ബാലയുടെ വീട് എവിടെയാണെന്നല്ലേ?
അവളുടെ വീടൊരു നാട്ടുമ്പുറത്താണെന്നേ.
സ്കൂളിലേക്ക് അവളുടെ വീട്ടില്‍ നിന്ന് ഒരുപാടൊരുപാട് ദൂരമുണ്ട്.
മൂന്നാം ക്ളാസിലാണു കേട്ടോ അവള് പഠിക്കുന്നത്.
നഗരത്തിലെ സ്കൂളുകള്ക്കുള്ളതു പോലെ സ്കൂൾ ബസൊന്നും അവളുടെ സ്കൂളിനില്ല. അവരെല്ലാം തന്നെ നടന്നുനടന്ന് സ്കൂളിലേക്ക് വരുന്നവരാണ്.
പക്ഷേ ബാക്കി ഒരു കുട്ടിയുടെയും വീട്ടില്‍ നിന്ന് സ്കൂളിലേക്ക് ഇത്ര ദൂരമില്ല.
തന്നെയുമല്ല, അവളുടെ വീടിന്റെയടുത്തുനിന്ന് ആരും അവളുടെ ക്ലാസിലില്ല. അതുകൊണ്ട് അവള് തനിയെയാണ് പോക്കും വരവും. ബാക്കിയെല്ലാവരും കൂട്ടം ചേര്‍ന്നാണ് സ്കൂളിലേക്കുള്ള പോക്കും വരവും.
ഉച്ചയ്ക്കു കഴിക്കാനുള്ള ചോറ്, അമ്മ ഇലപ്പൊതിയിലാക്കിക്കൊടുക്കും അവള്‍ക്ക്. ചുട്ടതേങ്ങ കൊണ്ടുള്ള ചമ്മന്തിയും അച്ചാറും ഓംലെറ്റുമായിരിക്കും മിക്കവാറും അതിനുള്ളില്‍. വാട്ടിയ വാഴയിലായിലായിരിക്കും അമ്മ ചോറു പൊതിഞ്ഞിട്ടുണ്ടാവുക.
കുടിക്കാനുള്ള ജീരകവെള്ളം അവള് കുപ്പിയിലാക്കി കൊണ്ടുപോവും. പുസ്തകങ്ങളും കുടയും ചോറും വെള്ളവും ഒക്കെയാവുമ്പോള്‍ ബാഗിന് നല്ല ഭാരമാവും. അതും തോളിലിട്ട് നടക്കുമ്പോഴുള്ള പ്രയാസം മറന്നുകളയാനായി ബാലയ്ക്ക് ചില വിദ്യകളുണ്ട്.
മഞ്ചാടി മരത്തിനടുത്തെത്തുമ്പോളവള് ബാഗ് താഴെവച്ച് അവള് മഞ്ചാടിക്കുരു പെറുക്കാന്‍ പോവും. അതെല്ലാം പോക്കറ്റില്‍ ശേഖരിച്ച് അങ്ങനെ നടന്നു പോകുമ്പോഴാവും അവളുടെ മുന്നിലേക്ക് ഒരു കുഞ്ഞു മാങ്ങ അടര്‍ന്നു വീഴുന്നത്.
അവള് ബാഗു മാറ്റി വച്ച് ആ മാങ്ങയുടെ ചുന തെങ്ങിന് തടിയില്‍ തേച്ചുരച്ചു കളഞ്ഞ് അതീമ്പിക്കുടിച്ചു രസിക്കും. പിന്നെ വഴിയില്‍ കാണുന്ന കുളങ്ങളിലേക്ക് കല്ലു പെറുക്കി നീട്ടി എറിഞ്ഞ് വെള്ളം തെറിക്കുന്നതു കണ്ട് രസിക്കും.
പറന്നു വരുന്ന അപ്പൂപ്പന് താടിയുടെ പിന്നാലെ ഓടും. ഏതെങ്കിലും കിളിയുടെ തൂവല്‍ വീണു കിടക്കുന്നുണ്ടോ എന്നു പരിശോധിക്കും, ഉണ്ടെങ്കില്‍ അതെടുത്ത് ബാഗിലവള് സൂക്ഷിച്ചിരിയ്ക്കുന്ന തൂവല്‍ ബോക്സില്‍ സൂക്ഷിച്ചു വയ്ക്കും. ചിലപ്പോ ഒരു കാട്ടുവള്ളിയിലിരുന്ന് ഊഞ്ഞാലാടും.

പിന്നെയങ്ങനെ വീണ്ടും നടക്കുമ്പോള്‍ ഒരു പൂച്ചയോ പട്ടിക്കുട്ടനോ അവള്‍ക്ക് കൂട്ടായി അവളെ ഉരുമ്മി നടക്കും. അവളതിനോടൊല്ലാം വര്‍ത്തമാനം പറയും.
ചിലപ്പോ സ്കൂളിലെ കൂട്ടുകാരുടെ വിശേഷങ്ങളാവും അവളവരോട് പറയുക. ചിലപ്പോ സ്കൂളില്‍ പഠിച്ച കവിത ചൊല്ലിക്കൊടുക്കും. ചിലപ്പോ പാഠപുസ്തക ത്തിലെ ഒരു കഥപ്പാഠത്തിലെ കഥ പറഞ്ഞു കൊടുക്കും.
ചിലപ്പോ അവരെ കണക്കിലെ പട്ടിക പഠിപ്പിക്കും. പൂച്ച അതെല്ലാം കേട്ട് അവള് ചൊല്ലിക്കൊടു ത്ത കവിതയാണെന്ന മട്ടില്‍ മ്യാവൂ മ്യാവൂ എന്നു പാടി അവളുടെ ഒപ്പം നടക്കും. പട്ടിയാണെങ്കില്‍ വാലാട്ടി വാലാട്ടി ഒപ്പം ചാടിത്തുള്ളി നടക്കും.
