scorecardresearch
Latest News

കുട്ടികളും പാവഭാഷയും

“അവളുടെ നീലക്കണ്ണിന്മേലേക്ക് പറന്നിരുന്ന് അവളുടെ കണ്ണില്‍ തെരുതെരെ ഉമ്മ വച്ചശേഷം പുല്‍ച്ചാടി ജൂലിയുടെ വാലിന്റെയറ്റത്ത് ചെന്നിരുന്നു. വാലിന്മേല്‍ എന്തോ ജീവി വന്നിരിപ്പുണ്ട് എന്നു മനസ്സിലായി ജൂലിക്ക്.” പ്രിയ എ എസ് എഴുതിയ കഥ

കുട്ടികളും പാവഭാഷയും

മുത്തുമണിക്കുട്ടി വൈകുന്നേരം കളിക്കാനിറങ്ങി.

അത് അവളുടെ എന്നത്തെയും പതിവാണ്.

ഫ്ലാറ്റിലാണല്ലോ അവളുടെ താമസം. വൈകുന്നേരമാകുമ്പോഴേക്ക് താഴെ എല്ലാ ഫ്ലാറ്റിലെയും കുട്ടികളെത്തും കളിക്കാന്‍. പിന്നെ ഒരു ബഹളമാണ്. ഫ്ലാറ്റിലെ പാര്‍ക്കില്‍ അവര്‍ തിമര്‍ത്ത് കളിക്കും. ഇടയ്ക്ക് ഊഞ്ഞാലാടും. സീസായിലിരിക്കും. സെക്കിളോടിക്കും. ചാടും ഓടും.

മുത്തുണിക്കുട്ടി അവളുടെ ലാലിപ്പാവയെയും കൊണ്ടാണ് കളിക്കാനിറങ്ങുക. ലാലിക്കും വീട്ടില്‍ത്തന്നെയിരുന്നാല്‍ ശ്വാസം മുട്ടില്ലേ എന്നാണ് മുത്തുമണിയുടെ വിചാരം.

പാര്‍ക്കിലെ ബഞ്ചില്‍ അവളെ ചാരിയിരുത്തി, മുത്തുമണിക്കുട്ടി ബാക്കി കുട്ടികളുടെ കൂടെ കളിക്കാനോടും. കളിച്ചുകളിച്ച് വിയര്‍ത്തു കുളിക്കുമ്പോള്‍, കാറ്റു കൊള്ളാന്‍ അവളിടയ്ക്കിടെ ആ ബഞ്ചില്‍ വന്നിരിക്കും.

അപ്പോളവള്‍ ലാലിയോട് കളിവിശേഷങ്ങളൊക്കെ പറയും. ലാലിയെ എടുത്തു മടിയിലിരുത്തി പുന്നാരിക്കും. കാറ്റു കൊണ്ട് ക്ഷീണം മാറുമ്പോള്‍ അവളോടിപ്പോവും പിന്നെയും കൂട്ടുകാരുടെ കൂടെച്ചേര്‍ന്ന് കളിക്കാന്‍.

മുത്തുമണിക്കുട്ടി കളിക്കാനോടിപ്പോയാല്‍ പിന്നെയും ലാലിപ്പാവ തനിച്ചാവും. അവളങ്ങനെ ആകാശവും നോക്കി ഇരിക്കും. ഇടക്കിടെ, മുത്തുമണി തിരിച്ചു വരുന്നുണ്ടോ എന്ന് പാളിനോക്കും. തോട്ടത്തിലെ പൂക്കള്‍ നോക്കിയങ്ങനെ രസിച്ചിരിക്കാനും അവള്‍ക്കിഷ്ടമാണ്.

ചിലപ്പോള്‍ തോട്ടക്കാരന്‍ അവളെ തൊട്ടുനോക്കും. എന്നിട്ട് ചോദിക്കും എന്താണ് സുന്ദരീ മണീ, നിനക്ക് പാവക്കൂട്ടുകാരൊന്നുമില്ലേ കൂടെ കളിക്കാന്‍?

