scorecardresearch
Latest News

കടൽത്തീരത്തെ പ്ലാസ്റ്റിക് കുപ്പികൾ

“ഈ എളുപ്പവഴിയും കുറുക്കുവഴിയും പ്രകൃതിയെ നശിപ്പിക്കാനേ കൊള്ളൂ. കടലില്‍ വലിച്ചെറിഞ്ഞാല്‍ പ്ലാസ്റ്റിക്ക് ജീര്‍ണിച്ച് പോകില്ല. ജൈവ വസ്തുക്കളാണെങ്കില്‍ മണ്ണിലോ വെള്ളത്തിലോ ഒക്കെ ഇട്ടാലും കുഴപ്പമില്ല. എന്നാല്‍ പ്ലാസ്റ്റിക്ക് അങ്ങനെയല്ല…” പ്രിയ എ എസ് എഴുതിയ കഥ

കടൽത്തീരത്തെ പ്ലാസ്റ്റിക് കുപ്പികൾ

അച്ഛനൊപ്പം എന്നും രാവിലെ ബീച്ചിലേക്ക് സൈക്ലിങ്ങിനു പോകാറുണ്ട് രവിക്കുട്ടന്‍. എന്നിട്ട് അവന്‍ കുറേ നേരം കടല്‍ത്തിരകളുമായി കളിക്കും.പിന്നെ ഞണ്ടുകളുടെ പുറകേ ഓടും. കക്ക പെറുക്കി സൈക്കിളിന്റെ ബാസ്‌ക്കറ്റില്‍ ഇടും.

അന്നേരമെല്ലാം ബീച്ചിലൂടെ ,ക്യാമറയും കഴുത്തില്‍ തൂക്കിനടപ്പുണ്ടാവും അച്ഛന്‍. ചാഞ്ഞിരുന്നും ചരിഞ്ഞിരുന്നുമൊക്കെ കടലാകാശവും കടല്‍ത്തിര രസവും കടല്‍ത്തീരക്കാഴ്ചകളും ഒപ്പിയെടുക്കുന്നതിലാവും അച്ഛന്റെ ശ്രദ്ധ. കടല്‍ രസങ്ങള്‍ എന്ന പേരില്‍ ഒരു ഫൊട്ടോ എക്‌സിബിഷന്‍ അച്ഛന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

അവര്‍ ബീച്ചിലെത്തുന്ന അതേ സമയത്തു തന്നെ സ്ഥിരമായി എത്തുന്ന ചിലരുമൊക്കെയായി അച്ഛനും രവിയും ഇതിനകം കൂട്ടായിക്കഴിഞ്ഞിട്ടുണ്ട്. മീന്‍ വലയുമായി മീന്‍ പിടിക്കാന്‍ വരുന്ന ചിലര്‍, കടലില്‍ നീന്താന്‍ വരുന്ന ചിലര്‍, ബീച്ചില്‍ പട്ടം പറപ്പിക്കാന്‍ വരുന്ന ചിലര്‍, ചില സ്ഥിരം നടത്തക്കാര്‍ ഇവരൊക്കെ അച്ഛനോടും രവിയോടും എന്തെങ്കിലും കുശലം പറയാതിരിക്കില്ല ഓരോ ദിവസവും.

അതിനിടയിലാണ് രവിക്കുട്ടനും അച്ഛനും ഒരു പ്രത്യേക ആളെ നോട്ട് ചെയ്യാന്‍ തുടങ്ങിയത്. ഹാഫ് ട്രൗസറും ടീ ഷര്‍ട്ടും സോക്‌സും ഷൂവും തൊപ്പിയുമൊക്കെയായി ഒരാള്‍. അയാള്‍ കുറച്ചു ദിവസങ്ങളേ ആയുള്ളു ബീച്ചിലെ പതിവു നടത്തക്കാരനായിട്ട്. ആരോടും മിണ്ടില്ല കക്ഷി. നടപ്പ് കഴിഞ്ഞാലുടന്‍ ആ ആള്‍ കൈയില്‍ ഗ്ലൗസിടും, എന്നിട്ട് കടലോരത്തു കാണുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി, കൂടെ കൊണ്ടുവന്നിരി ക്കുന്ന സഞ്ചിയിലിടും. തിരിച്ചു പോകുമ്പോള്‍ ആ സഞ്ചിയും കൊണ്ടു പോകും.

