അപ്പു അമ്മയുടെ കൂടെ അടുക്കളയിൽ നിൽക്കുകയായിരുന്നു.അമ്മ തിരക്കുപിടിച്ച് ദോശ ചുടുകയാണ് അപ്പുവിനും അമ്മയ്ക്കും അച്ഛനുമായി. ദോശയൊക്കെ കഴിച്ചിട്ട് അപ്പുവിന് സ്ക്കൂളിൽ പോകണം. അപ്പുവിനെ സ്ക്കൂളിലയച്ചിട്ടു വേണം അച്ഛനുമമ്മയ്ക്കും ഓഫീസിൽ പോകാൻ.
അതിനിടയിലാണ് അപ്പുവിന് ഒരാഗ്രഹം വന്നത്. തനിയേ ദോശ ചുടണം. എന്നിട്ട് തനിയേ ചുട്ട ദോശ കഴിയ്ക്കണം. പറ്റുമെങ്കിൽ അച്ഛനും അമ്മയ്ക്കും കൂടിയുള്ള ദോശ അപ്പു തന്നെ ചുടാനായിരുന്നു അപ്പുവിൻ്റെ പ്ലാൻ.
അപ്പുവിന്റെ ആഗ്രഹവും പ്ലാനുമൊക്കെ കേട്ട് അമ്മയ്ക്ക് ദേഷ്യം വന്നു.
ഇപ്പോത്തന്നെ സമയമൊരുപാടായി. അര മണിക്കൂറിനകം നിൻ്റെ സ്കൂൾ ബസ് വരും അപ്പൂ. ഈ നേരമില്ലാത്ത നേരത്താണോ നീ ദോശയുണ്ടാക്കി പഠിക്കാൻ പോകുന്നത്? നിൻ്റെ ദോശ പരീക്ഷണങ്ങളൊക്കെ വല്ല ഒഴിവു ദിവസവും നടത്താം. ഇപ്പോ വന്നിരുന്ന് അമ്മയുണ്ടാക്കിയ മൊരുമൊരാ ദോശ ഈ തക്കാളി ചട്ണിയും കൂട്ടി കഴിച്ചിട്ട് നല്ല കുട്ടിയായി സ്ക്കൂളിൽ പോകാൻ നോക്ക്. അമ്മ അങ്ങനെയൊക്കെ പറഞ്ഞതും അപ്പു ചിണുങ്ങാൻ തുടങ്ങി. ഒഴിവുദിവസമൊന്നും പറ്റില്ല. ഇപ്പോത്തന്നെ ദോശ ചുടണമെനിക്ക്.
അങ്ങനെ പറഞ്ഞ് ദോശ മറിച്ചിടുന്ന ചട്ടുകം കൈയിലെടുത്തു അപ്പു. അമ്മ ഒച്ചവെച്ച് ദേഷ്യത്തിൽ പറഞ്ഞു മര്യാദയ്ക്ക് ചട്ടുകം തിരിച്ചു താ അപ്പൂ.
ദോശച്ചട്ടുകവുമായി അമ്മയുടെ അടുത്തു നിന്ന് ഓടി രക്ഷപ്പെടാൻ അപ്പു നോക്കുമ്പോഴാണ്, എന്താ ഇവിടെ രാവിലെ തന്നെ ഒരു കോലാഹലം എന്നു ചോദിച്ച് ചിരിച്ചു കൊണ്ട് അങ്ങോട്ട് കടന്നു വന്നത്.
കാര്യമറിഞ്ഞപ്പോ അച്ഛൻ പറഞ്ഞ തെന്താണെന്നറിയാമോ? അപ്പു ദോശ ചുട്ടു പഠിയ്ക്കട്ടെ.സ്ക്കൂളിലെ പാഠങളോളം തന്നെ വലുതല്ലേ ദോശ ചുടൽ പാഠവും?
