അരുണിമയുടെ നാട്ടിലെ അമ്പലത്തില്‍ ഉത്സവമാണ്. മൂന്നു ദിവസം കഴിഞ്ഞാണ് ഉത്സവം. ഉത്സവം കൂടാന്‍ അവളുടെ കസിന്‍സൊക്കെ വരും. വീട്ടിലൊരു മേളമായിരിക്കും അന്ന്.
ഈ വീട്ടിലാണോ ഉത്സവം എന്ന് അയല്‍ക്കാരൊക്കെ വിചാരിക്കുമല്ലോ ഇവിടുത്തെ ചിരിയും ബഹളവുമെല്ലാം കേട്ടിട്ട് എന്നു പറയുമായിരുന്നു അവളുടെ അമ്മൂമ്മ. ഇത്തവണത്തെ ഉത്സവത്തിന് അമ്മൂമ്മയില്ല. അമ്മൂമ്മ ഒരു മാസം മുമ്പ് മരിച്ചുപോയി.
ഉത്സവത്തിന് ഇടാന്‍ പുതിയ ഉടുപ്പു വേണമെന്ന് അവള് അമ്മയോടും അച്ഛനോടും പറഞ്ഞിട്ടുണ്ട്. മോളുടെ പിറന്നാള്‍ ഇന്നാളല്ലേ കഴിഞ്ഞത്, പിറന്നാളിനിട്ട ഉടുപ്പുതന്നെ ഇട്ടാല്‍ പോരേ ഉത്സവത്തിനും, അതന്നത്തെ ദിവസം മാത്രമല്ലേ മോളിട്ടുള്ളൂ, പുതിയതുപോലിരിപ്പില്ലേ ആ നീല ഉടുപ്പ എന്നെല്ലാം ചോദിച്ചു അമ്മ.
അതു പറ്റില്ല, എന്റെ ക്ളാസിലെ കുട്ടികള്‍ക്കെല്ലാം ഉത്സവത്തിന് പുതിയ ഉടുപ്പ് വാങ്ങുന്നുണ്ടല്ലോ അവരുടെ വീട്ടുകാര്‍ എന്നു ചിണുങ്ങി അരുണിമ.
ഭയങ്കര പനി വന്നിട്ട് ജോലിക്കൊന്നും പോകുന്നുണ്ടായിരുന്നില്ലല്ലോ അച്ഛന് കഴിഞ്ഞ ഒരാഴ്ചയായി, അതു കൊണ്ട് അച്ഛന്റെ കൈയില്‍ പൈസയൊക്കെ കുറവായിരിക്കും മോളേ എന്നു പറഞ്ഞു അച്ഛന്.
അതു ശരിയാണല്ലോ എന്നോര്‍ത്തു അരുണിമ.
എന്നാല്‍പ്പിന്നെ വേണ്ട അമ്മേ എനിക്ക് പുതിയ ഉടുപ്പ് എന്നു വാടിയ മുഖത്തോടെ അരുണിമ പറഞ്ഞതു കേട്ടപ്പോള്‍, അച്ഛന് അവളുടെ തോളത്തു തട്ടി ആശ്വസിപ്പിച്ചു. നമുക്കു നോക്കാം എന്തെങ്കിലും വഴിയുണ്ടോന്ന്.
വേറെ എന്തു വഴിയുണ്ടാവാനാണ് എന്നു വിചാരിച്ചു അവള്. പിന്നെ അലമാരയില്‍നിന്ന് പിറന്നാളിന്റെ ഉടുപ്പെടുത്ത് ഭംഗി നോക്കി.
പുത്തന്‍ പോലെ തന്നെയുണ്ടമ്മേ ഇത്, ഒന്നു തേച്ചുതന്നാല്‍ മതി എന്ന അവളച്ഛനെ ആശ്വസിപ്പിക്കും പോലെ പറഞ്ഞതു കേട്ട്, മോളെന്തു നല്ല കുട്ടിയാണ്, അച്ഛന്റെയും അമ്മയുടെയും വിഷമങ്ങളൊ ക്കെ പെട്ടെന്നു മനസ്സിലാക്കി എല്ലാത്തിനോടും അഡ്ജസ്റ്റ് ചെയ്യും അല്ലേ എന്നു ചോദിച്ച് അവളെ എടുത്തു പൊക്കി അച്ഛന് വട്ടം കറക്കി. അവളന്നേരം ഉടുപ്പിന്റെ കാര്യമെല്ലാം മറന്നു പോയി നിര്‍ത്താതെ ചിരിച്ചു.

