scorecardresearch
Latest News

ഈ പച്ചവണ്ടിന്റെ ഒരു കാര്യം

“ഇവന് പണ്ടത്തെ ഒരു കാറിന്റെ ഛായയാണ് എന്നു പറഞ്ഞു ഹരിതയുടെ അച്ഛന്‍. അതേതു കാറ്, ബലനോ ഇങ്ങനല്ലല്ലോ , സെലേറിയോ ഇങ്ങനല്ലല്ലോ, സ്വിഫ്റ്റ്, ഓഡി, ബെന്‍സ് ഒന്നും ഇങ്ങനല്ലല്ലോ എന്നു വിചാരിച്ചു അവരെല്ലാവരും” പ്രിയ എ എസ് എഴുതിയ കഥ

ഈ പച്ചവണ്ടിന്റെ ഒരു കാര്യം

ലളിത് ആണ് ആദ്യം പച്ചവണ്ടിനെ കണ്ടത്.

ലളിതും കൂട്ടുകാരും ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ക്കൂടി ആടിപ്പാടി മൂളി രസിച്ച് നടക്കുകയായിരുന്നു അത്.

അപ്പുവിന്റെ ചെവിയ്ക്ക് വളരെ അടുത്തു കൂടി അത് മൂളിപ്പറന്നു പോയപ്പോ, നെനക്ക് ഈ മൂളിനടക്കലല്ലാതെ വേറെ പണിയൊന്നുമില്ലേ എന്നു ചോദിച്ച് അപ്പു അതിനിട്ടൊരു തട്ടു കൊടുത്തു. ദേ കിടക്കണു, അത് താഴെ മുറ്റത്ത്. മലര്‍ന്നാണത് വീണത്. എന്നിട്ട് കാലുകള്‍ മേലോട്ടാക്കി പിടച്ചില് തന്നെ പിടച്ചില്.

കമഴ്ന്നു വീഴാനാണവന്റെ ശ്രമം എന്നു മനസ്സിലായ ശ്രീക്കുട്ടി അതിന്റെ അടുത്തു ചെന്നിരുന്ന് അതിനെ എടുത്ത് കമഴ്ത്തിയിടാന്‍ നോക്കി. അപ്പോഴുണ്ട് അതവളുടെ കൈയില്‍ അള്ളിപ്പിടിച്ച് തുങ്ങിക്കിടക്കുന്നു. ഹയ്യോ എന്ന് പേടിച്ചു പോയി ശ്രീക്കുട്ടി.

അപ്പോ ഹരി വന്ന് അതിനെ ഒരു വടി കൊണ്ട് തട്ടിത്താഴെയിട്ടു. എന്നിട്ടതിന്റെ കിടപ്പ് നേരെയുമാക്കി. അതിനെ ഹരി കമഴ്ത്തിയിട്ട താമസം, അത് പറന്നു പോയി.

ഇനീം അതു വന്ന് ശല്യപ്പെടുത്തിയാലുണ്ടല്ലോ, ഞാനതിനെ ശരിയാക്കും എന്നു പറഞ്ഞ് ശ്രീക്കുട്ടിയെയും അപ്പുവിനെയും സമാധാനിപ്പിച്ചു ഹരിത.

അപ്പോഴാണ് ഹരിതയുടെ അച്ഛന്‍ ആ വഴി വന്നതും ആരെ ശരിയാക്കുന്ന കാര്യമാണ് നിങ്ങള്‍ പറയുന്നതെന്ന് ചോദിച്ചതും.

അവര് വണ്ടു വിശേഷത്തിന്റെ കെട്ടഴിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ ചിരിച്ചു, അത് തേന്‍ കുടിക്കാന്‍ പൂവ് തേടി നടക്കുകയല്ലേ? അപ്പുവിന്റെ ഭംഗി കണ്ട് വല്ല സ്‌പെഷ്യല്‍ പൂവാണ് എന്നു വിചാരിച്ചിട്ടുണ്ടാവും അത് എന്നച്ഛന്‍ പറഞ്ഞതു കേട്ട് അപ്പുപ്പൂവേ എന്നു വിളിച്ച് എല്ലാവരും അപ്പുവിന്റെ തലയ്ക്കിട്ട് തോണ്ടി.

