പ്രിയാമ്മ വൈകുന്നേരം നടക്കാന്‍ പോയി.
വാക്കിങ് ഷൂ പഴയതായി, പുതിയതൊരെണ്ണം വാങ്ങണമെന്നു വിചാരിച്ചു നടത്തത്തിനിടയില്‍ പിയാമ്മ. കൊറോണയൊക്കെ കുറഞ്ഞല്ലോ, മാസ്ക് വയ്ക്കണോ വേണ്ടയോ, വച്ചേക്കാം, ഇനി അതു വയ്ക്കാത്തിന്റെ കുഴപ്പം വേണ്ട എന്നും ചിന്തിച്ചു പിയാമ്മ.
കുറേ ദിവസമായി പിയാമ്മയുടെ നടത്തം മുടങ്ങിയിരിക്കുകയായിരുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമില്ല. വെറുതെ മടി. ഇങ്ങനെ അനങ്ങാഇരിപ്പിരിക്കാനാണ് ഭാവമെങ്കില്‍ അറുപതു വയസ്സാകുമ്പോഴേയ്ക്ക് അമ്മയെ ഒന്നിനും കൊള്ളാതെയാകും, എക്സര്‍സൈസോ ഇല്ല, നടക്കുകയെങ്കിലും ചെയ്യമ്മേ, മടിച്ചിക്കോതയാവുന്നുണ്ട് ഈയിടെയായി എന്നു അമ്മയെ വാ നിറയെ മകന് കുഞ്ഞുണ്ണി വഴക്കു പറഞ്ഞു കൊണ്ടാണ് ഇന്നെങ്കിലും പിയാമ്മ നടക്കാനിറങ്ങിയത്.
അങ്ങനെ നടക്കുമ്പോള്‍ ആദ്യം കണ്ടു ആരവ് എന്ന നുണ്ണന്‍ കുട്ടിയെ. അവന് അപ്പൂപ്പന്റെ കൂടെ നടക്കാനിറങ്ങിയതാണ്. അവന് നടക്കാനും വര്‍ത്തമാനം പറയാനും ഒക്കെ പഠിച്ചു തുടങ്ങുന്നതേയുള്ളൂ. അവന് നടത്തത്തിനിടെ കുനിഞ്ഞു നിന്ന് റോഡിലെ കണ്ണിമാങ്ങകള്‍ പെറുക്കുകയാണ്.
പിയാമ്മ അടുത്തെത്തിയപ്പോള്‍ അവന് ഒരു കണ്ണിമാങ്ങ നീട്ടി അവനു മാത്രം മനസ്സിലാകുന്ന എന്തോ ഭാഷ പറഞ്ഞു. പിയാമ്മ ചോദിച്ചു, കുഞ്ഞുണ്ണിച്ചേട്ടന് കൊടുക്കാനാണോ?
അതിനിടെ, അവന് കണ്ണിമാങ്ങ, പിയാമ്മയുടെ കൈയില്‍ നിന്നും തിരികെ വാങ്ങി. ആഹാ, അപ്പോ എനിക്ക് സ്വന്തമായി തന്നതല്ലായിരുന്നോ? നോക്കാന്‍ തന്നതാണല്ലേ എന്ന് പിയാമ്മ ചോദിച്ചതിനൊന്നും ഒരു മറുപടിയുമില്ലാതെ അവന് നടന്നു തുടങ്ങിയിരുന്നു അതിനകം മുന്നോട്ട്.

പിന്നെ, അവന് വഴീന്ന് രണ്ടു കുഞ്ഞു മാവിന്‍ചില്ലകള്‍ കിട്ടി. നടന്നുമുമ്പേ കയറിക്കഴിഞ്ഞിരുന്നു പിയാമ്മ. അവനോടി പിയാമ്മയുടെ പുറകേ. അവനോടുന്ന കോലാഹലം കേട്ട് പിയാമ്മ നിന്നു. അപ്പോഴവന് രണ്ടു ചില്ലകളിലൊന്ന് നീട്ടി പിയാമ്മയ്ക്ക്. എന്നിട്ട് പറഞ്ഞു, ഇന്നാ വടി.