പിന്നെ അരുണിമ മറന്നു കളഞ്ഞു പുതിയ ഉടുപ്പിന്റെ കാര്യം. അവള് പിറന്നാളിന്റെ നീല ഉടുപ്പു തന്നെ മതി ഉത്സവത്തിനിടാന്‍ എന്നു തീരുമാനിച്ചു.
അവളുടെ ശേഖരത്തില്‍ നിന്ന് നീല ഉടുപ്പിനു ചേരുന്ന മാലയും മാലയും കമ്മലും സ്ലൈഡും ഒക്കെ തിരഞ്ഞ് റെഡിയാക്കിവച്ചു സന്തോഷക്കുട്ടിയായി. പിന്നെ അത്താഴം കഴിഞ്ഞ് അരുണിമ ഉറങ്ങി.
പുതിയ ഉടുപ്പില്ലാത്ത ചെറിയൊരു സങ്കടത്തിലാണല്ലോ അരുണിമ എന്നോര്‍ത്തോര്‍ത്തു കൊണ്ടിരുന്നു അപ്പോഴും അവളുടെ അമ്മ.
അന്നേരം അരുണിമയുടെ അമ്മ രഹസ്യമായി ഒരു കാര്യം ചെയ്തു. അമ്മ പോയി അരുണിമയുടെ അമ്മൂമ്മയുടെ അലമാര ഒന്നു പരിശോധിച്ചു. കൈതപ്പൂ വച്ചിട്ടുണ്ട് അമ്മൂമ്മ അലമാരയില്‍.
തുണികള്‍ക്കൊക്കെ നല്ല വാസന വരും കൈതപ്പൂ, തുണികളുടെ ഇടയില്‍ വച്ചാല്‍ എന്ന് അമ്മൂമ്മ അരുണിമയ്ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അമ്മൂമ്മ മരിച്ചുകഴിഞ്ഞിട്ടും അരുണിമ ആ അലമാര പോയി തുറന്ന അതിലേക്ക് മൂക്കു നീട്ടി നില്‍ക്കാറുണ്ട്.
അമ്മൂമ്മ മരിച്ചതില്‍പ്പിന്നെ, ആരുടുക്കാനാണ് അതിലെ മുണ്ടും നേര്യതുമെല്ലാം എന്നു വിചാരിച്ച് അമ്മ അതൊക്കെ ഒരാഴ്ച മുമ്പ അടുക്കിപ്പെറുക്കി വച്ചിരിക്കുകയായിരുന്നു .
അമ്മൂമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതൊഴികെ ബാക്കിയെല്ലാം ഏതെങ്കിലും ആവശ്യക്കാര്‍ക്ക കൊടുക്കാം എന്നായിരുന്നു അമ്മയുടെ പ്ളാന്‍.
അമ്മ അതില്‍ നിന്ന് അമ്മൂമ്മയ്ക്ക് ഏറ്റവുമിഷ്ടമുള്ള വെള്ളിനിറക്കസവിന്റെ മുണ്ടും നേര്യതും പുറത്തേക്കെടുത്തു നിവര്‍ത്തി നോക്കി. നല്ല ഭംഗിയായി തേച്ചു മടക്കി പുതുപുത്തന്‍ പോലിരിപ്പുണ്ട് ആ മുണ്ടും നേര്യതും എന്നു വിചാരിച്ചു അമ്മ.
അമ്മൂമ്മയ്ക്ക്, അമ്മൂമ്മയുടെ അനിയന് ഇക്കഴിഞ്ഞ ഒണത്തിന് സമ്മാനമായിക്കൊടുത്തതായിരുന്നു അത്.
അരുണിമയുടെ അമ്മ അതെടുത്ത് തയ്യല്മെഷീനിനടുത്തേക്ക് കൊണ്ടുപോയി. പിന്നെ അരുണിമ ഉറങ്ങുമ്പോള്‍, തയ്യല്‍ മുറിയില്‍ പോയിരുന്ന് അരുണിമയ്ക്ക് ഒരു ഫുള്‍ പാവാടയും ബ്ലൗസും തയ്ക്കാന്‍ പാകത്തില്‍ അത് കത്രിക കൊണ്ട് വെട്ടി. പിന്നീടത് തുന്നി. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്ക നല്ല ഉഗ്രന്‍ പാവാടയും ബ്ലൗസും റെഡി.
