റെ രാത്രിച്ചിറകടി സപ്പോട്ടാമരത്തിൽ നിന്ന് ഉയർന്നു കേൾക്കുമ്പോൾത്തന്നെ, താറാവുകൾ പതുങ്ങിയിരിക്കും.

ഇപ്പോ മനസ്സിലായില്ലേ എന്തു പാടുപെട്ടാണ് ലയ താറാവുകളെ വളർത്തുന്നതെന്ന്. ആട്ടെ ചോദിക്കട്ടെ, നിങ്ങൾക്കുമുണ്ടോ സ്വന്തം താറാവുകൾ? അവരിങ്ങനെ വഴക്കുകൂടാറുണ്ടോ?

Read More: പ്രിയ എ എസ്സിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Priya As Stories Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: