scorecardresearch

അനുരാഗിന്റെ മത്ത വിചാരങ്ങൾ

“ഒരു പക്ഷേ അവൻ പോയത് ഒരു ഓന്ത് ഓടിക്കുന്ന ഒരോന്തോട്ടോറിക്ഷ വിളിക്കാനാവുമോ? അതിലേയ്ക്കവന് തനിയേ ചുമന്ന് എടുത്തു വയ്ക്കാനാവുമോ ഒരു മുഴുവൻ മത്തങ്ങ?ആവോ, അതൊക്കെ കണ്ടു തന്നെ അറിയണം, അല്ലേ?” പ്രിയ എ എസ് എഴുതിയ കഥ

priya as , childrens stories, iemalayalam

സ്കൂളിൽ പോകാറായിട്ടില്ലെങ്കിലെന്താ അനുരാഗ് ഒന്നാന്തരമൊരു കൃഷിക്കുട്ടിയാണ്.

അവൻ എല്ലായിടത്തു നിന്നും പച്ചക്കറിവിത്തുകൾ ശേഖരിച്ചു കൊണ്ടിരിക്കും. എന്നിട്ട് അവന്റെ കുഞ്ഞു തൂമ്പ കൊണ്ട് തടമെടുത്ത് ആ വിത്തെല്ലാം പാകും.

അമ്മുച്ചിറ്റ കൊടുത്തതാണ് ചീരവിത്ത്. അവനേറ്റവുമിഷ്ടമുള്ള മത്തങ്ങാപ്പച്ചടി വയ്ക്കാനായി വാങ്ങിയ മത്തങ്ങയിൽ നിന്ന് അമ്മയെടുത്തു കൊടുത്തതാണ് മത്തങ്ങാ വിത്ത്. ഒരു നേഴ്സറിയിൽ നിന്ന് അച്ഛൻ വാങ്ങിക്കൊടുത്തതാണ് പാവൽ വിത്ത്.

നട്ടതോരോന്നും കിളിർക്കുന്നുണ്ടോ എന്ന് നോക്കി രാവിലെ എണീറ്റ വഴി പറമ്പിലൊക്കെ ഒരു ചുറ്റിനടപ്പ് പതിവുണ്ട് അനുരാഗിന്. അതു കഴിഞ്ഞേ അവൻ കാപ്പി പോലും കുടിക്കൂ. കൃഷിക്കാർന്നോരിറങ്ങിയല്ലോ കൃഷി രാജ്യം സൂപ്പർ വിഷന് എന്നമ്മ അപ്പോൾ കളിയാക്കും.

വിത്തുനടലിൽ മാത്രമേ അനുരാഗിന് താൽപ്പര്യം ഉള്ളൂ എന്ന് വിചാരിക്കരുത് കേട്ടോ. നട്ടതിനെല്ലാം വെള്ളമൊഴിക്കാനും വളമിടാനും ഇടയ്ക്ക് തടം ഇളക്കി ക്കൊടുക്കാനുമൊക്കെ അവൻ അമ്മയ്ക്കൊപ്പം കൂടും.

അവൻ നട്ട മത്ത വിത്തിന്റെ കാര്യം കേൾക്കണോ? നട്ട് കുറച്ചു ദിവസങ്ങൾക്കു ശേഷം അത് വള്ളി വീശി നല്ല ഉശിരൻ മത്തവള്ളിയായി. പിന്നെയത് നിലത്തു മണ്ണിൽ പടർന്നു. അപ്പോഴാണത് അടുത്തു നിൽക്കുന്ന മാവ് കണ്ടത്. പിന്നെ വള്ളി വീശി മാവിന്മേൽ പിടിച്ചു കയറലായി അതിന്റെ പണി.

ഇങ്ങനെയാണേൽ ഞാനടുത്തുവന്നു കുറച്ചു നേരം അനങ്ങാതെ നിന്നാൽ എന്റെ മേലും പൊത്തി പ്പിടിച്ചു കയറുമല്ലോടാ മത്ത വള്ളീ നീയ് എന്നു ചോദിച്ചു ചിരിച്ചു അനുരാഗ്.

priya as , childrens stories, iemalayalam

ഒരു കുട്ടനിറയെ മത്തപ്പൂക്കൾ കിട്ടി അവർക്ക്. നാലഞ്ച് ഇളം മത്തനിലകളും ചേർത്ത് അമ്മ പൂക്കളരിഞ്ഞ് തോരൻ വച്ചു.