അമ്മ അതു കേട്ട് പിണങ്ങി. എന്നാ ഞാൻ പോയി കുളിക്കട്ടെ. എനിയ്ക്ക് ഓഫീസിൽ പോകാൻ നേരമാവുന്നു. നിങ്ങള ച്ഛനും മകനും കൂടി നിന്ന് ദോശ ചുട്ട് പഠിയ്ക്ക്.
എന്നാലങ്ങനെയാവട്ടെ അല്ലേ അപ്പൂ എന്നു ചിരിച്ചു കൊണ്ട് ചോദിച്ച് അച്ഛൻ അപ്പുവിനെ ദോശ ചുടാൻ പഠിപ്പിയ്ക്കാൻ തുടങ്ങി.
ആദ്യം തവി നിറയെ ദോ ശമാവെടുക്കണം. എന്നിട്ട് ദോശക്കല്ലിലാ മാവ് വട്ടത്തിൽ ചുറ്റിച്ചു ചുറ്റിച്ചു മുഴുവൻഅമ്പിളിയമ്മാവൻ്റെ രൂപത്തിൽ പരത്തണം. പിന്നെ നെയ് പുരട്ടണം അതിന്മേൽ: പിന്നെയത് മൊരിയുമ്പോൾ മറിച്ചിടണം: അത്രേയുള്ളു ദോശപ്പണി.
ഇത് വളരെ ഈസിയാണല്ലോ എന്നു വിചാരിച്ചു അപ്പു. പക്ഷേ തവിയിൽ മാവെടുത്ത് വട്ടത്തിൽ ചുറ്റിയ്ക്കാൻ നോക്കുമ്പോ, തവി അപ്പു വിചാരിയ്ക്കുന്നിടത്തേയ്ക്കൊന്നും നീങ്ങുന്നില്ല. ആദ്യത്തെ ദോശയുടെ ആകൃതി വഴുതനങ്ങയുടേത് പോലായി: രണ്ടാമത്തേതോ വളഞ്ഞ് പുളഞ്ഞ് പാമ്പിനെപ്പോലായി. അപ്പുവിന് സങ്കടവും ദേഷ്യവും വന്നു.അമ്മയും അച്ഛനും ചുടുമ്പോൾ എല്ലാ ദോശയും മുഴുവൻ അമ്പിയമ്മാവനെപ്പോലെ ചിരിച്ചു കൊണ്ടു നിൽക്കാറാണല്ലോ പതിവെന്നു പറഞ്ഞ് അപ്പുകരഞ്ഞു.

അപ്പോ അച്ഛൻ അപ്പുവിൻ്റെ കൈ പിടിച്ച് ദോശത്തവിയിലെ മാവ് പരത്താൻ അപ്പുവിനെ സഹായിച്ചു. അങ്ങനെ അഞ്ചാറു തവണ ദോശ പരത്തിയപ്പോ അപ്പു ദോശ പരത്തലിൻ്റെ ടെക്നിക് പഠിച്ചു. അപ്പു കുഞ്ഞല്ലേ, വലിയ ദോശ പരത്തണ്ട കുഞ്ഞിക്കുഞ്ഞി ദോശ പരത്തിയാൽ മതി എന്നു പറഞ്ഞു അച്ഛൻ.
അപ്പോഴേക്ക് അമ്മ കുളിച്ച് ഓഫീസിൽ പോകാൻ റെഡിയായി വന്നു. ആഹാ മിടുമിടുക്കൻദോശക്കാരനായല്ലോ അപ്പു എന്ന് ചിരിച്ചു കൊണ്ട് അപ്പു ചുട്ട കുഞ്ഞിക്കുഞ്ഞി ദോശ തിന്നു വയറു നിറച്ചു അമ്മ. അപ്പുവിനതു കണ്ടു സന്തോഷമായി.
