scorecardresearch

വലിയകൊമ്പനും വൈദ്യരും

"വലിയകൊമ്പന്റെ പുറത്തുകയറണമെന്നൊരാഗ്രഹം വൈദ്യർക്ക് കലശലായുണ്ടായിരുന്നു. കുട്ടികൾ ആനപ്പുറത്ത് യാത്ര ചെയ്ത ദിവസം മുതലുള്ള ആഗ്രഹമാണ്." കെ ആർ വിശ്വനാഥൻ എഴുതിയ കുട്ടികളുടെ നോവൽ ചങ്ങല എട്ടാം ഭാഗം വായിക്കാം

"വലിയകൊമ്പന്റെ പുറത്തുകയറണമെന്നൊരാഗ്രഹം വൈദ്യർക്ക് കലശലായുണ്ടായിരുന്നു. കുട്ടികൾ ആനപ്പുറത്ത് യാത്ര ചെയ്ത ദിവസം മുതലുള്ള ആഗ്രഹമാണ്." കെ ആർ വിശ്വനാഥൻ എഴുതിയ കുട്ടികളുടെ നോവൽ ചങ്ങല എട്ടാം ഭാഗം വായിക്കാം

author-image
K R Viswanathan
New Update
k r viswanathan , childrens novel , iemalayalam

ചിത്രീകരണം: വിഷ്ണുറാം

വൈദ്യശാലയുടെ തിണ്ണയിലിട്ടിരുന്ന ചാരുകസേരയിൽ കിടന്ന് വൈദ്യർ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലെ ആനക്കഥകൾ വായിച്ചു രസിക്കുകയായിരുന്നു. അതിനിടയിൽ പുറത്ത് ഒരാരവം കേട്ട് വൈദ്യർ വഴിയിലേക്കു നോക്കി. അടുത്ത നിമിഷം വഴിയുടെ തലയ്ക്കൽ വലിയകൊമ്പൻ തെളിഞ്ഞു. വലിയകൊമ്പൻ എന്തെങ്കിലും വികൃതി കാണിക്കുകയാണോയെന്ന് വൈദ്യർ ശ്രദ്ധിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി അവൻ ശാന്തനായാണ് കുളിക്കാൻ പോകുന്നതും കുളിക്കുന്നതും തിരിച്ചു പോകുന്നതുമെല്ലാം. അവധിക്കാലമായതിനാൽ പുറകെ ധാരാളം കുട്ടികളും കാണും. ഇപ്പോൾ ചെറിയകൊമ്പനെ അവനോടൊപ്പം വരാറേയില്ല. കുട്ടിശങ്കരനാണ് കുളിപ്പിക്കാൻ കൊണ്ടു പോകുന്നത്. മറ്റുകുട്ടികൾ പറയുന്നതു പോലും അവൻ അനുസരിക്കുന്നു.

Advertisment

ഇപ്പോൾ നാട്ടിലെ മുഴുവൻ കുട്ടികളുടെയും ആഗ്രഹം ഒരു ആനക്കാരനാവുകയെന്നതാണ്.

ആർപ്പുവിളിയുടെ ശബ്ദം കൂടുകയാണ്. വൈദ്യർ പുസ്തകം മടക്കിവച്ച് നിരത്തിലേക്കിറങ്ങി കണ്ണിനു മേലേ കൈകൾ വച്ചു നോക്കി.വലിയകൊമ്പൻ തിടമ്പേറ്റി വരുന്നതു പോലെയാണ് വൈദ്യർക്ക് തോന്നിയത്. കണ്ണടയെടുത്തു വച്ചു നോക്കി. ആനപ്പുറത്തുനിന്ന് ആരോ വെഞ്ചാരം വീശുന്നതു പോലെ. ആലവട്ടവും കാണുന്നുണ്ടെന്ന് വൈദ്യർ ഉറപ്പിച്ചു.