എനിക്ക് ഈ വടി വേണ്ട, കണ്ണിമാങ്ങ മതി – പിയാമ്മ പറഞ്ഞു അവനോട്. അവന് പിന്നെയും പിന്നെയും വടി മാത്രം നീട്ടിയപ്പോ പിയാമ്മ ചിരിച്ചു കൊണ്ട് അതു കൈ നീട്ടി വാങ്ങിച്ചു.
പിന്നെ അവനോട് താങ്ക് യു പറഞ്ഞു. അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അവന് ആ വഴി വന്ന ഒരു പൂച്ചയുടെ പുറകെ ഓടി. അവന് പുറകേ ഓടി വരുന്നതു കണ്ട പൂച്ച, അതിനെ തല്ലാന്‍ വരികയാണ് അവന് എന്നു പേടിച്ച് ഓടടാ ഓട്ടം. അപ്പോ ആരവും പൂച്ചയുടെ പുറകേ ഓടി.
പൂച്ച വഴിയരികിലെ മതിലിനു മുകളിലേക്ക് ഒറ്റച്ചാട്ടം. മതിലിനു മുകളിലിരുന്ന് ഇത്തിരി നേരം പിയാമ്മയെയും ആരവിനെയും അപ്പൂപ്പനെയും മാറിമാറി നോക്കിയ ശേഷം അവന് മതിലിനു മുകളിലൂടെ ഒരു സവാരി നടത്തി. കണ്ടോ, എന്നെ നിനക്ക് ഇനി പിടിക്കാന്‍ പറ്റില്ല എന്നാണ് പൂച്ച പറയുന്നത് എന്ന് അപ്പൂപ്പന് ആരവിനോടു പറഞ്ഞു.
വടി തരാം, താഴെ വാ എന്നായി ആരവ്. കൈയിലെ മറ്റേ ചില്ല അവന് പൂച്ചയ്ക്ക് നേരെ നീട്ടിക്കൊണ്ട് നിന്നു. എനിക്കെങ്ങും വേണ്ട നിന്റെ വടി എന്നു പറയുമ്പോലെ അവന് കവാത്ത് തുടര്‍ന്നു. ഇന്നാ വടി, ഇന്നാ വടി എന്ന ആരവിന്റെ ബഹളം മൂത്തപ്പോള്‍, ഇതെന്തൊരു ശല്യം എന്ന മട്ടില്‍ അവനൊന്നു കൂടി തിരിഞ്ഞു നോക്കി ഇത്തിരി നേരം ചിന്താവിഷ്ടനായി നിന്നു.
പിന്നെ ഒറ്റച്ചാട്ടം മതിലിനപ്പുറത്തേയ്ക്ക്.
പോയി, പൂച്ച പോയി എന്നു കൈകൊണ്ടാംഗ്യം കാണിച്ച് പിയാമ്മയുടെ കൂടെ നടത്തം തുടര്‍ന്നു ആരവ്.
നിനക്കൊപ്പം ഓരോന്നു കണ്ടും പറഞ്ഞും മിണ്ടീം നടന്നാലേ എന്റെ നടപ്പ് ശരിയാവൂല്ല എന്നു പറഞ്ഞ് പിയാമ്മ പിന്നെ അവനെ വിട്ട് അതിവേഗം നടന്നു.
പിയാമ്മ ഒരു റൗണ്ട് ചുറ്റി നടന്നു വരുമ്പോഴും ആരവും അപ്പൂപ്പനും പിയാമ്മ നേരത്തേ യാത്ര പറഞ്ഞു പോയ ഇടത്തുതന്നെ നില്‍പ്പായിരുന്നു. അവരൊരു കോഴിയെ നോക്കി രസിക്കുകയായിരുന്നു. ആ കോഴി, പൂവങ്കോഴിയായിരുന്നു. പൂവങ്കോഴി എന്നു വച്ചാ ആണ്‍കോഴി, ഇതല്ല നമുക്ക് ബുള്‍സൈ ഉണ്ടാക്കാന്‍ കോഴിമുട്ട തരുന്നത്.