അപ്പോ അപ്പുവിന് ദേഷ്യം വന്നു. അവന്‍ അവരൊയൊക്കെ അടിക്കും ഇടിക്കും എന്ന് കൈ കൊണ്ടാംഗ്യം കാണിച്ചു. വേണ്ട, വേണ്ട, കൈയ്യാങ്കളി വേണ്ട എന്നു പറഞ്ഞു ഹരിതയുടെ അച്ഛന്‍.

അപ്പോ, പച്ചവണ്ട് വീണ്ടും മൂളിമൂളി രാജാവായി അങ്ങോട്ട് പറന്നു വന്നു. അവന്‍ ചെന്ന് ഒരു മന്ദാരപ്പൂവിനുള്ളില്‍ ഇരുന്ന് തേന്‍ കുടിക്കലായി. അവനാ മന്ദാരച്ചെടിയിലെ എല്ലാപ്പൂവുകളിലും ചെന്നിരുന്നു തേന്‍ കുടിച്ചു രസിക്കുന്നത് കണ്ട് ലളിത് അവന് മുന്നറിയിപ്പ് നല്‍കി.

ഇനീം തേന്‍ കുടിച്ചു നിറച്ചാല്‍ നിന്റെ കുമ്പ പൊട്ടുമേ. ഇനി നാളെ കുടിക്കാമെടാ കൊതിയാ. ലളിത് പറഞ്ഞത് മനസ്സിലായതു കൊണ്ടാണോ ആവോ അവന്‍ വേഗം തന്നെ സ്ഥലം വിട്ടു. അവന്‍ മാവിന്റെ കൊമ്പത്തേക്കോ മറ്റോ പറന്നു പോയി എന്ന് ഹരി കണ്ടുപിടിച്ചു.

ഇവന് പണ്ടത്തെ ഒരു കാറിന്റെ ഛായയാണ് എന്നു പറഞ്ഞു ഹരിതയുടെ അച്ഛന്‍. അതേതു കാറ്, ബലനോ ഇങ്ങനല്ലല്ലോ, സെലേറിയോ ഇങ്ങനല്ലല്ലോ, സ്വിഫ്റ്റ്, ഓഡി, ബെന്‍സ് ഒന്നും ഇങ്ങനല്ലല്ലോ എന്നു വിചാരിച്ചു അവരെല്ലാവരും. അപ്പോ ഹരിതയുടെ അച്ഛന്‍ പറഞ്ഞു, അംബാസിഡര്‍ കാറിന്റെ ഛായയാണവന്.

അതെന്തു കാര്‍ എന്നായി കുട്ടികള്‍.

പണ്ടു പണ്ട് നമ്മുടെ അപ്പൂപ്പന് അംബാസഡര്‍ കാറാണ് ഉണ്ടായിരുന്നത് എന്നു വിസ്തരിച്ചു അച്ഛന്‍.

അച്ഛനെനന്നിട്ട് ഗൂഗിള്‍ ചെയത് കാണിച്ചു അംബാസഡര്‍ കാറിന്റെ ഫൊട്ടോ.

പച്ച അംബാസഡര്‍ കാര്‍ കണ്ടപ്പോള്‍ കുട്ടികളാര്‍ത്തു വിളിച്ചു, ദേ നമ്മുടെ പച്ച വണ്ടത്താന്‍ വലുതായ പോലെ തന്നെ.

ഇപ്പോ അംബാസിഡര്‍ കാര്‍ മാര്‍ക്കറ്റിലില്ല, പണ്ട് റോഡുകളില്‍ ഏറ്റവും കൂടുതല്‍ അംബാസിഡര്‍ കാറുകളായിരുന്നു, ടാക്‌സികളെല്ലാം അത്തരം കാറുകളായിരുന്നു എന്നൊക്കെ അച്ഛനവര്‍ക്ക് ക്ലാസെടുത്തു.