“ ഇതിപ്പോ ആരുടെ എഴുന്നള്ളത്താണവോ?” വൈദ്യർ ആരോടോ എന്നപോലെ ചോദിച്ചു.
വലിയകൊമ്പൻ അവന്റെ സാധാരണ വേഗം വിട്ട് വളരെ മെല്ലെയാണു നടക്കുന്നത്. മെല്ലെ എന്നു വച്ചാൽ വളരെ മെല്ലെ. അവനെ ചിലപ്പോൾ ചെറിയകൊമ്പൻ കൂച്ചു വിലങ്ങ് ഇട്ടിട്ടുണ്ടാകുമെന്ന് വൈദ്യർ വിചാരിച്ചു. ഒരൊത്ത ആനയെ ഒരു വിലങ്ങുമില്ലാതെ പൊതുവഴിയെ നടത്തിക്കൊണ്ടു പോകുന്നത് ആപത്തുണ്ടാക്കുമെന്ന് വൈദ്യർ കഴിഞ്ഞ ദിവസം ചെറിയ കൊമ്പനെ ഉപദേശിക്കുകയും ചെയ്തിരുന്നു.

Advertisment

വലിയ കൊമ്പൻ അപ്പോഴേക്കും വൈദ്യരുടെ കാഴ്ച്ചവട്ടത്തിലെത്തി. വൈദ്യർ തലയിൽ കൈ വച്ചു പോയി. അപ്പോൾ തന്നെ പൊലീസ് സ്റ്റേഷനിലേക്കു വിളിക്കണമെന്നും അയാൾക്ക് തോന്നി.

വലിയ കൊമ്പന്റെ പുറം നിറയെ കുട്ടികൾ പറ്റിപ്പിടിച്ചിരിക്കുന്നു. എറുമ്പിൻ പറ്റത്തെപ്പോലെ. നാട്ടിലെ കുട്ടികൾ മുഴുവൻ അവന്റെ പുറത്തുണ്ടെന്ന് വൈദ്യർക്ക് തോന്നിയെങ്കിലും എണ്ണി നോക്കിയപ്പോൾ ആറുകുട്ടികൾ ആനപ്പുറത്തുണ്ട്. ബാക്കിയെല്ലാ കുട്ടികളും ആളുകളും ആനപ്പുറകെയാണ്. ആനപ്പുറത്തിരുന്ന കുട്ടികൾ അവരുടെ കൈയിലുള്ള തോർത്തും ചിലർ അവരുടെ കുപ്പായങ്ങളും ഊരി വീശി ആരവത്തിനു താളം പിടിച്ചു.

വൈദ്യർ കണ്ണു തുറുപ്പിച്ചു നോക്കി.ആനപ്പുറത്ത് ഏറ്റവും മുന്നിലിരിക്കുന്നത് ഒരു പെൺകുട്ടിയാണ്. അത് വൈദ്യർക്ക് ഒട്ടും രസിച്ചില്ല. അയാൾ തെല്ലുറക്കെ അതു പറയുകയും ചെയ്തു.
“പെണ്ണുങ്ങൾ ആനപ്പുറത്തു കയറുന്നോ? എന്തൊരു എരണം കെട്ട കാലമാണിത്?”
കുട്ടികൾക്കിടയിൽ നിന്നും ഒരു മുദ്രാവാക്യം ഉയർന്നു.

k r viswanathan , childrens novel , iemalayalam


“അശ്വതിക്കുട്ടിക്കെന്താ ആനപ്പൊറത്തു കേറ്യാല്,
ആനപ്പൊറം കേറ്യാല്, മീശ മൊളക്ക്വോ? പെണ്ണുങ്ങക്ക്”
മീശ മൊളച്ചാൽ മരുന്നുണ്ടോ?
വൈദ്യരടെ കൈയില് മരുന്നുണ്ടോ?
ആരവം ഏറ്റവും ഉച്ചത്തിലായി.

കാലം പോയൊരു പോക്കെന്ന് പറഞ്ഞ് വൈദ്യർ നിശബ്ദനായി.

മുന്നിലൂടെ ജാഥ കടന്നു പോയി. ജാഥയിൽനിന്ന് വിട്ടു നടന്നൊരു വയസനോട് വൈദ്യർ ചോദിച്ചു. “എന്താ ഇതിപ്പ കഥ?”

വയസൻ ചോദിച്ചു. ‘അറിഞ്ഞില്ലേ ഇന്ന് ആനപ്പുറം കയറാൻ പഠിച്ച പിള്ളേരടെ അരങ്ങേറ്റമാണ്”.
അയാളുടെ പേരക്കുട്ടിയും ആനപ്പുറത്തുണ്ടായിരുന്നു.

“ഒരു ഭ്രാന്തു പിടിച്ച ഒരാനയും കൊറച്ചു കുട്ടികളും,” വൈദ്യർ പറഞ്ഞു.

“വലിയകൊമ്പൻ കേക്കണ്ട,” വയസൻ വൈദ്യരെ ഉപദേശിച്ചു.

വീണ്ടും ആനക്കഥകൾ വായിക്കാൻ നിൽക്കാതെ വൈദ്യരും വേഗം കടയടച്ച് പുഴക്കരയിലേക്ക് നടന്നു. എന്തൊക്കെയാണെങ്കിലും എല്ലാത്തിനും ഒരു ചേലുണ്ട്.

പുഴക്കരയിലെത്തിയപ്പോൾ വലിയകൊമ്പൻ നിൽക്കുമെന്നാണ് എല്ലാവരും കരുതിയത്. ആനപ്പുറകെ നടന്നിരുന്ന ആനക്കാരൻ കുട്ടിശങ്കരൻ പോലും അങ്ങനെയാണ് വിചാരിച്ചത്. പക്ഷേ വലിയകൊമ്പൻ അങ്ങനെയൊന്നുമല്ല വിചാരിച്ചത്. അവൻ നിൽക്കാതെ പുഴയിലേക്കിറങ്ങി. ആനപ്പുറത്തുനിന്നു കുട്ടികളുടെ കൂട്ട നിലവിളി ഉയർന്നു.

കുട്ടിശങ്കരൻ ഉറക്കെ കരഞ്ഞു. “ചതിക്കല്ലേ വലിയ കൊമ്പാ, കുട്ടികളെ ചതിക്കല്ലേ, നീറ്റിലിറങ്ങല്ലേ വലിയ കൊമ്പാ”

വലിയ കൊമ്പന് അതുകേട്ട ഭാവമേയില്ല. വാലിൽ തൂങ്ങിക്കിടന്ന് കുട്ടിശങ്കരൻ ഉറക്കെപ്പറഞ്ഞു.
“ആരും ആനപ്പുറത്തുനിന്നു ചാടല്ലേ, മുറകെപ്പിടിച്ചു കിടന്നോ, പിടി വിടരുത്.”

പിന്നെ അവൻ ആനയോടു കരഞ്ഞു, ”എന്റെ പൊന്നാരേ ചതിക്കല്ലേ, എന്നെ ചതിക്കല്ലേ, എന്റെ പൊന്നാര മോനല്ലേ?”

അതും വലിയകൊമ്പൻ കേട്ടില്ല. അവൻ വാൽ മെല്ലെയൊന്നു പൊക്കാൻ നോക്കിയതു മാത്രം. കുട്ടിശങ്കരൻ പിടിവിട്ടു താഴേക്കു വീണു. അവൻ ആനയ്ക്കു പുറകെ നീന്തി വീണ്ടും ആനവാലിൽ പിടിക്കാൻ നോക്കി. അപ്പോൾ ആന വാൽ പൊന്തിച്ചു. പുഴക്കരയിൽനിന്നു കരച്ചിലും ബഹളവും ഉയർന്നു. വൈദ്യർ പോലീസിനു ഫോൺ വിളിക്കാൻ ഒരുങ്ങി.

പെട്ടെന്ന് പുഴക്കരയിലെ ബഹളം നിലച്ചു. വലിയകൊമ്പൻ നടപ്പവസാനിപ്പിച്ചു.

ഇപ്പോൾ പുഴക്കരയിൽ നോക്കിയാൽ ജലപ്പരപ്പിനു മുകളിൽ ഇരിക്കുന്ന കുട്ടികളെ കാണാം. അവരിപ്പോൾ ഉറക്കെ നിലവിളിക്കുന്നില്ല. ശാന്തരായി വെള്ളത്തിൻ മീതെയെന്ന പോലെ ഇരിക്കുന്നു. പെട്ടെന്ന് അവരെല്ലാം പുഴക്കരയിലേക്കു തിരിഞ്ഞു.

വലിയകൊമ്പൻ തിരിച്ചു നടക്കുകയാണ്. ആനപ്പുറത്തിരുന്ന കുട്ടികൾ കൈയടിച്ചു.