പക്ഷേ സ്ക്കൂൾ വാൻ വരാറായല്ലോ അപ്പുവേ എന്ന് പറഞ്ഞു അമ്മ. ഇന്ന് അപ്പു സ്ക്കൂളിൽ നിന്ന് ലീവാണ്.അച്ഛനോ ഫീസിലും പോണില്ല ഇന്ന് എന്നു പറഞ്ഞു അച്ഛൻ.
ദോശ ചുടാൻ പഠിക്കുകയായിരുന്നു എന്ന് ലീവ് ലെറ്ററിൽ എഴുതാം അല്ലേ അച്ഛാ എന്നു ചോദിച്ചു അപ്പു. അച്ഛൻ തല കുലുക്കി
പക്ഷേ മകനെ ദോശ ചുടാൻ പഠിപ്പിക്കുകയായിരുന്നു എന്നു പറഞ്ഞാൽ അച്ഛന് ലീവ് കിട്ടുമോ എന്ന് അപ്പുവിന് അപ്പോ സംശയം വന്നു.
സ്ക്കൂളിൽ പഠിപ്പിക്കാത്ത ദോശ ചുടലും ചപ്പാത്തി പരത്തുമൊക്കെ പഠിപ്പിക്കാനല്ലേ, അച്ഛനവര് ലീവ് തരാണ്ടിരിക്കില്ല എന്നു പറഞ്ഞു ചിരിച്ചു അച്ഛൻ’ പിന്നെ അപ്പു അച്ഛൻ്റ തോളത്തു കയറിയിരുന്ന് അമ്മ ഓഫീസിലേക്കു പോകുന്നതു നോക്കി നിന്നു: അപ്പു അമ്മയ്ക്ക് കൈ വീശി റ്റാ റ്റാ പറഞ്ഞു.
അതിനിടെ അപ്പു ചോദിച്ചു. നമുക്കിനി നമ്മുടെ കുഞ്ഞൻ ദോശ തിന്നാലോ?

ദോശ തിന്നുകൊണ്ടിരിയ്ക്കുമ്പോൾ അച്ഛൻ പറഞ്ഞു, അപ്പു ഉണ്ടാക്കിയതുകൊണ്ടാവും ദോശയ്ക്ക് ഒരു പ്രത്യേക സ്വാദ്. അപ്പുവിനച്ഛൻ പറഞ്ഞത് ശരിക്കും ശരിയാണെന്നു തോന്നി.
നീയും സ്വാദ് നോക്ക് എൻ്റെ ദോശ എന്നു പറഞ്ഞ് ഒരു ദോശ അതുവഴി വന്ന കാക്കക്കിട്ടു കൊടുത്തു അപ്പു.
കാക്ക ഒന്നു കൊത്തി സ്വാദു നോക്കിയ ശേഷം ,കാ കാ എന്നൊച്ച വച്ച് ആ പരിസരത്തിലെ കാക്കക്കൂട്ടത്തെ മുഴുവൻ വിളിച്ചു വരുത്തിയത് അപ്പു ചുട്ട ദോശയുടെ പ്രത്യേക സ്വാദുകാരണമാണ് എന്ന് അമ്മയ്ക്ക് മെസേജയക്കാൻ അച്ഛനെ ഏൽപ്പിച്ചിട്ട് അപ്പു പടം വരയ്ക്കാനിരുന്നു. ഇന്നെന്തു പടമാവും അപ്പു വരയ്ക്കുക? ദോശയുടേതാവും ഇന്ന് അപ്പു വരയ്ക്കുന്ന പടങ്ങൾ എന്നു പറഞ്ഞു കൊണ്ട് കാക്കകൾ മുറ്റത്ത് ഉലാത്തി നടന്നു.
അപ്പു ചപ്പാത്തി പരത്താൻ പഠിച്ച കഥ ഇനി നമുക്ക് വേറൊരു ദിവസം പറയാമേ.
Also Read: മണിദീപയുടെ ഒരു വൈകുന്നേരം