എന്നിട്ടൊ സൂത്രക്കാരി അമ്മ അതിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല അരുണിമയോടും അവളുടെ അച്ഛനോടും.
അരുണിമ സ്കൂളിലും അച്ഛന് ജോലിക്കും പോയ നേരം അമ്മ താന്‍ തയ്ച്ചതില്‍ പെയിന്റ് ചെയ്തു ഭംഗിയാക്കി. നീലപ്പൂക്കളും വയലറ്റ് ചിത്രശലഭവുമാണ് അമ്മ പാവാടയിലും ബ്ലൗസിലും വരച്ചു ചേര്‍ത്തത്. അതൊരു മുണ്ടും നേര്യതും വെട്ടിതയ്ച്ചതാണെന്ന് ഇപ്പോ അതു കണ്ടാലാരും പറയില്ല.

അങ്ങനെ ഉത്സവ ദിവസമായി. അരുണിമയുടെ കസിന്‍സെല്ലാം വന്നു. വീടാകെ ബഹളമയമായി. അരുണിമ തന്റെ പിറന്നാള്‍ ഉടുപ്പെടുത്ത് ഉത്സവത്തിനു പോകാനായി ഇടാനൊരുങ്ങുമ്പോള് അമ്മ വന്ന് അവളുടെ കണ്ണു പൊത്തിപ്പറഞ്ഞു. ഒരു സര്‍പ്രൈസുണ്ട്.
അമ്മയുടെ കൈപ്പുറകില് അടച്ചകണ്ണുകളുമായി നിന്ന് അവള് അത്ഭുതപ്പെട്ടു. എന്താവും സര്‍പ്രൈസ് ?
പിന്നെ അമ്മ കൈ മാറ്റിയപ്പോള്‍ അവള് കണ്ടതോ, ഒരു പുതുപുത്തന്‍ നല്ല സ്റ്റൈലന്‍ പാവാടയും ബ്ളൗസും .
അവളുടെ അടുത്തു നിന്ന അച്ഛനും അത്ഭുതപ്പെട്ടു ചോദിച്ചു, ഇതെവിടെ നിന്ന്? നമ്മുടെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് അതില്‍ നിന്ന് പൈസയെ ടുത്ത് വാങ്ങിയതാണോ?
അമ്മൂമ്മയുടെ പ്രിയപ്പെട്ട മുണ്ടും നേര്യതില്നിന്നും മിന്നിമിന്നിനില്ക്കുന്ന ഉടുപ്പുണ്ടായ കഥ അമ്മ പറഞ്ഞു കോള്പ്പിച്ചപ്പോള് അമ്മയുടെ ഒരു കവിളില്‍ അരുണിമയും മറ്റേക്കവിളില് അച്ഛനും ഉമ്മ കൊടുത്തു.
അരുണിമയുടെ പാവടയോളം നല്ല കുപ്പായം കസിന്സിലാര്ക്കുമുണ്ടായിരുന്നില്ല.
അവരെല്ലാംഅവളുടെ പാവാട തൊട്ടുനോക്കി കൈയടിച്ചു. പിന്നെ അവര്‍ എല്ലാവരും കൂടി ഉത്സവത്തിനു പോയി.
അമ്മൂമ്മയുടെ കൈതപ്പൂമണുള്ള മുണ്ടും നേര്യതും രൂപം മാറി പാവാടയായതിലൂടെ അമ്മൂമ്മയും ഇപ്പോ ഉത്സവം കാണുന്നുണ്ടാവും എന്നു പറഞ്ഞു അമ്മ.
അമ്മൂമ്മയുടെ കൈതപ്പൂമണം അവിടൊക്കെ പരക്കുന്നതു പോലെ തോന്നി അവര്‍ക്ക്. ഉത്സവത്തിന് കണ്ട കൂട്ടുകാരോടും, ഒരു മുണ്ടും നേര്യതും പാവാടയായ കഥ വിസ്തരിച്ചു കൊടുത്തു അരുണിമ.
കളയാന്‍ വച്ചിരിക്കുന്ന സാധനങ്ങള്‍ പലതും നമുക്കിങ്ങനെ രൂപം മാറ്റി റീയൂസ് ചെയ്യാമെന്ന് അരുണിമയും കൂട്ടുകാരും കസിന്സും ഒരു പാഠം പഠിച്ചതങ്ങനെയാണ്.
എല്ലാവരും ഓര്‍ക്കണേ ഈ പാഠം.