രവിക്കുട്ടന്‍, അച്ഛനോട് ചോദിച്ചു, എന്തിനാണ് ആ ആള്‍ക്ക് ഇത്രയും പ്ലാസ്റ്റിക് കുപ്പികള്‍?

നമുക്ക് ആ ആളോട് തന്നെ നേരിട്ട് ചോദിക്കാം എന്നു പറഞ്ഞു അച്ഛന്‍.

രവിക്കുട്ടനാണ് ചോദിച്ചത് “അങ്കിള്‍ എന്തിനാണ് അങ്കിളിന് ഇത്രയും കുപ്പികള്‍?”

priya as, childrens stories , iemalayalam

ചോദ്യം കേട്ടതും ആ ആള്‍ കുനിഞ്ഞു നിന്നുള്ള കുപ്പി പെറുക്കല്‍ മതിയാക്കി നിവര്‍ന്നു നിന്നു. എന്നിട്ട് സന്തോഷത്തോടെ പറഞ്ഞു, “മോനെങ്കിലും ഇത് ചോദിക്കാന്‍ തോന്നിയല്ലോ. അങ്കിളിവിടം വൃത്തിയാക്കുകയാണ്. നല്ലോരു കടല്‍ത്തീരത്ത് ഇങ്ങനെ കുടിവെള്ളക്കു പ്പികളും കോളാകുപ്പികളും കുമിഞ്ഞുകൂടിയാല്‍ അത് ഭയങ്കര വൃത്തികേടല്ലേ? നമ്മുടെ കേരളം കാണാന്‍ വരുന്നവരൊക്കെ അവരുടെ നാട്ടില്‍ ചെന്ന് നമ്മുടെ ബീച്ചുകളെക്കുറിച്ചും കേരളത്തെക്കുറിച്ചും മോശം പറയില്ലേ?”

“കടല്‍ത്തീരത്തെ കുപ്പികളെ കടലിലേക്ക് ഇട്ടാല്‍ പോരേ, തിരകള്‍ അവയെ ദൂരേയ്ക്ക കൊണ്ടുപോകില്ലേ? അങ്ങനെ നമ്മുടെ ബീച്ച് വൃത്തിയാകില്ലേ? അതല്ലേ എളുപ്പ വഴി?” രവിക്കുട്ടന്‍ അങ്കിളിനോട് ചോദിച്ചു.

അങ്കിള്‍, ചിരിച്ചു. എന്നിട്ട് പറഞ്ഞു “ഈ എളുപ്പവഴിയും കുറുക്കുവഴിയും പ്രകൃതിയെ നശിപ്പിക്കാനേ കൊള്ളൂ. കടലില്‍ വലിച്ചെറിഞ്ഞാല്‍ പ്ലാസ്റ്റിക്ക് ജീര്‍ണിച്ച് പോകില്ല. ജൈവ വസ്തുക്കളാണെങ്കില്‍ മണ്ണിലോ വെള്ളത്തിലോ ഒക്കെ ഇട്ടാലും കുഴപ്പമില്ല. എന്നാല്‍ പ്ലാസ്റ്റിക്ക് അങ്ങനെയല്ല. ഒരു മനുഷ്യായുസ്സിനേക്കാള്‍ എത്രയോകാലം പ്ലാസ്റ്റിക്ക് ജീര്‍ണ്ണിക്കാതെ കിടക്കുമന്നോ. അങ്ങനെ കിടക്കുന്ന പ്ലാസ്റ്റിക്ക്, മണ്ണിനും മനുഷ്യനും കേടാണ് ഉണ്ടാക്കുക.