പുഴക്കരയിലെത്തി അരയ്ക്കൊപ്പം വെള്ളമായപ്പോൾ വലിയകൊമ്പൻ വെള്ളത്തിൽ നാലുകാലുകളും മടക്കി തെല്ലൊന്നു ചാഞ്ഞു. കുട്ടികൾ ആനപ്പുറത്തുനിന്ന് ഊർന്നിറങ്ങി.

പിന്നെ കുളിയായി. വലിയൊരാനയും ചെറിയ കുട്ടികളും ചേർന്നുള്ള ആനക്കുളി. തുമ്പിയിൽ വെള്ളം നിറച്ച് ചീറ്റി വലിയകൊമ്പൻ മഴയിലും കുട്ടികളെ കുളിപ്പിച്ചു.

പുഴക്കരയിൽ ചെറിയൊരു ഉത്സവത്തിനുള്ള ആൾക്കൂട്ടമുണ്ടായി. ആനയും കുട്ടികളും ചേർന്നുള്ള ആ കുളി എല്ലാവർക്കും രസിച്ചു.

ആനയെ കുളിപ്പിച്ച് മടുത്ത് പുഴക്കരയിലിരുന്ന അശ്വതിക്കുട്ടിയെ കണ്ട് വൈദ്യർ പറഞ്ഞു.”ഏതായാലും ആനപ്പുറത്തിരുന്ന് പെണ്ണുങ്ങൾ അങ്ങാടിയിലൂടെ യാത്ര ചെയ്യുന്നത് ഒട്ടും ശരിയായില്ല.”

പുഴക്കരയിലൊരു പെൺകുട്ടി ചിണുങ്ങിക്കരഞ്ഞു. ഐശ്വര്യയാണ്. വൈദ്യരുടെ പേരക്കുട്ടി.
“എനിക്കും ആനപ്പുറത്തുകേറാൻ പഠിക്കണം, മുത്തച്ഛാ എനിക്കും ആനപ്പുറത്തു കേറാൻ പഠിക്കണം..”

വൈദ്യർ ദേഷ്യപ്പെട്ടു. അതു പഠിക്കാനൊന്നുമില്ല. ആനേടെ അടുത്തു ചെന്നാൽ മതി, അതെടുത്ത് തലേൽ വച്ചോളും”

ഐശ്വര്യ ചിണുങ്ങി.

k r viswanathan , childrens novel , iemalayalam

രണ്ടാഴ്ച കഴിഞ്ഞ് അതിലും വലിയൊരു ഘോഷയാത്ര അങ്ങാടിയിലേക്ക് കടന്നു വന്നു.

വലിയകൊമ്പന്റെ പുറകെ കുട്ടികളും മുതിർന്നവരും. ആർപ്പും വിളിയും ബഹളവും. പക്ഷേ, അന്ന് ആനപ്പുറത്ത് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

ആനപ്പുറത്ത് ഭയന്നു വിറച്ചിരിക്കുന്നത് നാട്ടുകാരുടെ വൈദ്യരാണ്.

പേരക്കുട്ടിക്ക് ആനവാൽ മോതിരമുണ്ടാക്കാനൊരു ആനവാൽ വേണം. അതിനു കൊച്ചുകൊമ്പനടുത്തു വന്നതായിരുന്നു വൈദ്യർ. വൈദ്യരുടെ ആവശ്യം കേട്ടതും വലിയകൊമ്പൻ വാൽ മേൽപ്പോട്ടുയർത്തിപ്പിടിച്ചു. കൊച്ചുകൊമ്പൻ പയ്യാരമേറെപ്പറഞ്ഞെങ്കിലും വലിയകൊമ്പൻ വാൽ താഴ്ത്തിയില്ല. ഒടുവിൽ ആ ശ്രമം ഉപേക്ഷിച്ചു.

വലിയ കൊമ്പന്റെ പുറത്തുകയറണമെന്നൊരാഗ്രഹം വൈദ്യർക്ക് കലശലായുണ്ടായിരുന്നു. കുട്ടികൾ ആനപ്പുറത്ത് യാത്ര ചെയ്ത ദിവസം മുതലുള്ള ആഗ്രഹമാണ്. അയാളത് മൂന്നാലു തവണ ചെറിയ കൊമ്പനോട് പറഞ്ഞിട്ടുണ്ട്.