പിടക്കോഴിയാണ് മുട്ടയിടുന്ന ആശാത്തി. അവളിവിടെ എങ്ങാനും കറങ്ങി നടപ്പുണ്ടാവും. ഇപ്പോ പുറത്തു വരുമായിരിക്കം അവള്. അവളെയും കൂടി കണ്ടിട്ടേ ഞങ്ങള്‍ വരുന്നുള്ളൂ പിയാമ്മേ. പിയാമ്മ നടന്നോ എന്നെല്ലാം പറഞ്ഞു അപ്പൂപ്പന്.

അപ്പൂപ്പന് പറഞ്ഞത് എല്ലാം മനസ്സിലായതു പോലെ ആരവ് നിന്നു ചിരിച്ചു. അവന് പല്ല് മുളയ്ക്കുന്നതേയുള്ളൂ എന്നു കണ്ടു പിയാമ്മ.
വഴിയില്‍ നിന്നു പറിച്ച ഒരു ഇലുമ്പിപ്പുളി അവനു നേരെ നീട്ടി പിയാമ്മ. അവനത് വാങ്ങാന്‍ കൈ നീട്ടിയപ്പോ, ഇത് തനിയേ തിന്നാറൊന്നുമായിട്ടില്ല നീയ്, നിന്റെ കൈയില്‍ വച്ചു തന്നാല്‍ നീ ഇതെങ്ങാന്‍ വിഴുങ്ങിക്കളഞ്ഞാലോ നീ ഒരു കടി കടിച്ചോ, അപ്പോ പുളി രസമെന്താണെന്ന് നിനക്കു മനസ്സിലാവും എന്നു പറഞ്ഞ് അത് കെയില്‍ പിടിച്ചവന്റെ വായിലേക്കു നീട്ടി പിയാമ്മ.
ഒരു കടി കടിച്ചപ്പോഴോ, അവന്റെ മുഖം പുളിരസം കൊണ്ട് ചുളിഞ്ഞു. ഇനീം ഇനീം എന്നു പറഞ്ഞ് കൈ കൊട്ടിയാര്‍ത്ത് അവന് പിയാമ്മയുടെ പുറകേ കൂടി.
ഇലുമ്പന്‍ പുളിയുമായി നിന്റെ കൂടെ നിന്നാലേ എന്റെ നടപ്പ് അവതാളത്താലാവും എന്നു പറഞ്ഞ് പിയാമ്മ ഇലുമ്പന്‍ പുളി അവന്റെ അപ്പൂപ്പനു നേരെ നീട്ടി.
അപ്പൂപ്പനതു വാങ്ങി ഓരോ തരി തരിയായി പൊട്ടിച്ച് അവന്റെ വായില്‍ വച്ചു കൊടുത്ത ഓരോ തവണയും പുളിരസ ഭാവത്തോടെ അവന് കൈയടിച്ച് ചിരിച്ചു കൊണ്ടിരുന്നു.
കുഞ്ഞുങ്ങള്‍ക്ക് സന്തോഷിക്കാന്‍ എത്ര ചെറിയ കാര്യം മതി എന്നാലോചിച്ചു കൊണ്ട് പിയാമ്മ പിന്നെയും നടപ്പു തുടര്‍ന്നു.
പിന്നെ പിയാമ്മ അഞ്ച് റൗണ്ടു കൂടി നടന്നു. അപ്പോഴേയ്ക്ക് ആരവും അപ്പൂപ്പനും അവരുടെ വീട്ടിലേയ്ക്ക് കയറിപ്പോയിക്കഴിഞ്ഞിരുന്നു. അവന്, അവന്റെ ഇത്തിരിപ്പല്ലു വച്ച് ബുള്‍സൈ തിന്നാന്‍ പോയതാവും എന്നോര്‍ത്ത് താനേ ചിരിച്ച് പിയാമ്മയും പിന്നെ പിയാമ്മയുടെ വീട്ടിലേക്കു കയറിപ്പോയി.