2018ലെ പ്രളയം ഓര്‍മ്മയില്ലേ. അന്ന് കേരളത്തിലെ നദികളില്‍ നിന്നും മറ്റുമൊക്കെ എത്രത്തോളം പ്ലാസ്റ്റിക്കുകളാണ് പുറത്തുവന്നത്. പല പ്ലാസ്റ്റിക്കും മണ്ണില്‍ ജീര്‍ണ്ണിക്കില്ല, അവ പരിസ്ഥിതിക്ക് നാശമുണ്ടാക്കും. അത്, കുറേനാള്‍ കഴിയുമ്പോ നമ്മുടെ ജീവല്‍വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നതിന് വഴിയൊരുക്കിയേക്കാം. പ്ലാസ്റ്റിക് കത്തിക്കാനും പാടില്ല. അത് കത്തിച്ചാല്‍ ഉണ്ടാകുന്ന പുക ശ്വസിച്ചാല്‍ ആരോഗ്യത്തിന് ദോഷകരമാണ്. മോന്‍ കുറച്ചുകൂടെ വലിയ ക്ലാസിലെത്തുമ്പോള്‍ അതൊക്കെ വിശദമായി പഠിക്കും.”

“പ്ലാസ്റ്റിക് ഒട്ടും ഉപയോഗിച്ചുകൂടെ അങ്കിളേ,” എന്ന് സൈക്കിളിലെ പ്ലാസ്റ്റിക് സീറ്റ് കവറില്‍ പിടിച്ചുകൊണ്ട് രവിക്കുട്ടന്‍ ചോദിച്ചു. സൈക്കിളിലെ പ്‌ളാസ്റ്റിക് വഴി താനും പരിസ്ഥിതിയെ നശിപ്പിക്കുന്നിതില്‍ പങ്കാളിയാവുകയാണോ എന്ന ആശങ്ക കൂടിയുണ്ടായിരുന്നു അവന്റെ ചോദ്യത്തില്‍.

“അത് നല്ല, ചോദ്യമാണ്, അങ്കിള്‍ പറഞ്ഞു. അതിന് ഒറ്റവാക്കില്‍ ഉത്തരവുമില്ല. എന്നാലും ചില കാര്യങ്ങള്‍ ചുരുക്കി പറയാം. പ്ലാസ്റ്റിക്ക് സമ്പൂര്‍ണമായി ഒഴിവാക്കാന്‍ ആധുനിക ലോകത്ത് സാധ്യമല്ല. എന്നാല്‍, അതിന്റെ അനാവശ്യവും അമിതവുമായ ഉപയോഗം കുറയ്ക്കണം. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിയ്ക്കണം. ശക്തമായ നിയന്ത്രണം വേണം ഇക്കാര്യത്തിലൊക്കെ. പുനരുപയോഗത്തിന് സാധ്യമായവ ഉപയോഗിക്കണം.”

പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ ഉണ്ടെങ്കില്‍ അവ ഉപയോഗിക്കാന്‍ നോക്കണം എന്ന് പറഞ്ഞ് അങ്കിള്‍ തോളില്‍ കിടന്ന തുണി സഞ്ചിയില്‍ കൈയിട്ട് ഒരു സാധനമെടുത്തു. അത് രവിക്കുട്ടന് കൊടുത്തുകൊണ്ട് പറഞ്ഞു. “ഇതാണ് പേപ്പര്‍ പേന. സാധാരണ പ്ലാസ്റ്റിക്ക് ഉപയോഗിച്ചുള്ള പേനയ്ക്ക് പകരം പേപ്പര്‍ കൊണ്ടുള്ള പേന. ഈ പേന ഉപയോഗശേഷം കളയുമ്പോള്‍ പേപ്പര്‍ ജീര്‍ണ്ണിച്ചോളും പേനയുടെ പ്ലാസറ്റിക്കും അതിലെ മഷി തീര്‍ന്ന റീഫില്ലും മാലിന്യമാണ്. റീഫില്‍ എന്തായാലും പേപ്പര്‍ പേനയിലുമുണ്ട്. പേപ്പര്‍ പേന ഉപയോഗിച്ചാല്‍ ആ മാലിന്യത്തിലെ അളവ് കുറയ്ക്കാന്‍ സാധിക്കും. തടിയോ മറ്റോ ഉപയോഗിച്ചുള്ള മഷി പേന ഉപയോഗിച്ചാല്‍ റീഫില്ലിന്റെ മാലിന്യത്തില്‍ നി്‌നു രക്ഷപ്പെടാന്‍ സാധിയ്ക്കും.”

പേപ്പര്‍ പേന തിരിച്ചും മറിച്ചും നോക്കി അങ്കിളിന് താങ്ക്‌സ് പറഞ്ഞു രവിക്കുട്ടന്‍.

priya as, childrens stories , iemalayalam

അങ്കിള്‍ പറഞ്ഞതൊക്കെ ശരിയാണല്ലോ എന്നു രവിക്കുട്ടന് തോന്നി, അവന്‍ നില്‍ക്കുന്നതിനരികെ കിടന്ന രണ്ട് പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി ആ അങ്കിളിന്റെ സഞ്ചിയിലിട്ടു. കുപ്പി പെറുക്കുന്നത് ഗ്ലൗസിട്ടു വേണമെന്ന് ഗ്ലൗസിട്ട തന്റെ കൈ നീട്ടിക്കാണിച്ചു കൊണ്ട് അങ്കിള്‍ പറഞ്ഞു. രവിക്കുട്ടനത് സമ്മതിച്ചു.

ഇതെല്ലാം അങ്കിള്‍ എന്തു ചെയ്യും എന്നായി രവിക്കുട്ടന്റെ അടുത്ത സംശയം.

ആ അങ്കിള്‍, അച്ഛനോടും അവനോടുമായി പറഞ്ഞു. “റീസൈക്കിളിങ്ങിനായി പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന ആള്‍ക്കാര്‍ അങ്കിളിന്റെ വീട്ടില്‍ വന്ന് ഇത് കളക്റ്റ് ചെയ്ത് കൊണ്ടു പോവും. ഈ പ്ലാസ്റ്റിക് അവര്‍ കൊണ്ടുപോയി നമുക്ക് ഉപകാരപ്രദമായ വല്ലതുമൊക്കെയായി മാറ്റുന്നുണ്ടെങ്കില്‍ നമ്മളും അവരെ ഒരു കൈ സഹായിക്കണ്ടേ?”

രവിക്കുട്ടന്‍ തല കുലുക്കി.

പിന്നെ അച്ഛനും രവിക്കുട്ടനും ആ അങ്കിളും ചേര്‍ന്നായി ഓരോ ദിവസവും കുപ്പി പെറുക്കല്‍.

കാര്യമറിഞ്ഞപ്പോള്‍, ബീച്ചില്‍ വരുന്ന ഒരു പാട് പേര്‍ അവരുടെ ഒപ്പം ചേര്‍ന്നു.

നോവല്‍ എഴുതാനായി ബീച്ചിനടുത്ത് വീടെടുത്ത് താമസിക്കുന്ന എഴുത്തുകാരനാണ് ആ ആള്‍ എന്ന് ക്രമേണ അവരറിഞ്ഞു. നോവല്‍ പൂര്‍ത്തിയാകുമ്പോള്‍ ഞാന്‍ പോകും എന്ന് അദ്ദേഹം നേരത്തേ തന്നെ പറഞ്ഞിരുന്നു.

ഇന്നലെ പോയി ആ ആള്‍ തിരികെ നാട്ടിലേക്ക്.

രവിക്കുട്ടനും അച്ഛനും ആ പരിസരത്തെ മറ്റ് ആളുകളും, പ്ലാസ്റ്റിക് രഹിതമായി കടല്‍ത്തീരം സൂക്ഷിക്കുന്ന കാര്യം ഞങ്ങളേറ്റു എന്നു പറഞ്ഞാണ് ആ അങ്കിളിനെ യാത്രയാക്കിയത്.

സ്‌കൂളില്ലല്ലോ ഞായറാഴ്ച തോറും രവിക്കുട്ടനും കൂട്ടുകാരുമാണ് ഇനി മുതല്‍ ആ ജോലി ചെയ്യുക. മാത്രമല്ല, രവിക്കുട്ടന്‍ പേപ്പര്‍ പേന ഉണ്ടാക്കാനും പഠിച്ചു.

ആര്‍ക്കും ചെയ്യാവുന്നതേയുള്ളു ഇതുപോലുള്ള നല്ല നല്ല കാര്യങ്ങള്‍, അല്ലേ?

Read More: പ്രിയ എ എസ്സിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories kadaltheeraththe plastic kuppikal