“തെങ്ങിൻ തോട്ടത്തിലൂടെ ഒരു അഞ്ചാറു ചാല്… അതുമതി… ആരും കാണണ്ട... അങ്ങാടിയിലേക്കൊന്നും പോകേണ്ട. അത്രമതി. ആനപ്പുറത്ത് കേറാനൊള്ള കൊതിയങ്ങു തീരട്ടെ.” എന്നെങ്കിലും അയാളെ ആനപ്പുറത്ത് കയറ്റാമെന്ന് ചെറിയകൊമ്പൻ വാക്കുകൊടുക്കുകയും ചെയ്തിരുന്നു.

“നമുക്ക് വൈദ്യരെയൊന്നു പുറത്തുകയറ്റിയാലോ വലിയകൊമ്പാ,” ചെറിയകൊമ്പൻ ചോദിച്ചു. ആനവാൽ വൈദ്യർക്ക് കൊടുക്കാൻ കഴിയാത്തതിൽ അയാൾക്കു വിഷമമുണ്ടായിരുന്നു.

ചെറിയകൊമ്പന് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും വലിയകൊമ്പൻ മൂളുകയും തലകുലുക്കുകയും ചെയ്തു. അവൻ പിൻകാൽ മടക്കുകയും വല്ലപാടും വൈദ്യർ ആനപ്പുറത്തെത്തുകയും ചെയ്തു.
വൈദ്യർ ഇരിപ്പുറപ്പിക്കുന്നതിനു മുമ്പേ വലിയകൊമ്പൻ വഴിയിലേക്കിറങ്ങി വേഗത്തിൽ നടന്നു.

ആനപ്പുറത്തിരുന്ന് വൈദ്യർ ബഹളം വച്ചു. മതി വലിയകൊമ്പാ മതി. കൊതി തീർന്നിരിക്കുന്നു.
മതി മതിയെന്നു ചെറിയകൊമ്പൻ പറഞ്ഞതും വലിയകൊമ്പൻ കേട്ടില്ല. അയാൾ പറയുന്ന വഴിയേ ആന പോകുന്നുമില്ല.

ആന നാലും കൂടിയ കവലയിലെത്തി ബസ്റ്റോപ്പിനരികിൽനിന്നു. പനമ്പട്ട നിലത്തിട്ട് മെല്ലെ ഒരോ ഓല പറിച്ചെടുത്ത് മെല്ലെ തിന്നാൻ തുടങ്ങി. അപ്പോഴേക്കും കാക്കക്കൂട്ടം പോലെ കുട്ടികൾ നാലുപാടുനിന്നും എത്തിത്തുടങ്ങി. എത്താത്തവരെ കരഞ്ഞു വിവരമറിയിക്കുകയും ചെയ്തു.

കുറഞ്ഞ നിമിഷം കൊണ്ട് അവിടെ ഒരു ഉത്സവത്തിനുള്ള ആളായി. ആളുകൾ കൂക്കും ബഹളവുമായി. കുറേ നാളുകളായി ഉത്സവത്തിനു പോകാതിരുന്ന വലിയകൊമ്പനും അതൊരാഘോഷമായി.
ആനപ്പുറത്തുനിന്നു വൈദ്യർ താഴേക്കു വീഴുമെന്ന നിലയായി.

ചെറിയകൊമ്പൻ എന്തു പറഞ്ഞിട്ടും ആന അനുസരിക്കുന്നതേയില്ല. നടമടക്കാൻ പറഞ്ഞിട്ടും കേട്ടില്ല. അവൻ തീറ്റയോടു തീറ്റ തന്നെ.

ആളുകളുടെ കൂക്കും ബഹളവും ഏറിയപ്പോൾ വലിയകൊമ്പൻ തല ഒന്നുരണ്ടു വട്ടം നല്ലവണ്ണം കുടഞ്ഞു. ആനപ്പുറത്തിരുന്ന് വൈദ്യർ വിരണ്ടു.

