അമ്മാളുക്കുട്ടിയുടെ വീട്ടിൽ ഒരു വലിയ മാവുണ്ട്.ഒരു മൂവാണ്ടൻ മാവ്. നട്ട് കഴിഞ്ഞാൽ മൂന്നാം ആണ്ടിൽ കായ്ക്കും മൂവാണ്ടൻ മാവ്.
ഇത്തവണ അത് നിറയെ കായ്ച്ചു. പഴുക്കാറായ മാങ്ങകളെല്ലാം അമ്മാളുവിന്റെ അച്ഛൻ, പുല്ലു ചെത്താൻ വന്ന പണിക്കാരെക്കൊണ്ട് പറിപ്പിച്ചു. എന്നിട്ട് മാങ്ങയുടെ താഴെയും മുകളിലും വൈയ്ക്കോൽ നിരത്തി, അതെല്ലാം പഴുക്കാൻ വച്ചു.
അതിൽ നിന്ന് ഞെക്കി നോക്കി കണ്ടു പിടിച്ച പഴുത്ത മാങ്ങ, അമ്മ പൂളിക്കൊടുത്തതാണ് ഇപ്പോ അമ്മാളു തിന്നുന്നത്. നല്ല സ്വാദുണ്ട് മാങ്ങായ്ക്ക്. വായിലിട്ടാൽ പ്ലും എന്ന് അലിഞ്ഞു പോവുന്നതു കാരണം അമ്മാളു വളരെ രസിച്ചു രസിച്ചാണ് മാങ്ങാ തിന്നുന്നത്.
പ്ലേറ്റിലെ മാങ്ങാപ്പൂളുകൾ മടിയിൽ വച്ച് അരപ്രൈസിൽ തൂണും ചാരിയിരുന്ന് മുറ്റത്തെ കാഴ്ചകൾ കണ്ടു, അതിൽ ലയിച്ചിരിപ്പാണ് അമ്മാളു.
അങ്ങനെ അവളിരിക്കുമ്പോൾ ഒരു ചേര മുറ്റത്തു കൂടെ ഇഴഞ്ഞു പോയി. അവൾ ശ് ശ് എന്ന് ഒച്ചവെച്ചപ്പോൾ അതൊന്ന് നിന്ന് അവളെ തല ഉയർത്തി നോക്കി.
മാങ്ങാപ്പൂൾ പൊക്കി കാണിച്ചു കൊണ്ട് അവളതിനോട് ചോദിച്ചു, മാങ്ങാ വേണോ നിനക്ക്?
അതു കേട്ട് ചേരയ്ക്ക് ചിരി വന്നു. അവൻ പറഞ്ഞു, ഞങ്ങൾ ചേരകൾ മാങ്ങായൊന്നും തിന്നില്ല. തവളകളും എലികളുമൊക്കെയാണ് ഞങ്ങളുടെ ഇഷ്ട ഭക്ഷണം. തവളയുണ്ടോ എന്ന് നോക്കാനായി ഞാൻ ഒന്നു കുളത്തിലിറങ്ങി നീന്തി നോക്കാൻ പോവുകയാണ്.

അങ്ങനെ പറഞ്ഞ് ചേര പോയതിന്റെ പുറകെ ഒരു നീലപ്പൊന്മാൻ വന്നു. വായിൽ നിറയെ മാങ്ങയുമായി അമ്മാളു, അതിനോട് ചോദിച്ചു, മാങ്ങ തരട്ടെ നിനക്ക്?
നീലപ്പൊന്മാൻ വളരെ ഗൗരവത്തിൽ പറഞ്ഞു, എനിക്ക് മീൻ മാത്രമേ ഇഷ്ടമുള്ളു. അങ്ങനെ പറഞ്ഞു കൊണ്ടിരിക്കെ കുളത്തിലൊരനക്കം കേട്ട് പൊന്മാൻ ചാട്ടുളി പോലെ കുളത്തിനു നടുവിലേക്ക് പാഞ്ഞുചെന്ന് ഒരു കുഞ്ഞുമീനിനെയും കൊത്തിയെടുത്ത് അതിനെ കൊത്തിത്തിന്നാൻ പാകത്തിൽ പുരപ്പുറത്തേയ്ക്ക് പോയി.
പിന്നെ വന്ന കാക്ക, വേണോ നിനക്ക് മാങ്ങാപ്പൂളെന്ന അമ്മാളുച്ചോദ്യം കേട്ടതും കൊക്ക് പിളർന്ന് മാങ്ങാക്കഷണത്തിനായി മുന്നോട്ടുവന്നു. അമ്മാളു രണ്ടു മൂന്നു മാങ്ങാക്കഷണം പുല്ലിലേയ്ക്ക് എറിഞ്ഞു കൊടുത്തു.
രണ്ടു കഷ്ണം തിന്നിട്ട് മൂന്നാമത്തെ കഷണവുമായി കാക്ക മുറ്റത്തെ ആരിവേപ്പിൻ കൊമ്പത്തേക്ക് പറന്നു പോയി. ചിലപ്പോൾ കൂട്ടിലെ കാക്കക്കുഞ്ഞിന് കൊടുക്കാനാവും, അമ്മാളു വിചാരിച്ചു.
പിന്നെ വന്ന അണ്ണാരക്കണ്ണന് അവൾ മാങ്ങായണ്ടി എറിഞ്ഞു കൊടുത്തു. അവൻ മാങ്ങായണ്ടിയുമെടുത്ത് ഓടുന്നത് പലതവണ കണ്ടിട്ടുള്ളതു കാരണം അവന് മാങ്ങായണ്ടി ഒത്തിരി ഇഷ്ടമാണെന്ന് അവൾക്കറിയാം.
അമ്മാളു കൊടുത്ത അണ്ടിയെടുത്ത് കൈയിൽ പിടിച്ച് അതിൽ നിന്ന് മാങ്ങാത്തരികൾ തിന്നുകൊണ്ട് അവൻ നിൽക്കുന്ന നിൽപ്പുകണ്ട് രസിച്ച് അമ്മാളു കൈകൊട്ടിച്ചിരിച്ചു.
അമ്മാളുവിന്റെ ചിരി മേളം കേട്ട് അമ്മ അകത്തുനിന്ന് നോക്കി ചോദിച്ചു: എന്താ പരിപാടി? മാങ്ങ തിന്നു തീർന്നില്ലേ?

ചേരയും പൊന്മാനും മാങ്ങ വേണ്ടെന്നു പറഞ്ഞു പോയതും കാക്കയും അണ്ണാനും മാങ്ങ തിന്നു തിമിർക്കുന്നതും വിസ്തരിച്ചു അമ്മാളു.
ഭൂമിയുടെ അവകാശികളെ മുഴുവൻ വിളിച്ചു വരുത്തി മാങ്ങ തീറ്റിക്കാനാ നിന്റെ ഭാവം എന്നു ചോദിച്ചു ചിരിച്ചു കൊണ്ടമ്മ. ഭൂമിയുടെ അവകാശികളോ അതാരാന്നു ചോദിച്ചു അമ്മാളു.
നമ്മൾ മനുഷ്യർക്കു മാത്രമല്ല ഈ ഭൂമിയിലെ എല്ലാ ജീവികൾക്കുമുണ്ട് ഭൂമിയിലെ ഓരോ വസ്തുവിലും അവകാശം എന്നു പറഞ്ഞു കൊടുത്തു അമ്മ.
അപ്പോ അതുവഴി ഒരു ഉറുമ്പും ഒരു പൂവൻകോഴിയും ഒരു പൂച്ചയും വന്നു.ഇവർക്കും നമ്മുടെ ഈ ഭൂമിയിലുണ്ടായ ഈ മാങ്ങ തിന്നാൻ അവകാശമുണ്ടല്ലോ എന്നു പറഞ്ഞ് മാങ്ങാക്കഷ്ണങ്ങളുമായി അമ്മാളു മുറ്റത്തേക്ക് നടന്നു.
ഭൂമിയുടെ അവകാശികൾ ഇനിയും വന്നാലോ, അമ്മ ഒരു മാങ്ങ കൂടി പൂളിത്തരാം എന്നു പറഞ്ഞു അമ്മ അകത്തേയ്ക്കും നടന്നു.
നല്ല അമ്മയാണ് കേട്ടോ അമ്മ എന്ന് വിളിച്ചു പറഞ്ഞു അമ്മാളു. മാങ്ങ തിന്നാനിഷ്ടമുള്ള ഭൂമിയുടെ അവകാശികൾ ആരൊക്കെ എന്ന് കണക്കെടുക്കാൻ തുടങ്ങി അമ്മാളു.