ഇങ്ങനെയൊക്കെ ലാലാലാ എന്നാടിപ്പാടി സ്കൂളില്‍ ചെന്നാല്‍, ക്ലാസ് തുടങ്ങിക്കാണില്ലേ, വൈകിവന്നതിന് ടീച്ചേഴ്സ് വഴക്കു പറയില്ലേ എന്നാവും നിങ്ങളിപ്പോള്‍ വിചാരിക്കുന്നത്.
അവളുടെ ടീച്ചേഴ്സിനൊക്കെ അറിയാം അവളിത്ര ദൂരത്തുനിന്ന് ഒറ്റയ്ക്കു വരുന്ന കുട്ടിയാണ് എന്ന്. വഴിയരികിലെ കാഴ്ച കണ്ട് നില്ക്കുന്ന അവളുടെ ശീലവും അറിയാം അവര്‍ക്ക്. വഴിയേ കാണുന്ന കിളികളുടെയും ജീവികളുടെയും ചെടികളുടെയും കാര്യങ്ങള്‍ ബാലയ്ക്കറിയുന്നിടത്തോളം വേറാര്ക്കുമറിയില്ല ക്ലാസില്‍ എന്നാണ് ടീച്ചര്‍ പറയാറ്.
കൈയോ കാലോ മുറിഞ്ഞാല്‍ കമ്യൂണിസ്റ്റ് പച്ച പിഴിഞ്ഞ് നീര് ഒഴിക്കണമെ ന്നവള്‍ക്കറിയാം. അപ്പൂപ്പന് താടിയുടെ അറ്റത്ത് കടുക്കന്‍ പോലെ കാണുന്നത് അതിന്റെ വിത്താണെന്നും അവള്‍ക്കു മാത്രമേ ക്ലാസിലറിയൂ.
നീലപ്പൊന്മാന്റെ ഇഷ്ടഭക്ഷണം മീനാണെന്ന് അവളാണ് മറ്റുകുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാറ്. പുറമേ വിത്തുള്ള ഒരേ ഒരു ഫലം കശുമാങ്ങയാണെന്നും അവള് പറഞ്ഞാണ് ക്ലാസിലെല്ലാവരും അറിഞ്ഞത്.
ബാലയ്ക്കറിയുന്നിടത്തോളം ഭൂമിയെ മറ്റാര്‍ക്കാണറിയുക ക്ലാസിൽ എന്നാണ് ക്ലാസ് ടീച്ചര്‍ ചോദിക്കാറ്.

ബാലയെക്കുറിച്ച് ടീച്ചര്‍ പറഞ്ഞുകേട്ട് ഇന്നാളൊരു ദിവസം ലൈബ്രേറിയന്‍ സുശാന്ത് സര് ബാലയെ ലൈബ്രറിയിലേക്കു വിളിപ്പിച്ചു. എന്നിട്ടവള്‍ക്ക് സര് രണ്ടു പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നെടുത്തു കൊടുത്തു.
അതേതൊക്കെ എന്നറിയണ്ടേ? ഇന്ദുചൂഡന് എഴുതിയ “കേരളത്തിലെ പക്ഷികള്‍” എന്ന ഒരു പുസ്തകം. അതൊന്നു മറിച്ചു നോക്കിയപ്പോഴേ ബാലയ്ക്കിഷ്ടമായി. നിറയെ കിളികളുടെ വര്‍ണ്ണ ചിത്രങ്ങള്‍. രണ്ടാമത്തേld സലിം അലിയുടെ “കോമണ്‍ ബേഡ്സ്”.
ബാല അതു രണ്ടും കൈയില്‍ നി്ന്നു താഴെ വയ്ക്കാതെ വായിച്ചു കൊണ്ടു നടപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ?
ബാല അതു വായിച്ച് കിളികളുടെ പുറകെയാണിപ്പോ. സ്കൂൾ മുറ്റത്തു വരുന്ന ഓരോ കിളികളെക്കുറിച്ചും ഇപ്പോ ബാല മറ്റു കുട്ടികള്‍ക്ക് വിസ്തരിച്ച് പറഞ്ഞു കൊടുക്കാറുമുണ്ട്.
സ്കൂള്‍ വിട്ടു കഴിഞ്ഞാലും കിളികളെ നോക്കി കറങ്ങി നടക്കലാണിപ്പോ അവരുടെയെല്ലാവരുടെയും പണി.
അവരുടെയെല്ലാം പക്ഷിനിരീക്ഷണ കൗതുകം കണ്ട് സുശാന്ത് സര് പറഞ്ഞതെന്താണെന്നറിയാമോ?
സ്ക്കൂളില്‍ പറഞ്ഞനുവാദം വാങ്ങി കുട്ടികള്‍ക്കായി കുറച്ച് ബൈനോക്കുലേഴ്സ് വാങ്ങുന്ന കാര്യം ആലോചനയിലുണ്ട് പോലും.
എന്തു രസമായിരിക്കും അല്ലേ ബൈനോക്കുലേഴ്സിലൂടെ അടുത്ത്, വളരെയടുത്ത് പക്ഷികളെ കാണാന്‍?
കിളികളവരുടെ കിളിക്കണ്ണു കൊണ്ട് ഇതെന്താ സാധനം എന്നു ബെനോക്കുലേഴ്സിനെ നോക്കി അന്തം വിടുമായിരിക്കും അപ്പോ അല്ലേ?