വൈദ്യർ മരക്കമ്പിലെന്നോണം കയറിൽ മുറുക്കെ പിടിച്ചു പറഞ്ഞു. “ആരും ബഹളമുണ്ടാക്കരുതേ… ആന വിരണ്ടോടും. ദൈവത്തെ ഓർത്ത് ബഹളമുണ്ടാക്കരുത്, ദാ ആന വിരളാൻ തൊടങ്ങുന്നു.”
വൈദ്യരുടെ കരച്ചിൽ കണ്ടപ്പോൾ കൂക്കലും ബഹളവും കൂടിയതേയുള്ളൂ. ആന രണ്ടുമൂന്നു തവണ വട്ടം തിരിയുകയും ചെയ്തു.

വൈദ്യർ ആനപ്പുറത്തിരുന്ന് കരയുന്ന മട്ടായി. “എന്റെ ദൈവമേ.. എന്റെ ദേവിയേ.” അയാൾ ആനപ്പുറത്ത് മുറുകെ പിടിച്ചിരുന്നു.. “ചെറിയ കൊമ്പാ,” അയാൾ ദയനീയമായി വിളിച്ചു. എന്നെ താഴെയിറക്ക്.”

വലിയകൊമ്പൻ ആകെ ഒന്നുലഞ്ഞു.

വൈദ്യർ താഴേക്കു ചാടാനൊരുങ്ങിയതാണ്. കാണികൾ തടഞ്ഞു. ആന ചിലപ്പോൾ കുത്തിക്കൊല്ലും. അല്ലെങ്കിൽ ചവിട്ടിക്കൊല്ലും. അവന്റെ ഭാവം മാറിയിട്ടുണ്ട്.

വൈദ്യർ ആനപ്പുറത്തിരുന്ന് ഉറക്കെ പറഞ്ഞു. ആരെങ്കിലും പൊലീസിനെ വിളിക്ക് അല്ലെങ്കിൽ ഫോറസ്റ്റുകാരെ വിളിക്ക്.

“പേടിക്കേണ്ട വൈദ്യരേ” നിങ്ങളുടെ കരച്ചിൽ കേട്ട് അവൻ വിറളിപിടിച്ചെങ്കിലേ ഉള്ളൂ.”

“അയ്യോ,” അയാൾ വീണ്ടും കരഞ്ഞു. ആരെങ്കിലും ഒന്നു പൊലീസിനെ വിളിക്ക്… അല്ലെങ്കിൽ ആനപ്പുറത്തിരുന്ന് ഞാൻ ചത്തതു തന്നെ.

“വൈദ്യരേ, നിങ്ങൾ കുറച്ചു നാളുകൾക്കു മുമ്പ് വലിയകൊമ്പനെ ഭ്രാന്തനാനയെന്ന് വിളിച്ചത് അവൻ ഓർമ്മയിൽ വച്ചിരിക്കുന്നു. അതിന്റെ പകരം വീട്ടലാണിത്.

“ദൈവമേ, ഞാനത് മെല്ലെയാണല്ലോ പറഞ്ഞത്? എന്റെ സമസ്താപരാധങ്ങളും പൊറുക്കണേ, ചെറിയ കൊമ്പാ അങ്ങാടിക്കടയിലുള്ള മുഴുവൻ കരിപ്പട്ടിയും ശർക്കരയും അവനു കൊടുക്കാമെന്ന് അവനോട് ഒന്നു പറയ്.”

ആ കാഴ്ച എല്ലാവർക്കും വളരെ രസകരമായി തോന്നി. വലിയകൊമ്പൻ ഒന്നിനേയും ഉപദ്രവിക്കില്ല എന്നു കുറച്ചു ദിവസം കൊണ്ട് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അവന് ചില കുസൃതികൾ മാത്രമേയുള്ളു.
ആരും പൊലീസിനെ വിളിക്കാൻ തയ്യാറായില്ല.

പക്ഷേ വൈദ്യരുടെ പ്രാർഥന ദൈവം കേട്ടിരിക്കുന്നു.

അകലെനിന്ന് അലറിപ്പാഞ്ഞു വരുന്ന പൊലീസ് ജീപ്പ് എല്ലാവരും കണ്ടു. പൊലീസ് ജീപ്പ് എത്തുന്നതിനു മുമ്പേ അതിൽ നിന്നുമുള്ള ഒച്ച അവിടെയെത്തി.“ നാട്ടുകാരേ കടുവ വീണ്ടും പുഴക്കക്കരെ എത്തിയിരിക്കുന്നു. ഏതു സമയത്തും അവൻ പുഴ നീന്തിക്കടന്ന് ഇക്കരെയെത്താൻ സാധ്യതയുണ്ട്. കരുതിയിരിക്കുക. എല്ലാവരും വീടിനുള്ളിൽ തന്നെ ഇരിക്കുക. എല്ലാ‍വരും പെട്ടെന്നു പിരിഞ്ഞു പോവുക.''