ഓരോ കാലത്തിലും നമ്മളുപയോഗിക്കുന്ന സാധനങ്ങളും അവയുടെ മട്ടും മാതിരിയും മാറിക്കൊണ്ടിരിക്കും എന്നു പറഞ്ഞു അച്ഛന്‍.

priya as , childrens stories, iemalayalam

നമ്മുടെ ഈ സ്വിഫ്റ്റും ചിലപ്പോ കുറേക്കാലം കഴിയുമ്പോള്‍ മാര്‍ക്കറ്റിലില്ലാതാവും, അപ്പോ നമ്മള്‍ ഗൂഗിള്‍ ചെയ്ത് കണ്ടുപിടിക്കേണ്ടി വരും അല്ലേ അച്ഛാ എന്നു ചോദിച്ചു ഹരിത. അച്ഛന്‍ തലയാട്ടി.

പണ്ടു പണ്ട് മൊബൈല്‍ ഫോണുകളില്ലായിരുന്നു, ക്രിങ് ക്രിങ് എന്നടിക്കുന്ന ലാന്‍ഡ് ഫോണുകളേ ഉണ്ടായിരുന്നുള്ളു, ദൂരേക്കു വിളിയ്ക്കാന്‍ ട്രങ്ക് കാള്‍ ബുക് ചെയ്ത് കാത്തരിക്കണം എന്നൊക്കെ ഹരിതയുടെ അച്ഛന്‍ പറഞ്ഞതു കേട്ട് കുട്ടികളത്ഭുതപ്പെട്ടു.

പണ്ടു പണ്ട് ക്രിക്കറ്റ് കളിയും ഉണ്ടായിരുന്നില്ല എന്നു കേട്ട് കുട്ടികളന്തം വിട്ടു.

എന്റമ്മോ, പിന്നെ നിങ്ങടെ കാലത്തെന്താ കളികളായി ഉണ്ടായിരുന്നത് എന്നു ചോദിച്ചു കുട്ടികള്‍.

നിങ്ങക്കിപ്പോ അതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല, ഒളിച്ചു കളി, കല്ലുകളി, കുട്ടീം കോലും കളി അങ്ങനെയൊക്കെ ഒരു നൂറു കുട്ടിക്കളികളുണ്ടായിരുന്നു അന്ന് എന്ന് അച്ഛന്‍ പറഞ്ഞപ്പോ അവര് എന്നാ നമുക്കിന്ന് ഒളിച്ചുകളിക്കാം എന്നായി.

അച്ഛന്റെ നേതൃത്വത്തില്‍ അവര് ഒളിച്ചു കളിച്ചു. ഒരാള്‍ കണ്ണടച്ച് 50 വരെ എണ്ണണം. ആ സമയം കൊണ്ട് എല്ലാവരും ഒളിക്കണം. എണ്ണിയ ആള്‍ അവരെയെല്ലാം കണ്ടു പിടിക്കണം. എണ്ണിയ ആള്‍ വന്ന് കണ്ടുപിടിക്കും മുമ്പ് ഓരോരുത്തരും ആ കുട്ടിയുടെ കണ്ണുവെട്ടിച്ചു വന്ന് സാറ്റടിക്കണം. എണ്ണുന്നയാളിന് എല്ലാവരെയും കണ്ടു പിടിക്കാന്‍ പറ്റി അയാളാവും ജയിക്കുക.

അച്ഛനാണ് എണ്ണിയത്. അവരെല്ലാം തന്നെ വന്ന് സാറ്റടിച്ച് അച്ഛനെ തോല്‍പ്പിച്ചു.

ഇനി നമുക്ക് നാളെ കല്ലുകളിക്കാം എന്നു പറഞ്ഞ് അച്ഛന്‍ കല്ലു ശേഖരിക്കാന്‍ തുടങ്ങി. അതിനിടെ ആ പച്ചവണ്ടത്താന്‍ അവിടെ കറങ്ങി നടക്കാന്‍ തുടങ്ങി. നീ കാരണം ഞങ്ങള് ഒത്തിരി പുതിയ കാര്യങ്ങളറിഞ്ഞു പഴയ കാലത്തെക്കുറിച്ച്, പഴയ കാലത്തിലെ കളികള്‍ പഠിച്ചു കൊണ്ടിരിക്കുകയാ ഞങ്ങളിപ്പോള്‍. താങ്ക് യു എന്നു പറഞ്ഞു കുട്ടികളതിനോട്. അത് പിന്നെയും അവിടൊക്കെ ചുറ്റിപ്പറന്നു നടന്നു.

Read More: നാലുമണിപ്പൂ ഡാന്‍സ്

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories ee pachavandinte oru karyam