അനുരാഗ് തോരനരിയലിന് അമ്മയെ സഹായിച്ചു കേട്ടോ. അതെങ്ങനെയാണെന്നറിയണോ? മത്തനിലയിലും മത്തപ്പൂവിന്മേലും വല്ല പുഴുവോ പ്രാണിയോ മറ്റോ ഉണ്ടോ എന്ന് നോക്കി എല്ലാം വൃത്തിയായി അവനമ്മയ്ക്ക് കഴുകി കൊടുത്തു. അതൊരു വലിയ സഹായമല്ലേ?

മത്തവള്ളി ഇപ്പോ മാവിന്മേലപ്പടി പടർന്നു കയറിയിട്ടുണ്ട്. മത്തക്കായൊക്കെ വലുതായിത്തുടങ്ങി. മാങ്ങയുടെ ഇടയിൽ മത്തങ്ങാ തൂങ്ങിക്കിടക്കുന്ന തുകണ്ടാൽ മാവാണോ ഇത് അതോ മത്തങ്ങാ മരമാണോ എന്ന് ആർക്കായാലും സംശയം തോന്നും.

അപ്പുറത്തെ സുദേവ് കുട്ടന് വേറൊരു സംശയം കൂടിയുണ്ട്. എന്തിനാ മാവെന്നു പറയണത് മാങ്ങാ മരം എന്നു പറഞ്ഞാൽപ്പോരേ എന്നാണ് അവന്റെ ചോദ്യം. ചക്കയുണ്ടാകുന്ന മരത്തിന് ചക്ക മരം എന്നാരും പറയാറില്ലല്ലോ പ്ലാവെന്നല്ലേ പറയാറ് എന്ന് അനുരാഗ് തിരിച്ചു ചോദിച്ചപ്പോ അവനങ്ങ് ചമ്മിപ്പോയി.

ആ ഒരു കാര്യം മറന്നു പോയി പറയാൻ. ഇന്നമ്മ ഒരു മൂത്ത മത്തങ്ങ പറിച്ചു താഴെയിട്ടിട്ടുണ്ട്, നാളെ മത്തങ്ങാ പച്ചടി വയ്ക്കാനായി.

priya as , childrens stories, iemalayalam

നാളെ എല്ലാവരും വരണേ വീട്ടിൽ ഉച്ചയൂണിനായി. നല്ല ഉഗ്രൻ മത്തങ്ങാപ്പച്ചടിയും കൂട്ടി എല്ലാവർക്കും ഊണുകഴിക്കാമെന്നേ.

പോകാൻ നേരം മത്ത വിത്ത് പൊതിഞ്ഞു തരുകയും ചെയ്യാം.

എല്ലാവരുടെയും വീട്ടിൽ നിറയെ മത്തങ്ങാ ഉണ്ടാവട്ടെ. എല്ലാവരും മത്തപ്പൂത്തോരനും മത്തങ്ങാപ്പച്ചടിയും മത്തങ്ങാ എരിശ്ശേരിയുമൊക്കെ ഉണ്ടാക്കി വയറു നിറയെ ഊണു കഴിക്കട്ടെ അല്ലേടാ ഓന്തേ എന്ന് അനുരാഗ് മത്തവള്ളിയിലിരുന്ന ഓന്തിനോട് ചോദിച്ചു.

അപ്പോഴുണ്ട് അവന്റെ ചോദ്യം മുഴുവനും കേൾക്കാൻ നിൽക്കാതെ ഓന്ത് ഓടെടാ ഓട്ടം.

എന്തിനാവും ആ ഓന്ത് ഓടിയത്? ഒരു മത്തങ്ങാ കൊണ്ടുപോയി കൂട്ടാൻ വച്ച് ഓന്തുങ്കുഞ്ഞുങ്ങൾക്ക് ഊണു കൊടുത്താലോ എന്ന് വിചാരിച്ചാവുമോ? അവനെങ്ങനെ ചുമക്കും മത്തങ്ങാ? അവന്റെ പത്തിരട്ടിയില്ലേ മത്തങ്ങാ?

ഒരു പക്ഷേ അവൻ പോയത് ഒരു ഓന്ത് ഓടിക്കുന്ന ഒരോന്തോട്ടോറിക്ഷ വിളിക്കാനാവുമോ? അതിലേയ്ക്കവന് തനിയേ ചുമന്ന് എടുത്തു വയ്ക്കാനാവുമോ ഒരു മുഴുവൻ മത്തങ്ങ? ആവോ, അതൊക്കെ കണ്ടു തന്നെ അറിയണം, അല്ലേ?

Read More: താളുകൾക്കിടയിലൊരു മയിൽപ്പീലി

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories anuraginte maththa vichaarangal