എല്ലാവരും വേഗം പുഴക്കരയിൽ നിന്നും പോയി. ആടുകളെ കൂട്ടിൽ കയറ്റണം. പശുക്കളെ തൊഴുത്തിൽ കയറ്റണം. നായ്ക്കളെ പിടിച്ച് വീടിനു മുമ്പിൽ കെട്ടിയിടണം.

ഒരര നിമിഷം കൊണ്ട് അങ്ങാടി ഒഴിഞ്ഞു. അവിടെ മൂന്നു പേർ മാത്രം അവശേഷിച്ചു. രണ്ടു കൊമ്പൻ മാരും ഒരു വൈദ്യരും.

“വലിയ കൊമ്പാ, നട മടക്ക്, വൈദ്യര് താഴെയിറങ്ങിക്കോട്ടേ. കടുവ കാടിറങ്ങി വരുന്നുണ്ട്.”
അതും അവൻ അനുസരിച്ചില്ല.

ആനപ്പുറത്തിരുന്ന വൈദ്യർ കരഞ്ഞു. പുഴകടന്ന് ഇപ്പോൾ തന്നെ കടുവയെത്തും. കടുവ ആദ്യം കാണുന്നത് ആനപ്പുറത്തിരിക്കുന്ന തന്നെയായിരിക്കും. വൈദ്യർ കൂടുതൽ ഭയപ്പെട്ടു. അതോ ഇത് ആനയും കടുവയും തമ്മിലുള്ള ഒരു ഗൂഢാലോചനയാകുമോ? തെങ്ങിൻ തോട്ടത്തിൽ ഒരു രാത്രി മുഴുവൻ അവർ ചർച്ച ചെയ്തത് ഇക്കാര്യമാകുമോ? വൈദ്യരെ കടുവയുടെ മുമ്പിൽ എത്തിക്കാമെന്ന ഗൂഢാലോചന നടന്നിട്ടുണ്ടാകുമോ?

വൈദ്യർ വളരെ ദയനീയമായി പറഞ്ഞു.“ ചതിക്കല്ലേ വലിയകൊമ്പാ. എന്നെ ചതിക്കല്ലേ വലിയകൊമ്പാ.
വലിയകൊമ്പൻ നടന്ന് വൈദ്യരുടെ കടയുടെ മുമ്പിലെത്തി കാൽ മടക്കി. വൈദ്യർ ആനപ്പുറത്തുനിന്ന് ഊർന്നിറങ്ങി. ലേഹ്യം ഉണ്ടാക്കാൻ വച്ചിരുന്ന കരിപ്പെട്ടി മുഴുവനെടുത്ത് വൈദ്യർ ആനയ്ക്ക് കൊടുത്തു.

വലിയകൊമ്പൻ വട്ടം തിരിഞ്ഞ് വൈദ്യർക്കു പുറം തിരിഞ്ഞു നിന്നു. വാൽ വൈദ്യർക്കു നേരേ നീട്ടി.
ചെറിയകൊമ്പൻ ആന ഭാഷ വൈദ്യർക്ക് പരിഭാഷപ്പെടുത്തി.

“പേരക്കുട്ടിക്ക് മോതിരം തീർക്കാൻ ആനവാലെടുത്തോ വൈദ്യരേ.”

ആന പോയിക്കഴിഞ്ഞപ്പോൾ ആനവാലിലേക്കു നോക്കി വൈദ്യർ പറഞ്ഞു.

“ഇതുപോലെ നൊസു പിടിച്ച ഒരാനയേയും ആനക്കാരനേയും ഞാനെങ്ങും കണ്ടിട്ടില്ല.ഇനിയൊട്ടു കാണുകയുമില്ല. ഇനിയൊട്ടു കാണുകയും വേണ്ട."

കുട്ടികളുടെ നോവൽ ചങ്ങലയുടെ മറ്റ് ഭാഗങ്ങൾ ഇവിടെ വായിക്കാം

Children Stories Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: