നമ്മുടെ ആമക്കുട്ടന് വെയില് കായുകയായിരുന്നു.
കുളത്തില്‍ നിന്നു കരയ്ക്കു കയറി, വാഴച്ചോട്ടില്‍ കിടന്ന് ഇളം വെയിലിന്റെ സുഖത്തില്‍ അവനാകാശം നോക്കി രസിച്ചു.
ആകാശത്തുകൂടി മേഘങ്ങള്‍ പല പല രൂപത്തില്‍ ഒഴുകി നടക്കുന്നത് കാണാമായിരുന്നു അവന്.
ഒരു മുയല് മേഘമങ്ങനെ ചാടി നടക്കുന്നുണ്ടായിരുന്നു .
ഒരു കുതിരമേഘം പാഞ്ഞു പോകുന്നുണ്ടായിരുന്നു എവിടേക്കോ.
ഒരു ചീങ്കണ്ണി മേഘം വായും പൊളിച്ചു നില്‍പ്പുണ്ടായിരുന്നു .
ഒരു പൂവന് കോഴിമേഘം ഗമയില്‍ കഴുത്തുനീട്ടി നില്പുണ്ടായിരുന്നു.
ഒരു ആനമേഘം വരുമോ ആകാശത്ത് എന്നു കാത്ത് ഇളം വെയിലത്ത് കിടന്നു കിടന്നുകിടന്നവന് ഒന്നു മയങ്ങിപ്പോയി.
അങ്ങനെ മയങ്ങുമ്പോള്‍ അവനൊരു സ്വപ്നം കണ്ടു.

അവന് താമസിക്കുന്ന കുളത്തില്‍ നിറയെ വെള്ളത്താമര വിരിഞ്ഞുനില്ക്കുന്നു. തേന്‍ കുടിക്കാന്‍ കരിവണ്ട് മൂളിപ്പാഞ്ഞുവരുന്നു. എങ്ങാണ്ടു നിന്ന് വേറൊരു ആമക്കുട്ടനും അമ്മയും അച്ഛനും താമരക്കുളത്തിലെത്തുന്നു.
ആ ആമക്കുട്ടനും കൂട്ടരും കൂടി നമ്മുടെ ആമക്കുട്ടനെ താമരക്കുളത്തില്‍ നിന്ന് ഓടിച്ചു വിടുന്നു. കരിവണ്ടും ചേര്‍ന്നു അവനെ ഓടിച്ചു വിടുന്ന കാര്യത്തില്‍. അങ്ങനെ ഒടുക്കം നമ്മുടെ ആമക്കുട്ടന് താമസിക്കാന്‍ കുളമില്ലാതാകുന്നു.
നമ്മുടെ ആമക്കുട്ടന് സ്വപ്നം കണ്ട് പേടിച്ചുപോയി. അവനാകെ വിയര്‍ത്തുകുളിച്ച് പരവശനായി അവന് കഴിയുന്നത്ര സ്പീഡില്‍ കുളത്തിലേക്ക് ഇറങ്ങിച്ചെന്നു നോക്കി. അവന് എല്ലായിടവും നോക്കി, കുളത്തിലെങ്ങാന് താമരവിരിഞ്ഞിട്ടുണ്ടോ? ഇല്ല എന്നു കണ്ട് അവന് സമാധാനമായി.
അവന് കുളത്തിലാകെ നീന്തി നടന്ന്, വേറെ ആമക്കുട്ടനും അവന്റെ അച്ഛനുമമ്മയും എത്തിയിട്ടുണ്ടോ കുളത്തില്‍ എന്നു പരിശോധിച്ചു. ഏയ്, കുളത്തില്‍, അങ്ങനൊന്നും ആരും എത്തിയിട്ടില്ല എന്നു കണ്ട് അവന് ഇത്തിരി കൂടി സമാധാനമായി.
അവന് കുളത്തിലാകെ പരക്കം പാഞ്ഞുനടക്കുന്നതു കണ്ട് ഒരു തേന്‍കുരുവി പറക്കല്‍ നിര്‍ത്തി കാര്യം അന്വേഷിച്ചു .
ആമക്കുട്ടന് തേന്കുരുവിയോട് അവന് സ്വപ്നം കണ്ടു പേടിച്ചു പോയ കഥ പറഞ്ഞു.
തേന്‍കുരുവി അവനെ സമാധാനിപ്പിച്ചു.
“എന്റെ ആമക്കുട്ടാ, സ്വപ്നത്തില്‍ കണ്ട കാര്യമൊന്നും സത്യമല്ല. നമ്മുടെ കൊതികളില്‍ നിന്നും പേടികളില്‍ നിന്നും തോന്നലുകളില്‍ നിന്നുമാണ് സ്വപ്നങ്ങള്‍ ഉണ്ടാകുന്നത്.”
അതു കേട്ടതോടെ നമ്മുടെ ആമക്കുട്ടന് സമാധാനമായി .
അതിനിടെ അവന് കുളത്തിനു മുകളിലൂടെ താണുതാണു പറക്കുന്ന ഒരപ്പൂപ്പന്താടി കണ്ടു . അപ്പൂപ്പന് താടി മുകളില്‍ വായുവിലൂടെ പറന്നു. ആമക്കുട്ടന് അപ്പൂപ്പന്താടിയുടെ ചലനത്തിനൊപ്പം താഴെ വെള്ളത്തിലൂടെ നീന്തി.
തേന്‍കുരുവി ചോദിച്ചു, നിനക്ക് വേണോ അപ്പൂപ്പന് താടി?
ആമക്കുട്ടന് വേണം, വേണം എന്ന് തലകുലുക്കി.
തേന്‍കുരുവി അപ്പൂപ്പന്താടിയുടെ പുറകെ പോയി, കൊക്കു കൊണ്ട് അപ്പൂപ്പന്താടി പിടിച്ചെടുത്തു ആമക്കുട്ടന് കൊടുത്തു.

ആമക്കുട്ടന് ആദ്യമായിട്ടായിരുന്നു ഒരു അപ്പൂപ്പന്താടിയെ തൊടുന്നത്.
എന്തൊരു സോഫ്റ്റാണീ അപ്പൂപ്പന്താടി എന്നവനത്ഭുതം വന്നു.
അവന്റെ സന്തോഷം കണ്ട് തേന്കുരുവിക്ക് ചിരി വന്നു.
“നിന്റൊരു കാര്യം, എന്റെ പൊന്നാര ആമക്കുട്ടാ…” എന്നു ചിലച്ചുകൊണ്ട് അവനെങ്ങോട്ടോ പറന്നുപോയി.
അപ്പൂപ്പന് താടിയും പിടിച്ച് അങ്ങനൂടിങ്ങനൂടൊക്കെ നീന്തിക്കളിച്ചു നടന്നു ആമക്കുട്ടന്. നീന്തി നീന്തി തണുത്തപ്പോള്‍, അപ്പൂപ്പന് താടിക്കളി നിര്‍ത്തി അവന് വീണ്ടും കുളത്തില്‍ നിന്നു കര കയറി വാഴച്ചോട്ടില്‍ വന്നു വെയില് കായാന്‍ കിടന്നു.
എങ്ങാനും മയങ്ങിപ്പോയാല്‍ വീണ്ടും താമരക്കുളവും വേറൊരു ആമക്കുട്ടനും സ്വപ്നത്തിലേക്കു കയറി വന്നാലോ എന്നു പേടിച്ച് ആമക്കുട്ടന്, കണ്ണും തുറന്ന് വാഴച്ചോട്ടില്‍ കിടന്നു. അവനകാശത്തിലെ മേഘക്കാഴ്ചകള്‍ കാണുന്നതില്‍ മുഴുകി.
ആകാശത്തിലൊരു മേഘപ്പടവലങ്ങ.
പിന്നെ നോക്കുമ്പോള്‍ ഒരു മേഘമത്തങ്ങ.
പിന്നെയും നോക്കുമ്പോള്‍ അതാ തെളിഞ്ഞു വരുന്നു ഒരു മേഘ ആന. ആവനതു വരെ പലപല രൂപങ്ങളും കാശത്ത് കണ്ടിട്ടുണ്ടെങ്കിലും ഒരു മേഘ ആനയെ അതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല.
മേഘ ആന ആകാശത്തില്‍ തെളിഞ്ഞുവന്നപ്പോ ആമക്കുട്ടന് സന്തോഷമായി. കുളത്തിലെ മീന്കാര്യങ്ങളും പായല്ക്കാര്യങ്ങളും തവളക്കാര്യങ്ങളും മേഘ ആനയോട് തുരുതുരാ എന്നു പറഞ്ഞു കൊണ്ട് അവന് വാഴച്ചോട്ടില്‍ വെയില് കാഞ്ഞുകിടന്നു.
പിന്നെ ആ മേഘആന മാഞ്ഞു പോയപ്പോഴാണ് അവന് തിരികെ കുളത്തിലേക്കു പോയത്.
പിന്നെ അവന്, രാത്രി എന്തു കഴിക്കണം എന്നാലോചിക്കാന്‍ തുടങ്ങി.