അമ്മയും കുഞ്ഞനും കൂടി വഴക്കായി. എന്തിനാണെന്നോ?
ക എന്ന അക്ഷരം ഞാൻ എഴുതില്ല, ആ അക്ഷരത്തിന്റെ ഒരു നിൽപ്പു കണ്ടില്ലേ, വലിയ ഒരു ഗമക്കാരൻ വന്നിരിക്കുന്നു, അവനെ എനിക്ക് ഒട്ടും ഇഷ്ടമല്ല എന്നു പറഞ്ഞ് വാശി പിടിച്ചു കുഞ്ഞൻ.
അപ്പോ അമ്മയ്ക്ക് ദേഷ്യം വന്നു.
വീട്ടിലുള്ളവരുടെ പേരുകൾ, കുഞ്ഞനെക്കൊണ്ട് എഴുതിക്കുകയായിരുന്നല്ലോ അമ്മ. അമ്മയുടെ പേര് മായ, അച്ഛന്റെ പേര് അപ്പു, അമ്മൂമ്മയുടെ പേര് ആനന്ദം, അപ്പൂപ്പന്റെ പേര് ശിവൻ ഇത്രയും കുഞ്ഞനെഴുതിയത് നല്ല സന്തോഷക്കുട്ടിയായിട്ടാണ്.
വല്യമ്മൂമ്മയുടെ പേര് കമലുവമ്മൂമ്മ എന്നെഴുതാൻ പറഞ്ഞപ്പോഴാണ് ആകെ പ്രശ്നമായത്.
കമലുവമ്മൂമ്മയിൽ ക ഇല്ലേ, എനിക്ക് അവനെ തീരെ ഇഷ്ടമില്ല എന്ന് അമ്മയക്കറിയില്ലേ എന്നൊക്കെ ചോദിച്ച് അപ്പോഴേയ്ക്ക് ആകെ ബഹളമായല്ലോ കുഞ്ഞൻ.
ക എഴുതില്ല എന്ന് വാശി പിടിച്ചാലെങ്ങനാ, ക യുള്ള എന്തുമാത്രം വാക്കുകളാണ് മലയാളത്തിൽ, അതൊക്കെ എഴുതി പഠിക്കാതെ പറ്റുമോ എന്ന് പിന്നെ വളരെ മയത്തിൽ ചോദിച്ചു അമ്മ.
കുഞ്ഞനതൊന്നും കേൾക്കാത്ത ഭാവത്തിൽ കൈയിലിരുന്ന പുസ്തകത്തിന്റെ താളുകൾ ചുമ്മാ മറിച്ചു അതിലെ പടങ്ങൾ നോക്കിക്കൊണ്ടിരുന്നു.
അമ്മ അവനെ എടുത്തു മടിയിലിരുത്തി ചോദിച്ചു. ക എന്ന അക്ഷരമുള്ള രണ്ടു മൂന്നു വാക്കുകൾ പറഞ്ഞേ അമ്മയുടെ ചക്കരക്കുട്ടി.
കുഞ്ഞൻ അത്യുത്സാഹത്തിൽ പറഞ്ഞു കാറ്, കക്ക, കാട്. അമ്മ അവന്റെ പുറത്തു തട്ടി അവനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു, മിടുക്കൻ. ഉത്തരം ശരിയാണല്ലോ. നമുക്കിതെഴുതി പഠിക്കാം.
അപ്പോ കുഞ്ഞൻ അലറി, എനിക്ക് ക ഇഷ്ടമല്ല. ഞാനെഴുതൂല്ല ക.

അമ്മ പിണങ്ങി കുഞ്ഞനെ മടിയിൽ നിന്നെടുത്തു താഴെ വച്ച് അകത്തെ മുറിയിലേക്ക് ഒറ്റപ്പോക്ക്. പറഞ്ഞാൽ കേൾക്കാത്ത കുട്ടികളോടൊന്നും ഞാൻ കൂട്ടില്ല, എന്നോട് മിണ്ടാൻ വരണ്ട കുഞ്ഞൻ എന്നു കൂടി പറഞ്ഞു അമ്മ.
അമ്മ അങ്ങനെ വഴക്കിട്ട് പോയതും കുഞ്ഞനോട് മിണ്ടാപിണക്കമായതും കുഞ്ഞനുണ്ടോ സഹിക്കുന്നു? അവൻ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് ഒരു മൂലയ്ക്കിരിപ്പായി.
കുറച്ചു കരഞ്ഞു കഴിഞ്ഞപ്പോ കുഞ്ഞന് വായ കഴച്ചു കരച്ചിൽ കാരണം. കാറിക്കരഞ്ഞിട്ട് തൊണ്ട വേദനയെടുക്കുകയും കൂടി ആയപ്പോ കുഞ്ഞൻ കരച്ചിലങ്ങു നിർത്തി.
ഉടുപ്പു പൊക്കി കണ്ണീരു തുടച്ചു കളഞ്ഞിട്ട് കുഞ്ഞൻ സ്ലേറ്റടുത്ത് വര തുടങ്ങി. എന്തൊക്കെയോ കുത്തി വരച്ചുകൊണ്ടിരുന്നു അവൻ.
