വൈദ്യർ കടുത്ത ചിന്തയിലായിരുന്നു. എന്തിനാണൊരു കടുവ ഇടയ്കിടെ നാട്ടിലേക്കു വരുന്നത്. കഴിഞ്ഞ രണ്ടു തവണയും അവനൊരു ജീവിയെ പോലും ഉപദ്രവിച്ചിട്ടില്ല. കടുവ ആനയെ തളച്ചിടത്ത് എത്തിയേക്കുമെന്ന് ഫോറസ്റ്റ് ഓഫീസിലേക്ക് വൈദ്യർ വിളിച്ചു പറഞ്ഞതാണ്.
ഫോറസ്റ്റ് ഓഫീസറുടെ മുഴങ്ങുന്ന ചിരിയാണു മറുപടിയായി കിട്ടിയത്. വൈദ്യരേ കടുവ തീറ്റ തേടി വരുന്നതാണ്. അല്ലാതെ ആനയെ കാണാൻ വരുന്നതല്ല. ആനയും കടുവയും തമ്മിൽ ഒരു ബന്ധവുമില്ല.
തീർച്ചയായിട്ടും കഴിഞ്ഞ തവണ കടുവ ആനയുടെ അടുത്തു കൂടി വന്നിരുന്നെന്നും അവിടെ ധാരാളം കാൽപ്പാടുകൾ തെളിഞ്ഞു കണ്ടുവെന്നു പറഞ്ഞപ്പോഴും “എന്നാൽ കടുവ ആനയെക്കുറിച്ച് പഠിക്കാൻ വന്നതായിരുക്കും” എന്ന് പറഞ്ഞ് ഫോറസ്റ്റാഫീസർ കുടുകുടാ ചിരിച്ചതേയുള്ളു.
ഇത്തവണയും ആർക്കും ശല്യം ചെയ്യാതെ അവൻ പോയിരിക്കുന്നു. ഇനി കുറച്ചു ദിവസത്തേക്ക് കുഴപ്പമുണ്ടാകില്ല. പക്ഷേ അവൻ ഇടയ്ക്കിടെ വരുന്നത് എന്തിനാണ്?
ഫോറസ്റ്റ് ഓഫീസർ ഉറപ്പു പറഞ്ഞു, ”വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് പ്രധാനമായും രണ്ട് കാര്യങ്ങൾക്കാണ്. വെള്ളത്തിനും തീറ്റയ്ക്കും. നമ്മൾ കടുവയുടെ വെള്ളവും തീറ്റയും ആകാതെ സൂക്ഷിച്ചാൽ മതി.”
കടുവ തിരിച്ചുപോയെന്ന് ഉറപ്പായപ്പോൾ വൈദ്യർ ആനയെ തളച്ചിടത്ത് പോയി നോക്കി. വൈദ്യർക്ക് ഉറപ്പായി. ഇത്തവണയും കടുവ വലിയകൊമ്പന്റെ അടുത്ത് എത്തിയിട്ടുണ്ട്. കടുവയും വലിയകൊമ്പനും ഏതെങ്കിലും കാലത്ത്, ഏതെങ്കിലും കാട്ടിൽ വച്ച് സുഹൃത്തുക്കളായിരുന്നോ? ആർക്കറിയാം?
ഒരു രാത്രി മുഴുവൻ ആന സംസാരിക്കുന്നതു പോലെ തോന്നിയെന്ന് ആനക്കാരൻ ചെറിയകൊമ്പൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ? ഒരു സംസ്ഥാന മൃഗവും ഒരു ദേശീയ മൃഗവും തമ്മിൽ വെളുക്കും വരെ സംസാരിക്കാനുള്ള കാര്യങ്ങൾ എന്തായിരുന്നു?.
വൈദ്യരുടെ ചോദ്യങ്ങൾക്ക് ഫോറസ്റ്റ് ഓഫീസറിൽനിന്നു ചിരിയാണുണ്ടായതെങ്കിലും കഴിഞ്ഞ രണ്ട് തവണയും നാട്ടിലിറങ്ങിയപ്പോൾ കടുവ വലിയ കൊമ്പന്റെ അടുത്തുവന്നു എന്നത് ശരിയായിരുന്നു. ആനയെ തളച്ച തെങ്ങിൻ തോപ്പിൽ വൈദ്യർ കണ്ട കാൽപ്പാടുകൾ കടുവയുടേതുമായിരുന്നു.