സുന്ദരീമണി എന്നല്ല ലാലി എന്നാണ് എന്റെ പേരെന്ന് അവള്‍ അയാളോട് പറയും. പക്ഷേ അയാള്‍ക്കത് കേള്‍ക്കാനും മനസ്സിലാക്കാനും ഒന്നും പറ്റില്ല. അയാള്‍ കുട്ടിയല്ലല്ലോ. കുട്ടികള്‍ക്കല്ലേ പാവഭാഷ അറിയൂ

ഇടയ്ക്ക് മുത്തുമണിയുടെ കൂട്ടുകാരാരെങ്കിലും വന്ന് ലാലിപ്പാവയുടെ ഭംഗിനോക്കും. അവളെ എടുത്തോണ്ടു നടന്ന് ഇത്തിരി നേരം കളിക്കും. എന്നിട്ട് തിരിച്ചു കൊണ്ടുവന്ന്, അവളിരുന്ന അതേ സ്ഥാനത്തു വയ്ക്കും. അവര്‍ക്കെല്ലാം അവരുടെ വീടുകളില്‍ നിറയെ പാവയുണ്ട്. അതുകൊണ്ടാവും അവരാരും ലാലിയെ സ്ഥിരമായി കൈയ്ക്കലാക്കാന്‍ നോക്കാത്തത്.

പക്ഷേ ഇരുട്ടു വീണു തുടങ്ങിയാല്‍ ലാലിപ്പാവയ്ക്ക് ഒറ്റയ്ക്കിരിക്കാന്‍ പേടിയാവും. എങ്ങാനും തന്നെ തിരിച്ചെടുത്തു കൊണ്ടു പോകാന്‍ മുത്തുമണി മറന്നാലോ എന്നവള്‍ക്ക് പേടിയാവും.

ഫ്ലാറ്റിന്റെ മുറ്റത്തെ ബഞ്ചില്‍ ഇരിക്കാനും കാറ്റു കൊള്ളാനും ഇഷ്ടമാണെങ്കിലും ഫ്ലാറ്റിനകത്തെ സുഖമൊന്നു വേറെ തന്നെയാണ്.

അവിടെ അവള്‍ക്കു കളിക്കാന്‍ വേറെ ഒരുപാടൊരുപാട് കൂട്ടുകളിപ്പാട്ടങ്ങളുണ്ട്. ഇരിക്കാന്‍ ഒരു കുഞ്ഞിക്കസേരയും കിടക്കാന്‍ മുത്തുമണി ചെറുതായിരുന്നപ്പോഴത്തെ കുഞ്ഞിക്കിടക്കയുമുണ്ട്. ഒരു ഹെലിക്കോപ്റ്ററുണ്ട് മുത്തുമണിക്ക്. അതുവച്ചു കളിക്കാനാണ് ലാലിക്ക് ഏറ്റവുമിഷ്ടം.

ഒരു ദിവസം ഹെലിക്കോപ്റ്റര്‍ പറത്തി ആകാശത്തൂടെ പോണം, അതാണ് ലാലിയുടെ ആഗ്രഹം. ലാലി ഹോലിക്കോപ്റ്ററില്‍ പറക്കുമ്പോള്‍ തീര്‍ച്ചയായും മുത്തുമണിയെയും കൂട്ടും.
ഭാഗ്യം, ഇതുവരെയും ഒരു ദിവസം പോലും മുത്തുണി അവളെ പാര്‍ക്കിലെ ബഞ്ചില്‍ നിന്നു തിരിച്ചെടുക്കാന്‍ ഓര്‍ക്കാതിരുന്നിട്ടില്ല കേട്ടോ.

ഒരു ദിവസം പാര്‍ക്കിലെ ബഞ്ചില്‍ ലാലിയുടെ അടുത്ത് ഒരു പൂച്ച വന്നിരുന്ന കഥയാണ് ഇനി പറയാന്‍ പോകുന്നത്.

പൂച്ച അപ്പുറത്തെ ഫ്ലാറ്റിലെ ആശിമയുടെ സയാമീസ് പൂച്ചയാണ്.

ആ പൂച്ചയുടെ പേര് ജൂലി.

ജൂലിക്ക് ലാലിയുടെ, ആ ബഞ്ചില്‍ ചാരിയിരിപ്പ് അത്ര പിടിച്ചില്ലെന്നു തോന്നുന്നു. അവള്‍, അവളുടെ വെളുവെളാ പഞ്ഞിക്കൈ കൊണ്ട് ലാലിക്കിട്ടൊരു തട്ട്. ലാലി മൂക്കും കുത്തി, താഴെയുള്ള പുല്‍ത്തകിടിയിലേക്ക് ഒറ്റവീഴ്ച.

പുല്ലിലേക്കു വീണതു കൊണ്ട് ഭാഗ്യം, ലാലിക്കൊന്നും പറ്റിയില്ല. എന്നാലും ലാലി പേടിച്ചു പോയി . ലാലിക്ക് ദേഷ്യവും വന്നു.

അവള്‍, അവളുടെ മൂക്കിന്‍ തുമ്പ് ദേഷ്യച്ചുവപ്പിലാക്കി ചോദിച്ചു “എന്തിനാണ് നീ ഒരു കാര്യവുമില്ലാതെ എന്നെ തട്ടിത്താഴെയിട്ടത്? എനിക്ക് വല്ല പരിക്കും പറ്റിയിരുന്നെങ്കില്‍ കാണാമായിരുന്നു. മുത്തുമണി നിന്നെ വാലില്‍ തൂക്കി എറിഞ്ഞേനെ.”

ജൂലിക്കുണ്ടോ വല്ല കൂസലും? അവള്‍ ഒരു മ്യാവു പാട്ടും പാടി നീളത്തില്‍ ആ ചാരു ബഞ്ചില്‍ കിടപ്പായി. ഇടയ്ക്കവള്‍ മലര്‍ന്നു കിടന്ന് അവളുടെ കൈകാലുകള്‍ വളച്ചും തിരിച്ചും നീട്ടിയും ഒക്കെ എന്തൊക്കെയോ സ്വയം കളികള്‍ കളിച്ചു രസിക്കുന്നതില്‍ മുഴുകി.

ലാലിക്ക്, അവള്‍ താഴെ വീണ അതേ പോലെ കിടക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമുണ്ടായിരുന്നില്ല . അവളൊരു പാവയല്ലേ, അവള്‍ക്ക് തന്നത്താനേ എഴുന്നേല്‍ക്കാനൊന്നും പറ്റില്ലല്ലോ.

അപ്പോ സാരമില്ല, ലാലി എന്നു പറയുമ്പോലെ ഒരു പുല്‍ച്ചാടി അവളുടെ കവിളത്ത് വന്നിരുന്നു. പുല്‍ച്ചാടിയും ലാലിയും കൂട്ടായി. പുല്‍ച്ചാടി ചിരിച്ചു കൊണ്ട് ചോദിച്ചു “ഞാനിവളെ, ഈ ജൂലിപ്പൂച്ചയെ ഇപ്പോ എന്താ ചെയ്യാന്‍ പോകുന്നതെന്നറിയാമോ?”

ഇല്ലല്ലോ എന്നു കണ്ണടച്ചു കാണിച്ചു ലാലി. അവളുടെ നീലക്കണ്ണ് പുൽച്ചാടിക്കിഷ്ടമായി. അവളുടെ നീലക്കണ്ണിന്മേലേക്ക് പറന്നിരുന്ന് അവളുടെ കണ്ണില്‍ തെരുതെരെ ഉമ്മ വച്ചശേഷം പുല്‍ച്ചാടി ജൂലിയുടെ വാലിന്റെയറ്റത്ത് ചെന്നിരുന്നു.

വാലിന്മേല്‍ എന്തോ ജീവി വന്നിരിപ്പുണ്ട് എന്നു മനസ്സിലായി ജൂലിക്ക്. പക്ഷേ, വാല് അവളുടെ പുറകിലല്ലേ. അതു കൊണ്ട് അവള്‍ക്കാ ജീവിയെ ശരിക്കും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അവള്‍ വാല് മുന്നിലേക്ക് തിരിച്ചും വളച്ചുമൊക്കെ നോക്കിയപ്പോഴല്ലേ കാണുന്നത് വാലിന്ററ്റത്ത് ഞെളിഞ്ഞിരിക്കുന്നു ഒരു പുല്‍ച്ചാടി മഹാന്‍. ഇവനെ പിടിച്ച് തട്ടിക്കളിച്ചിട്ടു തന്നെ കാര്യം എന്നു വിചാരിച്ചു ജൂലി.

വാല് പിടിക്കാനായി അവള് വട്ടത്തില്‍ വട്ടത്തില്‍ കറങ്ങാന്‍ തുടങ്ങി. ഒന്ന്, രണ്ട്, പത്ത്, പതിനഞ്ച് തവണ അവള്‍ വട്ടം കറങ്ങി. ഓരോ തവണയും അവള്‍ വട്ടം കറങ്ങുന്നതു മാത്രം മിച്ചം.