അതിനിടയിൽ അമ്മ വന്നവനെ വാതിൽപ്പടിയിൽ നിന്ന് എത്തി നോക്കിയത് അവൻ കണ്ടില്ല. കുഞ്ഞൻ കരച്ചിൽ നിർത്തിയോ എന്ന് നോക്കാൻ വന്നതായിരുന്നു അമ്മ.
കുഞ്ഞന് രണ്ടു ദോശ ചുട്ടു കൊണ്ടു വരാം, വിശന്നിട്ടായിരിക്കും വാശി എന്നു വിചാരിച്ചു അമ്മ.
അമ്മ അങ്ങനെ വീണ്ടും അകത്തേക്ക് പോയപ്പോൾ കുഞ്ഞൻ നിലത്ത് ചരിഞ്ഞു കിടന്നായി വര. അങ്ങനെ കിടന്ന് അവനുറങ്ങിപ്പോയി.
അമ്മ ദോശയുമായി വന്നപ്പോഴുണ്ട് സ്ലേറ്റ് നെഞ്ഞത്തു വച്ച് കുഞ്ഞൻ നല്ല ഉറക്കം. അമ്മ പതുക്കെ സ്ലേറ്റെടുത്തു മാറ്റി.

അമ്മ സ്ലേറ്റെടുത്തു നോക്കുമ്പോഴുണ്ട് അതിൽ കുഞ്ഞൻ ഒരു മുഖം വരച്ച് താഴെ എഴുതിയിരിക്കുന്നു, അമ്മ.
അതു കണ്ടതും അമ്മ കുഞ്ഞന്റെ നെറ്റിയിൽ തലോടി, പിന്നെ കുനിഞ്ഞവനെ ഉമ്മ വച്ചു. പിന്നെ അവനെ എടുത്ത് തോളിൽ കിടത്തി.
അമ്മ വിചാരിച്ചു ദോശ പിന്നെ കൊടുക്കാം കുഞ്ഞന്. ഇപ്പോഴവനുറങ്ങട്ടെ.
അമ്മ അവനെ കിടക്കയിൽ കൊണ്ടു ചെന്നു കിടത്തിയപ്പോഴേക്ക് കുഞ്ഞനുണർന്നു. അവനമ്മയുടെ കഴുത്തിലൂടെ കൈയിട്ട് ചോദിച്ചു, താനെന്നോട് പിണക്കമാണോടോ? അമ്മ. അല്ലല്ലൊയെന്ന് കണ്ണടച്ചു കാണിച്ചു. പിന്നെയവനെ ഇക്കിളിയാക്കിക്കൊണ്ട് ഉമ്മ മഴയായി.
എത്ര പെട്ടെന്നാണല്ലേ അമ്മേം കുട്ടീം പിണക്കം മറന്ന് വീണ്ടും പഴയതു പോലെ കൂട്ടാവുന്നത്. ഏറ്റവും ആയുസ്സു കുറഞ്ഞ പിണക്കം അമ്മമാർക്കും കുട്ടികൾക്കുമിടയിലാണെന്നെല്ലാം പറഞ്ഞു കൊണ്ട് അമ്മ അവനെ കൈകളിൽ കോരിയെടുത്തു.
അമ്മ പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞനും കൊടുത്തു അമ്മയ്ക്ക് കുറേ പഞ്ചാരയുമ്മ.
എന്നിട്ട് അമ്മയും മകനും കൂടി ദോശ തിന്നാൻ പോയി.
കുഞ്ഞൻ അമ്മയെ ഓർമ്മിപ്പിച്ചു, ഞാൻ ക എഴുതില്ല കേട്ടോ.
അപ്പോ അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു, കുഞ്ഞനിലും ഇല്ലേ ക എന്ന അക്ഷരം? അപ്പോ സ്വന്തം പേരെഴുതാൻ നേരം കുഞ്ഞനെന്തു ചെയ്യും?
അയ്യോ അതു ശരിയാണല്ലോ എന്നു പറഞ്ഞു കുഞ്ഞൻ. എന്നാപ്പിന്നെ നമുക്ക് ക എഴുതിയേക്കാം കുഞ്ഞാ എന്നായി അമ്മ.
കുഞ്ഞൻ അമ്മ പറഞ്ഞത് തല കുലുക്കി സമ്മതിച്ചു. അങ്ങനെ ക എഴുതാൻ സമ്മതിച്ചതിന് പകരമായി അമ്മ അവന് ക ആകൃതിയിൽ ഒരു ദോശ ചുട്ടുകൊടുത്തത് കുഞ്ഞന് ക്ഷ പിടിച്ചു എന്നു പറഞ്ഞു കുഞ്ഞൻ.
ക്ഷയിലും ക ഉണ്ടല്ലോ എന്നായി അമ്മച്ചിരി. കുഞ്ഞൻ, കുഞ്ഞന്റെ ചിരി അമ്മയുടെ ചിരിയോട് ചേർത്തുവച്ച് സ്ലേറ്റടുത്ത് എഴുതാൻ തുടങ്ങി, കമലു അമ്മൂമ്മ, കാറ്, കടല്, കാറ്റ്…!