ആനയും കടുവയും തമ്മിൽ നടന്ന സംഭാഷണങ്ങൾ ആനയ്ക്കും കടുവയ്ക്കും മാത്രമേ അറിയാവൂ. കടുവയെ കണ്ട് അദ്യമൊന്നു വിറളി പിടിച്ച വലിയകൊമ്പൻ കടുവയുടെ അക്ഷോഭ്യത കണ്ട് അടങ്ങി. വലിയകൊമ്പൻ കടുവയെ ആദ്യം ഒരു ചോദ്യകൊണ്ടാണു നേരിട്ടത്.
“നീ എവിടെ നിന്നാണു വരുന്നത്?”
കടുവ ചിരിച്ചു “നീ, എവിടെ നിന്നാണോ വന്നത്. അവിടെ നിന്നു തന്നെ.”
വലിയകൊമ്പൻ തന്നെ കാണാൻ വന്നിരുന്നവരിൽനിന്നു കേട്ട കാര്യം തെല്ലൊരു ഗമയോടെ പറഞ്ഞു. “ചിലർ ഞാൻ ബിഹാറിൽനിന്ന് വന്നവനാണെന്നു പറയുന്നു, ചിലർ ഞാൻ ഉത്തർപ്രദേശിൽ നിന്നോ ആസാമിൽ നിന്നോ വന്നവനാണെന്നു പറയുന്നു. ചിലപ്പോൾ കർണാടകത്തിൽനിന്നും ആകാം.“
കടുവ തെല്ലൊന്നു നിവർന്നുനിന്ന് പുഴ നീന്തിക്കടന്നപ്പോഴത്തെ വെള്ളം ശരീരത്തിൽനിന്ന് ഒന്നു രണ്ടു തവണ കുടഞ്ഞു കളഞ്ഞ് പറഞ്ഞു. “ഞാൻ കാട്ടിൽ നിന്നാണു വരുന്നത്.”
“കാട്ടിൽ നിന്നോ? കാട് എന്നുവച്ചാൽ എന്താണ്?” വലിയകൊമ്പൻ ചോദിച്ചു.

“എന്റെ ചങ്ങാതീ, നീയും അവിടെനിന്നു തന്നെയാണ് വന്നത്. ഈ ബിഹാറെന്നും ആസാമെന്നും പറയുന്നത് മനുഷ്യനിട്ട അതിർത്തികളാണ്. നീ വന്നത് അവിടെ നിന്നൊന്നുമല്ല, കാട്ടിൽനിന്നു തന്നെയാണ്. ഇനി ആരെങ്കിലും ചോദിച്ചാൽ അങ്ങനെയാണു പറയേണ്ടത്. കാട്ടിൽ നിന്നാണെന്ന് ഉറപ്പിച്ചു പറയണം. കാട്ടുമൃഗങ്ങൾക്കൊക്കെയും ഒരൊറ്റ ഇടമേയുള്ളു. കാട്.”
വലിയകൊമ്പൻ ചോദിച്ചു. “എന്താണു ചങ്ങാതീ ഈ കാടെന്ന് പറഞ്ഞാൽ? എനിക്കൊന്നും മനസിലാകുന്നില്ലല്ലോ?” കടുവ ചിരിച്ചു. ”കാടിനെ ഞാൻ എങ്ങനെയാണു പറയുക..? കാടിനെ പറയാൻ കഴിയില്ല അനുഭവിച്ചറിയാനേ കഴിയൂ.”
“എന്നാലും” വലിയകൊമ്പൻ കടുവയെ നോക്കി.
അവൻ വീണ്ടും ശരീരമൊന്നു കുടഞ്ഞു. അവന്റെ ശരീരത്തിലെ കറുത്ത വരയും മഞ്ഞവരകളും നിലാവിൽ തിളങ്ങി. ശരീരത്തിൽ പറ്റിയിരുന്ന വെള്ളത്തുള്ളികളും മിനുങ്ങി.
“നാട്ടിൽനിന്ന് എന്തു വ്യത്യാസമാണ് കാടിനുള്ളത്?” വലിയ കൊമ്പനു കാടിനെക്കുറിച്ചറിയാൻ തിടുക്കമായി.
കടുവ വീണ്ടും ചിരിച്ചു.
