scorecardresearch

കുഞ്ഞുണ്ണിയുടെ കൂട്ടുകാരൻ

“പിന്നെ മിന്നാമിന്നിക്കുഞ്ഞന് അമ്മ, പനി മാറാനുള്ള സിറപ്പ് കൊടുത്തു ഉറങ്ങാൻ കിടത്തി.”പ്രിയ എ എസ് എഴുതിയ കഥ

priya as , childrens stories, iemalayalam

മിന്നാമിനുങ്ങിന് പനി വന്നു.

പറഞ്ഞാൽ കേൾക്കാതെ ഒരു പാട് നേരം മിന്നി മിന്നി പറന്നു നടന്നിട്ടാണ് പനി വന്നത്, ഒരു തരിയെങ്കിലും ഉറങ്ങാൻ കൂട്ടാക്കിയോ”, എന്നമ്മ അവളെ വഴക്കു പറഞ്ഞു.

“കാര്യം അറിയാതെ വഴക്കു പറയല്ലേ അമ്മേ, എന്നായി മിന്നാമിന്നിക്കുഞ്ഞൻ.

“”എന്നാൽ പറ എന്തായിരുന്നു കാര്യം?”” എന്നായി അമ്മ.

“നമ്മൾ താമസിക്കുന്ന ഇലഞ്ഞിമരത്തിനടുത്തുള്ള വീടില്ലേ, താരാ വീട്?” അവൾ ചോദിച്ചു.

“എനിക്കറിയാം, എനിക്കറിയാം,” എന്നു പറഞ്ഞു അമ്മ.

“ആ വീട്ടിലേയ്ക്ക് ജനൽ വഴി നമ്മൾ കടന്നു ചെല്ലാറുണ്ടല്ലോ രാത്രി ഇടയ്ക്കൊക്കെ, അവിടെ ഒരു മിടുക്കൻ കുട്ടിയുണ്ടല്ലോ, എന്താണവന്റെ പേര്? എന്നു ചോദിച്ചു അമ്മ.

“കുഞ്ഞുണ്ണി” എന്നുത്തരം പറഞ്ഞു കുഞ്ഞൻ മിന്നാമിന്നി. അവൻ തുടർന്നു
“ഞാൻ കുഞ്ഞുണ്ണിയെക്കുറിച്ചു തന്നെ സംസാരിക്കാൻ തുടങ്ങുകയായിരുന്നു അമ്മേ. ഇന്നലത്തെ പെരുമഴയത്ത് അവരുടെ വീട്ടിലെ കറന്റ് പോയി. കുഞ്ഞുണ്ണിത്താന് ഇരുട്ടത്ത് ഭയങ്കര പേടിയായി. അവരുടെ വീട്ടിലെ മെഴുകുതിരിയൊന്നും എത്ര തപ്പിയിട്ടും കിട്ടിയില്ല. എമർജൻസി ലാംപ് കേടായിരുന്നു. ഇൻവെർട്ടർ വച്ചിരുന്നുവെങ്കിലും അതിനും എന്തോ പ്രശ്നം.

എപ്പോ വരും അപ്പൂപ്പാ കറന്റ് എന്ന് കുഞ്ഞുണ്ണി തുരുതുരെ ചോദിച്ചു കൊണ്ടിരുന്നു. വേഗം വരും, ഇപ്പോത്തന്നെ വരും എന്നൊക്കെ അപ്പൂപ്പനവനെ സമാധാനിപ്പിച്ചുവെങ്കിലും അവൻ അതൊന്നും കേൾക്കാൻ നിൽക്കാതെ കരച്ചിലായി. ഇലഞ്ഞിമരക്കൊമ്പത്തിരുന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു അവന്റെ കരച്ചിൽ. എനിക്കവനോട് പാവം തോന്നി. എന്റെ കുഞ്ഞുവെളിച്ചം കൊണ്ടവനെ സമാധാനിപ്പിക്കാം എന്നു വിചാരിച്ച് ഞാനവന്റെ വീട്ടിനകത്തേയ്ക്ക് മിന്നി മിന്നി പറന്നു ചെന്നു. എന്തൊരു സന്തോഷമായെന്നോ അവനെന്നെ കണ്ടിട്ട്.”

priya as , childrens stories, iemalayalam

“ഒരു ചെറിയ കുട്ടിയല്ലേ അവൻ? അവനെ സന്തോഷിപ്പിക്കാൻ ഞാൻ എന്നെക്കൊണ്ടാകുന്നതു ചെയ്യണ്ടേ അമ്മേ. ‘മതി മതി മിന്നി മിന്നി നടന്നത്, വീട്ടിലേക്കു തിരിച്ചു വായോ’ എന്നമ്മ എത്ര വിളിച്ചിട്ടും ഞാൻ വരാതിരുന്നത് കുഞ്ഞുണ്ണിക്കുട്ടി കരച്ചിൽ തൂത്തുകളഞ്ഞ് ഒന്നു ചിരിച്ചു കാണാൻ വേണ്ടിയാ. അവനിന്നലെ എന്റെ പുറകെ ഓടിനടന്ന് ചിരിക്കുകയായിരുന്നു ഞാനിന്നലെ അമ്മ വിളിച്ചത് കേൾക്കാതിരുന്നതും രാത്രി വീട്ടിലേക്ക് തിരിച്ചു വന്ന് ഉറങ്ങാതിരുന്നതും എന്തുകൊണ്ടാണെന്ന് അമ്മയ്ക്കിപ്പോ മനസ്സിലായില്ലേ?”

മിന്നാമിന്നിയമ്മ മിന്നാമിന്നിക്കുഞ്ഞൻ പറഞ്ഞതു കേട്ട് ചിരിച്ചു നിന്നു. “നീ വെറുതെ ഒരു രസത്തിന് ഒരു നിമിഷം പോലും വിശ്രമമില്ലാതെ മിന്നി മിന്നി നടന്ന് നിന്റെ മുഴുവൻ എനർജിയും കളഞ്ഞു കുളിച്ചിട്ടാണ് നിനക്കു പനി വന്നതെന്നല്ലേ ഞാൻ കരുതിയത്? ഇതിപ്പോ ഒരു കുഞ്ഞിക്കുട്ടിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് നീ മിന്നി നടന്നത് എന്നറിയുമ്പോ അമ്മയ്ക്കും സന്തോഷമാണ് കേട്ടോ. നല്ല മനസ്സുള്ളവർക്കേ അവനവൻ പാടുപെട്ടാലും മറ്റുള്ളവരെ സന്തോഷിപ്പിക്കണമെന്ന് തോന്നൂ.”

അങ്ങനെ മിന്നാമിന്നിയമ്മ പറഞ്ഞപ്പോ മിന്നാമിന്നിക്കുഞ്ഞന് അഭിമാനം വന്നു. പകലാണെന്നൊന്നുമോർക്കാതെ അവനൊന്ന് മിന്നിപ്പോയി.

പിന്നെ മിന്നാമിന്നിക്കുഞ്ഞന് അമ്മ, പനി മാറാനുള്ള സിറപ്പ് കൊടുത്തു ഉറങ്ങാൻ കിടത്തി.

priya as , childrens stories, iemalayalam

തലേ രാത്രി മുഴുവൻ മിന്നി മിന്നി കുഞ്ഞുണ്ണിയുടെ വീട്ടിൽ നടപ്പായിരുന്നതു കാരണം അവന് വലിയ ഉറക്ക ക്ഷീണമുണ്ടായിരുന്നു. അതു കൊണ്ടാവും കിടന്നതും അവൻ ഉറങ്ങിപ്പോയി.

ഉണരുമ്പോഴേക്കും അവന്റെ പനി മാറുമായിരിക്കും എന്നു വിചാരിച്ച് അവന്റടുത്തു തന്നെയിരുന്നു അമ്മ.

താരാ വീട്ടിൽ കുഞ്ഞുണ്ണിക്കുട്ടനുണർന്നു കഴിഞ്ഞിരുന്നു. ഇലഞ്ഞിമരത്തിലേക്ക് നോക്കി മിന്നാമിന്നി ഇവിടുന്നാ വന്നത് എന്നമ്മയോട് പറഞ്ഞു കൊണ്ട് ജനാലയരികിൽ വന്നു നിൽക്കുന്ന കുഞ്ഞുണ്ണിയെ മിന്നാമിന്നിയമ്മ വാൽസല്യത്തോടെ നോക്കി. അമ്മമാർക്കെപ്പോഴും ഏതു കുട്ടിയോടും വാത്സല്യമാണല്ലോ.

“മിന്നാമിന്നീ ഇന്നും വരണേ…” എന്ന് കുഞ്ഞുണ്ണി വിളിച്ചു പറയുന്നതു കേട്ട് മിന്നാമിന്നിയമ്മ മിന്നാമിന്നിക്കുഞ്ഞന്റെ നെറ്റിയിൽ, “കുഞ്ഞുണ്ണീടെ കൂട്ടുകാരാ,” എന്നു വിളിച്ച് ഉമ്മ വച്ചു. അവനത് കേട്ടോ എന്തോ?

Read More: പ്രിയ എ എസ്സിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories kunjunniyude kootukaran