വാലിന്ററ്റം അവള്‍ക്കൊന്ന് തൊടാന്‍ പോലും പാകത്തില്‍ കിട്ടിയില്ലെന്ന് പ്രത്യേകിച്ച് പറയണോ? കറങ്ങിക്കറങ്ങി അവള്‍ക്ക് തലകറക്കം വരുന്നുണ്ടായിരുന്നു. അവളാകെ ക്ഷീണിച്ച് പുല്‍ത്തകിടിയില്‍ കിടപ്പായി.

അപ്പോഴാണ് മുത്തുമണിക്കുട്ടി കളി തീര്‍ന്ന് വന്നതും താഴെ വീണു കിടക്കുന്ന ലാലിപ്പാവയെ, “നീ വീണുപോയോ, അതോ ആ ജൂലിപ്പൂച്ചയെങ്ങാന്‍ തട്ടിത്താഴെയിട്ടതാണോ നിന്നെ,” എന്നു ചോദിച്ച് അവളെ എടുത്ത് നെഞ്ചോട് ചേര്‍ത്തതും.

“ഈ പൂച്ചയ്‌ക്കെന്താ ബോധം പോയോ, ഇതെന്താ ഇങ്ങനെ കണ്ണുമടച്ച് കിടക്കുന്നത്,” എന്നു ചോദിച്ചു മുത്തുമണി.

“അതെയതെ, ഇവളാ എന്നെ നിലത്തിട്ടത്,” എന്നുടനെ ലാലിപ്പാവ പറഞ്ഞത് മുത്തുമണി കേട്ടു. കുട്ടികള്‍ക്ക് പാവഭാഷ മനസ്സിലാകുമല്ലോ.

“ആഹാ, നീ അത്രയ്ക്കായോ എന്നു ചോദിച്ച്, വേഗം സ്ഥലം വിട്ടോണം,” എന്നു കണ്ണുരുട്ടി ജൂലിയെ പേടിപ്പിച്ചോടിപ്പിച്ചു മുത്തുമണിക്കുട്ടി.

ജൂലിയെഴുന്നേറ്റ് ഓടടാ ഓട്ടം. അവളാകെ പേടിച്ചു പോയിക്കാണും മുത്തുമണിയുടെ ദേഷ്യം കണ്ട്.

പിന്നെ ലാലിയെയും തോളിലിട്ട് മുത്തുമണി ഫ്ലാറ്റിലേക്കു പോയി.

അവര് പോകുന്നത് പതുങ്ങിനോക്കി നിന്നു ജൂലി ഒരു തെങ്ങിന്റെ മറവില്‍ നിന്ന്.

ആശിമ വന്ന് “ജൂലി, നീ എവടെപ്പോയി,” എന്നു വിളിച്ചതും അവള്‍ തെങ്ങിന്‍ മറവില്‍ നിന്ന് ഒരു പാവത്താനെപ്പോലെ വാലും കുണുക്കി വന്ന് ആശിമയോട് ചേര്‍ന്നുനില്‍പ്പായി.

“നീ എന്തോ കള്ളത്തരം കാണിച്ച മട്ടുണ്ടല്ലോ,” എന്നു ആശിമ ചോദിച്ചതും അതു കേള്‍ക്കാത്ത ഭാവത്തില്‍ ജൂലി ലിഫ്റ്റിനടുത്തേയ്ക്ക് ഒരു പാച്ചില്‍.

അവിടെ ചെന്നപ്പോഴോ, മുത്തുമണിയും ലാലിയും ലിഫ്റ്റ് കാത്ത് നില്‍പ്പാണ്. അവളവരെ കണ്ടതും തിരിഞ്ഞോടി.

ഈ പൂച്ചയ്‌ക്കെന്താ പറ്റിയത് എന്നു ചോദിച്ച് അന്തം വിട്ടുനിന്നു ആശിമ.

അവള്‍ ചെയതതെല്ലാം മുത്തുമണിയുടെ തോളില്‍ കിടന്നുകൊണ്ട് ലാലി പറഞ്ഞു കേള്‍പ്പിച്ചു.

ഞാനവളുടെ മൂക്കില്‍ പിടിച്ച് തിരിക്കാം എന്നു പറഞ്ഞു ചിരിച്ചു ആശിമ. ആശിമയ്ക്കും ലാലി പറയുന്നത് മനസ്സിലാകുമല്ലോ, കാരണം അവളുമൊരു കുട്ടിയാണല്ലോ.

Read More: ഡിറ്റക്റ്റീവ് അമ്മു- കുട്ടികളുടെ നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories kuttikalum paavabhashayum