“നിനക്ക് കാടിനേക്കുറിച്ചറിയാൻ എന്തുകൊണ്ടാണിപ്പോൾ ഇത്രയും ഉത്സാഹമെന്നറിയാമോ?”
വലിയകൊമ്പൻ കടുവയെ നോക്കി. അറിയില്ല.
“നീ കാട് കണ്ടിട്ടില്ലെങ്കിലും നിന്റെ ഉള്ളിൽ ഒരു കാട് ഉറങ്ങിക്കിടക്കുന്നതു കൊണ്ട്. ഉള്ളിലെ കാട് ഒരു ജീവിയെ എപ്പോഴും തൊട്ടുണർത്തിക്കൊണ്ടിരിക്കും. കാട് എപ്പോഴും ഒരു കാട്ടുമൃഗത്തെ അങ്ങോട്ടു ക്ഷണിച്ചു കൊണ്ടിരിക്കും.”
വലിയ കൊമ്പനൊന്നും മനസിലാകുന്നില്ല.
കടുവ ഏറ്റവും ലളിതമായി കാടിനെക്കുറിച്ചു പറഞ്ഞു: “ നിന്റെ ഈ നാട് മുഴുവനും മരങ്ങൾ കൊണ്ടൂ നിറഞ്ഞുനിൽക്കുകയാണെന്ന് നീ വിചാരിക്കുക. വലിയ വലിയ മരങ്ങൾ. കാട് നിറയെ വളർന്നു നിൽക്കുന്ന പുല്ലുകൾ, ചെറുമരങ്ങൾ, തോടുകൾ, കുളങ്ങൾ, തടാകങ്ങൾ. മനുഷ്യരൊഴികെ ബാക്കിയെല്ലാം അവിടെയുണ്ട്. മഴ, മഞ്ഞ്, കാറ്റ്…”
വലിയകൊമ്പൻ പറഞ്ഞു, ”എനിക്കങ്ങനെ കാണാൻ കഴിയുന്നില്ല.”
“നീ ഓർമ്മിച്ചെടുക്കാൻ നോക്ക്, കുറച്ചധികം പുറകോട്ടു പോകുക. ചിലപ്പോൾ കാട് മനസിൽ തെളിഞ്ഞു വരും.”
“എന്റെ ഏറ്റവും പഴയ ഓർമ്മ അമ്മയുടെ വാലിൽ തുമ്പിചുറ്റിപ്പിടിച്ച് ഞാൻ നിൽക്കുന്നതാണ്. അമ്മയുടെ മുഖം പോലും എനിക്കത്ര ഓർമ്മയില്ല.. പക്ഷേ ഒരു വടിയും തോട്ടിയുമായി നിൽക്കുന്ന ഒരു താടിക്കാരന്റെ മുഖം എനിക്ക് നല്ലതു പോലെ ഓർമ്മയുണ്ട്.. അയാളുടെ കൊച്ചുമകളുടേയും.. അയാൾ മിക്കവാറും അമ്മയെ തല്ലാറുണ്ടായിരുന്നു. അപ്പോഴൊക്കെയും അവൾ കൈകൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു. അവൾ എന്നേയും വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. അമ്മയുടെ കരച്ചിൽ ഇപ്പോഴും എവിടെ നിന്നോ മുഴങ്ങുന്നത് പോലെ തോന്നാറുണ്ട്.”
തെല്ലുനേരം കഴിഞ്ഞ് കടുവ പറഞ്ഞു, “അക്കരെ കാട്ടിൽ ധാരാളം ആനകളുണ്ട്, നിന്റെ കൂട്ടർ.”
“അക്കരെക്കാടോ അതെവിടെയാണ്?”
“പുഴ കടന്നാൽ കാടിനു തുടക്കമായി. പിന്നെ ഒരു മല കഴിഞ്ഞാൽ. മലയ്ക്കപ്പുറം കാടാണ്. നല്ല കാട്. അവിടെ നിന്റെ കൂട്ടുകാർ ധാരാളമുണ്ട്.”
ആ വിശേഷം വലിയകൊമ്പനെ സന്തോഷവാനാക്കി.
“അവരൊന്നും നിന്നെ പോലെ ഇങ്ങനെ ഒരു മരത്തിൽ ചങ്ങല കൊണ്ട് ബന്ധിക്കപ്പെട്ടു നിൽക്കുകയല്ല… കാട്ടിലൂടെ അങ്ങനെ നടക്കും. തീറ്റയും തിന്ന്. ദിവസം പത്തമ്പതു കിലോ മീറ്ററെങ്കിലും ഒരാന കാട്ടിലൂടെ നടക്കാറുണ്ട്.”
“ഹോ” വലിയ കൊമ്പനിൽനിന്ന് ഒരാശ്ചര്യ ശബ്ദം ഉയർന്നു.
“എന്നാൽ“ കൊമ്പൻ ചോദിച്ചു.”കാട്ടിലെപ്പോഴും ചങ്ങല കിലുക്കമായിരിക്കുമല്ലോ? പത്തു നൂറാനകൾ നടക്കുമ്പോഴുള്ള ചങ്ങല കിലുക്കം.”
അതു കേട്ട് കടുവ പൊട്ടിച്ചിരിച്ചു.
“നീ എന്താണു വിചാരിക്കുന്നത് ചങ്ങാതീ. കാട്ടിലെ ആനകൾക്ക് ചങ്ങലയോ? ഒരു ബന്ധനവുമില്ലാതെ യാണ് അവ കാട്ടിൽ ജീവിക്കുന്നത്”
വലിയ കൊമ്പന് അതൊരു പുതിയ അറിവായിരുന്നു. ഓർമ്മ വച്ച കാലം മുതൽ അവന്റെ കാലിൽ ചങ്ങലയുണ്ടായിരുന്നു. ചങ്ങലയുടെ കിലുക്കമുണ്ടായിരുന്നു. കഴുത്തിൽ കയറുമുണ്ടായിരുന്നു.

“നേരം വെളുക്കാൻ തുടങ്ങുന്നു” കടുവ പറഞ്ഞു. ഞാൻ നാളെ വരാം. വെട്ടം വയ്ക്കുന്നതിനു മുമ്പ് എനിക്ക് പുഴ നീന്തിക്കടക്കണം.”
“നിൽക്ക്. നേരം വെളുക്കാൻ ഇനിയും നേരമുണ്ട്. ദാ, ഇവിടെ പനമ്പട്ട ധാരാളമുണ്ട്. അതിനുള്ളിൽ നിനക്ക് ഒളിച്ചിരിക്കാൻ കഴിയും.”
‘അടുത്തൊരു കാടുള്ളപ്പോൾ എന്തിനാണ് ഇത്തിരി പോന്ന പനമ്പട്ടയിൽ ഞാൻ ഒളിക്കുന്നത്. കാട്ടിലൂടെ നീണ്ടു നിവർന്നു നടക്കാമല്ലോ? നടക്കാനൊരുങ്ങിയ കടുവ ഒന്നു തിരിഞ്ഞു നിന്നു.
“നാട്ടിലെ ആനകളുടെ വിചാരം ചങ്ങലയും നെറ്റിപ്പട്ടവും എല്ലാം എല്ലാവർക്കും ഉള്ളതാണെന്നാണ്. നോക്കൂ എടുപ്പത് പനമ്പട്ട കിട്ടിയാൽ എല്ലാ ആനകളും ഇതാണു സ്വർഗമെന്നു വിചാരിക്കും.”
ഉവ്വ്. വലിയ കൊമ്പന് അങ്ങനെ തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അവൻ മറ്റാനകളുടെ പനമ്പട്ടകളും കൂടി വലിച്ചെടുത്ത് പോരുന്നത്.
“വലിയ കൊമ്പാ. സത്യത്തിൽ ഈ പനമ്പട്ട ആനകളുടെ ആഹാരമല്ല… നിങ്ങൾ അത് ആർത്തിയോടെ തിന്നുന്നുവെങ്കിലും. ഭൂമിയിലൂടെ നടക്കുന്ന ആനകൾ എങ്ങനെയാണ് ആകാശം മുട്ടുന്ന പനകളുടെ ഓല ആഹാരമാക്കുന്നത്. നിങ്ങളുടെ ആഹാരകാര്യത്തിൽ പോലും മനുഷ്യർ നിങ്ങളെ പറ്റിച്ചു കളയുന്നു.”
വലിയ കൊമ്പൻ ഇപ്പോൾ തെല്ല് ആദരവോടെയാണ് കടുവയെ നോക്കുന്നത്. എന്തായിരിക്കും അവന്റെ വരവിന്റെ ഉദ്ദേശ്യം.
കടുവ പറഞ്ഞു. ജീവിതത്തിലൊരിക്കലും സ്വാതന്ത്ര്യമനുഭവിക്കാത്തവർക്ക്, കുട്ടികളൊരുമിച്ചുള്ള കളിയും ചിരിയും ഇത്തിരി നേരം നടക്കാൻ കഴിയുന്നതും, രണ്ടു പഴക്കുല പറിച്ചെടുക്കുന്നതും വലിയ കാര്യമായി തോന്നും. കാട്ടിൽ ഒരു വന്യമൃഗത്തിനു കിട്ടുന്ന സ്വാതന്ത്ര്യം ഒരിക്കൽ അനുഭവിച്ചാൽ…
വലിയകൊമ്പൻ ഇടയ്ക്കു കയറി ചോദിച്ചു.” എന്താണു സ്വാതന്ത്ര്യമെന്നു പറഞ്ഞാൽ?”
കടുവ തെല്ലു നേരത്തിനു ശേഷം തന്നോടു തന്നെയെന്ന വിധം പറഞ്ഞു, ”ഒരാൾക്ക് സ്വാതന്ത്ര്യത്തെക്കു റിച്ച് എങ്ങനെയാണു പറഞ്ഞു കൊടുക്കുന്നത്?”
”അങ്ങനെ പറയാൻ കഴിയാത്ത ഒന്നാണോ സ്വാതന്ത്ര്യം?”
കടുവ തല കുലുക്കി.
“എന്നാലും, കാടിനെക്കുറിച്ചു പറഞ്ഞതു പോലെ” വലിയ കൊമ്പൻ പറഞ്ഞു.
”നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു. ഞാനത് അടുത്ത ദിവസം പറയാം.”
“എന്നാലും,” വലിയകൊമ്പൻ കെഞ്ചി.
“ഞാനതു നിനക്ക് മനസിലാക്കിത്തരാൻ എന്തെങ്കിലും കണ്ടുപിടിച്ചു കൊണ്ട് അടുത്ത ദിവസം വരാം.”
വലിയകൊമ്പന് തെല്ല് സന്തോഷം തോന്നി. അവൻ ചോദിച്ചു: “ നിന്റെ പേരെന്തെന്നു ചോദിക്കാൻ മറന്നു.“
“എനിക്കതിന് പേരില്ലല്ലോ,”കടുവ പറഞ്ഞു.
“പേരില്ലെന്നോ?” വലിയകൊമ്പൻ അതിശയിച്ചു.
“നിന്റെ പേരെന്താണ്?’
“വലിയ കൊമ്പൻ ന്ന്”
“ആരെങ്കിലും വലിയ കൊമ്പാന്ന് വിളിച്ചാൽ നിനക്ക് തിരിഞ്ഞുനിൽക്കേണ്ടി വരാറില്ലേ?”
വലിയകൊമ്പൻ തല കുലുക്കി.
കടുവ പറഞ്ഞു. “മൃഗത്തിന് ഒരു പേരിടുന്നതോടെ മനുഷ്യൻ അവന് ആദ്യത്തെ ചങ്ങലയിടുന്നു. ഞങ്ങൾക്ക് അങ്ങനെ ഒരു പേരില്ല. ഒരു പേരിന്റെ പോലും ബന്ധനമില്ലാതെ ജീവിക്കുക. കാട്ടിലെ സ്വാതന്ത്ര്യത്തെക്കുറിച്ച് എനിക്കങ്ങനെയേ പറയാൻ കഴിയൂ.”
വലിയ കൊമ്പൻ കടുവയോട് ചോദിച്ചു.
“എന്നിട്ടും നീ കാട്ടിൽനിന്നു നാട്ടിലേക്ക് വരുന്നതെന്തിനാണ്?. നീ പറയുന്നതൊക്കെ നുണയാണ്. നേരം വെളുക്കാൻ തുടങ്ങുന്നു.”
കടുവ പറഞ്ഞു. “ നിന്റെ ചോദ്യം ശരിതന്നെ. അതിനുത്തരം ഞാൻ ഇന്ന് രാത്രി പറയാം.
കടുവ തെങ്ങിൻ തോട്ടത്തിന്റെ മതിൽ ചാടിക്കടന്ന് പോയി.